ഇന്ദ്രചാപതിൻ സേതുവിലേറി മറുവശം പോയീടവേ,
നയനമനോഹരമീ ദൃശ്യങ്ങൾ
ഓർമ്മതൻ യവണിക്കപ്പുറം എരിഞ്ഞടങ്ങീടും മുമ്പേ,
കുറിച്ചീടട്ടെ ഞാൻ ഈ ധവളപലകയിൽ വെറുതെ.
ഗഗനസമുദ്രം മമ പാദങ്ങളിൽ മുത്തമിട്ടലയടിക്കവേ,
മേഘശകലങ്ങള് ചുഴലവും കേളീവസന്തം തീർത്തീടുന്നു.
സപ്തചായങ്ങളെൻ അകതാരിൽ മൈലാഞ്ചിതണുപ്പു വാരിവീശീടവേ,
മന്ദമാരുതൻ ഇമ്പമാം നുപൂരശ്രുതി മീട്ടിയാടീടുന്നു.
മഴത്തുള്ളികളിൽ മുഖംനോക്കി കണ്ണെഴുത്തും പറവകളും,
അന്തിച്ചോപ്പിനാൽ അധരം പൂശും ആകാശതട്ടകവും.
മയിലാടും പർവ്വതശിഖരത്തിൽ ചെങ്കൊടിപാറും താപഗോളവും,
ആയിരംകാതം കീഴെ പരവതാനി വിരിക്കും ശീതധരിണിയും.
സമാന്തരപ്രപഞ്ചത്തിൽ എങ്ങാനും ദർശിക്കാനാകുമോ സമാനമായൊരീ വശ്യമനോഹര ആലേഖനം?
സീമകളിലാത്തൊരീ വീഥിയിൽ
ഏകാകിനിയായി ഞാൻ പിച്ചവെച്ചീടുമ്പോൾ കൈയ്യെത്തും ദൂരത്തു നീയുണ്ടായിരുന്നെങ്കിൽ,
അടിതെറ്റിവീഴുമാറാകുമെന്നെ
തവ കരദോലികയിലേന്തി നീ അമ്മാനമാടിയേനേ.
അപ്പുറമെത്തി തിരിഞ്ഞുനോക്കിടുമെന്നെ
നിൻ നെഞ്ചിലെ ശയ്യയിൽ മയങ്ങീടുവാൻ,
ആധിനിറഞ്ഞ ആ കൺദളങ്ങളും
വിറകൊള്ളും ആ അധരാങ്കുരവും
സസ്നേഹം മാടിയരിക്കിലേക്കു വിളിച്ചീടുന്നില്ലേ?
No comments:
Post a Comment