അന്നൊക്കെ റ്റാബ്ലോയഡ് നിറച്ചും അതിസുന്ദരിയായ ഡയാനയുടെ ചിത്രങ്ങൾ ആയിരുന്നു. അതൊക്കെ വെട്ടിയെടുത്തു ഞാൻ ഒരു സ്ക്രാപ്ബുക്ക് ഉണ്ടാക്കി ഒഴിവുവേളകൾ ആനന്ദകരമാക്കി.
ആയിടക്കാണ് "ഖിലാഡി" ഇറങ്ങിയത്.........."വാദാ രഹാ സന"വും പാടിയവൻ മനസ്സിൽ കയറിപറ്റി. പിന്നെ "മോഹ്‌റ" വന്നു..............."തു ചീസ് ബഡി ഹേ മസ്ത് മസ്തും" ആടിയവൻ ചങ്കിലും സ്ഥാനമുറപ്പിച്ചു.
അക്ഷയ് കുമാറിൻ്റെ ചിത്രങ്ങൾ ഒട്ടിക്കാൻ അതേ സ്ക്രാപ്ബുക്ക് തന്നെ തിരഞ്ഞടുക്കാൻ കാരണങ്ങൾ രണ്ടായിരുന്നു.
രണ്ടു ബുക്കുകൾ കൊണ്ടു നടക്കുന്നത് ഒഴുവാകാം - സദുദ്ദേശ്യം.
അച്ഛനോ അമ്മയോ അപ്രതീക്ഷിതമായി മുറിയിൽ കയറി വന്നാൽ രാജകുമാരിയെ കണ്ടോളും - ദുരുദ്ദേശ്യം.
അങ്ങനെ സ്ക്രാപ്ബുക്കിൻ്റെ മുൻപേജുകളിൽ രാജകുമാരിയും പിൻപേജുകളിൽ രാജകുമാരനും നിറഞ്ഞു.
ഒരു ദിവസം എൻ്റെ കളക്ഷൻ കൂട്ടുകാരികളെ കാണിക്കാൻവേണ്ടി ഞാൻ സ്ക്രാപ്ബുക്കുമായി ക്ലാസ്സിൽ പോയി. പെൺകുട്ടികൾ മാത്രമുള്ള ക്ലാസ്സ്‌റൂം. ആരുടെ ചിത്രങ്ങളായിരിക്കും കൂടുതൽ ജനപ്രിയം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു. ഡോർ തുറക്കുന്ന ശബ്ദം....കൂട്ടം കൂടിനിന്നവർ ആക്രമിക്കപ്പെട്ട തേനീച്ചക്കൂട്ടം പോലെ നാലുപാടും ചിതറിയോടുന്നു....അകെ മൊത്തം കൺഫ്യൂഷൻ.....പുകമറ മാറിയപ്പോൾ എൻ്റെ സ്ക്രാപ്ബുക്ക് ദേ ബയോളജി മിസ്സിൻ്റെ കൈയിൽ. ഹൃദയസ്‌തംഭനം എന്നൊക്കെ പറയുന്നത് ഇതിനായിരിക്കും!!!!
തരക്കേടില്ലാത്ത മാർക്സ് വാങ്ങിക്കുന്ന കൂട്ടത്തിലായതു കൊണ്ട് മിസ്സിന് എന്നെ വലിയ കാര്യമാന്ന്. മാത്രമല്ല എൻ്റെ അമ്മ ഇതേ സ്കൂളിൽ തന്നെ ടീച്ചറാന്ന്. എൻ്റെ നിലയും വിലയും പിസാ ഗോപുരം പോലെ ചരിയുന്നത് എനിക്ക് കാണാം. അത് ഏതു നിമിഷവും നിലംപതിക്കാം. അക്ഷയ് കുമാറിൻ്റെ സിക്സ് പായ്ക്ക് എങ്ങാനും മിസ്സ് കണ്ടാൽ...അതോടെ തീരും..എല്ലാം.
ഹെഡ്മിസ്റ്റ്റസിൻ്റെയും പ്രിൻസിപലിൻ്റെയും മുഖങ്ങൾ ഫിഷ് - ഐ ലെൻസിൽ കാണുന്നതുപോലെ കൺമുമ്പിൽ സൂം ചെയ്തു. മനസ്സിനുള്ളിൽ അമിട്ടുകൾ തലങ്ങും വിലങ്ങും പൊട്ടി.
മിസ്സ് ബുക്കിൻ്റെ പേജുകൾ ഓരോന്നായി മറിക്കുകയാണ്. മുപ്പതുപേർ ശ്വാസം വിടാൻ മറന്നിരിക്കുന്നു.
"ഇത് ആരുടെയാണ്?" മിസ്സിൻ്റെ മുഖം ഭാവശൂന്യമാണ്.
പ്രത്യേകിച്ച് വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ എഴുന്നേറ്റു നിന്നു.
"ദിസ് ഈസ് യൂർർർർസ്? ഐ ആം സർർർർപ്രൈസ്‌ഡ് ജയാ..... ബട്ട് ഇറ്സ് ഫൈൻ......ഐ റ്റൂ ലൈക് ഹെർ എ ലോട്ട്.......നൈസ്......", മിസ്സ് പുഞ്ചിരിച്ചു കൊണ്ട് ബുക്ക് എനിക്ക് തിരികേ നൽകി.
ദൈവമുണ്ട്....ദൈവമുണ്ട്........
പലരിൽനിന്നുമായി ഒരുമിച്ച് പുറത്തേയ്ക്കു വന്ന കാർബൻഡൈയോക്സൈഡ് അന്തരീക്ഷത്തിലെ ഓക്‌സിജൻ്റെ അളവ് കുറച്ചത് കൊണ്ടാണോയെന്നറിയില്ല, അന്ന് മുഴുവൻ നേരിയ തലവേദന അനുഭവപെട്ടു.
രാജകുമാരിയും രാജകുമാരനും ഇന്നും ചങ്കിൽ തന്നെയുണ്ട്. ഒരാൾ നോവായും 😔, മറ്റെയാൾ കുളിരായും 😘
ആ സ്ക്രാപ്ബുക്ക് മാത്രം കാലത്തിൻ്റെ കുത്തൊഴുക്കിലെവിടെയോ നഷ്‌ടപ്പെട്ടു.......
Dear mdm
ReplyDeleteChura kae Dil meraaaa....
Ghoriya challi.....
അപ്പോ ഗൾഫിലെ കുഞ്ഞുങ്ങളും ഇവിടെത്തെ കുട്ടികളെ പോലെ തന്നെയല്ലേ . Chocolate മുഖമുള്ള aammir Khan, salman khan , sobhana ചിത്രങ്ങൾ നിറഞ്ഞ Diary ക്ക് ഞങ്ങൾ 2 സഹോ അവകാശികളായിരുന്നു. ആശംസകളോടെ