Total Pageviews

Tuesday, September 13, 2016

കഥ : രവി ഡാ



അമ്മയുടെ ശബ്ദം പതിവിലും വിപരീതമായി ഉയർന്നു കേട്ടത് കൊണ്ടാണ് ഞാൻ ഉമ്മറത്തേക്ക് ചെന്നത്.

അപ്പൊ ദേ നില്കുന്നു നമ്മുടെ പിടികിട്ടാപ്പുള്ളി സുകുമാര "രവി" കുറുപ്പ് !! കാവിമുണ്ടും പച്ച ഷേഡുള്ള സൺഗ്ലാസും  - പതിവ് വേഷത്തിൽ.
മുറ്റത്തും വഴിയിലുമൊക്കെ പുല്ല് വളർന്ന് കാടുകേറി കിടക്കുന്നതിന്റെ അരിശം തീർക്കുകയാണമ്മ.

അമേരിക്ക ഹിരോഷിമയിൽ ആറ്റം ബോംബിട്ടത്തിൽ തനിക്ക് പ്രതേകിച്ചു  പങ്കൊന്നുമില്ലെന്ന മട്ടിൽ രവി.

കൂടാതെ ഞങ്ങളുടെ വീട്ടിലെ തത്ത ടുട്ടുവിന്റെ വക ബാഗ്രൗണ്ട് മ്യൂസിക്കും. അറിയാവുന്ന ഒരേയൊരു "അമ്മേ" എന്ന വാക്, പല ഫ്രിക്യുൻസിയിലും ബാസിലും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് കക്ഷി.

ഇനി ഇടപെട്ടില്ലെങ്കിൽ എൻ്റെ ചെവിയുടെ യൂസ്റ്റേഷിൻ ട്യൂബ് ഫ്യൂസാകുമെന്നു പേടിച്ചു, സന്ധിസംഭാഷണത്തിനായി മുതിർന്ന എന്നെ, നൈസായി കട്ട് ചെയ്തു രവി പറഞ്ഞു,

"മറ്റന്നാൾ ഞാൻ ഇങ്ങു വരും. രാവിലെ തന്നെ. ഇതൊക്കെ ചെത്തി വൃത്തിയാക്കിയിട്ടേ ഞാൻ കഞ്ഞി പോലും കുടിക്കൂ".

"നിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും? ഇത് തന്നെയല്ലേ നീ കഴിഞ്ഞ പല തവണയും പറഞ്ഞത് ?"

"മാങ്ങക്ക്  അണ്ടി ഉണ്ടെങ്കിൽ, പഴത്തിന് തൊലി ഉണ്ടെങ്കിൽ, പൂച്ചക്ക് പൂട ഉണ്ടെങ്കിൽ,  മറ്റന്നാൾ രാവിലെ ഞാൻ വരും" എന്ന് പറഞ്ഞു രവി സ്ലോ മോഷനിൽ തിരിഞ്ഞു നടന്നപ്പോൾ, രവി പറയാതെ പറഞ്ഞ ആ മൂന്ന് വാക്കുകൾ എൻ്റെ കാതുകളിൽ  മുഴങ്ങി - "സത്യം സത്യം സത്യം ".

അന്തം വിട്ട് കുന്തം വിഴുങ്ങി അമ്മ !! 

തുറന്ന വാ അടക്കാൻ പണിപ്പെട്ട് ഞാൻ !!!

P.S : മാങ്ങക്കും പഴത്തിനും പൂച്ചക്കും  പ്രതേകിച്ചു ഒന്നും സംഭവിച്ചില്ല. പക്ഷെ രവി പോയെ വഴിയേ കുറച്ചുനാളത്തേക്കു പുല്ലൊന്നും കിളിച്ചില്ല. പാവം കഞ്ഞി കുടിച്ചോയെന്തോ?

No comments:

Post a Comment