[Published നല്ലെഴുത്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം "നല്ലെഴുത്തുകൾ", 2017]
അവൻ സുന്ദരനാണ് . ആറടിയിലേറെ പൊക്കം. എപ്പോഴും നെറ്റിത്തടത്തിലേക്ക് പറന്നിറങ്ങി അനുസരണക്കേടു കാണിക്കുന്ന സ്നിഗ്ദ്ധമായ മുടിയഴികൾ. അധരത്തിൽ തുടങ്ങി ചിമയഗ്രങ്ങളിൽ ചെന്ന് വരകൾ തീർക്കുന്ന മന്ദഹാസം. കുസൃതി നിറഞ്ഞ നോട്ടം. നീണ്ട് മെലിഞ്ഞ ഭംഗിയുള്ള കൈവിരലുകൾ. അവന്റെ പെരുവിരലുകളുടെ അഗ്രം അല്പം പിറകോട്ട് വളഞ്ഞാണിരിക്കുന്നത്. കൈകൾ കൊണ്ട് ആംഗ്യം കാട്ടിയവൻ സംസാരിക്കുമ്പോൾ ആ പെരുവിരൽ അഗ്രങ്ങളിൽ കണ്ണുടക്കി ഞാനിരിക്കും.
നിദ്രയുടെ അഞ്ചാം ഘട്ടത്തിലാണത്രെ നമ്മൾ സ്വപ്നങ്ങൾ കാണാറുള്ളത്. ഈ ഘട്ടത്തിൽ താത്കാലികമായി ശരീരത്തിലെ സർവ പേശികള് സ്തംഭിക്കപ്പെടുന്നു. അഞ്ചാം ഘട്ടത്തിലെത്തുന്നതിനു മുമ്പ് നിദ്ര രണ്ടും മൂന്നും നാലും ഘട്ടങ്ങളിൽ കൂടി പല കുറി ചുറ്റിത്തിരിയും.
ഈ സമയത്താണ് അവൻ എന്നും വരുന്നതെന്ന് തോന്നുന്നു. കാരണം അവൻ ഒരു സ്വപ്നമാവാൻ വഴിയില്ല. പൊട്ടിച്ചിതറാത്ത സ്വപ്നങ്ങളെ എനിക്ക് പരിചയമില്ലലോ.
അവന്റെ സാമീപ്യത്തിന്റെ ആദ്യ സൂചന, ഓരോ രോമകൂപത്തിലൂടെയും ഇരച്ചുകേറുന്ന ഒരു തണുപ്പാണ്. തണുപ്പിന്റെ കാഠിന്യം കൂടി കൂടി , സിരകളിലെ രക്തം കട്ടപിടിക്കുമെന്നു തോന്നി തുടങ്ങുമ്പോൾ അവൻ പ്രത്യക്ഷനാകും - സുവ്യക്തമായി. പിന്നെയുള്ളതു സുഖകരമായ ഒരു കുളിരു മാത്രം - അവന്റെ സാന്നിദ്ധ്യം പോലെ.
അപ്പോഴും മറ്റ് അവ്യക്തരൂപങ്ങൾ ഉപബോധമനസ്സിന്റെ അറകളിൽകൂടി കേറിയിറങ്ങുന്നുണ്ടാവും - ആരുടേയെങ്കിലും ശ്രദ്ധയാകർഷികാനുള്ള വ്യഗ്രതയും പേറി.
അവഗണിക്കപ്പെടുന്നവരുടെ നിരാശയിൽ നിന്നും ഉല്ഭവിക്കുന്ന മാറ്റൊലികൾ ഞാൻ എന്തേ തിരിച്ചറിയുന്നില്ല? അതിനേക്കാൾ പരിചിതമായൊരു ധ്വനി വേറെയുണ്ടോ എനിക്ക്? എങ്ങനെയവർക്ക് എന്നെ അസ്വസ്ഥമാകാതെ പശ്ചാത്തലത്തിൽ അലഞ്ഞുതിരിയാൻ കഴിയുന്നു?
കാടുകയറാൻ തുടങ്ങിയ മനസ്സിനെ നങ്കൂരമിട്ടുകൊണ്ടു ഞാൻ അവനെ നോക്കി. പതിവ് ചിരിയുമായി അവൻ മുന്നിൽ. അവനോടൊപ്പമുള്ള നിമിഷങ്ങളുടെ ആയുസ്സ് എനിക്കെപ്പോഴും ഒരു നിശ്വാസത്തിന്റെ ദൈര്ഘ്യം പോലെ ഹ്രസ്വം.
അവന്റെ ശബ്ദം എനിക്കോർത്തെടുക്കാൻ പറ്റാറില്ല. പക്ഷെ ഒരുപാടുകാര്യങ്ങൾ അവൻ എന്നോട് പറഞ്ഞത് പോലെ.....അതോ ഞാൻ കേട്ടത് പോലെയോ?
"എന്തിനു നീയെന്നെ തിരഞ്ഞെടുത്തു? എനിക്കു മാത്രമെങ്ങനെ നിന്നെ കാണാൻ കഴിയുന്നു?", ഞാൻ തിരക്കി.
"ഞാൻ നിന്നെയല്ല , നീയെന്നെയല്ലേ തിരഞ്ഞെടുത്ത്? എനിക്കറിയാവുന്ന എത്രപേരുടെ ഉപബോധമനസ്സിൽ ഞാൻ മുട്ടിവിളിച്ചെന്നോ......വിളികേട്ടതു നീ മാത്രം."
"എന്തുകൊണ്ടായിരിക്കുമത് ?"
"ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നു നീ. എനിക്ക് വേണ്ടി നിസ്വാര്ത്ഥകണ്ണുനീർ പൊഴിച്ചുവോ നീ?"
"ജീവിച്ചിരുന്നപ്പോൾ എനിക്കുനിന്നെ അറിയുകപോലുമില്ലായിരുന്നെല്ലോ, പിന്നെയെങ്ങനെ......?"
"ദേ ...പിന്നെയും ചോദ്യങ്ങൾ", അതുപറഞ്ഞവൻ തലപിറകോട്ടെറിഞ്ഞു ചിരിച്ചു. പട്ടിന്റെ മാര്ദ്ദവം തോന്നിക്കുന്ന മുടിയഴികൾ ഇളകിമറിഞ്ഞു. അവന്റെ കണ്ഠമുഴ മേൽപോട്ടും താഴ്പൊട്ടും ഉയർന്ന് താഴ്ന്നു.
"ഒരുപാട് ആഗ്രഹങ്ങൾ ബാക്കിവെച്ചുപോയത് കൊണ്ടാണോ നീ ഇപ്പോഴും ....ഇവിടെ...ഇങ്ങനെ?"
"അല്ല. ഇനിയെങ്ങോട്ടും പോകാനിലെനിക്ക്. ജനനമരണങ്ങളുടെ ചക്രവ്യൂഹത്തിൽ നിന്നും ഞാൻ മുക്തനാണ്. അവസാനത്തെ സര്ഗ്ഗവും കഴിഞ്ഞിരിക്കുന്നു. ഇനിയൊരു യവനികയും ഉയരാനില്ല എനിക്കുവേണ്ടി."
"നമ്മൾ ഇനി എന്നും കാണുമോ?"
"മ്മ്."
"നീ വന്നില്ലെങ്കിലോ?"
"നിനക്കുറങ്ങാതിരിക്കാൻ കഴിയുമോ?"
"ഇല്ല"
"എന്നാൽ എനിക്ക് വരാതിരിക്കാനും."
വീണ്ടും എന്തോ ചോദിക്കാൻ ഒരുങ്ങിയയെന്റെ ചുണ്ടുകളിൽ വിരലമർത്തിയവൻ പറഞ്ഞു ,
"ശ്ശ്, ചോദ്യങ്ങൾ ചോദിക്കാൻ ഒരു ജന്മത്തിന്റെ നിദ്ര മുഴുവൻ ബാക്കിയിലേ നിനക്ക്. വരൂ, ഇന്ന് നിനക്കെന്റെ പുസ്തകങ്ങളെ കാട്ടിത്തരാം ഞാൻ. എന്റെ മനസാക്ഷി സൂക്ഷിപ്പുകാർ."
വളഞ്ഞ അഗ്രത്തോട് കൂടിയ പെരുവിരലുകലുള്ള ആ മനോഹരമായ കൈവിരലുകളിൽ ചുറ്റിപിടിച്ചു ഞാൻ അവനൊപ്പം പോകാതെ പോയി.....അവന്റെ മുറിയിൽ കേറാതെ കേറി.....അവന്റെ പുസ്തകശേഖരത്തിൽ തൊടാതെ തോട്ടു.
അപ്പോഴേക്കും നിദ്രയുടെ അഞ്ചാം ഘട്ടത്തിലേക്ക് ഞാൻ കടന്നിരുന്നു. അവൻ തെളിച്ചമില്ലാത്ത നിഴല്ച്ചിത്രമായി മാറിയത് ഞാൻ അറിഞ്ഞുവോ?
ഉറക്കമുണർന്നപ്പോൾ തോന്നിയ നീരസത്തെ ഞാൻ വാല്സല്യപൂര്വ്വം സാന്ത്വനിപിച്ചു,
"ഒരു ജന്മത്തിന്റെ നിദ്ര മുഴുവൻ ബാക്കിയിലേ കുട്ടീ നിനക്ക്, പിന്നെയെന്തിനീ വ്യഥ, വൃഥാ."
"ഒരു ജന്മത്തിന്റെ നിദ്ര മുഴുവൻ ബാക്കിയിലേ കുട്ടീ നിനക്ക്, പിന്നെയെന്തിനീ വ്യഥ, വൃഥാ."
No comments:
Post a Comment