Total Pageviews

Friday, October 28, 2016

കഥ : പുതിയ ശരികൾ



ഇന്ന് റാമിൻ്റെ വിവാഹമാണ്, അനുവുമായി. ഞാൻ അണിഞ്ഞിരുന്ന താലി മറ്റൊരാളുടേതാകുന്ന ദിവസം.

ഞാൻ പങ്കെടുക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും റാമിൻ്റെ അമ്മ വന്നിരുന്നു എന്നെ വിവാഹത്തിന് ക്ഷണിക്കാൻ. പാവം സ്ത്രീ....ഒരുപാട് കരഞ്ഞു. വന്നില്ലെങ്കിലും മനസ്സവിടെയായിരിക്കുമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. റാമിന് എല്ലാ ഭാവുകങ്ങളും മനസ്സറിഞ്ഞു നേർന്നു.

ഇളകിയാടുന്ന ഗുൽമോഹർ മരങ്ങളെ നോക്കിനിന്നപ്പോൾ മനസ്സ് എട്ട് വർഷങ്ങൾക്കപ്പുറത്തേക്ക് ഓടിയകന്നു.....ചിതറി വീണ ശോണപുഷ്പങ്ങളും പേറി.

കൂടിക്കാഴ്ചയും , സൗഹൃദവും, പ്രണയവും , വിവാഹവും, ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി മൂന്ന് വർഷങ്ങൾ. യാത്രകൾ ഞങ്ങൾ രണ്ടുപേർക്കും ഹരമായിരുന്നു. വഴിയോരകാഴ്ചകളേക്കാൾ എനിക്കിഷ്ടം അവൻ്റെ ചുമലിൽ തലചായ്ച്ചുറങ്ങാനായിരുന്നു. പദ്ധതീകരിക്കാത്ത യാത്രകളായിരുന്നു മിക്കവയും. അന്നൊക്കെ യാദൃച്ഛികതയോട് വല്ലാതൊരു ഭ്രമമുണ്ടായിരുന്നു. ക്ഷണിക്കപ്പെടാത്ത ആ അതിഥി ഞങ്ങളുടെയിടയിലേക്ക് കടന്ന് വരും വരെ.

അകാരണമായ ഒരു ക്ഷീണം ഇടക്കിടെ തോന്നിയിരുന്നു. എന്നാൽ തുടർച്ചയായുള്ള യാത്രകളും, ജോലിയുടെ സമ്മർദ്ദങ്ങളുമാകും കാരണമെന്ന് കരുതി അതൊക്കെ അവഗണിച്ചു. എന്നാൽ അന്ന്......മണാലിയിൽ വെച്ച്, കോച്ചിപ്പിടിക്കുന്ന തണുപ്പത്ത് , ഒരു ചായയിടാനുള്ള ശ്രമത്തിനിടയിൽ , തിളച്ചു മറിഞ്ഞ പാൽ എൻ്റെ വലംകൈയിൽ വീണ് പൊള്ളിയിട്ടും ഒരു കൊതുക്‌ കുത്തുന്ന വേദനപോലും എനിക്ക് അനുഭവപെട്ടില്ലെന്ന വസ്തുത എന്നെ അസ്വസ്ഥയാക്കി. സിരകളെ മരവിപ്പിക്കുന്ന തണുപ്പാകാം കാരണമെന്ന് റാം ആശ്വസിപ്പിച്ചപ്പോളും മനസ്സിൽ ഒരു കനൽ അങ്ങനെ അണയാതെ കിടന്നു. തിരിച്ചു നാട്ടിലെത്തിയ അവസരത്തിൽ കൈയിൽ ചെറിയ പുകച്ചിൽ തോന്നിയപ്പോൾ ആ വിഷയം മറവിയുടെ കോണിലേക്കു മനപൂർവം തള്ളിനീക്കി സ്വയം വഞ്ചിച്ചു.

പിന്നെ പലപ്പോഴായി ആകുലപ്പെടുത്തുന്ന പലതരം സൂചനകൾ......ചിലപ്പോൾ മുഖത്തിൻ്റെ ഇടതു വശത്തൊരു മരവിപ്പ്, ചിലപ്പോൾ കാലുകൾക്കൊരു ബലക്ഷയം, മറ്റുചിലപ്പോൾ വലത്തെ കണ്ണിൻ്റെ കാഴ്ചയ്ക്കൊരു മങ്ങൽ. ഒടുവിലൊരു ദിവസം, ബാത്ത്റൂമിൽ എത്തുംമുമ്പേ മനസ്സിനെ നിഷേധിച്ച് ശരീരം പടർത്തിയ നനവിൽ , അതുവരെ ഞാൻ കണ്ടില്ലെന്ന് നടിക്കാൻ ശ്രമിച്ച അപായ സൂചനകളൊക്കെ എൻ്റെ വെറും തോന്നലുകളല്ലെന്ന് , എനിക്ക് മനസ്സിലായി.

എം.ർ.ഐ സ്കാനിൽ അങ്ങിങ്ങായി വ്യാപിച്ചു കിടക്കുന്ന വെളുത്ത പാടുകളുടെ പൊരുൾ മനസ്സിലാകാതെ 
ഞാൻ ഡോക്ടറോടു ചോദിച്ചു , "വാട്ട് ടു ദേ മീൻ......?"

"ഡിജെനറേറ്റിവ് മൾട്ടിപ്പിൾ സ്ക്ലിറോസിസ്. നിർഭാഗ്യവശാൽ , ദേർ ഈസ് നോ ക്യൂർ. ബട്ട് ഇറ്റ് ക്യാൻ ബി വേരി വെൽ മാനേജ്ഡ് . നിങ്ങളുടേത് അത്ര അഗ്രസീവ് ടൈപ്പല്ലെന്ന് വേണം കരുതാൻ".

റാം ചേർത്തു നിർത്തി ആശ്വസിപ്പിച്ചു , "ഞാൻ ഇല്ലേ നിഥി നിൻ്റെ കൂടെ.......വി വിൽ ക്രോസ്സ് ദിസ് ടുഗെതർ".
അവൻ്റെ മുഖത്തെ നിശ്ചയദാര്‍ഢ്യം എന്നിലും ആത്മവിശ്വാസത്തിൻ്റെ നേർത്ത ഓളങ്ങൾ സൃഷ്ടിച്ചു.

എം.സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആ വ്യാധിയെ കുറിച്ച് കിട്ടാവുന്ന വിവരങ്ങൾ ഒക്കെ ഞങ്ങൾ ശേഖരിച്ചു, വായിച്ചു മനസിലാക്കാൻ ശ്രമിച്ചു. കൂടുതൽ അറിയും തോറും ആദ്യം തോന്നിയ ശുഭപ്രതീക്ഷകളൊക്കെ കെട്ടു തുടങ്ങി. മരുന്നുകളും ആശുപത്രി സന്ദര്‍ശനങ്ങളുമായി കടന്നു പോയ ഒരു വർഷത്തിനൊടുവിൽ എനിക്ക് വീൽചെയറിൽ അഭയം പ്രാപിക്കേണ്ടി വന്നു. മിക്കപ്പോഴും കൺപോളകൾ പോലും തുറക്കാനുള്ള ശക്തി ശരീരത്തിന് അന്യമായിരുന്നു. മെല്ലെ മെല്ലെ മനസ്സിലേക്കും നിരാശയുടെ വിഷസർപ്പങ്ങൾ ഇഴഞ്ഞുകയറി.

പതുക്കെ പതുക്കെ എല്ലാവർക്കും "ഞാൻ" അദൃശ്യയാവാൻ തുടങ്ങി. അവർ ഞാൻ ഇരിക്കുന്ന വീൽചെയർ കണ്ടു.....എന്നെ താങ്ങാൻ ശേഷിയില്ലാത്ത എൻ്റെ കാലുകൾ കണ്ടു......എൻ്റെ ക്ഷീണിച്ച ശരീരം കണ്ടു. പക്ഷെ ആരും എന്നിലേ എന്നെ കണ്ടില്ല........അറിയാൻ ശ്രമിച്ചില്ല. സഹതാപം , ദയ , സഹാനുഭൂതി എന്നീ ഭാവങ്ങളേ ഞാൻ ഭയക്കാൻ തുടങ്ങി. പരാധീനതയുടെ ചങ്ങലകൾ എന്നെ ശ്വാസംമുട്ടിച്ചു. ഉള്ളിലെ അഗ്നിപര്‍വ്വതം തിളച്ചുമറിയുമ്പോഴും, എൻ്റെ സ്വകാര്യതയുടെ വ്യാസത്തിനുള്ളിൽ നിന്നും ഞാൻ എല്ലാവരേയും അകറ്റി നിർത്തി ..... റാമിനെ പോലും. മറ്റുള്ളവരുടെ മുഖത്ത് പ്രതിഫലിക്കുന്ന ഹതാശയിൽ ഞാൻ എൻ്റെയുളളിലെ വ്യാളിയെ കണ്ട് ഭയന്നു.

ഡിവോഴ്സും , പുനരധിവാസ കേന്ദ്രത്തിലേക്കുള്ള മാറി താമസവുമൊക്കെ എൻ്റെ മാത്രം തീരുമാനങ്ങളായിരുന്നു. എനിക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ എന്നും അതിന് ഞാൻ തന്നെ ഒറ്റയ്ക്ക് പോരാടിയേ മതിയാകൂമെന്നുമുള്ള തിരിച്ചറിവിൽനിന്നും ഉടലെടുത്ത നിര്‍ണ്ണയം. പ്രാപ്തിയുള്ള മനുഷ്യരുടെ ഇടയിൽ നിന്നും അപ്രാപ്തിയുള്ളവരുടെയിടയിലേക്കൊരു പറിച്ചു നടൽ. ഇവിടെ ആർക്കും ആരോടും സഹതാപമില്ല, അതിന് നേരവുമില്ല.

ഓരോ ദിവസവും ഒരു പുതിയ വെല്ലുവിളിയാണ് .... അതിജീവനത്തിനായുള്ള കഠിനയത്‌നം. ആസന്നമാവുന്ന നാശത്തിന് കടിഞ്ഞാണിടാനൊരു ശ്രമം. രോഗതീവ്രതയുടെ ആരോഹണാവരോഹണങ്ങളിൽ കൂടി ഒരു സഞ്ചാരം. ഒരു നാഴികക്കല്ലിൽ നിന്നും മറ്റൊന്നിലേക്കുള്ള ഇഴഞ്ഞുനീക്കം ......... ചിലപ്പോൾ തിരിച്ച് ആരംഭ ബിന്ദുവിലേക്കുള്ള പതനം....വീണ്ടും തുടരുന്ന സംഭവചക്രം. അങ്ങനെ നാല് ഭ്രമണങ്ങൾ കടന്നുപോയിരിക്കുന്നു .

എന്നാൽ ഇപ്പോൾ വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. തികച്ചും സ്വാർത്ഥമായൊന്ന്. എവറസ്റ്റ് കൊടുമുടിയുടെ ശൃംഗം. ലോറി സ്നൈഡരുടെ [Lori Schneider] ഏഴു പര്‍വ്വതശൃംഗങ്ങളുടെ കീഴടക്കലുകളുടെ അറിവേകിയ പ്രചോദനം. എൻ്റെ സ്വപ്നങ്ങളുടെ ഉയരം വെറും 29,029 അടി. കുറച്ചു നാളായി അതിൻ്റെ തയ്യാറെടുപ്പിലാണ്. സഞ്ചാരതൃഷ്‌ണയുടെ അല്‍പാംശങ്ങൾ ഉള്ളിൽ ഇപ്പോഴും എവിടെയോ ഉണ്ട്. അത് ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.

സ്വന്തം പരിമിതികളെ പയറ്റി തോൽപ്പിക്കുമ്പോൾ കിട്ടുന്ന ആത്മനിർവൃതി ഒന്നറിയണം. ശരീരത്തിൻ്റെ ക്ലേശം മനസ്സിൻ്റെ ഊര്‍ജ്ജമാവുന്ന നിമിഷങ്ങളിലൂടെ കടന്നുപോകണം. വെറുതെ..... ഒന്നിനും വേണ്ടിയല്ല. പ്രസിദ്ധനായ അദ്ധ്യാത്മജ്ഞാനി പീറ്റർ വെസ്സൽ സാപ്ഫ്എ [Peter Wessel Zapffe] ഈ വികാരത്തെ വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട്, "പര്‍വ്വതാരോഹണം തികച്ചും അർത്ഥശൂന്യമാണ്, മനുഷ്യജീവിതം പോലെ. അതുകൊണ്ടുതന്നെ അതിൻ്റെ മാസ്മരികത ഒരിക്കലും മരിക്കുന്നില്ല".

കാലൊച്ച കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ വാതലിനരികിൽ റാം.....ഒപ്പം അനുവും. വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചില്ല. കുറച്ചു നേരം സംസാരിച്ചിട്ട് എന്നെയും റാമിനെയും തനിച്ചാക്കി അനു മുറിക്ക് പുറത്തേയ്ക്കിറങ്ങി.

"സുഖമാണോ നിഥി നിനക്ക്?"

"അതേ റാം. ഒരു യാത്രക്കുള്ള ഒരുക്കത്തിലാണ്. ചില കീഴടക്കലുകൾക്ക് സമയമായെന്നൊരു തോന്നൽ......"

"ക്ഷണിച്ചുവരുത്തിയ നഷ്ടങ്ങൾക്ക് പകരം വയ്ക്കാൻ, അല്ലേ? നീ എന്നും സ്വാർത്ഥയായിരുന്നു......"

"ആണോ റാം? എന്തോ അറിയില്ല.......ചില സ്വാർത്ഥതകൾ മുഖംമൂടിയണിഞ്ഞ അനുഗ്രഹങ്ങളല്ലേ? സ്നേഹം ഭാരമാവുമ്പോൾ അത് ഇറക്കിവെച്ചേ മതിയാകൂ. പ്രതിബദ്ധതയുടെ വാഗ്‌ദാനങ്ങൾ ഒരിക്കലും കൈവിലങ്ങാവാൻ അനുവദിച്ചു കൂടാ. കുറച്ചു കഴിയുമ്പോൾ റാമിന് മനസ്സിലാവും ഇതായിരുന്നു ശരിയെന്ന്."

"ഇത് നിൻ്റെ മാത്രം ശരിയല്ലേ നിഥി....നമ്മുടെ ശരിയെ കുറിച്ചോർത്തോ നീ......?"

"നമ്മുടെ ശരികളൊക്കെ മരിച്ചില്ലേ റാം. ഞാൻ ഇപ്പോൾ ചില പുതിയ ശരികൾ തിരയുകയാണ്. നീയും പുതിയ ശരികൾ കണ്ടെത്തണം. ഈ നിമിഷം മുതൽ നമ്മുടെ പാതകൾ സമാന്തരങ്ങൾ ആകുന്നു. വിഷ് യു എ വേരി ഹാപ്പി മാരീഡ് ലൈഫ് റാം. അനു, വളരെ നല്ല കുട്ടിയാണ്."

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ റാം ഇറങ്ങി പോയപ്പോൾ അവനോടൊപ്പം ഞാൻ എൻ്റെ ചില ഓർമ്മകൾക്കും നിശ്ശബ്ദമായി ബലിയിട്ട് വിടയേകി.

വീണ്ടും കണ്ണുകൾ പുറംകാഴ്ചകളിലേക്ക്. ചുവട്ടിൽ വീണ് മൃതിയടഞ്ഞവയേക്കാൾ ഒട്ടനേകം പൂക്കളുണ്ടായിരുന്നു ഗുൽമോഹറിൻ്റെ ചില്ലകളിൽ..........ചുവപ്പിൻ്റെ നിറഭേദങ്ങളുടെ മനോഹാരിതയിൽ മുങ്ങിക്കുളിച്ച്‌ അവ അങ്ങനെ ഇളംകാറ്റിനോട് കഥകൾ ചൊല്ലി........

No comments:

Post a Comment