Total Pageviews

Tuesday, September 13, 2016

കഥ : ഒരു പ്ലിങ്ങാവലംബം


ഒരു ദിവസം മതിലും ചാരി നിന്നപ്പോൾ വെറുതെ ഒരു തോന്നൽ ........ഒന്ന് ആത്മഹത്യാ ചെയ്താലോയെന്ന് ? വേറെയൊന്നും പ്രത്യേകിച്ച് ചെയ്യാനില്ലല്ലോ.

തളർവാതം  പിടിച്ചുകിടക്കുന്ന അച്ഛൻ. ക്ഷയം പിടിപെട്ട  അമ്മ. കെട്ടിക്കാൻ പ്രായമായ മൂന്ന് - അല്ല അഞ്ച് - പെങ്ങമ്മാർ. ഈവക പതിവ് സിനിമാറ്റിക്  പ്രാരാബ്ദങ്ങൾ ഒന്നുമില്ലാത്തകൊണ്ട് നമ്മൾ ഫ്രീയാ.  ടോട്ടലീ ഫ്രീ.

മണ്ണും ചാരിനിന്നാൽ പെണ്ണും കൊണ്ടുപോകാമെന്നു പറഞ്ഞവനെ ചവിട്ടികൂട്ടണം. ബിസിനസ് ക്ലാസ്സിൽ  മൂടും ചാരിയിരുന്നുവെനാ ഇവിടെയിപ്പോ പെണ്ണിനേയും കൊണ്ടുപോയിരിക്കുന്നത്.

പെണ്ണിനും നൂറുവട്ടം സമ്മതം തന്നെ. എങ്ങനെ ഇല്ലാതിരിക്കും - അങ്ങ് അമേമമ.....രിക്കയിൽ പോയി പണ്ടാരമടങ്ങാമെല്ലോ. അവളെ കാണാൻ വേണ്ടി കോളേജ് മതിലും ചാരി നിന്ന് വലിച്ചുകേറ്റിയ സിഗരറ്റ്കുറ്റികൾ ചേർത്തുവെച്ചാൽ അങ്ങ് ചൊവ്വാഗ്രഹം വേറെ പോയി പാട്ടുംപാടി തിരിച്ചുവരാം.

[  സ്ക്രീനിന്റെ ഇടതുവശത്തെ താഴെയറ്റത്തെ മൂലേലേക്ക്  വെറുതേ ഒന്ന് നോക്കികൊള്ളൂ........ചട്ടത്തില് വ്യവസ്ഥചെയ്തിട്ടുളള മുന്നറിയിപ്പ് വായിച്ചതായി സങ്കല്പിക്കുക, തുടർന്ന് വായിക്കുക. ]

അപ്പൊ നമ്മളെന്താ പറഞ്ഞുവന്നത് ? ഹാ....ആത്മഹത്യ.

ചത്തുകിടന്നാലും ചമഞ്ഞുകിടക്കണമെന്ന തത്ത്വജ്ഞാനത്തിൽ വലിയ വിശ്വാസമൊന്നുമില്ലെങ്കിലും  കണ്ടുകഴിഞ്ഞാൽ  "അയ്യേ..."  എന്നാരും പറയരുത് എന്നുണ്ട്. ആ വഴിക്ക് ചിന്തിക്കുമ്പോൾ റെയിൽവേ ട്രാക്ക് , 
കിണർ, ബഹുനില കെട്ടിടം, ഫാൻ എന്നിവയൊന്നും പ്രായോഗികമല്ല.

പിന്നെയുള്ളത് ഉറക്കഗുളികയാണ്. തട്ടിപോകാൻ പാകത്തിനുള്ള അത്രയും ഗുളികകൾ കരസ്ഥമാക്കുന്ന ബുദ്ധിമുട്ട് ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യങ്ങളൊക്കെ നല്ല ക്ലീനായിട്ടു നടക്കും. ഗുളികയും വിഴുങ്ങി , വെള്ളവുമിറക്കി കട്ടിലിൽ കേറികിടന്നാൽ മതി. ശേഷം കാര്യങ്ങൾ ഒക്കെ നാട്ടുകാരും പോലീസുകാരുംകൂടി ഭംഗിയാക്കികൊള്ളും.

കമ്പോണ്ടർ മണിയണ്ണനെ പിടിക്കാം . പുള്ളിയാകുമ്പോൽ സാധനം കൈയെത്തും ദൂരത്തുണ്ടാവും.

"ഡെയ് ...നിനക്കെന്തിനടെ ഉറക്കഗുളിയാല്.....ആരെ  പഞ്ഞിക്കിടാൻ?  "

"തട്ടില് നല്ല എലി ശല്യം അണ്ണാ....രാത്രി ഒരു പോള കണ്ണടക്കാൻ പറ്റുന്നില്ല."

"അതിന് എലിവിഷം പോരെടെയ്....."

"അതൊക്കെ നോക്കി എന്റെയണ്ണാ.....ഇപ്പോഴത്തെ എലികൾക്കൊക്കെ ഒരു കെജ്രിവാൾ  ലൈനാ  - തിന്നൂമില്ല തീറ്റികയുമില്ല ".

"ഓ...യെന്തരായാലും കൊള്ളാം .... ഞാൻ നോക്കാം "

അണ്ണന്റെ തലക്കകത്തു ചുഴലിക്കാറ്റ് വീശിയടിക്കാനുള്ള സ്ഥലം ഹെക്ടറുകണക്കിന്ന് ഒഴിഞ്ഞു കിടക്കുന്നതുകൊണ്ടു കൂടുതൽ വിശദീകരിച്ചു ബുദ്ധിമുട്ടേണ്ടി  വന്നില്ല.

രണ്ട് ദിവസമായിട്ടും  മണിയണ്ണനെ ആ വഴിക്കൊന്നും കാണാത്തതുകൊണ്ട് ഞാൻ പതുകെ ക്ലിനിക് വഴിയൊന്ന് നടന്നു നോക്കി. എന്റെ തലവെട്ടം കണ്ടതും അണ്ണൻ കൈയും കാലുമൊക്കെ വീശിയെന്തോ ആംഗ്യം കാണിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പൊതിയുമായി ഓടിവന്നു.

"ഇന്നാഡേയ് .....കൊണ്ടുപോയി കൊട് ....എലികളൊക്കെ തിന്ന് മരിക്കട്ടെ."

"അണ്ണാ ....ഇത് എത്രയണമുണ്ട് ?"

"എണ്ണങ്ങളൊന്നും നോകീലടെ അപ്പീ .....കയ്യിക്കിട്ടിയതു വാരിയെടുത്തു...നീ സ്റ്റാൻഡ്  വിട്"

തുറന്നു നോക്കിയപ്പോ മസ്തിഷ്കം അടിച്ചുഫ്യൂസാകാനുള്ള വക ഉണ്ട്.

അങ്ങനെ തീയതിയും സമയവുമൊക്കെ തീരുമാനിച്ചുറപ്പിച്ച ആ സുദിനം (സോറി , സുരാത്രം) വന്നെത്തി.

ഒരു കിടിലൻ ആത്മഹത്യ കുറിപ്പും അങ്ങ് കാച്ചി.

"ട്ടു ഹൂംസോഎവെർ ഇറ്റ് മെയ് കോൺസൺ"

തലയ്ക്കു നല്ല വെളിവോടുകൂടി ഈയുള്ളവൻ എഴുതുന്നത്. പരമ്പരാഗതമെന്നു സംശയിക്കാൻ തക്കതായ കാരണങ്ങളുള്ള ഒരു ബുദ്ധിഭ്രമം എന്റെ ഉള്ളിൽ  ആവിര്ഭാവം ചെയ്തെന്നു ദൃഢവിശ്വാസമുള്ളതിനാൽ , ഈ രംഗപീഠം ഉപേക്ഷിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം ഏവരെയും വ്യസനസമേതം അറിയിച്ചികൊള്ളുന്നു. ഈയുള്ളവൻ ഒരു  ആജ്ഞേയവാദിയാകയാലും,  ശവസംസ്കാരം, ശവദാഹം എന്നിങ്ങനെയുള്ള കാഹളഘോഷങ്ങളിൽ തീരെ വിശ്വാസം പുലർത്താത്തതിനാലും,  സർവോപരി,  വൈദ്യപരിശോധനമേഖലയിലെ മൃതദേഹദുര്ഭിക്ഷത പരിഗണയിലെടുത്തും , എന്റെ ഈ മാന്യദേഹം , മരണാന്തരം , ഞാൻ ഭാവിയിലെ വൈദ്യശാസ്ത്രജ്ഞന്മാർക്ക് വ്യവച്ഛേദിക്കുന്നതിനായി  ഇഷ്ടദാനം മുഖേനേ സമർപ്പിച്ചുകൊള്ളുന്നതായി പ്രസ്താവിക്കുന്നു. എന്റെ ജംഗമസ്വത്തുക്കളും സ്ഥാവരവസ്തുക്കലും  ആർക്കെങ്കിലുമൊക്കെ  മനോധർമ്മംപോലെ തീര്പ്പ്കൽപ്പിക്കാനും ഇതിനാൽ താല്പര്യപ്പെട്ടുകൊള്ളുന്നു.


സ്ഥലം
തീയതി
ഒപ്പ്

വായിക്കുന്നവൻ വെള്ളംകുടിച്ചു  പണ്ടാരമടങ്ങാട്ടെ !! 

നിശ്ചയിച്ചുറപ്പിച്ചത് പോലെ ഷേവും ചെയ്തത് , ഒരു കുളിയും പാസാക്കി, മുടിയും ചീകിയൊതുക്കി , പുതിയ ഷർട്ടും പാന്റുമിട്ട് , ഗുളികളും വിഴുങ്ങി , വെള്ളവും കുടിച്ചു ഞാൻ കേറി കിടന്നു . പിന്നെ കണ്ണ് തുറന്നപ്പോൾ മണി രാവിലെ ഏഴര .

അന്നുമുഴുവൻ കക്കൂസിൽ പായ് വിരിക്കേണ്ടി വന്നുവെന്നൊഴിച്ചാൽ പ്രതേകിച്ചൊരു സംഭവവികാസങ്ങളും അന്ന് നടന്നില്ല.

കുറച്ചു ദിവസങ്ങൾക്കു ശേഷം "സാമദ്രോഹി" അണ്ണനെ വഴിയിൽവെച്ചു  കണ്ടു.

"ഡെയ് , നിന്റെ എലികളൊക്കെ ചത്താടെ ?"

വായിൽ വന്ന പൂരപ്പാട്ട് വിഴുങ്ങി ഞാൻ പറഞ്ഞു , "ചത്തണ്ണാ, ചത്ത് . ഐ ആം ദി താങ്ക് ഫുൾ .  വെരി മച്ച്  ദി താങ്ക് ഫുൾ."

"അങ്ങനെ വരാൻ വഴിയില്ലലോഡെയ്.....അന്നത്തെ യെന്റെ വെപ്രാളത്തില് നിനക്ക് ഞാൻ കൊണ്ടുത്തന്നത് പശുവിന് വയറിളക്കുന്ന മരുന്നാ . ഇനി ചിലപ്പോൾ എലികളൊക്കെ തൂറി തൂറി ചത്തതാണോടെയ്? യെന്തൊരൊക്കെയായാലും നിന്റെ കാര്യങ്ങളൊക്കെ വെടിപ്പായി നടന്നലെ .....നമ്മക്ക് അതുമതി"

സൈക്കിൾ ആഞ്ഞുചവിട്ടി മറയുന്ന മണിയണ്ണനെയും നോക്കി പ്ലിങ്ങസ്യാവ്യജ്ഞകനായി ഞാൻ നിന്നൂ .

No comments:

Post a Comment