Total Pageviews

Tuesday, September 13, 2016

കഥ : പ്രഹേളിക


അന്നൊരു തിങ്കളാഴ്ചയായിരുന്നു. ജയിലിനുള്ളിൽ എന്ത് തിങ്കൾ , എന്ത് വെള്ളി. ഒരു ദിവസം, അത്രതന്നെ.

എന്നാൽ തിങ്കളാഴ്ചകളിലാണ് കത്തുകൾ വരുന്നത്. പുറത്തുള്ളവർ അകത്തുള്ളവർക്കു അയക്കുന്ന സന്ദേശങ്ങൾ.  അപ്പുറത്തുനിന്ന് ഇപ്പുറത്തേക്കുള്ള നൂൽപാലം.

പരിഭവങ്ങൾ, പരാതികൾ, സങ്കടങ്ങൾ കൂടാതെ സ്നേഹം, പ്രേമം, വെറുപ്പ് , ദേഷ്യം എന്നിങ്ങനെയുള്ള വികാരതീവ്രതകളുടെ  മാറാപ്പാണ്  ഓരോ കത്തും.  അത് പൊട്ടിച്ചു വായിക്കുന്നവരുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുംവരെ മൂർച്ചയേറിയ അക്ഷരശരങ്ങൾ അതിനുള്ളിൽ വെളിച്ചപ്പാട് തുള്ളും. മടുപ്പിന്റെ മണമാണ്  അവക്കൊക്കെ.

കത്തുകളുടെ വിതരണജോലി എന്റേതാണ്. ഇഷ്ട്ടത്തോട് കൂടി ചെയ്യുന്ന ചുരുക്കം ചിലകാര്യങ്ങളിൽ ഒന്ന്. കത്തുകൾ കൈപ്പറ്റുമ്പോൾ ഓരോരുത്തരുടെയും മുഖങ്ങളിൽ മിന്നിമറയുന്ന ഭാവവൈവിധ്യങ്ങൾ എന്നിൽ തെല്ലൊന്നുമല്ല കൗതുകം ജനിപ്പിക്കുന്നത്. കൈപ്പറ്റുമ്പോളും വായിച്ചുകഴിയുമ്പോളുമുള്ള വികാരവേലിയേറ്റങ്ങൾ വിശകലനം ചെയ്യുക എന്റെ പ്രിയ വിനോദമായിരുന്നു.

രാധേച്ചി കത്തുകൾ തുറക്കാറേയില്ല, എല്ലാം ഭദ്രമായി തലയണയുറക്കുള്ളിൽ സൂക്ഷിച്ചുവെക്കും. രാത്രി മുഴുവൻ അവയുടെ അടക്കം പറച്ചിൽ കേൾക്കാമത്രേ.

വത്സല,  വരുന്നതൊക്കെ  വായിക്കാതെ കീറിക്കളയും. മറിയം, വായിച്ചുകഴിഞ്ഞു കീറിക്കളയും , എന്നിട്ട് അവ പിന്നെയും കൂട്ടിച്ചേർക്കാൻ പരിശ്രമിക്കും. അവളുടെ ഉടഞ്ഞു പോയ മനസും അവളിതുപോലെ കൂട്ടിയിണക്കാൻ ശ്രമിക്കാറുണ്ടാവുമോ?

കത്തുകൾക്ക് മുത്തം കൊടുക്കുന്ന പാറു. അവയെ കെട്ടിപിടിച്ചു കരയുന്ന സീനത്ത് . അങ്ങനെ പലതരം വികാരപ്രകടനങ്ങൾ. ആ കൂട്ടത്തിൽ ആരും കത്തെഴുതാൻ ഇല്ലാത്ത ഈ ഞാനും.

രാധേച്ചിയുടെ കത്ത് കൊടുക്കാൻ ചെന്നപ്പോളാണ് അവളെ കണ്ടത്.  അയഞ്ഞു തൂങ്ങിയ ഡ്രെസ്സിനുള്ളിൽ മെലിഞ്ഞുണങ്ങിയ ദേഹം. കാലുകൾ ചേർത്തുപിടിച്ചു മുട്ടിന്മേൽ തലയും വെച്ച് കുനിഞ്ഞിരിക്കുന്നു.

"ആഹാ , രാധേച്ചിക്ക് കൂട്ടായല്ലോ. രാത്രിയില് മിണ്ടാനും പറയാനും ആരുമില്ലെന്ന പരാതിത്തീർന്നില്ലേ. ഏതാ ടിക്കറ്റ് - കൊല , ചതി, മോഷണം?"

"ആർക്കറിയാം , വന്നതുമുതൽ ഈ ഇരിപ്പാ. " പിന്നെ സ്വരമൊന്ന് താഴ്ത്തി , "വയറ്റിലുണ്ട്, അതുകൊണ്ടു ഭാരിച്ച പണിയൊന്നും കൊടുകേണ്ടായെന്നാ തങ്കമ്മസാറ്  പറഞ്ഞത്."

മുഖമുയർത്തി അവളെന്നെ നോക്കി. വിവരണാതീതമായൊരു വികാരം ആ കുഴിഞ്ഞു തളര്ന്ന കണ്ണുകളിൽ ഞാൻ കണ്ടു.  ആഗ്നേയഗിരിയുടെ ഗർഭത്തിൽ  നിന്നും നുരഞ്ഞുപൊങ്ങാൻ  വെമ്പുന്ന  ദ്രവശില പോലെ തീകഷ്ണം? രക്തം വാർന്നൊഴുകുന്ന ഹിമപിണ്ഡം പോലെ ശൈത്യം? ശിലാമയമായ നിര്വ്വികാരത? ആ നോട്ടമെന്നെ  വല്ലാണ്ട് പിടിച്ചുലച്ചു.  എന്തായിരിക്കും അവളുടെ ഉള്ളിലെ അലകടൽ ? ഞാൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. ആ കണ്ണുകൾ എന്നെ പിന്തുടരുന്നത് ഞാൻ അറിഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ കഥയുടെ ഭാഗങ്ങൾ ആരോക്കെയോ പറഞ്ഞു കുറേശ്ശയായി പുറത്തുവന്നു. പേര് സെലീന . വയസ് 27 . സ്ഥലം മേപ്പാടിക്കടുത്തെവിടെയോ. ഭർത്താവിന്റെ മരിച്ചുപോയ ആദ്യ ഭാര്യയിലുള്ള, പന്ത്രണ്ടു വയസുള്ള മകളെ , കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിന്നായിരുന്നു  ശിക്ഷ. വക്കീലിനോടോ കോടതിയിലോ യാതൊരുതരത്തിലുള്ള വിശദീകരണമോ ന്യായീകരണമോ അവൾ പറഞ്ഞതായി ആർക്കും അറിവില്ല. ഇറ്റ് വാസ് ആൻ ഓപ്പൺ ആൻഡ് ഷട്ട് കേസ്.

നാൾ ചെല്ലുംതോറും അവളുടെ വയർ വീർത്തുവരികയും ശരീരം ശോഷിക്കുകയും ചെയ്തു. ആരോടും ഒന്നുംമിണ്ടാതെ,  ഉള്ളിലെ കൊടുങ്കാറ്റിനോട് ഒറ്റയ്ക്ക് പട വെട്ടുന്നത് പോലെ. മിക്കപ്പോഴും മുഖം കുനിച്ചു നഖങ്ങൾ നോക്കിയിരുന്നു.

മാസം തികഞ്ഞപ്പോൾ പിള്ളയും മറുപിള്ളയും പുറന്തള്ളപ്പെട്ടു. മൂന്നാം നാൾ ആശുപത്രിയിൽ നിന്ന് തിരിച്ചു അഴികൾക്കുള്ളിലേക്ക്.  ദ്രവശില പിന്നെയും ഗർഭത്തിൽ തന്നെ. ആ പെൺകുഞ്ഞിനെയൊന്നു എടുക്കാനോ മുലകൊടുക്കണോ അവൾ തയ്യാറായില്ല.

അവൾ കാൽനഖങ്ങളിൽ സമസ്യകളുടെ സമാധാനം തിരഞ്ഞു. കുഞ്ഞു വിശന്ന് നിലവിളിച്ചു.

രാവിലെ രാധേച്ചിയുടെ നിലവിളികേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. പാതി തുറന്ന ചേതനയറ്റ ചുണ്ടുകൾ അപ്പോഴും ഒരിറ്റ് അമ്മിഞ്ഞ കേഴുംപോലെ. കഴുത്തിലെ വിരൽപാടുകൾക്ക് നിഗൂഢതയുടെ ചുവപ്പ്.  നഖം നോക്കിയിരിക്കുന്ന സെലീന.

അന്നും തിങ്കളാഴ്ചയായിരുന്നു.

No comments:

Post a Comment