Total Pageviews

Friday, December 2, 2016

കഥ : ജനിമൃതികൾക്കപ്പുറം


[Published കേരളകൗമുദി ആഴ്ചപ്പതിപ്പ് , Oct 2018 ]

2016 ജൂൺ മാസത്തിലെ ഒരു ദിവസം. പെയ്തൊഴിയാൻ വിതുമ്പുന്ന കാർമേഘക്കൂട്ടങ്ങൾ തിങ്ങി നിൽക്കുന്ന ആകാശം. നിശ്ശബ്‌ദത ഗര്‍ഭം ധരിച്ച അന്തരീക്ഷം. ഏകാന്തതയുടെ തണുപ്പ് പുതച്ച ശവകുടീരങ്ങൾ.

അവൻ കല്ലറയുടെ പിന്നിൽ ഉള്ള വെണ്ണപ്പഴത്തിൻ്റെ മരത്തിനരികിൽ കാത്തിരുന്നു. ഇന്ന് ഞായറാഴ്ച്ചയാണെല്ലോ.....അവൾ വരുന്ന ദിവസം. അവൻ്റെ കണ്ണുകൾ സെമിത്തേരിയുടെ പ്രവേശനകവാടത്തിലേക്ക് ആകാംഷയോടെ നീണ്ടു.

കുർബാന കഴിഞ്ഞപ്പോൾ മമ്മയുടെ കൈയും പിടിച്ചവൾ വന്നു. മമ്മ കൂടെയുള്ളത് കൊണ്ട് പതിവുപോലെ ഏറു കണ്ണിട്ടൊന്ന് നോക്കിയിട്ടവൾ അമർത്തിയൊന്നു ചിരിച്ചു. അവൻ കൈവീശി കാണിച്ചു.

അവരിരുവരും അവളുടെ പപ്പയുടെ കല്ലറക്ക് സമീപം നിന്ന് പ്രാർത്ഥിച്ചു. എന്നത്തേയും പോലെ അവളുടെ മമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇസബെല്ല കൈയിലിരുന്ന ചുവന്ന റോസാപ്പൂവ് പപ്പയുടെ കല്ലറക്കുമേൽ വെച്ചു.

മാത്യു ഫ്രാൻസിസ്‌ ചാക്കോ
ജനനം : 10 - സെപ്റ്റംബർ - 1970
മരണം : 19 - ഫെബ്രുവരി - 2014

രണ്ട് വർഷങ്ങൾക്കു മുമ്പുള്ള ഫെബ്രുവരിയിലെ ആ ദിവസം അവൻ ഇന്നും വ്യക്തമായി ഓർക്കുന്നു. വളരെ ചെറിയയൊരു ഇടവകയായിരുന്നു അവിടം. അധികം ആരും വരാത്തൊരു പള്ളിയും കാടുകേറി കിടക്കുന്ന ഒരു സെമിത്തേരിയും. അവനും അവിടെ വന്നിട്ട് ഒരു മാസം തികയാൻ പോകുന്നതേ ഉണ്ടായിരുന്നോള്ളൂ. അന്നാണ് അവൻ അവളേ ആദ്യമായി കാണുന്നത്.

ഒരു കറുത്ത ഫ്രോക്കും , കാപ്പിപൊടിയുടെ നിറമുള്ള മുടിയും, കൈയിൽ ഒരു ചുവന്ന റോസാപൂവും. ഒരു ചിത്രം പോലെ മനോഹരിയായിരുന്നു അവൾ. തൻ്റെ പപ്പക്ക് അവസാനത്തെ ഉമ്മ കൊടുക്കുമ്പോളും അവൾ കരയുന്നുണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞപ്പോൾ പപ്പയുടെ അടുത്ത് ഒറ്റക്കിരിക്കണമെന്ന് അവൾ മമ്മയോട് ആവശ്യപ്പെട്ടു.

ഒച്ചയില്ലാതെ വിതുമ്പി കരയുന്ന അവളുടെ അടുത്തേക്ക് അവൻ മെല്ലെ നടന്നു ചെന്നു. ആ മുടിയിലൊന്ന് തലോടണമെന്നേ ഉണ്ടായിരുന്നോള്ളു. അവൾ മുഖമുയർത്തി അവനെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ആശ്ചര്യപ്പെട്ടത് പക്ഷേ അവനായിരുന്നു. പനിനീർ പൂവിൻ്റെ നിറമുള്ള അധരങ്ങൾ അപ്പോഴും വിറയ്‌ക്കുന്നുണ്ടായിരുന്നു.

"കരയല്ലേ കുട്ടീ. നിൻ്റെ പപ്പക്ക് ഇത് ഒരു മോചനമാണ്. വേദനകളിലാത്ത ലോകത്താണ് മാത്യു ഇപ്പോൾ."

"അങ്കിളിന് പപ്പയെ അറിയാമോ?"

ഒരു ഹ്രസ്വമായ കൂടിക്കാഴ്ച. വളരെ കുറച്ചു വാക്കുകൾ. അതിനുള്ള സമയമേ ഉണ്ടായിരുന്നോള്ളൂ. മുന്നോട്ടുള്ള യാത്രയുടെ തിടുക്കം.

"ഇല്ല", കൂടുതൽ വിശദീകരിക്കാൻ അവന് കഴിയുമായിരുന്നില്ല.

"എനിക്ക് പപ്പയില്ലാതെ ഉറക്കം വരില്ല. പപ്പയുടെ തോളത്ത് തല വെച്ചാണ് ഞാൻ എന്നും......" മുഴുപ്പിക്കാൻ അവൾക്കായില്ല.

"പപ്പ ഇനി മോളുടെ സ്വപ്നങ്ങളിൽ വരും....അതിന്നായി നീ ഉറങ്ങണം."

ഒരു പന്ത്രണ്ട് വയസുകാരിയുടെ പ്രായത്തിൽ കവിഞ്ഞ പക്വത അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അവൻ പറഞ്ഞതിൻ്റെ പൊരുൾ അവൾക്ക് മനസ്സിലായോന്നവന് വ്യക്തമായില്ല. പക്ഷെ അവൾ കൂടുതൽ ഒന്നും ചോദിച്ചില്ല.

ആ കൂടിക്കാഴ്ചകൾ തുടർന്നു. വേദനിക്കുന്ന രണ്ടു മനസ്സുകൾ അനോന്യം അത്താണികളായി. അവളുടെ പപ്പയുടെ അഭാവം അവനും, അവൻ്റെ ഏകാന്തതയുടെ ആഴം അവളും നികത്താൻ ശ്രമിച്ചു. ഈ സൗഹൃദം മറ്റുള്ളവരുമായി പങ്കു വയ്ക്കപ്പെടേണ്ടതല്ലെന്ന് അവൻ പറയാതെ തന്നെ അവൾ എങ്ങനെയോ മനസ്സിലാക്കിയിരുന്നു.

പപ്പ സ്വപ്നത്തിൽ അവളെ കാണാൻ വരുന്നതും, കുഞ്ഞു മനസ്സിലെ വ്യാകുലതകളും, മമ്മയുടെ പ്രയാസങ്ങളും ഒക്കെ അവൾ അവനുമായി പങ്കുവെച്ചു. അവളുടെ പ്രശ്‌നങ്ങൾ ഓരോന്നായി പരിഹരിക്കപ്പെടുകയോ ദൂരീകരണം ചെയ്യപ്പെടുകയോ ചെയ്യുന്നത് അവളിൽ അനഭിമതമായ ആശങ്ക ഉളവാക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

"ബെല്ലാ, മമ്മാ ഫാദർ ഫിലിപ്പോസിനെ കണ്ടിട്ട് വരട്ടേ.....മോളു ഇവിടെ പപ്പയുടെ അടുത്ത് നില്കുകയല്ലേ?".

അവളുടെ മമ്മയുടെ ശബ്ദം പെട്ടന്നവനെ ഓർമ്മകളിൽ നിന്നും തിരികേ കൊണ്ടുവന്നു. ഗ്രേസി കണ്ണിൽനിന്നും മറഞ്ഞതും അവളോടി അവൻ്റെ അരികിലെത്തി.

"അങ്കിൾ പറഞ്ഞതുപ്പോലെ തന്നെ സംഭവിച്ചു . മമ്മ എന്നെ ക്ലാസ് ടൂറിനു പോകാൻ അനുവദിച്ചു. ഐ ആം സോ ഹാപ്പീ....അങ്കിളിൻ്റെ മാജിക് ഫലിച്ചു."

അവൻ ഒന്നും പറയാതെ വെറുതെ ചിരിച്ചു. അവളുടെ കറുത്ത നിറമുള്ള കണ്ണുകൾ അവന് എത്ര നോക്കിയാലും മതിയാകില്ല. അവൾ ചിരിക്കുമ്പോൾ, സ്വർണ്ണ പൊട്ടുകൾ വിതറിയതുപോലെ അവ തിളങ്ങും . ഒരു കടലോളം ആഴവും ഒരു പെരുപ്പോളം ഗൂഢവുമായിരുന്നു അവ.

"എന്നെയും പഠിപ്പിക്കാമോ ഈ മാജിക് ? മറ്റുള്ളവരെ കൊണ്ട് അനുസരിപ്പിക്കുന്ന ഈ വിദ്യ."

"നിനക്ക് അതിപ്പോൾ മനസ്സിലാവില്ല ബെല്ലാ.....വളരെ സങ്കീര്‍ണ്ണമാണത്."

"ലളിതമായി പറഞ്ഞു തരു അങ്കിൾ." അവൾ വിടാൻ ഭാവമില്ല.

"ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും മനസ്സുകളെ ഒരു മഹാസമുദ്രത്തോട് ഉപമിക്കാം നമ്മുക്ക്. എൻ്റെയും , നിൻ്റെയും , മറ്റുള്ളവരുടെയും മനസ്സുകൾ കൂടിച്ചേരുന്ന ഒരു അഖണ്‌ഡപ്പരപ്പ്‌. ഒരോ മനസ്സും ആ സമുദ്രത്തിലെ ഒരോ തിരമാലകൾ ആണ്. അത് മനസ്സുകളുടെ നിരന്തരത്വം പ്രതിനിധീകരിക്കുന്നു. ഈ നിരന്തരത്വമാണ് ഒരു മനസ്സിൽ നിന്നും മറ്റൊന്നിലേക്ക് ചിന്തകളെ കൈമാറാൻ നമ്മെ അനുവദിക്കുന്നത്."

"അത്ര എളുപ്പമാണെങ്കിൽ എന്തേ എല്ലാവർക്കും അത് സാധിക്കുന്നില്ല?"

അവൾക്കറിയില്ലല്ലോ, ഒരു ജന്മത്തിൻ്റെ ഓർമ്മകളെ മുഴുവൻ ബലികൊടുത്താൽ മാത്രമേ ഈ കഴിവ് സ്വായത്തമാക്കാൻ കഴിയൂ എന്ന്. ഈ അടുത്തിടെയായി അവളുടെ സംശയങ്ങൾ കൂടിക്കൂടി വരുന്നു. മുന്നത്തെ പോലെ അത്ര നിസാരമായി കാര്യങ്ങൾ ഒഴിവാക്കാൻ അവന് സാധിക്കുന്നില്ല. യുക്തിപരമല്ലാത്ത ഒരു വിശദീകരണവും അവൾ ഈയിടെയായി സമ്മതിച്ചു തരുന്നില്ല. അവൻ കുറച്ചു കൂടി ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

"നീ കുട്ടിയല്ലേ, സമയമാവട്ടെ. അപ്പോൾ നമുക്ക് നോക്കാം."

"ഒന്ന് പോ അങ്കിളേ....എന്ത് ചോദിച്ചാലും ഇതുതന്നെയാ പറയനേ...വെറുതെ എന്നെ പറ്റിക്കാൻ."

"മൊബൈലിൽ നിൻ്റെ ഫോട്ടോസ് എടുക്കാൻ ശ്രമിച്ച ആൽവിൻ ക്ലാസ്സിൽ വന്നു തുടങ്ങിയോ?"

"ഇല്ല, അവൻ്റെ കൈ ശരിയാവാൻ ഇനിയും സമയമെടുക്കുമെന്നാ ജെസ്സി മിസ്സ് പറഞ്ഞത്. സൈക്കിൾ പോലും ഓടിക്കാനറിയാത്തവൻ എന്തിനാ അവൻ്റെ ചേട്ടൻ്റെ ബൈക്കെടുത്തത്? തലക്കും നല്ല മുറിവുണ്ടെന്നാ കേട്ടത്. അവന് ഒന്നും ഓർമ്മയില്ലത്രേ. ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടതെന്ന് മമ്മ പറഞ്ഞു, ഇല്ലെങ്കിൽ അവൻ മരിച്ചു പോയെന്നേ...."

അതെ....മരിക്കേണ്ടതായിരുന്നു. താൻ പാതി ദൈവം പാതിയെന്നല്ലേ....തൻ്റെ പാതി മാത്രമേ പറ്റിയുള്ളൂ.

"അവൻ ക്ലാസ്സിൽ ഇല്ലാത്തതു കൊണ്ട് ബെല്ല ഹാപ്പിയല്ലേ?"

"അങ്ങനെ ചോദിച്ചാൽ ....അതേ , പക്ഷേ മരിച്ചാൽ എനിക്ക് സങ്കടമായെന്നേ.....ആരും മരിക്കുന്നത് എനിക്കിഷ്ടമല്ല അങ്കിൾ."

പെട്ടന്ന് അവളുടെ മുഖം വാടി.

"ബെല്ലക്ക് എനോടെന്തോ ചോദിക്കാനുണ്ടോ?"

"അങ്കിൾ ...ഈയിടെയായി ഒരു പേടി....എന്താന്നറിയില്ല. കഴിഞ്ഞ കുറച്ചു നാളുകളായി എനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ഒരു പാറ്റേൺ പോലെ......"

"ഏത് കാര്യങ്ങൾ? എന്ത് പാറ്റേൺ?"

"ഞാനുമായിട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്ന ആളുകൾ ......അവർക്കൊക്കെ ഒരോ അപകടങ്ങൾ പറ്റുന്നു......എൻ്റെ റെക്കോർഡ് ബുക്കിൽ കുത്തിവരച്ച ആമി, വാടക കൂട്ടി ചോദിച്ച അവറാച്ചൻ, ഫീസ് കൊടുക്കാൻ താമസിച്ചതിന് വെയിലത്തു നിർത്തിയ പ്രിൻസിപ്പൽ, മമ്മയുടെ പർസിൽ നിന്നും കാശ് മോഷ്ടിച്ച മോളികുട്ടി ചേച്ചി , ദേ ഇപ്പോൾ ആൽവിനും......"

"ബെല്ലാ, മറ്റുള്ളവരെ ദ്രോഹിക്കുന്നവർ ശിക്ഷിക്കപ്പെടും. അത് പ്രപഞ്ചനിയമമാണ് കുട്ടീ. പ്രത്യേകിച്ചും ഹൃദയത്തിൽ നന്മയുള്ളവരെ വേദനിപ്പിച്ചാൽ ദൈവം പൊറുക്കില്ല. നിൻ്റെ മനസ്സിൽ കളങ്കമില്ല. അതുകൊണ്ടു തന്നെ നിന്നെ വേദനിപ്പിക്കുന്നവർ ശിഷിക്കപ്പെടുന്നു."

"അപ്പോൾ എൻ്റെ പപ്പ എന്ത് തെറ്റ് ചെയ്തിട്ടാ.....? അങ്കിൾ എന്നെ വെറുതെ സമാധാനിപ്പിക്കാൻ പറയുവാ...."

"ആവശ്യമില്ലാത്ത കാര്യങ്ങൾ ഓർത്തു വിഷമിക്കാതെ ബെല്ലാ ....ഒക്കെ നിൻ്റെ തോന്നലാണ്. നിനക്കീ അങ്കിളിനെ വിശ്വാസമില്ലേ?"

"അങ്ങനെയല്ല അങ്കിൾ ......എനിക്ക് ദേഷ്യം തോന്നുമ്പോൾ അവർക്കു എന്ത് സംഭവിക്കണമെന്ന് ഞാൻ ചിന്തിക്കുന്നുവോ അത് പോലെയാണ് അപകടങ്ങൾ നടക്കുന്നത്. എൻ്റെ റെക്കോർഡ് ബുക്ക് നശിപ്പിച്ചപ്പോൾ, ആമിയുടെ തല പിടിച്ചു ഡെസ്കിൽ ഇടിക്കാനാണ് എനിക്ക് തോന്നിയത്. തലവേദനയാന്നെന്നും പറഞ്ഞവൾ അന്ന് സ്പോർട്സ് പീരീഡിൽ പുറത്തു വന്നില്ല. ഞങ്ങൾ തിരികേ വന്നപ്പോൾ, ഡെസ്കിൽ തലയിടിച്ച്‌ ബോധം നഷ്‌ടപ്പെട്ട് കിടക്കുന്ന ആമിയെയാണ് കണ്ടത്. അത് പോലെ ഓടയിൽ വീണ് കാലൊടിഞ്ഞ അവറാച്ചൻ, തളർവാതം വന്ന പ്രിൻസിപ്പൽ, കൈപൊള്ളിയ മോളികുട്ടി ചേച്ചി........"

വിഷയം മാറ്റാൻ സമയമായി. "ടൂറിൻ്റെ ഒരുക്കങ്ങൾ കഴിഞ്ഞോ? ബെല്ലയുടെ കൂട്ടുകാരികൾ ഒക്കെ വരുന്നുണ്ടോ?"

അവൾ പിന്നെയും ഉഷാറായി.

"നോക്കൂ ...ബെല്ലയുടെ മമ്മ എത്തി."

അവൾ നടന്നകലുന്നതും നോക്കി അവൻ കുറേ നേരം നിന്നു. അവൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അവൻ മെല്ലെ കല്ലറക്ക് പിന്നിലുള്ള വെണ്ണപ്പഴത്തിൻ്റെ മരത്തിനരികിലേക്ക് നടന്നു നീങ്ങി.

വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു. ഋതുക്കൾ മാറി മറിഞ്ഞു. അന്നും ഒരു ഞാറാഴ്ചയായിരുന്നു. ജോൺ പതിവിലേറെ സന്തോഷവാനായി കാത്തുനിന്നു. ഇന്ന് ഇസബെല്ലയുടെ മനസ്സമ്മതമാണ്. വെണ്ണപ്പഴത്തിൻ്റെ നിറമുള്ള ഗൗണ്‍ ധരിച്ചവൾ വരുന്നതും കാത്തവൻ അക്ഷമനായി നിന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ അവളും ഡേവിഡും പപ്പയുടെ കല്ലറക്ക് സമീപം വന്നു നിന്ന് പ്രാർത്ഥിച്ചു. പതിവിലേറെ സുന്ദരിയായിരുന്നു അവൾ.

അവളുടെ കണ്ണുകൾ പലവട്ടം അവനെ തിരഞ്ഞു. ജോൺ അസ്വസ്ഥനാവാൻ തുടങ്ങി. അവൻ കല്ലറക്ക് മുന്നിലേക്ക് കേറി നിന്നു. പക്ഷേ അവളുടെ നോട്ടം അവനിൽ പതിയാത്ത അവിടമാകെ പരതി നടന്നു.

"ഡേവിഡ്, എനിക്ക് പപ്പയുമായി കുറച്ചു സമയം തനിച്ചു വേണം പ്ളീസ്."

ഡേവിഡ് പോയി കഴിഞ്ഞപ്പോൾ അവൾ വെണ്ണപ്പഴത്തിൻ്റെ മരത്തിനരികിലേക്ക് ഓടി വന്നു. അവളുടെ മിഴികൾ ആകാംഷയോടെ അവിടമാകെ അവനായി തിരഞ്ഞു.

"അങ്കിൾ.....അങ്കിൾ....." അവളുടെ ശബ്ദം ഇടറാൻ തുടങ്ങി. കണ്ണുകളിൽ ആദ്യം ആശങ്കയും, പിന്നെ അവബോധവും ഒടുക്കം കണ്ണുനീരും നിറഞ്ഞു.

"അങ്കിളും പോയല്ലേ ഈ ബെല്ലയെ തനിച്ചാക്കി, പപ്പയേ പോലെ.........", കല്ലറക്ക് സമീപം കണ്ണുപൊത്തി നിന്നവൾ വിതുമ്പി. അവൻ നിസ്സാഹായനായി അവളുടെ അരികിൽ വന്നു നിന്നു.

അപ്പോഴേക്കും മഴമേഘങ്ങൾ ഇരുണ്ടു കൂടി ഗര്‍ജ്ജിച്ചു. സെമിത്തേരിയിൽ മഴ ചാറാൻ തുടങ്ങിയിരുന്നു. മഴത്തുള്ളികൾ വെണ്ണപ്പഴത്തിൻ്റെ മരത്തിൽ പതിച്ച്‌, ഇലകളിൽ കൂടി വഴുതി, കല്ലറക്ക് മുകളിലേക്ക് പതിഞ്ഞു. അവൻ്റെ കണ്ണുനീർ അവളുടെ നെറുകയിലും വീണു.

യാന്ത്രികമായവൾ കല്ലറയുടെ സ്‌തംഭത്തിനു മേൽ ചാഞ്ഞുനിന്ന ചില്ലകൾ പതിയെ മാറ്റി. കുറേ നേരം അവൾ അതിലേ അക്ഷരങ്ങളെ തന്നെ നോക്കി നിന്നു . കണ്ണുകൾ തുടച്ച ശേഷം കൈയിലിരുന്ന ചുവന്ന റോസാപൂവ് കല്ലറക്ക് മേൽ വെച്ചവൾ പതിയെ തിരിഞ്ഞു നടന്നു. അവൾ കണ്ണിൽ നിന്നും മറയുന്നതും നോക്കി അവൻ നിന്നു.

"ക്ഷമിക്കൂ ബെല്ലാ .....നിൻ്റെ പപ്പയെ പോലെ സ്വപ്നങ്ങളിൽ വരാണെനിക്ക് അനുവാദമില്ല, യാത്ര പറയാൻ അവകാശവുമില്ല......"

സ്‌തംഭത്തിലെ അക്ഷരങ്ങൾ മഴ നനഞ്ഞ് തെളിഞ്ഞു നിന്നു.....ഒരു പക്ഷേ മറ്റൊരു ഇസബെല്ലക്കായ്........

ജോൺ മാർട്ടിൻ ഗ്രിഗോറി
ജനനം : 23 - ഏപ്രിൽ - 1986
മരണം : 25 - ജനുവരി - 2014