Total Pageviews

Thursday, August 31, 2017

കഥ : ദ ഷൂമേക്കർ


[Published ഓഗസ്റ്റ് ലക്കം കഥാ മാസികയിൽ , 2017]

അലമാരക്കുള്ളില്‍ വരിവരിയായി അടുക്കി വെച്ചിരിക്കുന്ന ചെരുപ്പുകളില്‍ ഞാന്‍ ഒരാവര്‍ത്തി കണ്ണോടിച്ചു. വിവിധ ഇനത്തിലും വര്‍ണ്ണത്തിലുമുള്ള അറുപത്തിമൂന്ന് ജോടികള്‍. ജോലിയില്‍ കേറിയത് മുതല്‍ വാങ്ങി കൂട്ടിയതാണ് ഇവയൊക്കെ. ഓരോ മാസവും ഒരു ജോടി വീതം. ശമ്പളം കിട്ടിയാല്‍ പുതിയൊരു ജോഡി വാങ്ങുന്നതുവരെ ഒരു വെപ്രാളമാണ്. ജോഡികളുടെ പ്രതിസമത എന്നെ വല്ലാതെ ഭ്രമിപ്പിക്കാറുണ്ട്.

അണിഞ്ഞിരിക്കുന്ന മഞ്ഞ ടോപ്പിന് ചേരുന്ന ഒരു ജോടി തിരഞ്ഞെടുത്തു. ചെരുപ്പ് വാങ്ങിയ തീയതിയും, അതിൻ്റെ വില അടയാളപ്പെടുത്തിയ ടാഗ്ഗും ഊരി മാറ്റി. അതും ധരിച്ച് ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടു.
ബസ്സില്‍ നിന്നും ഇറങ്ങുന്നതിന് മുന്നേ കാലമാടന്‍ ബെല്ലടിച്ചു കഴിഞ്ഞു. ചാടുന്ന കൂട്ടത്തില്‍ അവനെ ദഹിപ്പിക്കുന്നയൊരു നോട്ടം നോക്കി. ഇതൊക്കെ എത്ര കണ്ടിരിക്കുന്നുയെന്നൊരു പുച്ഛനോട്ടം അവന്‍ എനിക്ക് തിരിച്ചും നൽകി. വേഷം ജീന്‍സ് ആയതും ചെരുപ്പിന് ഫ്ലാറ്റ് ഹീല്‍സ് ഉണ്ടായതും കാര്യമായി. ഒരു വിധം ബാലന്‍സ് ചെയ്തു രണ്ട് കാലില്‍ തന്നെ വന്ന് നിന്നു.

ആദ്യ ദിവസം തന്നെ പുതിയ ഓഫീസില്‍ ലേറ്റ് ആവരുതെന്ന് കരുതി ധൃതിയില്‍ നടന്നു. ട്രാന്‍സ്‌ഫെറായി വന്ന ലോണ്‍ ഓഫീസറിനെയും കാത്ത് മേശപ്പുറത്ത് ഫയലുകള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഇതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന മഹാന്‍, റിട്ടയര്‍ ആയിട്ട് മൂന്ന് മാസത്തില്‍ കൂടുതലായെന്ന വസ്തുത ഈ ഫയലുകളുടെ കൂമ്പാരം സമര്‍ത്ഥിക്കുന്നു. കസേരയില്‍ ഇരുന്നപ്പോള്‍ അമര്‍ത്തി മൂളി കൊണ്ട് അതും പ്രതിഷേധമറിയിച്ചു.

പുതിയ മുഖങ്ങളും പുതിയ പേരുകളും. പരിചയപ്പടലിൻ്റെ വീര്‍പ്പുമുട്ടലുകള്‍. കണ്ട മുഖങ്ങളും കേട്ട പേരുകളും മനസ്സിലിട്ട് ഞാന്‍ 'മാച്ച് ദി ഫോള്ളോയിങ്' കളിച്ചു. സുകുമാരനെ കാണാന്‍ ഒരു സൗകുമാര്യവുമില്ല. മാലിനിക്ക് ചന്ദ്രിക സോപ്പിന്റെ മണമുണ്ടായിരുന്നതിനാല്‍ ആ പേര് അനുയോജ്യം. വട്ടപൊട്ടിട്ടവള്‍ ബിന്ദു. സുഭാഷിൻ്റെ ശബ്ദം തരക്കേടില്ല. പിന്നെ സുഹാസിനി , ഗോവിന്ദന്‍ , ഫിലിപ്പ് , ബിജു , ശാലിനി, രഹാന, ബാലകൃഷ്ണന്‍, ലിസി , അബ്ദുൽ അങ്ങനെയങ്ങനെ. പരസ്പരം വിഭജിക്കുന്ന രേഖകളുടെയെണ്ണം കൂടിവന്നപ്പോള്‍ ഞാന്‍ ആ കളി അവസാനപ്പിച്ചു.

ഉച്ചക്ക് ഊണ് കഴിക്കാന്‍ ഇരുന്നപ്പോഴാണ് രാവിലെ മുതല്‍ ചോദിക്കണമെന്നു കരുതിവെച്ച ചോദ്യം ചോദിക്കാന്‍ ഒരാളെ സൗകര്യത്തിന് കിട്ടിയത് - സെക്ഷന്‍ ക്ലാര്‍ക്ക് സുഹാസിനി.

'ഇവിടെ അടുത്തെവിടെയെങ്കിലും ചെരുപ്പുകുത്തിയുണ്ടോ?'

'ചെരുപ്പുകുത്തിയോ? വന്ന് ഇറങ്ങിയ ഉടനെ ചെരുപ്പ് പൊട്ടിയോ മാഡം?' സുഹാസിനി കോമ്പല്ല് കാട്ടി ഇളിച്ചു. ഇവള്‍ക്ക് ഈ പേര് ചേരില്ലെന്ന് ഞാന്‍ തീര്‍പ്പിച്ചു.

'ഇല്ല. അറിഞ്ഞു വെച്ചിരുന്നാല്‍ അത്യാവശ്യം വരുമ്പോള്‍ ....'

'ബസ് സ്റ്റോപ്പിൻ്റെ നേരെ എതിര്‍ വശത്തൊരുത്തന്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ചെരുപ്പ് മാത്രമല്ല അയാള്‍ കുടയും ബാഗുമൊക്കെ നന്നാക്കുമെന്ന് തോന്നുന്നു.'

അയാള്‍ കുടയും വടിയും നന്നാകുമോയെന്ന് ഞാന്‍ തിരക്കിയോ? ഇവര്‍ക്കൊക്കെ ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞാല്‍ പോരെ. തോന്നിയ അരിശം മറയ്ക്കാന്‍ ഞാന്‍ വെള്ളം എടുത്ത് കുടിച്ചു.

കൃത്യം അഞ്ച് മണിക്ക് ഞാന്‍ ഇറങ്ങി. സുഹാസിനി പറഞ്ഞതുപ്പോലെ അയാള്‍ അവിടെത്തന്നെയുണ്ടായിരുന്നു. പച്ച ഷേഡുള്ള സണ്‍ഗ്ലാസും, പണ്ട് വെള്ളയായിരിക്കാന്‍ സാധ്യതയുള്ള മുഷിഞ്ഞ ഷര്‍ട്ടും നീല കളങ്ങള്‍ ഉള്ളൊരു നരച്ച ലുങ്കിയും. എഴുപത്തിനോട് അടുത്ത് പ്രായം. കുറച്ചു ചെരുപ്പുകള്‍ മുമ്പിലും വശങ്ങളിലുമായി വരിയായി, ഒരു റബ്ബര്‍ ഷീറ്റിനു മീതെ അടുക്കിവെച്ചിരിക്കുന്നു. ഒന്നുരണ്ട് പ്ലാസ്റ്റിക് സഞ്ചികളും ഒരു തകര പെട്ടിയും അതിൻ്റെ പുറത്തൊരു കാലന്‍ കുടയും. ഒരു വലിയ ഫ്ളക്സ് ബോര്‍ഡിൻ്റെ തണലും പറ്റി അയാള്‍ ചമ്രം പടിഞ്ഞിരിക്കുന്നു. അയാളുടെ സണ്‍ഗ്ലാസുകള്‍ എന്നില്‍ കൗതുകമുണര്‍ത്തി. സണ്‍ഗ്ലാസ് വെച്ചൊരു ചെരുപ്പുകുത്തിയെ ഇതിന് മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല.
അടുത്ത ദിവസം വീണ്ടും കണ്ടപ്പോള്‍ അയാളൊരു ഫ്രീക്കൻ്റെ ചെരുപ്പു തുന്നുകയായിരുന്നു. സണ്‍ഗ്ലാസുകള്‍ അപ്പോഴും മുഖത്ത് തന്നെയുണ്ട്. കുനിഞ്ഞിരുന്ന് തികഞ്ഞ ഏകാഗ്രതയോട് കൂടി ചെരുപ്പ് തുന്നുന്ന അയാളെ കണ്ടപ്പോള്‍ ആ ദൃശ്യമെന്നെ ഫെര്‍ഡിനാഡ് ഹോഡ്ലറുടെ പ്രസിദ്ധമായ 'ദ ഷൂമേക്കര്‍' എന്ന ഛായാചിത്രത്തെ അനുസ്മരിപ്പിച്ചു.

അങ്ങനെയൊന്ന് എനിക്കും ശ്രമിക്കാവുന്നതേയുള്ളു. 'ദ കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്'. ആഹാ!! വിശ്വവിഖ്യാതമാവാന്‍ സ്‌കോപ്പുള്ള തലക്കെട്ട്!! ക്യൂബിസത്തില്‍ ഇട്ടൊന്ന് പിടിച്ചാല്‍ ചിലപ്പോള്‍ ക്ലിക്ക് ആവും. ആലേഖനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനെ വിശദമായ വിശകലനതിന്ന് ശേഷം അതിൻ്റെ വ്യക്തിത്വം നഷ്ട്ടപെടുത്താതെ അമൂര്‍ത്തമായ ഭാവത്തില്‍ ഉല്ലേഖനം ചെയ്യുക, അത്രമാത്രം.

പിന്നെ പിന്നെ രാവിലെയും വൈകുന്നേരവും അയാളെ നിരീക്ഷിക്കുന്നത് ഞാന്‍ പതിവാക്കി. ഈ പ്രായത്തിലും അയാളെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഞാന്‍ വെറുതെ സങ്കല്‍പിച്ചു.
ഒരാഴ്ച്ച കഴിഞ്ഞുകാണും , അന്ന് ഓഫീസില്‍ ലീവ് പറഞ്ഞിരുന്നു. ബസ്സിറങ്ങി ഞാന്‍ അയാള്‍ക്കരികിലേക്ക് നടന്നു. അയാളെ കൊണ്ട് എൻ്റെ ഏറ്റവും പുതിയ ചെരുപ്പ് തുന്നിക്കുകയായിരുന്നു ലക്ഷ്യം. ഞാന്‍ ചെരുപ്പൂരി അയാളുടെ നേരെ നീട്ടിയിട്ടും അയാള്‍ എന്നെ ശ്രദ്ധിച്ചതേയില്ല.

'ഈ ചെരുപ്പൊന്ന് ശരിയാക്കണമെല്ലോ.'

'തരൂ നോക്കട്ടെ', അയാള്‍ എൻ്റെ നേരെ കൈനീട്ടി വായുവില്‍ തപ്പി. ചെരുപ്പ് കൈയില്‍ തടഞ്ഞപ്പോള്‍ അയാള്‍ അത് വാങ്ങി തിരിച്ചും മറിച്ചും വിരലുകള്‍ കൊണ്ട് പരിശോധിച്ചു.

ഞാന്‍ തലക്കെട്ടില്‍ ചെറിയ ഒരു മാറ്റം വരുത്തി, 'ദ ബ്ലൈന്‍ഡ് കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്'.

'ഇതിനു കുഴപ്പമൊന്നുമില്ലല്ലോ', ചോദ്യഭാവത്തില്‍ അയാള്‍ എൻ്റെ നേരെ മുഖമുയര്‍ത്തി.

'പുതിയതാ , ചുറ്റും നൂലിട്ടൊന്നു ബലപ്പെടുത്തി തന്നാല്‍ ...'

'ചെരുപ്പിൻ്റെ നിറമെന്താ?'

പെട്ടന്ന് എനിക്ക് വര്‍ണ്ണങ്ങളുടെ ചക്രം ഓര്‍മ്മ വന്നു. കൗതുകരമായ ഒരു ആശയം മനസ്സില്‍ ഉടലെടുത്തു.

'പച്ച', ഞാന്‍ ആ ചുവന്ന ചെരുപ്പിനെക്കുറിച്ച് കള്ളം പറഞ്ഞു. വര്‍ണചക്രത്തില്‍ ചുവപ്പിൻ്റെ പരിപൂരകമായ നിറമാണ് പച്ച.

അയാള്‍ അരികിലിരുന്ന തകരപെട്ടി തുറന്നു. അതില്‍ പല നിറത്തിലുള്ള നൂലുകള്‍ വരിയായി അടുക്കി വെച്ചിരിക്കുന്നു. മൂന്നാമത്തെ വരിയില്‍നിന്നും അഞ്ചാമതിരുന്ന പച്ച നൂല്‍ എടുത്തയാല്‍ പുറത്തു വെച്ചു. എൻ്റെ ചെരുപ്പില്‍ കൂടി അയാളുടെ കൈകള്‍ പരതി നടന്നു. നൂല്‍ സൂചിയില്‍ കോര്‍ത്തയാള്‍ പണി തുടങ്ങി.

അയാളുടെ ഷര്‍ട്ടിനും പല്ലുകള്‍ക്കും ഒരേ നിറമായിരുന്നു. പ്രായത്തിൻ്റെ ചുളിവുകളേക്കാള്‍ കൂടുതല്‍ അയാളുടെ മുഖത്ത് , ജീവിതത്തിൻ്റെ ചുളിവുകള്‍ നിറഞ്ഞു നില്‍ക്കുന്നതായി എനിക്ക് തോന്നി. ഇടത്തെ കാതില്‍, പണ്ടത്തെ പത്തുപൈസാ നാണയവട്ടത്തില്‍ ഒരു നിറം മങ്ങിയ കടുക്കന്‍. തലയില്‍ മുടികളെക്കാള്‍ കൂടുതല്‍ വിയര്‍പ്പുതുള്ളികള്‍ തിങ്ങി നിന്നു. തുന്നുന്ന താളക്രമത്തില്‍ അയാളുടെ തല ഉയരുകയും താഴുകയും ചെയ്തപ്പോള്‍ അവ വെയിലേറ്റു തിളങ്ങി. തേയ്മാനം വന്ന തുകല്‍ തുണിപോലെ ചുക്കി ചുളിഞ്ഞ വിരലുകള്‍. നീണ്ട നഖങ്ങള്‍ക്കിടയില്‍ ചേറിൻ്റെ കറ.

ആ വിരലുകളുടെ താളക്രമം നോക്കി നിന്നപ്പോള്‍ വിവരിക്കാന്‍ പറ്റാത്ത ഒരു ശാന്തി അനുഭവപ്പെട്ടു - വാച്യതയുടെ, ആവര്‍ത്തനത്തിൻ്റെ… അങ്ങനെയെന്തോ ഒന്ന്. ഒരു ചിത്രകാരൻ്റെ നിരന്തരവും പൗനരുക്ത്യവുമായ ബ്രഷ് സ്‌ട്രോക്കുകള്‍ പോലെ!!

ഒരു ചെരുപ്പ് കഴിഞ്ഞപ്പോള്‍ മറ്റേ ചെരുപ്പും അയാള്‍ അത് പോലെ ഭംഗിയായി തുന്നി. ചുവന്ന ചെരുപ്പില്‍ പച്ച നൂല്‍. നല്ല ചേര്‍ച്ച. പണി കഴിഞ്ഞയാള്‍ നൂല്‍ യഥാസ്ഥാനത്ത് തിരികെ വെച്ചു.

'എത്രയായി?'

'ഇപ്പോള്‍ സമയം എത്രയായി കാണും?', അയാള്‍ മറുചോദ്യം ചോദിച്ചു.

'പത്തരയാകാന്‍ പോകുന്നു.'

'എന്നാല്‍ ഒരു കാപ്പിയുടെ കാശ് തരൂ.'

'അറുപത് രൂപയുണ്ട്, മതിയാക്കുമോ?'

'മ്മ്'

അയാള്‍ എഴുന്നേറ്റു മെല്ലെ നടന്ന് തുടങ്ങി. വലതുകാലിൻ്റെ ഉപ്പൂറ്റി തറയില്‍ തൊടാതെ വെച്ച് വെച്ച്. അയാള്‍ നഗ്‌നപാദനായിരുന്നു. ചെരുപ്പിലാത്ത ചെരുപ്പുകുത്തി.

'ദ ഷൂലെസ്സ് കോബ്ബ്‌ലര്‍'. ഒരു ചിത്രത്തിന് രണ്ട് പേരുകള്‍ കൊടുക്കുന്നത് അത്ര അസാധാരണമാന്നോ? അല്ലെങ്കില്‍ 'ദ ഷൂലെസ്സ് ബ്ലൈന്‍ഡ് കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്' എന്നാക്കിയാലോ? എനിക്ക് ചിരി വന്നു.

'നിങ്ങള്‍ക്ക് ഒരു ചെരുപ്പ് വാങ്ങിയിട്ടുകൂടേ?'

'എന്തിന്?'

'എല്ലാരും ഇടുന്നത് കൊണ്ട്. പാദങ്ങളുടെ സംരക്ഷണത്തിന്.'

'അത് പൊട്ടിയാല്‍ എനിക്കത് തുന്നേണ്ടി വരില്ലേ?'

ഇയാള്‍ക്ക് വട്ടാണ് എന്നോര്‍ത്തുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു. തിരക്കുള്ള ബസ്സില്‍ ഇടിച്ചു കേറി കമ്പിയില്‍ തൂങ്ങി നില്‍കുമ്പോള്‍ ഇനി അയാള്‍ക്ക് ഏത് ചെരുപ്പ് തുന്നാന്‍ കൊടുക്കണമെന്ന് ഞാന്‍ ആലോചിച്ചു.

അടുത്തത് ആ നീല ചെരുപ്പായാലോ? നീലയുടെ പരിപൂരകമായ നിറം പിംഗലം. പരിപൂരകം തന്നെ വേണമെന്നില്ല സമാനമായ നിറങ്ങളും പരീക്ഷിക്കാം. വര്‍ണ്ണങ്ങള്‍ തമ്മിലുള്ള ലയം, അതാണ് മുഖ്യം.

മനസ്സില്‍ ഒരു വര്‍ണ്ണചക്രം ഇങ്ങനെ കിടന്ന് കറങ്ങി. കറങ്ങും തോറും അതിലെ നിറങ്ങള്‍ തമ്മില്‍ കെട്ടുപിണഞ്ഞ് ഓരോന്നായി വെണ്‍മയുടെ നിറമില്ലായിമയില്‍ അദൃശ്യമാവുന്നു. അപ്പോള്‍ സ്വാഭാവികമായൊരു സംശയം നിങ്ങള്‍ക്കുണ്ടാവാം - നിറമില്ലായിമ കറുപ്പല്ലേ, വെളുപ്പാണോ?

നിറങ്ങളെല്ലാം ഉള്ളില്‍ ഒളിപ്പിക്കുന്നത് കറുപ്പ്. നിറങ്ങളെല്ലാം പുറംതള്ളുന്നത് വെളുപ്പ്. അപ്പോള്‍ നിറമില്ലായിമ വെളുപ്പല്ലേ? അല്ലെങ്കില്‍ നമ്മള്‍ തമ്മിലെന്തിനാ തര്‍ക്കം - ഇവ രണ്ടും നിറങ്ങളേയല്ല. ഞാന്‍ പറയുന്നതല്ല , ഭൗതികശാസ്ത്രത്തില്‍ അങ്ങനെയൊക്കെയാണത്രെ.

2 comments:

  1. ജയച്ചേച്ചീ, ഇന്ന് അതിരാവിലെ ഇതും വായിച്ചു തീർത്തു :-) വാക്കുകൾ കൊണ്ട് അങ്ങ് അമ്മാനമാടുകയാണല്ലോ എഴുതിയെഴുതി മെച്ചപ്പെട്ടിട്ടുവേണം എന്നെങ്കിലും ഈ കഥയില്ലാത്തവന് ഇതുപോലൊരു കഥയെഴുതാൻ :-)

    "മനസ്സില്‍ ഒരു വര്‍ണ്ണചക്രം ഇങ്ങനെ കിടന്ന് കറങ്ങി. കറങ്ങും തോറും അതിലെ നിറങ്ങള്‍ തമ്മില്‍ കെട്ടുപിണഞ്ഞ് ഓരോന്നായി വെണ്‍മയുടെ നിറമില്ലായിമയില്‍ അദൃശ്യമാവുന്നു. അപ്പോള്‍ സ്വാഭാവികമായൊരു സംശയം നിങ്ങള്‍ക്കുണ്ടാവാം - നിറമില്ലായിമ കറുപ്പല്ലേ, വെളുപ്പാണോ?" - സത്യം പറഞ്ഞാൽ മറ്റൊന്നിൻ ധർമയോഗത്താൽ അതുതാനല്ലയോ ഇത് എന്നൊരു 'വർണ'ത്തിലാശങ്ക വായിച്ചുകഴിഞ്ഞപ്പോൾ ;-)

    ReplyDelete
    Replies
    1. നന്ദി മഹേഷ് . എന്തെങ്കിലും improvements തോന്നുവെങ്കിലും പറയണം, കേട്ടോ.

      Delete