രണ്ടു സുഹൃത്തുക്കൾ കൊടുമ്പിരികൊണ്ടുള്ള ആലോചനയിലാണ്.
ഇന്ധനം മുമ്പിൽ തന്നെയുണ്ട് ......... പാതിനിറഞ്ഞ രണ്ടു ഗ്ലാസ്സുകളും , വരട്ടിയ ബീഫും പിന്നെ ജാക്ക് ഡാനിയേലും.
"ഇനിയെന്തു" എന്ന വിശ്വവിഖ്യാതമായ ചോദ്യമാണ് ഇവിടെയും പ്രമേയം.
ചെവിയിൽ കൂടി വരുന്ന ധൂമപടലങ്ങൾ കാരണം സ്പ്രിങ്ക്ലെർ സിസ്റ്റം എങ്ങാനും ആക്ടിവേറ്റായാൽ , ചുവന്ന വണ്ടിയിൽ വരുന്ന മഞ്ഞ തൊപ്പി വെച്ച ചേട്ടനോടും, വെള്ള വണ്ടിയിൽ വരുന്ന നീല തൊപ്പി വെച്ച ചേട്ടനോടും "ഹേയ്വാൻ അൽ ഹിന്ദൽ ഹബ്ബിബി ജിബർലാക്ക " എന്നൊക്കെ പറയേണ്ടി വരുമല്ലോ എന്നോർത്തു ഞെട്ടിയ ഭാര്യമാർ, പെട്ടന്നു തന്നെ ഇടപെട്ട് കാര്യം തിരക്കി.
"അല്ലാ ..... ഇപ്പോഴത്തെ ഈ ജോലി കൊണ്ടുമാത്രം വലിയ കാര്യമൊന്നുമില്ല. വേറെ എന്തെങ്കിലും കൂടി ചെയ്യണം. എന്നാലേ നമ്മുടെയൊക്കെ ഒരു സ്റ്റാൻഡേർഡ് മൈൻറ്റൈൻ ചെയ്യാൻ പറ്റു."
"ഉള്ള ജോലി നേരേചൊവ്വേ ചെയ്താമതിയായിരുന്നു" - ഒരു ഭാര്യയുടെ തലയിലെ അശരീരി.
"പണി കിട്ടുമോ ദൈവമേ?" - മറ്റേ ഭാര്യയുടെ തലയിലെ അശരീരി.
"ഞങ്ങൾ ഒരു ഉഗ്രൻ ബിസിനസ് പ്ലാനിന്റെ പണിപ്പുരയിലാണ് . ഇപ്പോൾ ഒന്നും വെളിപ്പെടുത്താൻ നിവർത്തിയിലെങ്കിലും വേണമെങ്കിൽ ഒരു ക്ലൂ തരാം. ഇപ്പോൾ താഴെ നിന്ന് കേൾക്കുന്ന ഇന്പമാര്ന്ന ആ ഒച്ച ഒന്ന് ശ്രദ്ധിക്കു . ആഹഹഹ .... എന്തൊരു സുഖം ....സംഗീതാത്മകം."
"അത് സ്വീവേജ് ടാങ്കെരല്ലേ ? സംഗീതം മാത്രമേ കേട്ടോലോ .....കൂടെയുള്ള പരിമളം സാറന്മാർ ശ്രദ്ധിച്ചില്ല."
"ഛെ ....സ്വീവേജ് ടാങ്കെരല്ല വിവരദോഷികളെ ......അസംസ്കൃതപദാര്ത്ഥ ശേഖര വഹനനൗക!!!
രണ്ടണം സ്വന്തമായിട്ട് ഉണ്ടെക്കിലുണ്ടല്ലോ ബാങ്കിൽ കിടക്കുന്ന ക്യാഷ് എണ്ണാൻ നീയൊക്കെ അൽജിബ്ര പഠിക്കേണ്ടി വരും. "
"മെഡുല ഒബ്ലോങ്ഗേറ്റ അടിച്ചുപോയാ തമ്പുരാനേ? നെല്ലിക്ക ഇറക്കുമതി ചെയ്യേണ്ടിവരുമോ?"
"ഇതാണ് നിന്നോടൊന്നും ഒരു കാര്യം പറയാൻ കൊള്ളാത്തത്. ഇതൊക്കെ മനസ്സിലാകണമെങ്കിൽ ബിസിനസ് അക്യൂമെൻ വേണം. ഇനി പറച്ചിലില്ല.....ഒൺലി ആക്ഷൻ ആൻഡ് എക്സിക്യൂഷൻ."
"അയ്യേ ....അപ്പൊ അച്ഛൻ അപ്പി കോരാൻപോകുകയാണോ?".
ഭർത്താക്കന്മാരുടെ മുഖം ആദ്യം ചുവപ്പും, പിന്നെ മഞ്ഞയും , അതിനുശേഷം നീലയുമാകുന്നത് കണ്ട് സഹതാപം തോന്നിയ ഭാര്യമാർ ആശ്വസിപ്പിച്ചു,
"സാരമില്ല ചേട്ടന്മാരെ, ഒരു പതിനൊന്ന് വയസുകാരിയിൽ നിന്ന് ഇത്രയൊക്കെ ബിസിനസ് അക്യൂമെനല്ലേ നമ്മുക്ക് പ്രതീക്ഷിക്കാൻ പറ്റൂ."
ഭാര്യമാരുടെ അട്ടഹാസങ്ങളിൽ മുങ്ങിപ്പോകുന്ന ആ ബിസ്സിനസ്സ് സാമ്രാജ്യം കണ്ടുനിൽക്കാൻ കെൽപ്പില്ലാത്ത ആ ഹതഭാഗ്യന്മാർ പിന്നെയും ബീഫിലും ജാക്ക് ഡാനിയേലിലും അഭയം പ്രാപിച്ചു.
No comments:
Post a Comment