Total Pageviews

Tuesday, September 13, 2016

കവിത : നിശാഗന്ധി പ്രണയിക്കുന്നത് ചന്ദ്രനെയല്ല, സൂര്യനെയാണെങ്കിലോ?


അരുണോദയത്തിന്നു നേരമായി പ്രിയതോഴാ,
ഇനിയൊരു യാത്രയില്ലെന്നറിയുക നീ.

എൻ ഇഷ്ട്ടനെ കാണുമ്പോൾ കാട്ടീടുമോ
അവനായി വിരിഞ്ഞുകൊഴിഞ്ഞ  ഈയൊരു ശ്വേതഹ്രസ്വജന്മത്തെ?

ചേറിൽ മുങ്ങിത്താഴുമെൻ ഇതളുകളെങ്കിലും
താപകിരണങ്ങളാൽ പാടാലീവൃക്ഷം പുൽകീടട്ടേ.

പാതിരാസൂര്യനായി അവൻ ഉദിക്കുംപ്രതീക്ഷയിൽ,
ആശാഭംഗത്തിൻ ആഴിയിൽ മറഞ്ഞൊരിവളെ,
കുറിച്ചവനോട് ഓതുമെന്നു ശപഥം ചെയ്തീടുക.

മൂകസാക്ഷിയാം ഹേ ശീതകിരണാ
നിന്നെയും ഏറെ ഇഷ്ട്ടമാണെനിക്കെന്നറിയുക,
എൻ മാനസവീരന്റെ രശ്മികൾ നിരന്തരം
തമസ്സിൽ  കടമെടുക്കുന്നവൻ  നീ.

സ്പർധയുണ്ടെങ്കിലും ഏറെ, സൂര്യകാന്തിയോടെനിക്ക്
ഇനിയൊരു ജന്മം അവളായി ജനിക്കുമാറാകേണം.


ആദിത്യകിരണങ്ങൾ ഒഴുകും ദിശയിൽ

പ്രിയനുമായി ഒരായിരം കാതം ജ്വലിക്കുമാറാകേണം.

1 comment:

  1. നല്ലത്, നീ നല്ല കുട്ടിയാ ട്ടാ. "സൂര്യോദയത്തിന്റെ തേരൊലി കാതോർക്കും തിക്തമാം ചേറിലെ താമരമൊട്ടൊന്ന് ' നിലാവിന്റെ ചില്ലയിൽ നിലാപക്ഷി പാടുന്ന നിശീധിനി തേടും നിശാഗന്ധി പൂവൊന്ന് ' രണ്ടുമെന്നുള്ളത്തിൽ .. അന്യമല്ലൊന്നുമേ!

    ReplyDelete