Total Pageviews

Tuesday, September 13, 2016

കവിത : അമര്‍ത്യത്തോഴി



ഇല്ല , വിട്ടുകൊടുക്കില്ല നിന്നെ ഞാൻ മറവിതൻ  മച്ചിലേക്ക്.....!!
എന്റെ നെഞ്ചിലെ നാലറകളിലൊന്നിൽ
പാർക്കുക  നീ , കരമേതും നല്കീടാതേ.


ഇല്ല , അനുവദിക്കില്ല നിന്നെ ഞാൻ മുക്തിതൻ ചിറകിലേറാൻ......!!
എന്റെ ദേഹിയോട് മുറുക്കെ കെട്ടിപിണഞ്ഞു
മയങ്ങുക നീ , അല്ലലേതും അറിഞ്ഞീടാതെ.


കൈകോർത്തു നടന്ന വയൽവരമ്പുകളും,
വളപൊട്ടുകൾ തിരഞ്ഞുതളർന്ന നടവഴികളും,
അടകംച്ചൊല്ലി വിശ്രമിച്ച പേരാലിൻ വേരുകളും.
നിന്നെയും കൊണ്ടെനിക്ക് പോയീടേണം
പിന്നേയും വെറുതയാ സുഖസ്മരണകളിൽ.


കൺപൊത്തി  കളിച്ച ഇളംവെയിലുകളും,
ഒരുകുടകീഴിൽ നനഞ്ഞ പെരുമഴകളും,
കളിച്ചൊല്ലി തഴുകിയകന്ന ചെറുഓളങ്ങളും.
നിന്നെയും കൂട്ടിയെനിക്ക് മുങ്ങീടേണം
പിന്നേയും വെറുതയാ അനുഭൂതികളിൽ.


കുന്നിക്കുരുക്കൾ തിങ്ങിയ ഓട്ടുരുളിയും,
വരകൾ മാഞ്ഞൊരാ പുസ്തകത്താളുകളും,
അതിനുളിൽ ഒളിപ്പിചൊരീ പനിനീര്പ്പൂവിൻ ഇതളുകളും.
നിന്നെയും ചേർത്തെനിക്ക് മടങ്ങീടേണം
പിന്നേയും വെറുതയാ ഗതകാലങ്ങളിൽ.


ഇല്ല , ഏകില്ലനിനക്കു  ഞാൻ ബലിച്ചോറിൻ കൈയടി.....!!
എന്റെ അകത്താരിൽ നിൻ മനവും തനുവും
നിറമങ്ങാതെ ആനന്ദനര്ത്തനം ആടീടുംവരെ.


ഇല്ല , വിട്ടുകൊടുക്കില്ല നിന്നെ ഞാൻ മറവിതൻ  മച്ചിലേക്ക്....!!
എന്റെ നെഞ്ചിലെ രണ്ടറകളിൽനിന്നും
ഒടുവിലത്തെ ശ്വാസവും വിടപറഞ്ഞിറങ്ങുംവരെ.

No comments:

Post a Comment