Total Pageviews

Tuesday, September 13, 2016

കഥ : ക്ഷതി


അവൾ ആ പുസ്തകം മടക്കി തന്നപ്പോൾ എനിക്ക് സങ്കടവും ദേഷ്യവുമൊക്കെ ഒരുമിച്ചു വന്നു. അതിന്റെ പുറംചട്ടയൊക്കെ കീറിയിരിക്കുന്നു. താളുകൾ  മടങ്ങി , ആകെ മൊത്തമൊരു ക്ഷതം പറ്റിയ മട്ട്.

എന്റെ മുഖം മാറിയത് കണ്ടിട്ടാവും അവൾ ക്ഷമാപണം പോലെ പറഞ്ഞു , "എന്റെ അനിയത്തിക്കുട്ടിയുടെ പണിയാ. എന്താ ചെയ്യ്യ , കണ്ണൊന്നു തെറ്റിയാൽ മുറിയിൽ കയറി  ഒക്കെ നശിപ്പിക്കും. സോറി. ഒന്നും തോന്നലെ".

ഈശ്വരാ , ഇതിപ്പോ ഞാൻ എങ്ങനെയാ അച്ചുമാമക്ക് തിരികേ കൊടുക്ക ?

"എം.ടി യുടെ കഥകൾ " മറിച്ചു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അച്ചുമാമ തന്നെയാ പറഞ്ഞത് , "കൊണ്ടുപോയ്ക്കൊള്ളൂ , വായിച്ചിട്ട്  തന്നാൽ മതി. ചുളിവുകൾ വരാണ്ട് നോക്കികൊള്ളൂട്ടോ ".  സ്വന്തം മക്കളേക്കാൾ കൂടുതൽ അച്ചുമാമ തന്റെ  പുസ്തകങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
 
അമ്മക്ക് അമ്പരപ്പായിരുന്നു , "അവനെന്തു പറ്റിയാവോ. അവന്റെ റൂമിന് ഒരു പേപ്പർ കഷണം കൂടി  കൊടുക്കില്ല ആർക്കും.  പണ്ട് ഞാൻ  വായിക്കാനെടുത്ത ബുക്കിന്റെ പേജ്  മടങ്ങിയെന്നു പറഞ്ഞു ആഭ്യന്തരകലാപം ഉണ്ടാക്കിയവനാ. അതിൽപിന്നെ അവന്റെ മുറിയിൽ കാലുകുത്താൻ എന്നെ സമ്മതിച്ചിട്ടില്ല."

ഈ അവസ്ഥയിൽ ഇത് തിരിച്ചു കൊടുക്കാൻ പറ്റില്ല. പോക്കറ്റ് മണിയിൽ നിന്നും മിച്ചം പിടിച്ചു  പുതിയയൊരു  കൊപ്പി വാങ്ങി കൊടുക്കാമെന്നു ഞാൻ നിശ്ചയിച്ചുറപ്പിച്ചു.

കൗമാരത്തിലെ ഒട്ടുമിക്ക പ്രതിജ്ഞകളും പോലെ ഇതും പക്ഷേ  മറ്റുപല സ്വാര്ത്ഥ താല്പര്യങ്ങളുടെ കയറ്റുപായ്ക്കടിയിൽ  എറിയപ്പെട്ടു.......മനഃപൂര്വ്വമല്ലാതെ.

പിന്നീട് പല തവണ അച്ചുമാമയെ കണ്ടപ്പോളൊക്കെ ഈ വിഷയം ഓർമ്മ വന്നങ്കിലും എന്റെ ജാള്യത ഞാൻ  അത്രയൊന്നും ആത്മാർത്ഥമല്ലാത്ത കുശലം പറച്ചിലുകളിൽ  മറച്ചുപിടിക്കാൻ ശ്രമിച്ചു. അച്ചുമാമാ പക്ഷേ  ഒരിക്കൽ പോലും അതിനേ കുറിച്ചെന്നോട് ചോദിച്ചില്ല.

പഠിത്തം കഴിഞ്ഞു ജോലി നേടി മറ്റൊരു നഗരത്തിന്റെ തിരക്കുകളിൽ ചേക്കേറിയപ്പോൾ , ഞാൻ  അച്ചുമാമയെ മറന്നു, വീട്ടിലെ അലമാരക്കുള്ളില്ലേ "എം.ടി" യെ മറന്നു, ബന്ധങ്ങളുടെ ഊഷ്മളതയും മറന്നു. പുതിയ ബന്ധങ്ങൾ. പുതിയ താല്പ്പര്യങ്ങൾ. പുതിയ അവലോകനങ്ങൾ.

വർഷങ്ങൾക്കിപ്പുറം പിന്നെ അച്ചുമാമയെ കാണുന്നത് എന്റെ വിവാഹത്തിന്റെ ഒരാഴ്ച മുമ്പാണ്. വീട്ടിൽ വന്ന് എന്റെ തലയിൽ കൈവെച്ചനുഗ്രഹിച്ചിട്ട്  കൈയിൽ ഒരു കവറും തന്നു . "കല്യാണത്തിന് ഞാൻ വരുന്നില്ല കുട്ടീ.....വയ്യ ......ഒരുപാട് നേരമൊന്നും ഇരിക്കാൻ."

ഗുരുവായൂർ ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ മാമനും മാമിയും സഞ്ചരിച്ചിരുന്ന കാർ ഒരു കലിങ്കിൽ തട്ടി മറിഞ്ഞിരുന്നു. കുടലിൽ വീണ കുരുക്ക് മാറ്റാനായി ചെയ്ത ഓപ്പറേഷന്റെ സമയത്താണ് വൻകുടലിൽ ഒളിച്ചിരുന്ന മരണദൂതനെ ഡോക്ടർമാർ കാണുന്നത്.

പിന്നെയും ഒന്നരവർഷം കഴിഞ്ഞാണ് ഞങ്ങൾ വീണ്ടും കാണുന്നത് - ഭർതൃഗൃഹത്തിലേക്കു പോകുന്നതിന് മുമ്പ് എന്റെ മൂന്ന് മാസം പ്രായമുള്ള  മോളെ അച്ചുമാമയെ കാണിക്കാൻ കൊണ്ടുപോയപ്പോൾ .

ഒരുങ്ങുമ്പോൾ അമ്മ പറഞ്ഞു , "അവനെ കാണുമ്പോൾ മുഖത്തു ഭാവമാറ്റമൊന്നും വരാതെ നോക്കണേ മോളേ. അവന് സങ്കടമാകും. അവൻ ഒരുപാട് മാറിയിരിക്കുന്നു...."

അമ്മയുടെ മുന്നറിയിപ്പുണ്ടായിട്ടും എനിക്ക് ഒത്തിരി പണിപ്പെടേണ്ടിവന്നു സ്വാഭാവികമായി പെരുമാറാൻ.  എനിക്ക് പരിചയമുള്ള  അച്ചുമാമയുടേതായി ആ ശബ്ദം മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളൂ. ബാക്കിയൊക്കെ   ജീവകോശങ്ങളുടെ അനുസരണകേടിൽ എവിടെയോ ഒലിച്ചുപോയിരുന്നു.

യാത്രപറഞ്ഞിറങ്ങുമ്പോൾ ഇനിയൊരു കൂടികാഴ്ച്ചയുണ്ടാവില്ലെന്ന്  എനിക്ക് അറിയാമായിരുന്നിരിക്കണം. പെട്ടന്ന്  ആ പുസ്തകമെനിക്ക് ഓർമ്മ  വന്നു.  ഞാൻ തിരിഞ്ഞു നോക്കി......കൈവീശി കാണിക്കുന്ന അച്ചുമാമയുടെ രൂപം ഇന്നും മനസ്സിൽ മായാതെയുണ്ട്. സാരമില്ലെന്ന് ആ മിഴികൾ പറഞ്ഞുവോ? നിറഞ്ഞ കണ്ണുകൾ തുളുമ്പിയൊഴുകിയപ്പോൾ  കുറ്റവിമുക്തിയുടെ തണുപ്പറിഞ്ഞത് പോലെ.

ഇന്നും കീറിപ്പറിഞ്ഞ പുറംചട്ടയുമായി "എം.ടി " എന്റെ അലമാരക്കുള്ളിൽ എവിടെയോ ഉണ്ട്.........നാഥനില്ലാതെ.

No comments:

Post a Comment