Total Pageviews

Friday, June 1, 2018

കഥ : മനസ്സേ, ശാന്തമാകൂ!


മനസ്സേ, ശാന്തമാകൂ!

തകർത്തു പെയ്യുന്ന മഴയും അതിൽ ആടിത്തിമിർക്കുന്ന അംഗദേശവാസികളെയും അന്തഃപുരത്തിലെ ജാലകപ്പടിക്കരികിലിരുന്നവൾ ഇമവെട്ടാതെ നോക്കി. ഇന്ന് അവിരാമത്തിൻ്റെ ഏഴാം നാൾ. മഴ തെല്ലും തോരുന്ന ലക്ഷണമില്ല. മറിച്ച്, കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. തരിശുഭൂമിയുടെ വന്ധ്യതയിൽ നിന്നും അംഗദേശത്തെ സമൃദ്ധിയുടെ ഭൂയിഷ്‌ഠതയിലേക്ക് നയിക്കാൻ ജീവാമൃതം വര്‍ഷിക്കുകയാണ് . മുനി കുമാരൻ്റെ ബ്രഹ്മചര്യത്തിന് മഴ ദൈവങ്ങളുടെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു!

അവൾ, അംഗരാജൻ ലോമപാദൻ്റെ പ്രിയപുത്രി ശാന്ത. വൃഷ്ടിയുടെ കുളിർ പക്ഷേ അവളുടെ നെഞ്ചകത്ത് വീശുന്നില്ല. അവിടെ, സ്വപ്നങ്ങൾ എരിഞ്ഞടങ്ങുന്നതിൻ്റെ ധൂമപടലങ്ങൾ മാത്രം. ആറ് നാഴികകൾക്കപ്പുറം ഋഷ്യശൃംഗൻ്റെ ഭാര്യയാകുവാൻ വിധിക്കപെട്ടവൾ. സാഹിത്യം, ചരിത്രം, കരകൗശലം, ആയോധനം എന്നിവയിൽ നൈപുണ്യം നേടിയ അതിസുന്ദരിയായ രാജകുമാരി. ഇന്നിതാ പക്ഷേ , മരവുരി ധരിക്കുന്ന, ശിരസ്സിൽ കലമാന്‍ കൊമ്പുകളുമായി പിറന്ന ഒരു മുനിയുടെ പത്നിയാകുവാൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു. കേവലം വചസ്സുകൾ കാരണം, വിളംബരവചസ്സുകൾ!!

എന്നും മറ്റുള്ളവരുടെ വചസ്സുകളായിരുന്നു അവളുടെ വിധിയെ നിനച്ചിരിക്കാത്ത ദിശകളിലേക്ക് തിരിച്ചു വിട്ടിരുന്നത്. അത് ഓർത്തപ്പോൾ അവൾക്ക് തന്നോട് തന്നെ സഹതാപം തോന്നുകയും അവളുടെ അധരങ്ങളിൽ ആ കാരണത്താൽ ഒരു ചെറുമന്ദഹാസം വിടരുകയും ചെയ്‌തു.

അന്ന് യാഗാന്ത്യത്തിൽ, മഴമേഘങ്ങൾ പെയ്തിറങ്ങിയ ആഹ്ളാദത്തിൽ സ്വയം മറന്നു പോയിരുന്നു ലോമപാദൻ. ഈ കൂട്ടത്തിലുള്ള ഏത് കന്യകയെ വേണമെങ്കിലും താങ്കൾക്ക് ഭാര്യയായി തിരഞ്ഞെടുക്കാമെന്ന് മുനിവര്യനോട്‌ പ്രഖ്യാപിക്കുമ്പോൾ, തൻ്റെ മകളുടെ അപ്‌സരസൗന്ദര്യത്തെക്കുറിച്ച് ഒരു നിമിഷം അദ്ദേഹം മറന്നു പോയിരിക്കാം. ദേശം ഭരിക്കുന്ന അരചൻ്റെ വാക്കുകൾക്ക് വജ്രശക്തിയുണ്ടാകുമെല്ലോ. ഋഷ്യശൃംഗൻ്റെ കണ്ണുകൾ അവളിൽ ഉടക്കി നിന്നപ്പോഴും നടന്നതൊന്നുമറിയാതെ കോരിച്ചൊരിയുന്ന മഴനൂലുകൾക്കിടയിൽ അവൾ ആനന്ദനര്‍ത്തനത്തിൽ നിമഗ്നയായിരുന്നു.

അച്ഛൻ്റെ മനമുരുകുന്നത് അവൾ അറിയുന്നു. രാജധർമ്മത്തിന് മുന്നിൽ പിതൃധർമ്മം കൈകൾ കൂപ്പി നിസ്സാഹായതയുടെ കണ്ണുനീർ പൊഴിച്ചപ്പോൾ, അവൾ ഉള്ളിലെ തീമഴ മറച്ചു പിടിക്കാൻ ആയാസപെട്ടു . ഒരു നിശ്വാസം കൊണ്ടു പോലും അച്ഛനെ വേദനിപ്പിക്കാൻ തനിക്കാവില്ലെന്ന് അവൾക്കറിയാം. എന്നാലും അന്നാദ്യമായി അച്ഛനോട് നിഷേധം പറയേണ്ടി വന്നതിൽ അവൾ ഇപ്പോഴും ഖേദിക്കുന്നു.

ശിവതീർത്ഥൻ്റെ ശാപം. അന്നൊരു മഴക്കാലമായിരുന്നു. അതെ, അംഗദേശം മഹൈശ്വര്യയുഗത്തിൻ്റെ പരകോടിയിൽ നിന്നിരുന്ന കാലം! വിളയിറക്കുവാനുള്ള സഹായം അഭ്യർത്ഥിക്കുവാൻ, രാജാവിനെ മുഖം കാണിക്കുവാൻ വന്ന അനേകം പ്രജകളിൽ ഒരുവനായിരുന്നു അയാളും. പ്രിയപുത്രിയുമായി നർമ്മസല്ലാപത്തിൽ മുഴക്കിയിരുന്ന ലോമപാദൻ്റെ അവഗണനയുടെ അപമാനമേറ്റ് തിളച്ചു ബ്രാഹ്മണരോഷം. ഒടുവിലത് കൊടുംവരള്‍ച്ചയായി പരിണമിച്ചു. ഇവിടെയും വചസ്സുകൾ തന്നെ കാരണം, ശാപവചസ്സുകൾ!!

അറിഞ്ഞോ അറിയാതെയോ അവളും അതിൽ പങ്കാളിയല്ലേ? അദ്ദേഹം മുഖം കാണിക്കുവാൻ വന്നപ്പോൾ അവൾക്കെങ്കിലും ഒന്ന് ശ്രദ്ധിക്കാമായിരുന്നു. പ്രജകളുടെ ക്ഷേമത്തിൽ രാജാവിനുള്ളതുപോലെ പ്രതിബദ്ധത അംഗദേശത്തിൻ്റെ യുവരാജ്ഞിയായ അവൾക്കുമില്ലേ? മനസ്സേ, സന്നദ്ധമാകൂ!!

"അമ്മ മഹാറാണി വർഷിണിയും അയോദ്ധ്യയുടെ പട്ടമഹിഷി കൌസല്യാരാജ്ഞിയും അന്തഃപുരത്തിലേക്ക് എഴുന്നള്ളുന്നു." തോഴി കനകവല്ലിയുടെ ശബ്ദം അവളെ വർത്തമാനകാലത്തേക്ക് തിരികേ കൊണ്ടുവന്നു.

അമ്മയെയും കൌസല്യാരാജ്ഞിയെയും വണങ്ങി അവൾ അയോദ്ധ്യയിലെ ക്ഷേമമന്വേഷിച്ചു. നവവധുവിനുള്ള പുടവകളും രത്നങ്ങളും വേണ്ടുവോളം കൊടുത്തയച്ചിരിക്കുന്നു ദശരഥ മഹാരാജൻ.

പൊതുവേ മുഖവുരകൾ ഇഷ്ടമല്ലാത്ത വർഷിണി പറഞ്ഞു, "കൌസല്യാമ്മക്ക് മകളോട് ചിലത് പറയുവാനുണ്ട്. നീ അറിഞ്ഞിരിക്കേണ്ട ചിലത്. അമ്മ അന്തഃപുരത്തിലുണ്ടാവും." അവർ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് കവിള്‍ത്തടത്തിൽ മെല്ലെ തലോടി, തിരിഞ്ഞു നടന്നു.

'അമ്മയെന്തേ മുഖം തരാതെ...?', അവൾ നടന്നകലുന്ന വർഷിണിയിൽ നിന്നും കൌസല്യയുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.

കൌസല്യ ഒരു ദീര്‍ഘനിശ്വാസത്തിനൊടുവിൽ പറഞ്ഞു, 'നീ ഞങ്ങളുടെ മകളാണ്, ദശരഥൻ്റെയും കൌസല്യയുടെയും ഏക പുത്രി. കോസല സാമ്രാജ്യത്തിൻ്റെ രാജകുമാരി. അയോദ്ധ്യയുടെ സ്വന്തം യുവരാജ്ഞി. അംഗദേശത്തിന് നീ ദത്തുപുത്രി മാത്രം.' രാഞ്ജിയുടെ വാക്കുകളിലേ പ്രതാപം അവൾ മനസ്സിലായില്ലെന്ന് നടിച്ചു.

'സൂര്യവംശി അജരാജപുത്രൻ ദശരഥൻ, തൻ്റെ പിതാവോ?' അവൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി, ഒപ്പം പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വിങ്ങലും. 'താൻ ജീവനുതുല്യം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അച്ഛന്‍ തനിക്കാരുമല്ലെന്നോ? ഇത്രയും നാൾ തലചായ്‌ച്ചുറങ്ങിയ അമ്മമടിത്തട്ട് തനിക്ക് അന്യമോ? ആദ്യചുവടുകൾ എടുക്കാൻ സഹായിച്ച, പനിച്ചൂടിൽ തളർന്നു കിടന്നപ്പോൾ തലോടിയ, കൈവിരലുകളുമായി തനിക്ക് പൊക്കിള്‍ക്കൊടി ബന്ധമില്ലെന്നോ?'

അവൾ വീണ്ടും ജാലകപ്പടിക്കരികിലേക്ക് നടന്നു. കൈനീട്ടി മഴത്തുള്ളികളെ ഉള്ളംകൈയിൽ സംഭരിച്ചു. വിരലുകൾ കൊണ്ട് അവയെ ആവരണം ചെയുവാൻ ശ്രമിച്ചപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവയൊക്കെ അവളെ തനിച്ചാക്കി. 'പതിനാറു വർഷത്തെ സ്നേഹവും മമതയും തന്നോടൊപ്പമുള്ളപ്പോൾ ഈ അറിവ് എന്നെയെന്തിന് അസ്വസ്ഥമാക്കണം? ഇപ്പോൾ ഉള്ള ധർമ്മസങ്കടത്തിൽ നിന്നും കരകേറും മുന്നേ മറ്റൊന്നോ? പാടില്ല, തനിക്ക് ഉണ്ടെന്ന് താൻ അഹങ്കരിച്ചിരുന്ന സ്ഥൈര്യം കൈവിട്ടുകൂടാ. ഞാൻ ശാന്ത, അംഗരാജൻ ലോമപാദൻ്റെ പ്രിയപുത്രി.', അവൾ മനസ്സിൽ പറഞ്ഞുറപ്പിച്ചു.

ശാന്ത ഒന്നും പറയുന്നില്ലെന്ന്‌ കണ്ടപ്പോൾ കൌസല്യ തുടർന്നു, 'ഇഷ്ട്ടമുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെ വേണ്ടി വന്നു. ജനിച്ചപ്പോൾ നിനക്കുണ്ടായിരുന്ന ഒരു വൈകല്യം മാറണമെങ്കിൽ, സന്താനഭാഗ്യമില്ലാത്ത ദമ്പതികള്‍ നിന്നെ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അകമഴിഞ്ഞ് സ്നേഹിക്കുകയും അവർ നിന്നെ വളർത്താൻ സ്വമനസ്സാലെ സന്നദ്ധമാവുകയും ചെയ്യണമെന്ന്‌ ഗുരുവര്യന്മാർ അരുളി. എൻ്റെ ജ്യേഷ്‌ഠസോദരി വർഷിണി, തമാശ രൂപേണ അവതരിപ്പിച്ച ആവശ്യം, തകർന്ന മനസ്സോടെ അയോദ്ധ്യരാജൻ അംഗീകരിക്കുകയായിരുന്നു. അന്ന് അദ്ദേഹം കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ എൻ്റെ ഹൃദ് കല്ലാക്കുവാൻ എന്ത് മാത്രം ഉദ്യമിച്ചെന്നോ പുത്രി? ഇന്നിപ്പോൾ നിന്നെ ഇത്രയേറെ ഓജസോടെയും തേജസോടെയും ദർശിക്കുമ്പോൾ ഈ അമ്മമനം അത്ര തന്നെ ആഹ്ളാദഭരിതമാണ്.'

'വചസ്സുകൾ, പിന്നെയും വചസ്സുകൾ തന്നെ ഹേതു', അവൾ മഴയിൽ നിർത്തമാടുന്ന കർഷകപത്നികളെ നോക്കി നെടുവീർപ്പിട്ടു. 'സന്തോഷം വരുമ്പോൾ ഒരു കുന്നോളം ആഹ്ളാദിക്കുവാനും സങ്കടം വരുമ്പോൾ ഒരു കടലോളം കരയുവാനും മറ്റൊരു ജന്മത്തിലെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ!'

കൌസല്യയുടെ കരസ്പർശം ചുമലിൽ പതിഞ്ഞപ്പോൾ അവൾ പതിയേ തിരിഞ്ഞ് അവരെ ആശ്ലേഷിച്ചു. 'കൌസല്യാമ്മയോടുള്ള സ്നേഹം അന്നും ഇന്നും ഒരുപ്പോലെ.'

നെറ്റിയിലേക്ക് വീണ അവളുടെ തലമുടിച്ചുരുളുകളെ പിന്നിലേക്ക് ഒതുക്കിക്കൊണ്ടവർ തുടർന്നു, 'അയോദ്ധ്യരാജൻ്റെ അശ്വമേധയജ്ഞത്തെ കുറിച്ച് പൊന്നു മകൾ അറിഞ്ഞിരിക്കുമെല്ലോ? പുത്രകാമേഷ്ടി യാഗം കൂടി നടത്തിയാൽ മാത്രമേ സന്താനലബ്ധി സംഭവ്യമാവുകയുള്ളുവെന്ന് കുലഗുരു. അതിന് ഋഷ്യശൃംഗനേക്കാൾ ശ്രഷ്‌ഠൻ ഇനി ജനിക്കേണ്ടിയിരിക്കുന്നു. ഋഷിവര്യൻ ജാമാതാവാക്കുമ്പോൾ രാജ്യാഭ്യർത്ഥന നിരസിക്കുവാനുള്ള സാദ്ധ്യത......", അവർ മനഃപൂര്‍വ്വം വാക്യം അപൂര്‍ണ്ണമായി ഉപേക്ഷിച്ചുവെങ്കിലും അവരുടെ കണ്ണുകളിൽ പ്രത്യാശയുടെ മിന്നലാട്ടങ്ങൾ അവൾ വ്യക്തമായി കണ്ടു. അവയിൽ ആസന്നമായേക്കാവുന്ന അനന്തരഫലങ്ങളുടെ ഭീതിയും കലർന്നിട്ടുണ്ടോ?

'മഴ ശമിക്കുന്ന ലക്ഷണങ്ങൾ ഒന്നും തന്നെ കാണുന്നില്ല. അംഗരാജ്യത്തിന് മുനിശാപവും കൂടി ഏൽക്കുവാൻ താൻ ഹേതുവായിക്കൂടാ. മതിമറന്ന് ആഹ്ളാദിക്കുന്ന തൻ്റെ പ്രജകളെ ഇനിയും കാണാകയത്തിലേക്ക് തള്ളിയിടുവാൻ തനിക്കാവുമോ? കോസല സൈന്യത്തിൻ്റെ അംഗബലത്തിന് മുന്നിൽ അംഗരാജ്യതിന് എത്രനാൾ പിടിച്ചു നിൽക്കാനാകും? സൂര്യവംശത്തിൻ്റെ ഗോത്രം അന്യം നിന്ന് പോകുന്നത് തടയാൻ തൻ്റെ തീരുമാനത്തിന് കഴിഞ്ഞാലോ?' രണ്ട് രാജ്യങ്ങളുടെയും ഭാവി ഇപ്പോൾ അവളുടെ ഒരു വാക്കിൽ വിധേയമായിരിക്കുന്നു എന്നവൾ മിശ്രിതമായ വികാരവിക്ഷോഭങ്ങൾക്കിടയിൽ തിരിച്ചറിഞ്ഞു.

ആദ്യമായി അവളുടെ സ്വന്തം വചസ്സുകൾ അവളുടെ തന്നെ വിധിഗതി നിര്‍ണ്ണയിക്കുവാൻ പോകുന്നു. 'കൌസല്യാമ്മ സാമാധാനമായി പോയി വരൂ. ഇന്നേക്ക് ഇരുപത്തിനാലാം നാൾ സരയൂ നദി തീരത്ത് യാഗകുണ്ഡം സജ്ജമാകുമ്പോൾ പൗരോഹിത്യം വഹിക്കുവാൻ അംഗരാജ്യത്തിൻ്റെ ഇളയതമ്പുരാൻ, ഋഷിശ്രഷ്‌ഠൻ ഋഷ്യശൃംഗൻ ആഗതനായിരിക്കും. ഇത് അംഗരാജപുത്രിയുടെ വാക്ക്. ഈയുള്ളവൾക്ക് അനുമതിയേകിയാലും, മംഗല്യധാരണത്തിന് സമയമായിരിക്കുന്നു.'

തോരാത്ത മഴയുടെ സമാനമായ നിശ്ചയദാര്‍ഢ്യത്തോടുകൂടി അവൾ നടന്നകന്നു, താൻ സ്വയം തിരഞ്ഞെടുത്ത ലക്ഷ്യത്തിലേക്ക്. ആ പദനിസ്വനങ്ങൾ കതിർമണ്ഡപത്തിൽ അവസാനിക്കുമ്പോൾ ഒരു പക്ഷേ അവിടെ തുടങ്ങിയിരിക്കാം രാമായണത്തിൻ്റെ ശംഖനാദങ്ങൾ. അങ്ങനെ അവൾ ചെയ്‌തില്ലായിരുന്നുവെങ്കിൽ, ഒരു രാജകുമാരിയുടെ സ്വപ്നങ്ങളുടെ ഭാരവും പേറി, ആദി കവിയുടെ ജ്ഞാനോദയത്തിൽ വിരിയുമായിരുന്നില്ല, ഒരു ഇതിഹാസകാവ്യവും!!

അടിക്കുറിപ്പ്‌ : രാജകുമാരി ശാന്തയെകുറിച്ചുള്ള വിവരണങ്ങൾ പുരാണങ്ങളിൽ അധികമൊന്നും കാണുവാൻ സാധിക്കില്ല. ഈ കഥയിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾക്ക് പലരും, പല കാലത്തും, പല രീതിയിലും വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്. പുരാണങ്ങളും പുരാവൃത്തങ്ങളും എന്നും എക്കാലവും എഴുത്തുകാര്‍ക്ക് ആവിഷ്‌കാരസ്വാതന്ത്യ്രത്തിൻ്റെ മേച്ചിൽപുറങ്ങളാണ്. ഈ കഥയിൽ മേൽപറഞ്ഞ സ്വാതന്ത്യ്രം, ഞാൻ എൻ്റെ എളിയ രീതിയിൽ ഉപയോഗിക്കാനുള്ള 'ധാര്‍ഷ്ട്യം' കാണിച്ചിരിക്കുന്നു. തെറ്റുകൾ ഉണ്ടെങ്കിൽ അത് മനഃപൂര്‍വ്വമല്ലാത്തതും എൻ്റെത് മാത്രവുമാകുന്നു.

ജയാ രാജൻ

9 comments:

  1. ഈ കഥാപാത്രത്തെക്കുറിച്ച്‌ എവിടെയും വായിച്ചിരുന്നില്ല. പുരാണങ്ങൾ എത്ര ആഴത്തിലും വിശാലവുമാണു . ജയാജിയുടെ രചനാപാടവത്തിനു മറ്റൊരുദാഹരണം.

    ReplyDelete
  2. കഥകൾക്കുള്ളിലെ കഥകൾ കാണാനുള്ള ധാർഷ്ട്യം മനോഹരമായി. രാമായണത്തിന് നിമിത്തമായ കഥാപാത്രത്തെ അറിഞ്ഞതിൽ വളരെ സന്തോഷം. ഇനിയും എത്രയോ കഥാപാത്രങ്ങളാണ് ക്യാൻവാസിന്റെ കോർണറിൽ ഒതുങ്ങി പോയിട്ടുള്ളത്. അവരുടെ ശാപമോക്ഷം ആരുടെ വിരലിലാണ്. ശുഭപ്രതീക്ഷ! സ്നേഹാശംസകർ

    ReplyDelete
  3. രാമന്റെ വനവാസകാലത്തെ, ലക്ഷ്‌മണപത്നി ഊർമ്മിളയുടെ കാഴ്ചപ്പാടിലൂടെ കാണുന്ന ഒരു പുസ്തകം വായിച്ചിട്ടുണ്ട് ഒരിക്കൽ. ഇത് വായിച്ചപ്പോൾ പെട്ടെന്ന് അതാണ് ഓർമവന്നത്.

    ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മേച്ചിൽപ്പുറങ്ങൾ കടന്നു ഉരുത്തിരിഞ്ഞുവന്ന ഒരു മനോഹര സൃഷ്ടി.. ആശംസകൾ ജയച്ചേച്ചീ...

    ReplyDelete
  4. ആദ്യമായാണ് ഞാൻ നിങ്ങളുടെ ഒരു കഥ വായിക്കുന്നത്, ഇത് വെറും കഥയല്ല, മറിച്ചു കവിത്വം തുളുമ്പുന്ന കഥയാണ്. ലോമപാദമഹാരാജാവിന്റെ മകളെ പറ്റി കേട്ടിട്ടുണ്ട് പക്ഷെ വളരെ കുറച്ച് ..ഋഷ്യശ്രുംഗനാണ് വിവാഹം കഴിച്ചതെന്നും അറിയാമായിരുന്നു അതിനപ്പുറത്തേക്ക് ഈ കഥാപാത്രത്തിന് ഒരു സാധ്യയുള്ളതായി അറിഞ്ഞിരുന്നില്ല. ഏതയായാലും നന്നായി എഴുതിയിട്ടുണ്ട്, രാജകുമാരിയുടെ ആകുലത വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം..എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ . നന്ദി ഈ വായനയ്ക്കും അഭിപ്രായത്തിനും.:)

      Delete
  5. Titanium Tooth Dogs: How To Build and Use Your Perfect
    The titanium dental implants and periodontics best tips for 2020 ford edge titanium for sale building and use your teeth! In this article, titanium mountain bikes I'll show you how to build your teeth. The titanium band rings best tips nipple piercing jewelry titanium for building teeth! In this article, I'll show you how to build

    ReplyDelete