Total Pageviews

Showing posts with label Memories. Show all posts
Showing posts with label Memories. Show all posts

Saturday, October 15, 2016

ഓർമ്മകൾ : കട്ടിലിൻ്റെ അവകാശികൾ



നഗരത്തിലെ  കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ  ഹോസ്റ്റൽ ജീവിതം അനിവാര്യമായ ഘടകമായി. ക്രിസ്‌റ്റീയ സഭയുടെ സ്ഥാപനത്തിൽ അമ്മയുടെ ബന്ധുവായ സർക്കിൾ ഇൻസ്‌പെക്ടറുടെ ശുപാര്‍ശയിൽ അഡ്മിഷനും കിട്ടി. ആഴ്ചതോറും വീട്ടിൽ പോയി വരാൻ സീസൺ ടിക്കറ്റും എടുത്തുവെച്ചു.

നാല് കട്ടിലുകളുള്ള മുറിയിൽ നാലാമത്തെ കട്ടിൽ  എൻ്റെതാണെന്ന് വാർഡൻ പറഞ്ഞപ്പോൾ പാവം ഈ ഞാൻ അതങ്ങ് വിശ്വസിച്ചു പോയി. പക്ഷെ എന്നെക്കാൾ മുന്നേ അവിടെ അവകാശം സ്ഥാപിച്ച കട്ടിലിൻ്റെ മറ്റു ചില അവകാശികൾ എൻ്റെ തെറ്റിദ്ധാരണ വഴിയേ മാറ്റിത്തന്നു.

രാത്രികാലങ്ങളിൽ ഈ അതിനിഷ്‌ഠൂരന്മാർ എന്നെ നിര്‍ദ്ദയമായി ആക്രമിച്ചു പൊന്നൂ. ഒരു സഹജീവിയോട് കാണിക്കേണ്ട യാതൊരുവിധ "മാനുഷിക"പരിഗണനയും എനിക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല അവരെ "പല്ലും" "നഖവും" കൊണ്ട് എതിർക്കാനുള്ള എൻ്റെ എല്ലാം ശ്രമങ്ങളും അവർ നൈസായിട്ടു നിഷ്‌പ്രഭമാക്കി തിരികെയേൽപ്പിച്ചു.

എൻ്റെ രാത്രികൾ നിദ്രാവിഹീനങ്ങളായി. ഇരുട്ടത്ത് എഴുന്നേറ്റുനിന്ന് ഓട്ടംതുള്ളൽ അവതരിപ്പിക്കുന്നയെന്നെ, നിലാവെളിച്ചത്തിൽ കണ്ട് ഭയന്ന്, പുതപ്പുമായി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ ആ സഹമുറിയ ഇപ്പോൾ എവിടെയാന്നാവോ? മറ്റുള്ളവർ എങ്ങനെ സുഖമായി കിടന്നുറങ്ങിയിരുന്നുയെന്നത് ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത സമസ്യയാണ്. കാണ്ടാമൃഗത്തിൻ്റെ തൊലിയായിരുന്നിട്ടുണ്ടാവും ഇബിലീസുകൾക്ക്!!

മെഴുകുതിരി, കടുകെണ്ണ , മദ്യം, അപ്പക്കാരം, യൂകാലിപ്‌റ്റസ്‌ തൈലം, പുതിന എന്നുവേണ്ട കണ്ട അണ്ടനും അടകോടനും പറഞ്ഞ നാട്ട് വൈദ്യം മുഴുവൻ ഞാൻ അവയുടെ മേൽ പരീക്ഷിച്ചു. ആവനാഴിയിലെ അവസാന അസ്‌ത്രമായ "ബെഗോൺ " സ്‌പ്രേയും പ്രയോഗിച്ചു. എവിടെ?

അവറ്റകൾക്ക് അതൊന്നുമേശിയില്ലെന്ന്  മാത്രമല്ല , ഓരോ ആക്രമണതിന്നും വളരെ ആസൂത്രിതമായ "സർജറിക്കൽ സ്‌ട്രിക്കുകൾ " അവർ പ്രത്യാക്രമണമായി തിരികെ നൽകി. ഇനി അണുബോംബ് മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളു. അങ്ങ് ഡെൽഹിയിലൊന്നും വലിയ പിടിയില്ലാതിരുന്നത് കൊണ്ടും, ഒരു മൂന്നാം ലോകമഹായുദ്ധത്തിന് ഹേതുവാകാൻ വലിയ താല്‍പര്യമില്ലാതിരുന്നത്  കൊണ്ടും ആ വഴിക്ക് ചിന്തകളെ അധികം മേയാൻ വിട്ടില്ല.

ഇവറ്റകളെ അങ്ങ് വംശവിച്ഛേദം ചെയ്തുകളയാമെന്നുള്ള എൻ്റെ മോഹം വെറും വ്യാമോഹമാണെന്ന്  ഞാൻ തിരിച്ചറിഞ്ഞു.  മൂവായിരത്തിയഞ്ഞൂറിൽ പരം വർഷങ്ങളുടെ വംശപാരമ്പര്യമുള്ള "ഊറ്റൽ"  ആചാര്യന്മാരോടാണ് കളി!!!  അങ്ങ് ഈജിപ്ഷ്യൻ സാഹിത്യത്തിലൊക്കെ മേൽപ്പറഞ്ഞ മഹാരഥികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ടത്രെ .....എന്താലേ?

"അറിഞ്ഞില്ലാ  .....ഇത് ഞാൻ അറിഞ്ഞില്ലാ. പെഡഗ്രിയുടെ മാഹാത്മ്യം നിങ്ങളിൽ ആവോളമുണ്ടെന്ന് ഈയുള്ളവൾ അറിഞ്ഞില്ല."

സമസ്താപരാധങ്ങളും പൊറുത്ത് മാപ്പാക്കണം എന്നു ഞാൻ കേണപേക്ഷിച്ചു. വേറേ നിവർത്തിയൊന്നുമില്ലാതെ ഞാൻ യുദ്ധമില്ലാസന്ധിക്ക് തയ്യാറായി ...... അല്ല , ആയുധംവെച്ചു നിരുപാധികമായി കീഴടങ്ങിയെന്ന് പറയുന്നതാവും കുറച്ചുകൂടി ഉചിതം.

അങ്ങനെ "ഇച്ച്‌ ഗാർഡിലും" , "രക്തദാനം മഹാദാനം" എന്ന തത്ത്വചിന്തയിലും ആശ്വാസം കണ്ടത്തി ഞാൻ എൻ്റെ ശിഷ്ട മൂന്ന് വർഷങ്ങൾ പലപ്പോഴും തറയിൽ പായ് വിരിച്ചു തള്ളിനീക്കി. ശരീരത്തിലെ ചൊരിഞ്ഞു പൊട്ടിയ പാടുകൾ അച്ഛനമ്മമാരെ കാണിച്ച്‌ കുറച്ചു സഹതാപവും കുറച്ചധികം പോക്കറ്റ് മണിയും കൈക്കലാക്കാൻ സാധിച്ചു എന്നതാണ് തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ ഒരേയൊരു സമാധാനം.

ഉർവ്വശീ ശാപം ഉപകാരമാകണമെന്നാനെല്ലോ ....അല്ലേ? 

Wednesday, October 12, 2016

ഓർമ്മകൾ : ഡയാനയും അക്ഷയ്‌യും



അന്നൊക്കെ റ്റാബ്ലോയഡ് നിറച്ചും അതിസുന്ദരിയായ ഡയാനയുടെ ചിത്രങ്ങൾ ആയിരുന്നു. അതൊക്കെ വെട്ടിയെടുത്തു ഞാൻ ഒരു സ്ക്രാപ്ബുക്ക് ഉണ്ടാക്കി ഒഴിവുവേളകൾ ആനന്ദകരമാക്കി.

ആയിടക്കാണ് "ഖിലാഡി" ഇറങ്ങിയത്.........."വാദാ രഹാ സന"വും പാടിയവൻ മനസ്സിൽ കയറിപറ്റി. പിന്നെ "മോഹ്‌റ" വന്നു..............."തു ചീസ് ബഡി ഹേ മസ്ത് മസ്തും" ആടിയവൻ ചങ്കിലും സ്ഥാനമുറപ്പിച്ചു.

അക്ഷയ് കുമാറിൻ്റെ ചിത്രങ്ങൾ ഒട്ടിക്കാൻ അതേ സ്ക്രാപ്ബുക്ക് തന്നെ തിരഞ്ഞടുക്കാൻ കാരണങ്ങൾ രണ്ടായിരുന്നു.

രണ്ടു ബുക്കുകൾ കൊണ്ടു നടക്കുന്നത് ഒഴുവാകാം - സദുദ്ദേശ്യം.
അച്ഛനോ അമ്മയോ അപ്രതീക്ഷിതമായി മുറിയിൽ കയറി വന്നാൽ രാജകുമാരിയെ കണ്ടോളും - ദുരുദ്ദേശ്യം.

അങ്ങനെ സ്ക്രാപ്ബുക്കിൻ്റെ മുൻപേജുകളിൽ രാജകുമാരിയും പിൻപേജുകളിൽ രാജകുമാരനും നിറഞ്ഞു.

ഒരു ദിവസം എൻ്റെ കളക്ഷൻ കൂട്ടുകാരികളെ കാണിക്കാൻവേണ്ടി ഞാൻ സ്ക്രാപ്ബുക്കുമായി ക്ലാസ്സിൽ പോയി. പെൺകുട്ടികൾ മാത്രമുള്ള ക്ലാസ്സ്‌റൂം. ആരുടെ ചിത്രങ്ങളായിരിക്കും കൂടുതൽ ജനപ്രിയം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു. ഡോർ തുറക്കുന്ന ശബ്ദം....കൂട്ടം കൂടിനിന്നവർ ആക്രമിക്കപ്പെട്ട തേനീച്ചക്കൂട്ടം പോലെ നാലുപാടും ചിതറിയോടുന്നു....അകെ മൊത്തം കൺഫ്യൂഷൻ.....പുകമറ മാറിയപ്പോൾ എൻ്റെ സ്ക്രാപ്ബുക്ക് ദേ ബയോളജി മിസ്സിൻ്റെ കൈയിൽ. ഹൃദയസ്‌തംഭനം എന്നൊക്കെ പറയുന്നത് ഇതിനായിരിക്കും!!!!

തരക്കേടില്ലാത്ത മാർക്സ്‌ വാങ്ങിക്കുന്ന കൂട്ടത്തിലായതു കൊണ്ട് മിസ്സിന് എന്നെ വലിയ കാര്യമാന്ന്. മാത്രമല്ല എൻ്റെ അമ്മ ഇതേ സ്കൂളിൽ തന്നെ ടീച്ചറാന്ന്. എൻ്റെ നിലയും വിലയും പിസാ ഗോപുരം പോലെ ചരിയുന്നത് എനിക്ക് കാണാം. അത് ഏതു നിമിഷവും നിലംപതിക്കാം. അക്ഷയ് കുമാറിൻ്റെ സിക്സ് പായ്ക്ക് എങ്ങാനും മിസ്സ് കണ്ടാൽ...അതോടെ തീരും..എല്ലാം.

ഹെഡ്മിസ്റ്റ്റസിൻ്റെയും പ്രിൻസിപലിൻ്റെയും മുഖങ്ങൾ ഫിഷ് - ഐ ലെൻസിൽ കാണുന്നതുപോലെ കൺമുമ്പിൽ സൂം ചെയ്തു. മനസ്സിനുള്ളിൽ അമിട്ടുകൾ തലങ്ങും വിലങ്ങും പൊട്ടി.

മിസ്സ് ബുക്കിൻ്റെ പേജുകൾ ഓരോന്നായി മറിക്കുകയാണ്. മുപ്പതുപേർ ശ്വാസം വിടാൻ മറന്നിരിക്കുന്നു.

"ഇത് ആരുടെയാണ്?" മിസ്സിൻ്റെ മുഖം ഭാവശൂന്യമാണ്.

പ്രത്യേകിച്ച് വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ എഴുന്നേറ്റു നിന്നു.

"ദിസ് ഈസ് യൂർർർർസ്? ഐ ആം സർർർർപ്രൈസ്‌ഡ്‌ ജയാ..... ബട്ട് ഇറ്സ് ഫൈൻ......ഐ റ്റൂ ലൈക് ഹെർ എ ലോട്ട്.......നൈസ്......", മിസ്സ് പുഞ്ചിരിച്ചു കൊണ്ട് ബുക്ക് എനിക്ക് തിരികേ നൽകി.

ദൈവമുണ്ട്....ദൈവമുണ്ട്........

പലരിൽനിന്നുമായി ഒരുമിച്ച്‌ പുറത്തേയ്ക്കു വന്ന കാർബൻഡൈയോക്സൈഡ് അന്തരീക്ഷത്തിലെ ഓക്‌സിജൻ്റെ അളവ് കുറച്ചത് കൊണ്ടാണോയെന്നറിയില്ല, അന്ന് മുഴുവൻ നേരിയ തലവേദന അനുഭവപെട്ടു.

രാജകുമാരിയും രാജകുമാരനും ഇന്നും ചങ്കിൽ തന്നെയുണ്ട്. ഒരാൾ നോവായും 😔, മറ്റെയാൾ കുളിരായും 😘

ആ സ്ക്രാപ്ബുക്ക് മാത്രം കാലത്തിൻ്റെ കുത്തൊഴുക്കിലെവിടെയോ നഷ്‌ടപ്പെട്ടു.......

ഓർമ്മകൾ : ദൈവത്തിനൊരു ചോദ്യാവലി.



എൻ്റെ ഒട്ടു മിക്ക ഓർമ്മകളും ഒരോ പാട്ടുകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന് തോന്നുന്നു. "രാസാത്തീ ഉന്നേ , കാണാതെ നെഞ്ച് , കാറ്റാടി പോലാടത്ത്.................." ഈ ഗാനം ഈയിടക്ക് കേട്ടപ്പോൾ വർഷങ്ങൾക്കിപ്പുറം ഞാൻ ജയയെ ഓർത്തു.

ജോലി കിട്ടി ബംഗളൂരിൽ ചെന്നിറങ്ങുമ്പോൾ എനിക്ക് അവിടെ പരിചയക്കാർ ആരുമുണ്ടായിരുന്നില്ല. കമ്പനി ഗസ്റ്റ് ഹൗസിലെ താമസം വെറും ഒരു മാസം മാത്രമേ ഉണ്ടാവൂ. അതിനുള്ളിൽ ഒരു വീട് കണ്ടു പിടിക്കാൻ ഇൻഡക്ഷൻ ടീമിൽ കൂടെയുണ്ടായിരുന്ന മൂന്നുപേരുമായി ചേർന്നു - പ്രിയ , ശോഭ , ജയാമണി. അവർ മൂന്നുപ്പേരും തമിഴർ.

ഭാഗ്യവശാൽ കമ്പനിക്ക് അടുത്ത് തന്നെ ഒരു വീടൊത്തു. നടക്കാവുന്ന ദൂരം. ഞങ്ങൾ നാല് പേരും നാല് പ്രൊജെക്ടുകളിൽ ആയിരുന്നതുകൊണ്ട് തമ്മിൽ കാണുന്നത് തന്നെ വിരളം. എത്ര തിരക്കുണ്ടെങ്കിലും ജയ മാത്രം എല്ലാ വെള്ളിയാഴ്‌ചയും സേലത്തുള്ള വീട്ടിൽ മുടങ്ങാതെ പോയി വന്നു. സഹവാസികൾ എന്നതിലപ്പുറം വൈകാരികമായ അടുപ്പം ആർക്കും ആരോടുമില്ല. ജയയുടെ മൊബൈലിലെ റിങ് ടോൺ ആയിരുന്നു ആ പാട്ട്.

വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കടന്നു പോയി. ഒരു ദിവസം ഉച്ചക്ക് എന്തോ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ഞാൻ കണ്ടത് പനിച്ചു വിറച്ചു കിടക്കുന്ന ജയയെയാണ്. അടുത്തുള്ള ഒരു ക്ലിനിക്കിൽ നിര്‍ബന്ധിച്ചു കൊണ്ടുപോയി മരുന്ന് വാങ്ങി കൊടുത്തു. വീട്ടിൽ അറിയിക്കേണ്ടെയെന്ന് ചോദിച്ചപ്പോൾ വേണ്ടായെന്നവൾ പറഞ്ഞു. മൂന്ന് ദിവസം ലീവെടുത്ത് ഞാൻ കൂടെയിരുന്നു. ആ ദിവസങ്ങളിൽ ഞങ്ങൾ ഒരുപ്പാട്‌ സംസാരിച്ചു.

അച്ഛൻ അവൾക്ക് മൂന്ന് വയസുള്ളപ്പോൾ ഒരപകടത്തിൽ മരിച്ചു. അമ്മയ്ക്കും ചേച്ചിക്കും അവരുടെ രണ്ടു കുഞ്ഞുങ്ങൾക്കും ഇപ്പോൾ അവൾ മാത്രമാണ് അത്താണി. ചേച്ചിയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയത്രേ. മക്കൾക്കും വീട്ടിനടുത്തുള്ള വേറെ കുറച്ചു കുട്ടികൾക്കും കണക്ക് പറഞ്ഞുകൊടുക്കാൻ വേണ്ടിയാണ് ജയ മുടങ്ങാതെ വീട്ടിൽ പോയിരുന്നത്. അതിൽ കുറച്ചു പേരുടെ വിദ്യാഭ്യാസച്ചിലവുകൾ വഹിക്കുന്നതും അവളായിരുന്നു.

അവളുടെ ചിന്തകളുടെ വലിപ്പം എന്നെ ലജ്ജിപ്പിച്ചു. സ്വാർത്ഥചിന്തക്കൾക്കപ്പുറം ഒരു ലോകമുണ്ടെന്നും അവയിൽ നാമോരോരുത്തർക്കും ചെയ്യാൻ പറ്റുന്ന സംഭാവനകളുടെ സാദ്ധ്യതകൾ അളവറ്റതാന്നെന്നും ഞാൻ തിരിച്ചറിഞ്ഞു. സംഭാവനകളുടെ വലിപ്പമല്ല അതിന് സന്നദ്ധമാകുന്ന മനസ്സാണ് ഗര്‍വ്വിതമെന്ന് ഞാൻ അവളിൽ നിന്നും മനസ്സിലാക്കി.

മൂന്ന് വർഷം കഴിഞ്ഞു വിദേശത്തു ജോലി കിട്ടി ഞാൻ കമ്പനി വിടുമ്പോൾ എൻ്റെ ഇഷ്ട്ടദൈവമായ ഗണപതിയുടെ ഒരു ലഘുരൂപം സമ്മാനിച്ചു അവളെനിക്ക്.

ഏതാണ്ട് ഒരു വർഷം കഴിഞ്ഞു കാണും, പഴയ ടീമിലുള്ള ഫിലിപ്പിൻ്റെ ഒരു മെയിൽ വന്നു , "എടോ , തൻ്റെ റൂം മേറ്റ് ജയാമണി മരിച്ചു........"

നടുക്കം മാറിയപ്പോൾ ഞാൻ അവനെ ഫോണിൽ വിളിച്ചു. അവനും കാര്യമായി ഒന്നുമറിയില്ല. കമ്പനി വെബ്‌സൈറ്റിൽ ചരമക്കുറിപ്പ് കണ്ടപ്പോഴാണ് അവനും വിവരം അറിയുന്നത്. അതിൻ്റെ ഒരു സ്‌ക്രീൻഷോട്ട് അവൻ എനിക്കയച്ചു തന്നു. ശോഭയുടെയും പ്രിയയുടെയും ഇൻബോക്സിലേക്കു ഞാൻ അത് മെയിൽ ചെയ്‌തു. അവരും അപ്പോഴേക്കും കമ്പനികൾ മാറിയിരുന്നു. ചില പൊതുവായ സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു എന്നെയും അവർ കാര്യങ്ങൾ അറിയിച്ചു.

പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. ഒരു പനിയും തൊണ്ടവേദനയും. ശ്രദ്ധിക്കാതെ കൊണ്ടുനടന്നു കാണും. കൂടിയപ്പോൾ ഹോസ്പിറ്റലിൽ അഡ്‌മിറ്റായി. ഭേദമായി വരുകയായിരുന്നു. പെട്ടന്ന് നില വഷളായി , ശ്വാസകോശം തകർന്നു. വെൻറ്റിലേറ്ററിന്ന് അവൾ പിന്നെ തിരികേ വന്നില്ല.

എന്നെങ്കിലുമൊരിക്കൽ ദൈവത്തെ കാണുമ്പോൾ ഉത്തരങ്ങൾ കിട്ടേണ്ട ഒരുപിടി ചോദ്യങ്ങൾ ഉണ്ടെൻ്റെ കൈയിൽ. ജയക്ക്‌ വേണ്ടി , ആദിത്യക്ക്‌ വേണ്ടി , പിയൂഷിന് വേണ്ടി , ജിഷ്ണുവിന് വേണ്ടി .......എനിക്കത്‌ ചോദിച്ചേ മതിയാകൂ. ഉത്തരം കിട്ടിയേ തീരൂ.......

എന്തിനായിരുന്നു? നല്ലത് ചെയ്‌താൽ നല്ലതേ വരൂയെന്ന കർമ്മവ്യവസ്ഥക്കെന്തു സംഭവിച്ചു? മുൻജന്മപാപങ്ങളുടെ കണക്കുകൾ മറ്റൊരു ജന്മത്തേക്ക് മാറ്റി വെയ്ക്കപ്പെടുന്നതെന്തേ? ഒരവസരം കൂടി നൽകാതിരിക്കാൻ മാത്രം എന്ത് തെറ്റാണിവരൊക്കെ ചെയ്തത്? കൊടും പാപികൾ വാനോളം വളരുന്നതെങ്ങനെ? വിശ്വം വെറും ആകസ്‌മികതയിൽ അധിഷ്‌ഠിതമോ? വിധിയുടെ ചുറ്റിക പതിയാതിരിക്കാൻ പാലിക്കപ്പെടേണ്ട നിയമങ്ങൾ ഏതൊക്കെ?

ഈ ചോദ്യങ്ങൾക്ക് ഭൂമിയിലുള്ളവരാരും തൃപ്തികരമായ ഒരു മറുപടിയും തരുമെന്ന പ്രതീക്ഷ എനിക്കില്ല.

വിശ്വാസത്തിൻ്റെ അടിത്തറക്ക് ഇളക്കമുണ്ടോ? ശുഭ പ്രതീക്ഷകൾക്ക് മങ്ങലുണ്ടോ? ഉണ്ടാവാതിരിക്കട്ടെ. മുന്നോട്ടുള്ള പ്രയാണത്തിൽ ഇവ കൂട്ടായി വേണം. അനിവാര്യമായ ആ അനന്തസാഗരത്തിൽ ചെന്ന് ക്ഷയിക്കുംവരെ ഒഴുകിയല്ലേ നിവർത്തിയുള്ളു..........