Total Pageviews

Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Friday, April 24, 2020

കഥ : ആട്ടുമാക്കാച്ചിയുടെ കല്യാണനാളുകൾ


ആട്ടുമാക്കാച്ചിയുടെ കല്യാണനാളുകൾ
*******************************************
അമ്പലകുളത്തിലെ ആട്ടുമാക്കാച്ചി ഒരു ഏകാന്തവാസിയായിരുന്നു. തവളപിടുത്തക്കാരുടെ കണ്ണുവെട്ടിച്ചു അവൻ അവിടെ കഴിയാൻ തുടങ്ങിയിട്ടു നാളുകൾ ഏറെയായി. പിടിക്കപെടുമെന്നുള്ള ഭീതിയിൽ നിമഗ്നനായി അവൻ ശബ്ദമുണ്ടാകാൻ മറന്നിരുന്നു. മാത്രമല്ല, അവൻ്റെ വായ്പ്പാട്ട് കേട്ടു വന്നു ചേരാൻ പാകത്തിന് തരുണീമണികൾ ആരും തന്നെ ആ കുളത്തിലോ സമീപപ്രദേശത്തോ ഉണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ അവൻ പുറത്തിറങ്ങിയിരുന്നില്ല. അവൻ്റെ കൂട്ടുകാരെയെല്ലാം അവർ ഓരോന്നായി പിടിച്ചു കൊണ്ട് പോയി കഴിഞ്ഞിരുന്നു.

സൂര്യതാപമേൽക്കുമെന്ന് പേടിച്ച്‌ മനുഷ്യർ താരതമ്യേന പുറത്തിറങ്ങാൻ മടിച്ച, നട്ടുച്ചനേരങ്ങളിൽ മാത്രം പുറത്തിറങ്ങാൻ അവൻ ശ്രദ്ധ പുലർത്തി. ഒരു പെൺക്കൂട്ടിനായും ഒരു പെരുമഴക്കാലത്തിനായും അവൻ ദാഹിച്ചു, വളരെയധികം മോഹിച്ചു. ഒരു മഴകുളിരോ ഒരു കാർമേഘകീറോ കാണാതെ നിരാശനായി അവൻ എന്നും, ആ കുളത്തിൻ്റെ ആഴങ്ങളുടെ ഭദ്രതയിലേക്ക് നിരാശനായി മടങ്ങിയിരുന്നു. തൻ്റെ വർഗ്ഗത്തിൻ്റെ സ്വഭാവജന്യതക്ക് വിപരീതമായി, അവൻ സദാ ഗാർഹസ്ഥ്യം കാംക്ഷിച്ചു.

ഗൗഹാട്ടി എക്സ്പ്രെസ്സിൻ്റെ മൂത്രപ്പുരയിലുള്ള ചെറിയ ജനാലിയിൽക്കൂടി ബിറിഞ്ചി പുറത്തേക്ക് നോക്കി നിന്നു. തീവണ്ടിമുറികൾ മാറി മാറി കയറി, ടി.ടിയുടെ കണ്ണിൽപ്പെടാതെ, ഇടനാഴിയിലും മൂത്രപ്പുരയിലും യാത്രാസാമാനത്തിനുള്ള ഇടങ്ങളിലുമായി ഇരുന്നും കിടന്നും യാത്ര തുടങ്ങിയിട്ടു രണ്ടു ദിവസത്തിൽ ഏറെയായിരിക്കുന്നു. ഒരു "കറകളഞ്ഞ" നാടോടിയുടെ വസ്ത്രങ്ങൾ തന്നെയായിരുന്നു അയാൾക്കും. നിറം മങ്ങിയ, മുഷിഞ്ഞു നാറുന്ന, പലയിടങ്ങളിൽ പിന്നിയ, ചിലയിടങ്ങളിൽ തുന്നിക്കൂട്ടിയ ധോത്തിയും കുർത്തയും. തൃണസസ്യാദികൾ നിറഞ്ഞ, മഞ്ഞുമലകളാൽ ചുറ്റപ്പെട്ട ഒരു നാട്ടിലേക്ക് വണ്ടി കയറാൻ അയാളെ പ്രേരിപ്പിച്ചത് ദാരിദ്ര്യമോ, ശീലമായിപ്പോയ അലസതയോ, അത് മനസ്സിലാക്കാതെ കുറുകുന്ന ഒഴിഞ്ഞ വയറോ മാത്രമായിരുന്നില്ല. കാമഖ്യ ദേവിയുടെ തിരുനടയിൽ വിശന്നുറങ്ങിയ ഒരുനാളിൽ, അമ്മ തന്നെ നേരിട്ട് വന്ന് നിർദേശിച്ചതെന്ന് അയാൾ വിശ്വസിക്കുന്ന ഒരു യാത്ര. ധനമോ, സ്നേഹമോ , പ്രണയമോ, രതിയോ, പ്രത്യാശയോ, സൗഹൃദമോ ഒന്നും ലവലേശം ആഗ്രഹിക്കാത്ത ഈ നാടോടിക്ക് വേണ്ടത്, പേശികൾ ചലിക്കാതെ ദിവസേന മൂന്നോ, അതിൽ കൂടുതലോ തവണ, മുറ തെറ്റാതെയുള്ള ഭോജ്യത്തിൻ്റെ ലഭ്യത മാത്രം - മനുഷ്യൻ്റെ അടിസ്ഥാനപരവും പൗരാണികവുമായ ഏക അവശ്യവസ്തു. "കപ്പടയും", "മക്കാനും" ഇല്ലെങ്കിലും ജീവിക്കാം!

ആട്ടുമാക്കാച്ചിയുടെ സാധാരണമായ ഒരു ഏകാന്തദിനമദ്ധ്യത്തിലായിരുന്നു, ആയാസരഹിതമായൊരു ജീവിതം ഇച്ഛിച്ചു കൊണ്ട് ബിറിഞ്ചി, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ, തൻ്റെ വീണ്ടു കീറിയ നഗ്നപാദങ്ങളാൽ ആഗതനായത് .

ദൈവീകപ്രേരിതമായ യാത്രയായതിനാൽ, തന്നെ സഹായിക്കാൻ ഒരു ദൈവദൂതൻ ഇവിടെയുണ്ടാവുമെന്ന് ബിറിഞ്ചി ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം അയാളെ രക്ഷിച്ചതിനാലാവണം ബിറിഞ്ചിയും ഫണിയും തമ്മിലുള്ള കൂടിക്കാഴ്ച കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ സംഭവിച്ചത്. കേരളീയരേക്കാൾ കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ‍ ഉണ്ടാകാൻ സാധ്യതയുള്ള പരിതഃസ്ഥിതിയിലേക്ക് നാട് അതിവേഗത്തിൽ നീങ്ങുന്നതു കൊണ്ട്, ഈ കൂടിക്കാഴ്ചയിൽ ഒട്ടും തന്നെ അതിശയോക്തി തോണേണ്ടതില്ല.
തൻ്റെ നാട്ടുകാരനായ, അമ്പലക്കള്ളൻ ഫണി ബോറ, അവൻ്റെ ഭൂതകാലപ്രവർത്തികളൊക്കെ കുഴിച്ച് മൂടി, അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിൻ്റെ ഉത്തമ മാതൃകയായി ഇവിടെ ജീവിക്കുന്ന കാര്യം അയാളിൽ ചെറുതല്ലാത്ത ഒരു സന്തോഷം ഉളവാക്കി. ഫണിയുടെ മാനമാറ്റത്തിൽ തോന്നിയ നിസ്വാർത്ഥമായ ആഹ്ളാദമായിരുന്നില്ല അത്. മറിച്ച്, പൂർവ്വകാലപ്രവൃത്തികൾ മറച്ചുവയ്ക്കാൻ നിർബന്ധിതനാകുന്ന ഒരു വ്യക്തിയുടെ അവസ്ഥയിൽ, മുതലെടുക്കുവാൻ പറ്റിയ അവസരങ്ങളുടെ ആഭിമുഖ്യം മനസ്സിലാക്കിയതിനാലായിരുന്നു.

തൻ്റെ ആപത്കരമായ സാഹചര്യം നല്ലവണ്ണം അറിയാവുന്നതു കൊണ്ടും, താൻ ഇപ്പോൾ അനുഭവിക്കുന്ന ശാന്തിയുടെയും സമാധാനത്തിൻ്റെയും ഗൃഹസ്ഥജീവിതം കൈമോശം വന്നാലുള്ള ഭവിഷ്യത്തുകളിൽ തീരെ തത്പര്യനല്ലാത്തതു കൊണ്ടും ഫണി ബോറ, ബിറിഞ്ചിയെ സഹായിക്കാൻ ഒട്ടും വൈമുഖ്യം പ്രകടിപ്പിച്ചില്ല. ഫണിയുടെ, ഇനിയും മുഴുവനായി എരിഞ്ഞടങ്ങിയിട്ടില്ലാത്ത തസ്കരബുദ്ധിയിൽ തോന്നിയ ഉപായമായിരുന്നു ഒരു സിദ്ധൻ്റെ വേഷം. അനുയോജ്യമായ വസ്ത്രങ്ങളും സാമഗ്രികളും ഫണി തന്നെ ബിറിഞ്ചിക്ക് ഏർപ്പാട് ചെയ്‌തു കൊടുത്തു.

"തുമി കൊഷ്ട്ടു ദിലു" (ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചു)
"നൈയ് , നൈയ് ,ബിറിഞ്ചി ബാബ. ശുഭാഗ്യോ!" (ഏയ് , ഇല്ല ബിറിഞ്ചി ബാബ. ഗുഡ് ലക്ക്! )
"ദൊയിനബാദ് ഫണി" (നന്ദിയുണ്ട് ഫണി)

ഫണി ചൂണ്ടികാട്ടിയ ആൽമരത്തണലിൽ പൃഷ്ഠം ഉറപ്പിച്ച ബിറിഞ്ചിയുടെ പൊതുജനസമ്പർക്ക കാര്യപരിപാടികളും ഫണി തന്നെ ഏറ്റടുത്തു നടത്തി. കുണ്ഠിതഭാവമുള്ള, അധികം സംസാരിക്കാത്ത ബിറിഞ്ചി ബാബ മഹാജ്ഞാനിയും ആഹാരമൊഴികയുള്ള ലൗകിക വസ്തുകൾ ബഹിഷ്ക്കരിച്ച മഹാനുഭാവനുമാണെന്ന് ഫണി മലയാളത്തിലും ആസ്സാമീസിലും പിന്നെ രണ്ടും കലർന്ന "ആസ്സായാളത്തിലും" പ്രചരണം നടത്തി. ആദ്യം സംശയത്തോടെയും പിന്നെ കൗതുകത്തോടെയും അവസാനം ഭയഭക്തി ബഹുമാനത്തോടെയും ലോകർ ബിറിഞ്ചി ബാബയെ വകവെച്ചു തുടങ്ങി. നാട്ടുകാർ,പ്രത്യേകിച്ചും തരുണീമണികൾ, ഭക്ഷണം കൊണ്ട് ആൽമരത്തണലിലേക്കും, മറ്റു ചിലപ്പോൾ ബാബ, അവരുടെ വീട്ടുപടിക്കലേക്കും ചെന്നുകയറുവാൻ തക്ക വിധത്തിൽ കാര്യങ്ങൾ മംഗളകരമായി മുന്നേറി.

ആട്ടുമാക്കാച്ചിയും ബിറിഞ്ചി ബാബയും അങ്ങനെയിരിക്കെ ആകസ്‌മികമായി ഒരു ദിവസം കണ്ടുമുട്ടി. അസഹനീയമായ ചൂടുള്ള ഒരുച്ച നേരം, പാതി വറ്റിയ കുളത്തിനരികിൽ എത്തിയ ബിറിഞ്ചി, രണ്ട് തവളകണ്ണുകൾ വെള്ളത്തിനടിയിൽ നിന്നും തന്നെ തുറിച്ചു നോക്കുന്നത് കണ്ട് ഞെട്ടുകയും, പരിഭ്രമം മാറിയപ്പോൾ കൈയിൽ കിട്ടിയ ഒരു ഉരുളൻ കല്ല് കൊണ്ട് തവളയെ എറിയുകയും ചെയ്തു. ഈ കണ്ടുമുട്ടൽ ആട്ടുമാക്കാച്ചിയേ സാമാന്യം നല്ലവണ്ണം തന്നെ ഭയപ്പെടുത്തിയെങ്കിലും തൻ്റെ ചിരകാലാഭിലാഷത്തിലേക്കുള്ള ആദ്യപടിയാണിതെന്നുള്ള കാര്യം ഗ്രഹിക്കുവാൻ ആട്ടുമാക്കാച്ചിക്ക് അപ്പോൾ കഴിഞ്ഞില്ല. വരാനിരിക്കുന്ന ഭാഗ്യാതിരേകത്തിൽ തികച്ചും അജ്ഞനായ ആ മണ്ഡൂകം കുളത്തിൻ്റെ ചെളിയാഴങ്ങളിൽ അഭയം തേടി.

വരണ്ടുണങ്ങിയ പുഴകളും കിണറുകളും പാടങ്ങളും കൂടി തുടങ്ങിയപ്പോൾ ക്ഷേത്രനിർവ്വാഹക സംഘവും നാട്ടുകാരും ഒത്തുകൂടി തലപുകഞ്ഞാലോചിച്ചു. കൂട്ടത്തിൽ നാസ്തിക ചിന്താഗതിയുള്ള ഒരു വിരുതൻ "ആൽമൂട്ടിലെ ഋഷ്യശൃംഗനോട് ഒന്ന് ചോദിച്ചാലോ?" എന്ന് തമാശരൂപേണ അഭിപ്രായപ്പെട്ടു. ഒരു ജനക്കൂട്ടത്തിന് തന്നിൽ പൊടുനെയുള്ള പ്രതിപത്തി ആദ്യമൊന്ന് ബിറിഞ്ചിയെ അന്ധാളിപ്പിച്ചെങ്കിലും അയാൾ പെട്ടന്ന് തന്നെ ആത്മസംയമനം വീണ്ടെടുത്തു. ഫണി ബോറയുടെ തർജ്ജമയിൽ കാര്യങ്ങൾ മനസ്സിലാക്കി, ഗഹനമായ പരിചിന്തനത്തിനൊടുവിൽ ബിറിഞ്ചി ബാബ രണ്ടേ രണ്ടു പദങ്ങൾ മൊഴിഞ്ഞു, "ഭേകൂലി ബിയാ".

ഗുരുമുഖത്തു നിന്നും ഇനിയൊന്നും വരാനില്ലെന്ന് മനസ്സിലാക്കിയ നാട്ടുകാർ, ഫണിയോട് കാര്യങ്ങൾ തിരക്കി മനസ്സിലാക്കി. ആസ്സാമീസിൽ "ഭേകൂലി" എന്നാൽ തവളയാണെന്നും "ബിയാ" എന്നാൽ കല്ല്യാണമാണെന്നും തിരിച്ചറിഞ്ഞ നാട്ടുകാർ തവളകളെ പിടിക്കാൻ നാലുപാടുമോടി. അമ്പലക്കുളത്തിൽ നിന്നും ആദ്യം ആട്ടുമാക്കാച്ചി പിടിക്കപ്പെട്ടു. കിണറായ കിണറൊക്കെ തപ്പി, ഒടുവിൽ മൂന്ന് തവളകളെക്കൂടി അവർ സംഘടിപ്പിച്ചു. നഗരത്തിലെ ഒരു ജന്തുശാസ്ത്രജ്ഞനെ കൊണ്ട് തവളകളുടെ ലിംഗനിർണ്ണയവും പൂർത്തിയാക്കി. പിടിക്കപ്പെട്ട തവളകളിൽ ആട്ടുമാക്കാച്ചിയൊഴികെ ബാക്കി മൂവരും അംഗനമാരായിരുന്നു! ലക്ഷണമൊത്ത ഒരുവളെ ബിറിഞ്ചി ബാബ തന്നെ തിരഞ്ഞെടുത്തു കൊടുത്തു.

മഴ പെയ്താൽ എല്ലാവർക്കും ഒരു പോലെ ഗുണകരമാകുമെന്നിരിക്കെ, കല്യാണച്ചിലവുകൾ എല്ലാം നാട്ടുകാരും ചേർന്നു തുല്യമായി പങ്കിടണമെന്ന് ക്ഷേത്രനിർവ്വാഹക സംഘം നിർദ്ദേശിച്ചു. എന്നാൽ സ്ഥലത്തെ പ്രധാന യുക്തിവാദികളും നിരീശ്വരവാദികളും മറ്റു മതസ്ഥരെ കൂട്ട് പിടിച്ച്‌, സംഘം ചേർന്ന് മുറുമുറുത്തപ്പോൾ, കല്യാണച്ചിലവുകൾ ക്ഷേത്രധനസഞ്ചയത്തിൽ നിന്നും എടുക്കാമെന്ന് സമിതി തീരുമാനിക്കുകയായിരുന്നു.

എന്താണ് നടക്കുന്നതെന്ന് പിടികിട്ടാത്ത സ്‌തംഭിതരായ മണവാളനും മണവാട്ടിയും വിവാഹനടപടിക്രമങ്ങൾ ക്രമീകരിക്കപെടുന്നതുവരെ വ്യത്യസ്തമായ കൂടുകളിൽ തുറുങ്കിലടയ്‌ക്കപ്പെട്ടു. ഇരുവരുടെയും പരിണയം, ബിറിഞ്ചി ബാബയുടെ ഉപദേശപ്രകാരം മംഗളകരമായ സിംഹലഗ്നത്തിൽ ഉറപ്പിച്ചു. ക്ഷണക്കത്തുകൾ അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടു. ക്ഷണിതാകൾ വിവാഹത്തിലും അതിന് ശേഷമുള്ള അന്നദാനത്തിലും പങ്കെടുത്ത് ദമ്പതികളെ അനുഗ്രഹിക്കണമെന്നും, സമ്മാനങ്ങൾ നൽകുന്നതിന് പകരം മഴദൈവങ്ങളോട് പ്രാർത്ഥിക്കണമെന്നും അതിൽ അഭ്യർത്ഥിച്ചിരുന്നു. ഏതോ വിശ്വാസിയുടെ വകയായി അമ്പലത്തിനു മുന്നിൽ വലിയ ഫ്ളക്സ് ഒരണ്ണം ഉയർന്നു - "മേഘനാഥൻ വെഡ്സ് അമൃതവർഷിണി"

ഒരു ഉത്സവത്തിന്നുള്ളതിനേക്കാൾ പതിമടങ്ങു ജനാവലി വിവാഹദിനത്തിൽ കാണുകയുണ്ടായി. കൗതുകം കൊണ്ടോ, അന്നദാനത്തിൻ്റെ ഭക്ഷണ പട്ടികയിലെ തരഭേദങ്ങൾ കൊണ്ടോയെന്തോ, യുക്തിവാദികളും നിരീശ്വരവാദികളും കൃത്യതയോടെ ഹാജർ രേഖപ്പെടുത്തി. നിശ്ചയിച്ചുറപ്പിച്ച ശുഭമുഹൂർത്തത്തിൽ, കുളിപ്പിച്ചു ശുദ്ധിയാക്കപ്പെട്ട വരനും വധുവും, മന്ത്രോച്ചാരണകമ്പടിയോട് കൂടി യഥാവിധി ദൃഢബദ്ധരായി. ചടങ്ങുകൾക്കൊടുവിൽ, നവദമ്പതികളെ എല്ലാവരും ചേർന്ന് ഒരു ചെറുചങ്ങാടത്തിൽ ഇരുത്തി, അമ്പലക്കുളത്തിൽ സഹവസിക്കുവാൻ ഒഴുക്കി വിട്ടു.

കൊട്ടും കുരവയും ബഹളവുമൊക്കെ ഒഴിഞ്ഞപ്പോൾ ആട്ടുമാക്കാച്ചിയുടെ സംഭ്രമം പതിയെ വിട്ടൊഴിഞ്ഞു. അപ്പോളാണവൻ തൻ്റെ അരികിലിരിക്കുന്ന സഹജീവിയെ ശരിക്കും ശ്രദ്ധിച്ചത്. കാര്യങ്ങൾ ഏറെക്കുറെ മനസ്സിലാക്കിയ ആട്ടുമാക്കാച്ചി, ആഹ്ളാദഭരിതനും അതിലേറേ രോമാഞ്ചകുഞ്ചിതനുമായി. വർഷങ്ങളായി അമർത്തപ്പെട്ട വികാരവിഷോഭങ്ങൾ, തവളകൾക്കു മാത്രം സ്വായത്തമായ വായ്പ്പാട്ടായി പ്രവാഹിച്ചു. അന്നുമുതൽ അങ്ങോട്ട് ആട്ടുമാക്കാച്ചിയുടെ കല്യാണനാളുകളായിരുന്നു.

ഇതിനിടയിൽ കാലവർഷം ചുറ്റിത്തിരിഞ്ഞു സന്നിഹിതമായി. ആദ്യം മന്ദഗതിയിലും ഒടുവിൽ പേമാരിയായും അത് രൂപപ്പെട്ടു. ബിറിഞ്ചി ബാബ കാമാഖ്യ ദേവിക്ക് നന്ദി പറഞ്ഞു. ഫണി ബോറ ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ടു. വിശ്വാസികൾ സന്തോഷിച്ചപ്പോൾ അവിശ്വാസികൾ നെറ്റിചുളിച്ചു.

മാസങ്ങൾ കടന്നുപ്പോയി, എന്നാൽ മഴ തുടർന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ "പ്രവചനങ്ങൾ" ചെവികൊള്ളാതെ മഴ ഇടവിട്ടിടവിട്ട് പെയ്‌തു കൊണ്ടേയിരുന്നു. "ഹാ! മഴ" എന്ന് പറഞ്ഞവർ "ഛേ! മഴ" എന്ന് മാറ്റി പറഞ്ഞു. കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻ‍കരുതലുകൾ സ്വീകരിക്കാൻ സർക്കാർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമർജന്സി ഓപ്പറേഷൻ സെൻറ്റർ പ്രവർത്തനസജ്ജമായി. സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഈ കോലാഹലങ്ങൊളൊന്നുമറിയാത്ത ആട്ടുമാക്കാച്ചിയും അവൻ്റെ നീലക്കണ്ണി പെണ്ണും അവരുടെ വാല്‍മാക്രിക്കുഞ്ഞുങ്ങളും അമ്പലക്കുളത്തിൽ അവ്യാകുലതയോടെ വിഹരിക്കുകയായിരുന്നു. ആട്ടുമാക്കാച്ചിയുടെ വായ്പ്പാട്ടിന് ഇമ്പവും താളവും കൂടി വന്നു.
മഴ നിലക്കാതിരുന്നപ്പോൾ വിശ്വാസികൾ രൂക്ഷമായി പ്രതിഷേധിച്ചു. യുക്തതിവാദികൾ അസരളം പൊട്ടിച്ചിരിച്ചു. നിരീശ്വരവാദികൾ പരമായി പുച്ഛിച്ചു. ക്ഷേത്രനിർവ്വാഹക സംഘം വീണ്ടും ഒത്തു ചേർന്നു. ഈ സ്ഥിതിവിശേഷത്തിന് കാരണക്കാരനായ ബിറിഞ്ചി ബാബയോട് രണ്ടു വാക്ക് സംസാരിക്കാനും അയാളോട് തന്നെ ഇതിൻ്റെ പരിഹാരം ആരായുവാനും സമിതി ഏകകണ്ഠമായി തീരുമാനിച്ചു.

മഴ ശക്തിപ്പെട്ടത് കാരണം ബിറിഞ്ചി ബാബ ഊട്ടുപുരയിലേക്ക് താമസം മാറ്റിയിരുന്നു. കുടപിടിച്ച ജനാവലിയുടെ വിളി കേട്ട് പുതപ്പിനുള്ളിൽ നിന്നും തലപൊക്കി നോക്കിയ ബാബ, ആദ്യം ഒന്ന് പതറിയെങ്കിലും, ലോകരുടെ ആവശ്യമറിഞ്ഞു കഴിഞ്ഞപ്പോൾ ധ്യാനനിഷ്‌ഠനായി.

ദീർഘനേരത്തിനൊടുവിൽ വലിയ പ്രത്യാഘാതങ്ങളുള്ള രണ്ടു ചെറിയ പദങ്ങൾ ഉച്ചരിച്ചു , "ബിബാഹ് ബിച്ചേദ്" (വിവാഹമോചനം)
നിറഞ്ഞു കവിഞ്ഞ കുളത്തിൽ മുങ്ങൽവിദഗ്‌ദ്ധർ ഊളിയിട്ടു. നീലക്കണ്ണിയും കുറച്ചു തവളക്കുഞ്ഞുങ്ങളും അവരുടെ കരാളഹസ്തങ്ങളിൽ അകപെട്ടു. ആട്ടുമാക്കാച്ചിയും ശേഷിച്ച കുഞ്ഞുങ്ങളും ചതുപ്പിൽ മറഞ്ഞിരിന്നു. കണ്ണിൽച്ചോരയില്ലാത്ത ചില മനുഷ്യർ കുളത്തിലേക്ക്‌ കല്ലുകൾ പെറുക്കിയെറിഞ്ഞു. ഭർത്താവിൻ്റെ അഭാവത്തിൽ ആ പതിവ്രതയെ, ബിറിഞ്ചി ബാബ വിവാഹമോചിതയായി പ്രഖ്യാപിച്ചു. അവളെയും കുഞ്ഞുങ്ങളെയും അവർ ചാക്കിലാക്കി നിർദാക്ഷിണ്യം കടലിലെറിഞ്ഞു.
കാലവർഷം വന്ന വഴിയേ പോയി. ബിറിഞ്ചി ബാബ വീണ്ടും ആൽമരത്തണലിൽ പൃഷ്ഠം ഉറപ്പിച്ചു. തരുണീമണികൾ മുടങ്ങാതെ ദർശനത്തിനെത്തി. തക സമയത്ത്‌ പരിഹാരമേകി നാടിനെ രക്ഷിച്ച ബിറിഞ്ചി ബാബയെ നാട്ടുകാർ ആസ്ഥാനമുനിവര്യനായി നിയോഗിച്ചു. ഊട്ടുപുരയിൽ സ്ഥിരതാമസത്തിന് ഏർപ്പാട് ചെയ്‌തു കൊടുത്തു.എന്നെങ്കിലുമൊരിക്കൽ തനിക്ക് കൈവന്ന സൗഭാഗ്യത്തിന് കാമഖ്യ ദേവിയോട് നന്ദി പറയാൻ തിരിച്ചു പോകണമെന്ന് മനസ്സിലുറപ്പിച്ചു ബിറിഞ്ചി ബാബ സസുഖം വാണു.

വരും കാലങ്ങളിൽ ആരും തന്നെ ആ കുളത്തിൽ തവളകളെ കാണുകയോ അവയുടെ കരച്ചിൽ കേൾക്കുകയോ ചെയ്‌തില്ല. പ്രത്യാശിക്കാൻ ഒന്നുമില്ലാത്ത ആട്ടുമാക്കാച്ചി ചിലപ്പോൾ ഹൃദയം പൊട്ടി മരിച്ചിരിക്കാം. ആ കുഞ്ഞുങ്ങൾ ചിലപ്പോൾ പുതുവയലുകൾ തേടി പോയിരിക്കാം. അല്ലാ, ഈ തവളകളെ പറ്റി തിരക്കാനിപ്പോൾ ആർക്കാ നേരം!

Friday, June 28, 2019

കഥ : ഉലഹന്നാന്റെ മേൽവിലാസങ്ങൾ


ഉലഹന്നാൻ വരാന്തയിലുള്ള ചാരു കസേരയിലേക്ക് പതിയെ ചാഞ്ഞിരുന്നു. ഇന്നത്തെ ഉച്ച വെയിലിന്റെ കാഠിന്യം അയാൾക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അയാളുടെ ചർമ്മം വിയർപ്പുതുള്ളികളാൽ തിളങ്ങുകയും പിൻകഴുത്തിൽ നനവ് അനുഭവപ്പെടുകയും ചെയ്തു. മരുമകൾ കൊണ്ട് കൊടുത്ത തണുത്ത മോരുംവെള്ളം ചുണ്ടോട്  അടിപ്പിക്കുന്നതിനിടയിൽ തോളത്ത് കിടന്ന വരയൻ തോർത്തു കൊണ്ടയാൾ കഴുത്തു തുടച്ചു.

"എന്തായിപ്പോ  ഈ ചൂട്! പണ്ടൊക്കെ നട്ടുച്ച വെയിലത്ത് യെത്രയാ നിന്ന് തടമെടുത്തിരിക്കുന്നേ? അന്നൊക്കെ കുഞ്ഞൊറോതക്കൊച്ച്  മോരുംവെള്ളവുമായി  വരുമ്പോളാവും ഉച്ചയായെന്ന ബോധ്യം വരുന്നതു തന്നെ. വിയർത്തു വിയർത്തു ഒടുവിൽ തണുക്കുന്ന ശരീരം. എന്തായിരുന്നു അതിന്റെ ഒരു സുഖം! ഹൊ! “

അയാൾക്ക് പണ്ടേ ഉച്ചയൂണ് പതിവില്ല. പ്രാതൽ കഴിഞ്ഞാൽ പിന്നെ രാത്രി ഏഴുമണിക്ക് ചോറും കറിയും കൂട്ടി വയറു നിറച്ചു ഭക്ഷണം. അതായിരുന്നു അന്നും ഇന്നും അയാളുടെ ശീലം. വലിയൊരു കഷണം ഇഞ്ചി നാവിൽ തട്ടിയപ്പോൾ അയാൾ ചിന്തകളിൽ നിന്ന് തിരിച്ചു വരികയും പെട്ടന്ന് തോന്നിയ ഈർഷ്യത്തിൽ നീട്ടിത്തുപ്പുകയും ചെയ്തു. അത് പക്ഷേ മുറ്റത്തെ ഇലഞ്ഞി മരച്ചോട്ടിലേക്കായിപ്പോയി.

“കുഞ്ഞൊറോതേ, ക്ഷമിക്കനേടീ. ഓർത്തില്ലെടീ ഞാൻ. അറിഞ്ഞോണ്ട് എന്റെ കൊച്ചിന്റെ നേരേ തുപ്പോ ഞാൻ? ആകെയുണ്ടായിരുന്ന പല്ലും രണ്ടൂസം മുമ്പങ്ങ് വീണു. അതിന്റെ ദേഷ്യം ഇല്ലാണ്ടിരിക്കോടീ  നിന്റെ ലോന്നാണ്?” ഇലഞ്ഞി മരം മെല്ലെ ഒന്ന് തലയാട്ടിയതായും അമർത്തിയൊന്നു മൂളിയതായും അയാൾക്ക് തോന്നി.

കുഞ്ഞൊറോതക്ക്  ഇലഞ്ഞിപൂക്കൾ വലിയ ഇഷ്ട്ടമായിരുന്നു, ഇലഞ്ഞി മരവും. ഇലഞ്ഞിപ്പൂ പോലത്തെ കമ്മലും മൂക്കുത്തിയും പണികഴിപ്പിച്ചു കൊടുത്ത ആ പിറന്നാൾ ദിനത്തിൽ ഒറോത, ഉലഹന്നാന് ഏറ്റവും ഇഷ്ട്ടമുള്ള പഴംപൊരി ഉണ്ടാക്കി കൊടുക്കുകയും പച്ച നിറമുള്ള ഒരു തുകൽ നോട്ട്ബുക്ക്  സമ്മാനമായി നൽക്കുകയും ചെയ്തു. കൃത്യം അമ്പതിയഞ്ചു വർഷങ്ങൾക്ക്  മുമ്പായിരുന്നു അത്. ഇലഞ്ഞി മരം ഈ മുറ്റത്ത് നട്ടിട്ടിപ്പോൾ വർഷം ഇരുപത്തിയൊന്ന് കഴിയുന്നു. അതിൽ പിന്നെ ഇലഞ്ഞിപ്പൂവിന്റെ നറുമണമുള്ള എത്ര രാത്രികളാണ് 'ലോന്നാൻ' എന്ന് കുഞ്ഞൊറോത വിളിച്ചിരുന്ന ഉലഹന്നാൻ, ഈ വരാന്തയിൽ ഇലഞ്ഞിമരത്തെയും അതിന്റെ ഇലകളെയും നിലാവെളിച്ചത്തെയുമൊക്കെ നോക്കി കിടന്നത്?

“ബിൻസിയേ, എടീ ബിൻസിയേ, ഈ ഇഞ്ചിയോന്ന് ശരിക്കും ചതക്കാൻ പാടില്യയോടീ നിനക്ക്?  എന്റെ പല്ലു വീണത് നീയും കണ്ടില്യയോടീ?"

മരുമകൾ തിടുക്കപെട്ട് ഉമ്മറത്തേക്ക് ഓടി വന്നു, "എന്തിനാ ന്റെ പൊന്നപ്പാ നിങ്ങള് കിടന്ന് ഒച്ച വയ്ക്കുന്നേ? ഞാൻ അവിടെ മീൻ കഴുകുവാ. ജോബിച്ചയന്റെ കോളേജിലെ  കൂട്ടുകാരൊക്കെ ഇന്ന് വിരുന്നു വരുന്ന ദിവസമല്യയോ? ഒന്നും അങ്ങട്ട്  ആയിട്ടില്ല ഇതുവരെ. ഇനിയും കിടക്കുന്നു എനിക്ക് പിടിപ്പത് പണി. അതിന്റെ ഇടയില് തമ്പുരാനെയോർത്തു അപ്പനും കൂടി തുടങ്ങല്ലേ."

"എനിക്ക് ചവയ്ക്കാൻ പറ്റാത്തതൊക്കെയാവും നീ ഉണ്ടാകുന്നത്, എനിക്കറിഞ്ഞുക്കൂടായോ നിന്നെ! തൊണ്ണൂറ് കഴിഞ്ഞ ഒരു മനുഷ്യനെ ഇങ്ങനെ കഷ്ട്ടപെടുത്താൻ നിനക്ക് തോന്നുന്നല്ലോടീ."

"എന്റെ അപ്പാ, ഞാൻ ഇഞ്ചിയും ചെറിയുള്ളിയും കറിവേപ്പിലയുമൊക്കെ നല്ലതു പോലെ ചതച്ചതാ മോരിൽ ചേർത്തേ. ധിറുതിയിൽ കണ്ടിട്ടുണ്ടാവില്ല, അങ്ങ് ക്ഷമി. ഇന്ന് അപ്പനോട് വഴക്കിടാൻ എനിക്ക് ഒട്ടും സമയമില്ല.” അങ്ങനെ പറഞ്ഞു കൊണ്ട് ബിൻസി അകത്തേക്ക് കേറിപ്പോയി.

ഉലഹന്നാന് ചിരി വന്നു. അയാൾ ഇലഞ്ഞി മരത്തോടായി പറഞ്ഞു, “പാവമാ. അവൾക്കെന്നെ വലിയ കാര്യമാടീ. നിന്നെ പോലെ അറിഞ്ഞും കണ്ടുമൊന്നും ചെയ്യത്തില്ലന്നേയുള്ളു. ഒരു കഥയില്ലാത്തോളാ."

അയാൾക്ക് പച്ച  പുറംചട്ടയുള്ള ആ നോട്ട്ബുക്ക് ഒന്ന് കാണണമെന്ന് തോന്നി. പക്ഷേ ആ നോട്ടുബുക്ക് എന്തിനായിരുന്നു താൻ ഉപയോഗിച്ചിരുന്നതെന്ന് എത്രയാലോചിച്ചിട്ടും ഉലഹന്നാൻ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ, അത് അറിയാൻ അയാൾക്ക് വല്ലാത്ത വാശിയായി. ഈയിടെയായിട്ട്  അയാൾ ഇങ്ങനെയാണ്. എത്ര ത്രീവമായി അയാളെ ഓർമ്മകൾ ചതിക്കുന്നുവുവോ അത്ര തന്നെ ത്രീവ്രമായി അയാൾ അവരെ പിന്തുടരാൻ ശ്രമിക്കും. പിന്നെ ഇരുന്നാലും കിടന്നാലും മാറാതൊരു തലവേദന ഉടലെടുക്കും, അതും ഒരു വശത്തു മാത്രം. കുറച്ചു നേരം വരാന്തയിൽ ഉലാത്തുമ്പോൾ ചെയ്യാനുദ്ദേശിച്ച കാര്യം അയാൾ മറക്കുകയും, അയാളുടെ തലവേദന അപ്പോൾ കുറയുകയും ചെയ്യും. ഇത് അതുപ്പോലെ ആവരുതെന്ന് അയാൾ തീരുമാനിച്ചു.

അയാൾ മുറിക്കുള്ളിൽ കയറി ഭാര്യയുടെ  അലമാരയിൽ തിരയാൻ ആരംഭിച്ചു. വർഷങ്ങൾക്കിപ്പുറവും  അതിനുള്ളിൽ ഇപ്പോഴും കുഞ്ഞൊറോതയുടെ മണം തങ്ങി നിന്നിരുന്നു. ഏലയ്ക്കയുടെ വാസന. ഉലഹന്നാൻ ഒരു ദീർഘശ്വാസമെടുത്ത്  സാവധാനം പുറത്തേക്ക് വിട്ടു. ഒറോതയുടെ കൊന്തയും കുരിശും ഇലഞ്ഞിപ്പൂക്കമ്മലും  മൂക്കുത്തിയും ഒക്കെ അയാളെ വല്ലാതെ അസ്വസ്ഥമാക്കി. ഉലഹന്നാന്റെ ഇടത് കൈയിൽ ഒരു തരിപ്പ് അനുഭവപെട്ടു തുടങ്ങിയിരുന്നു. അരമണിക്കൂറിന്റെ  ശ്രമത്തിനൊടുവിൽ അയാൾ അത് കണ്ടെടുത്തു. അപ്പോഴേക്കും അയാൾ നന്നേ ക്ഷീണിച്ചു. വിയർപ്പിനാൽ വസ്ത്രങ്ങൾ ശരീരത്തോട് ഒട്ടി കിടന്നു. ബാക്കിവെച്ച സംഭാരം കുടിച്ചുക്കൊണ്ടയാൾ ചാരുകസേരയിൽ വന്നിരുന്ന്  ആ നോട്ട്ബുക്ക് പരിശോധിക്കാൻ തുടങ്ങി. അതിനകത്ത് ചുവന്ന മഷിയുള്ള ഒരു പേനയുമുണ്ടായിരുന്നു.

ആ ബുക്ക് നിറയെ മേൽവിലാസങ്ങലായിരുന്നു. തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ, പലപ്പോഴായി താൻ കണ്ടുമുട്ടിയ വ്യക്തികളുടെ വിലാസങ്ങൾ. അതിൽ അയാളും കുടുംബവും മാറി മാറി താമസിച്ചിരുന്ന വാടകവീടുകളുടെ വിലാസങ്ങളുമുണ്ടായിരുന്നു. മറ്റു ചിലത് അയാളുമായി ബന്ധമുണ്ടായിരിക്കാൻ സാധ്യതയുള്ള കടകളുടെയും ഓഫീസുകളുടെയും വിലാസങ്ങളാവാം.

ഗാഢമായൊരു വിഷാദം എവിടെന്നോ കയറി ഉലഹന്നാന്റെ തൊണ്ടയിൽ കുടുങ്ങി കിടന്നു. ക്ലേശം അയാളുടെ മ്ലാനമായ മുഖത്ത് പ്രതിഫലിച്ചു. വിലാസം എഴുതാനുള്ള ഈ ബുക്ക് ഒരിക്കലും തന്നെ വികാരതീവ്രതക്ക് അടിമപ്പെടുത്തുമെന്ന് അയാൾ കരുതിയിരിക്കില്ല. പക്ഷേ ഈ ജീവിതസായാഹ്നത്തിൽ  മറ്റയേത് വികാരമാവും സന്ദർഭോചിതമാകുക?

ഒരു ആയുഷ്കാലത്തെ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും പരിചയങ്ങളുടേയും ദൃഢത, കുറച്ചധികം മങ്ങിയ മഷി കറുപ്പുകളിൽ വ്യാപിച്ചു കിടക്കുന്നു. മുന്നിൽ നടന്നവർ, പിന്നിൽ നടന്നവർ, മറ്റു ചിലർ ഒപ്പം നടന്നവർ. ഒട്ടുമിയ്ക്ക മേൽവിലാസങ്ങളും പക്ഷേ കുറുകെ വെട്ടിയിരുന്നു.  മേൽവിലാസക്കാർ അവിടുന്ന് മാറി പോയതായിരിക്കാം. അല്ലെങ്കിൽ ചിലപ്പോൾ മരിച്ചു പോയിരിക്കാം. അതുമല്ലെങ്കിൽ താനും മേൽവിലാസക്കാരും തമ്മിലുള്ള ബന്ധം മുറിഞ്ഞു പോയതായിരിക്കാം. അയാളുടെ ദുഃഖം ഒഴുകുന്ന പുഴയായി.

“എപ്പോഴാണ് മേൽവിലാസവും മേൽവിലാസക്കാരനും തമ്മിലുള്ള ബന്ധം താൻ നിരീക്ഷിക്കുന്നത് നിർത്തി വച്ചത്?”  ഉലഹന്നാൻ ഓർക്കാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഈ വിലാസങ്ങളുടെ നോട്ട്ബുക്ക് തന്റെ ആത്മകഥ തന്നോട് പറയുന്നതായി അയാൾക്ക് തോന്നി.

അണക്കെട്ട് നിർമ്മാണതിന്  മുന്നോടിയായി, കേന്ദ്ര ജലവൈദ്യുത കമ്മിഷനു വേണ്ടിയുള്ള, സമഗ്രപഠന റിപ്പോർട്ടുകൾ  തയ്യാറാക്കുന്ന സംഘത്തിന്റെ കൈക്കാരനായാണ്  ഉലഹന്നാൻ ആദ്യമായി കുറവൻ മലയുടെയും കുറത്തിമലയുടെയും മലയടിവാരത്തിലെത്തുന്നത്. പിന്നീട് ഏലകർഷകനായ പൈലിയുടെയും ഏലിയാമ്മയുടെയും സീമന്തപുത്രി കുഞ്ഞൊറോതയേയും മിന്നുകെട്ടി അതിയാൻ അവിടെത്തന്നെയങ്ങ് കൂടുകയായിരുന്നു. അവിടെന്നങ്ങോട്ട് ഉലഹന്നാന്റെ പ്രപഞ്ചം പ്രകൃതി രമണീയതയുടെ ഈറ്റില്ലമായ ഈ താഴ്വരയായി മാറി.

അയാൾ മേൽവിലാസങ്ങൾ ഓരോന്നായി പരിശോധിക്കാൻ ആരംഭിച്ചു. നെല്ലിക്കുന്നേൽ അച്ഛന്റെ പേര് കണ്ടപ്പോൾ ഉലഹന്നാൻ തന്റെ ബാല്യകാലത്തേക്ക് പോയി. അച്ഛന്റെ സ്നേഹശാസനകലോർത്തു. ചിലന്തി വീണ കഞ്ഞിയും കപ്പപുഴുക്കും തന്നെ നിർബന്ധപൂർവം കഴിപ്പിച്ച കപ്പിയാർ വറീതിനെ ഓർത്തു. ഒരു പത്തുവയസുകാരന്റെ ഹൃദയമിടുപ്പകളെ അനിയന്ത്രിതമാക്കിയിരുന്ന, പേരോർമ്മയില്ലാത്ത, രണ്ട് തരളപ്രഭയുള്ള മിഴികളെയോർത്തു. അനാഥാലയത്തിലെ നരച്ച ചുവരുകൾ പോലെ ഓർമ്മകൾക്കും അവ്യക്തത. ഒറോതയെ മിന്നു കെട്ടിയ വിവരമറിയിച്ചുകൊണ്ട് താൻ എഴുതിയ കത്തിന് അച്ഛന്റെ മറുപടി വന്നില്ലെന്നാണ് ഓർമ്മ.

അടുത്തതായി കണ്ണുടക്കിയത്  രാഘവൻ മാഷിലാണ്. കൃഷിയുടെ ബാലപാഠങ്ങൾ തനിക്ക് പറഞ്ഞു തന്ന ഗുരുനാഥൻ. മാഷിന്റെ മേൽവിലാസത്തിന്  കുറുക്കെ ചുവന്ന മഷിയിൽ വരച്ച വര അയാളുടെ തിമിരം ബാധിച്ച കണ്ണുകൾ പിന്നെയും ഈറനാക്കി. ഇടതു കൈയിൽ നേരത്തെ അനുഭവപ്പെട്ട തരിപ്പ് ഒരു കഴപ്പായി മാറുന്നതായി അയാൾക്ക് അനുഭവപെട്ടു.

സ്കറിയയുടെ രണ്ടു വിലാസങ്ങൾ ബുക്കിൽ ഉണ്ടായിരുന്നു. ഒന്ന് തൊടുപുഴയിലെയും രണ്ടാമത്തേത് ന്യൂ സിലാൻഡിലെയും.  പേരക്കുട്ടികളേ നോക്കാൻ പോകുന്ന സന്തോഷത്തിനിടയിലും ആദ്യ വിമാനയാത്രയുടെ ആശങ്കയും വെപ്രാളവും പങ്കു വയ്ക്കാൻ വന്നപ്പോഴാണ് സ്കറിയയേയും ശോശാമ്മയേയും അവസാനമായി ഉലഹന്നാൻ കാണുന്നത്. വിമാനത്തിലെ സീറ്റിൽ നിന്നും വീഴാതിരിക്കാൻ എന്ത് തരം ബെൽറ്റാണ് വാങ്ങിക്കേണ്ടതെന്ന സ്കറിയയുടെ ചോദ്യം കേട്ട് ചിരിക്കാൻ തുടങ്ങിയ ഉലഹന്നാൻ അത് നിർത്താൻ പെട്ട പാട്!

പിന്നെ, സർക്കാർ ആശുപത്രിയിൽ ഡോക്ടറായി ജോലി കിട്ടിപ്പോയ രാജു. പണിക്കാരി ചെല്ലമ്മയുടെ ചെറുക്കൻ. “ചന്ദിരനെ കാട് കൊണ്ടോയപ്പോൾ അവറ്റകൾക്ക് കേറി കിടക്കാൻ ഒരു പുരയും ചെക്കന് പഠിക്കാൻ കായ്യും കൊടുത്തിന്റെ നന്ദിയുള്ള കൂട്ടമാ.” വല്ലപ്പോഴും മരുന്നുകളുമായി ഉലഹന്നാനെ കാണാൻ മലകേറുന്ന ഏക വ്യക്തിയും ഈ ഡോക്ടറായിരുന്നു. ദാനപ്പട്ടികയിൽ അധികമൊന്നും എഴുതിച്ചേർക്കാനില്ലാത്ത പിശുക്കൻ ഉലഹന്നാന്റെ മറ്റൊരു മുഖം.

മക്കളുടെ ഹോസ്റ്റലുകൾ, പാലായിലുള്ള ബിൻസിയുടെ അപ്പച്ചൻ പൗലോസ്, ജോബിയുടെ മകൾ എസ്തേറിന്റെ ദുബായിലെ വിലാസം, തന്റെ ഇളയ മകൾ റാഹേലിന്റെ കാനഡയിലെ വിലാസം, അവളുടെ അമ്മായിയച്ഛൻ ഇസ്തപ്പാൻ അങ്ങനെ ഒരുപാട് പേർ ആ താളുകളിൽ നിറഞ്ഞു നിന്നു.
“റാഹേലിന്റെ പേരകുഞ്ഞിന് ഇപ്പൊ വയസു മൂന്നായി കാണുമായിരിക്കും, ല്യയോ കൊച്ചേ? അതിനെ  ഒന്ന് കാണാൻ പറ്റുമോയെന്തോ ഇനി! ബിൻസി ഫോണിക്കൂടെ കാട്ടിത്തന്ന ഫോട്ടോയിൽ നിന്നെയങ്ങു കൊത്തി വെച്ചേക്കുവല്ലയോ! ഇടത്തേ പുരികത്തിലെ കാക്കപ്പുള്ളി വേരെ അവിടെ ഉണ്ടെടീ കൊച്ചേ!”

വിലാസങ്ങളൊക്കെ വെടിപ്പായി എഴുതിയിട്ടിരുന്നെങ്കിലും ഉലഹന്നാൻ അധികമാർക്കും എഴുത്തുകൾ എഴുത്തിയിരുന്നില്ല.  അത് കൊണ്ട് തന്നെ ആരും അയാൾക്കും കത്തുകൾ അയച്ചിരുന്നില്ല.
“ഇപ്പൊ പിന്നെ തോണ്ടുന്ന ഫോൺ വന്നതിൽ പിന്നെ പറയേം വേണ്ടാ, എന്റെ ഒറോത കൊച്ചേ!”, അയാൾ നെടുവീർപ്പിട്ടു.

താടിക്ക് കീഴിലായി ഒരു നേരിയ വേദന തോന്നി തുടങ്ങിയപ്പോൾ അയാൾ ബിൻസിയോട് ഒരു മൊന്ത മോരുംവെള്ളം കൂടി ആവശ്യപ്പെട്ടു. പ്രഷർ കുക്കറിന്റെ ചൂളമടിക്കിടയിൽ ബിൻസി അത് കേട്ടില്ല. അവർ അപ്പോൾ മീൻകറിയുടെ ഉപ്പ് നോക്കുകയായിരുന്നു.

“ഇലഞ്ഞിമരച്ചോട്ടിൽ ആരെങ്കിലുമുണ്ടോ? ആരാത്? ഒറോത കൊച്ചോ? നിന്റെ മൂക്കൂത്തി എന്തിയേടീ? അകത്തെ അലമാരയിൽ ഞാൻ കണ്ടതാണല്ലോ? ഹേ! ഈശോയേ! നെല്ലിക്കുന്നേൽ അച്ഛനോ? രണ്ടാളും കൂടി വന്നേക്കുവാല്ലേ? അപ്പോ സമയമായി , അല്യയോ?”

ഉലഹന്നാൻ ചുവന്ന മഷി കൊണ്ട് നോട്ട്ബുക്കിന്റെ അവസാനത്തെ താളിൽ, വിറക്കുന്ന വിരലുകളാൽ  അയാളുടെ മേൽവിലാസമെഴുതി ചേർത്തു. അതിന്റെ കുറുക്കെ ഒരു വരയും വരച്ചു. ഇലഞ്ഞിപ്പൂവിന്റെ ഗന്ധം അയാളുടെ നാസികയിൽ ഇരച്ചു കയറി. കണ്ണുകൾ മെല്ലെ അടയുന്നു. 

“നമ്മടെ വിലാസം ഇതിൽ ഇല്ലായിരുന്നെടീയേ, അതോണ്ട് ഞാൻ അത് അങ്ങട് എഴുത്തി ചേർത്തന്നേ. അതിനിപ്പോ നീയെന്തിനാ മൊകം വീർപ്പിക്കനേ? മോരുംവെള്ളം ….. ഹോ, ദാഹിക്കുന്നെല്ലോ! ഇത്ര പെട്ടെന്ന് ഇരുട്ടും വീണോ? ഇനിയൊരു നീലക്കുറിഞ്ഞിപ്പൂക്കാലം കാണാൻ ഒക്കത്തില്ലല്ലോടീ  കുഞ്ഞൊറോതക്കൊച്ചേ , നിന്റെ ഈ ലോന്നാന്. “

ഉലഹന്നാന്റെ കണ്ണുകൾ പൂർണമായും അടയുകയും, അയാളുടെ ചുണ്ടുകൾ ഒരു വശത്തേക്ക് കോടുകയും, അതിൽ കൂടി ഒരു തുള്ളി ഉമിനീർ ഒലിക്കുകയും ചുവന്ന മഷി പേന അയാളുടെ കൈകളിൽ നിന്ന് താഴെ വീഴുകയും അതിന്റെ മുനയൊടിയുകയും ചെയ്തു. അയാളുടെ ദുർബ്ബലമായ ഹൃദയം അവസാനമായി ഒരിക്കൽക്കൂടി ഇടിച്ചു.

ബിൻസിക്ക് ഇനി മീൻ പൊരിക്കുന്ന ജോലി കൂടിയേ ബാക്കിയുണ്ടായിരുന്നോളൂ. അവൾ കപ്പപുഴുക്കിന്റെ വേവ് നോക്കി. “നല്ല വേവുള്ള കപ്പ. ഇത് അപ്പൻ പൂപോലെ ചവച്ചിറക്കും."

Friday, June 1, 2018

കഥ : മനസ്സേ, ശാന്തമാകൂ!


മനസ്സേ, ശാന്തമാകൂ!

തകർത്തു പെയ്യുന്ന മഴയും അതിൽ ആടിത്തിമിർക്കുന്ന അംഗദേശവാസികളെയും അന്തഃപുരത്തിലെ ജാലകപ്പടിക്കരികിലിരുന്നവൾ ഇമവെട്ടാതെ നോക്കി. ഇന്ന് അവിരാമത്തിൻ്റെ ഏഴാം നാൾ. മഴ തെല്ലും തോരുന്ന ലക്ഷണമില്ല. മറിച്ച്, കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. തരിശുഭൂമിയുടെ വന്ധ്യതയിൽ നിന്നും അംഗദേശത്തെ സമൃദ്ധിയുടെ ഭൂയിഷ്‌ഠതയിലേക്ക് നയിക്കാൻ ജീവാമൃതം വര്‍ഷിക്കുകയാണ് . മുനി കുമാരൻ്റെ ബ്രഹ്മചര്യത്തിന് മഴ ദൈവങ്ങളുടെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു!

അവൾ, അംഗരാജൻ ലോമപാദൻ്റെ പ്രിയപുത്രി ശാന്ത. വൃഷ്ടിയുടെ കുളിർ പക്ഷേ അവളുടെ നെഞ്ചകത്ത് വീശുന്നില്ല. അവിടെ, സ്വപ്നങ്ങൾ എരിഞ്ഞടങ്ങുന്നതിൻ്റെ ധൂമപടലങ്ങൾ മാത്രം. ആറ് നാഴികകൾക്കപ്പുറം ഋഷ്യശൃംഗൻ്റെ ഭാര്യയാകുവാൻ വിധിക്കപെട്ടവൾ. സാഹിത്യം, ചരിത്രം, കരകൗശലം, ആയോധനം എന്നിവയിൽ നൈപുണ്യം നേടിയ അതിസുന്ദരിയായ രാജകുമാരി. ഇന്നിതാ പക്ഷേ , മരവുരി ധരിക്കുന്ന, ശിരസ്സിൽ കലമാന്‍ കൊമ്പുകളുമായി പിറന്ന ഒരു മുനിയുടെ പത്നിയാകുവാൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു. കേവലം വചസ്സുകൾ കാരണം, വിളംബരവചസ്സുകൾ!!

എന്നും മറ്റുള്ളവരുടെ വചസ്സുകളായിരുന്നു അവളുടെ വിധിയെ നിനച്ചിരിക്കാത്ത ദിശകളിലേക്ക് തിരിച്ചു വിട്ടിരുന്നത്. അത് ഓർത്തപ്പോൾ അവൾക്ക് തന്നോട് തന്നെ സഹതാപം തോന്നുകയും അവളുടെ അധരങ്ങളിൽ ആ കാരണത്താൽ ഒരു ചെറുമന്ദഹാസം വിടരുകയും ചെയ്‌തു.

അന്ന് യാഗാന്ത്യത്തിൽ, മഴമേഘങ്ങൾ പെയ്തിറങ്ങിയ ആഹ്ളാദത്തിൽ സ്വയം മറന്നു പോയിരുന്നു ലോമപാദൻ. ഈ കൂട്ടത്തിലുള്ള ഏത് കന്യകയെ വേണമെങ്കിലും താങ്കൾക്ക് ഭാര്യയായി തിരഞ്ഞെടുക്കാമെന്ന് മുനിവര്യനോട്‌ പ്രഖ്യാപിക്കുമ്പോൾ, തൻ്റെ മകളുടെ അപ്‌സരസൗന്ദര്യത്തെക്കുറിച്ച് ഒരു നിമിഷം അദ്ദേഹം മറന്നു പോയിരിക്കാം. ദേശം ഭരിക്കുന്ന അരചൻ്റെ വാക്കുകൾക്ക് വജ്രശക്തിയുണ്ടാകുമെല്ലോ. ഋഷ്യശൃംഗൻ്റെ കണ്ണുകൾ അവളിൽ ഉടക്കി നിന്നപ്പോഴും നടന്നതൊന്നുമറിയാതെ കോരിച്ചൊരിയുന്ന മഴനൂലുകൾക്കിടയിൽ അവൾ ആനന്ദനര്‍ത്തനത്തിൽ നിമഗ്നയായിരുന്നു.

അച്ഛൻ്റെ മനമുരുകുന്നത് അവൾ അറിയുന്നു. രാജധർമ്മത്തിന് മുന്നിൽ പിതൃധർമ്മം കൈകൾ കൂപ്പി നിസ്സാഹായതയുടെ കണ്ണുനീർ പൊഴിച്ചപ്പോൾ, അവൾ ഉള്ളിലെ തീമഴ മറച്ചു പിടിക്കാൻ ആയാസപെട്ടു . ഒരു നിശ്വാസം കൊണ്ടു പോലും അച്ഛനെ വേദനിപ്പിക്കാൻ തനിക്കാവില്ലെന്ന് അവൾക്കറിയാം. എന്നാലും അന്നാദ്യമായി അച്ഛനോട് നിഷേധം പറയേണ്ടി വന്നതിൽ അവൾ ഇപ്പോഴും ഖേദിക്കുന്നു.

ശിവതീർത്ഥൻ്റെ ശാപം. അന്നൊരു മഴക്കാലമായിരുന്നു. അതെ, അംഗദേശം മഹൈശ്വര്യയുഗത്തിൻ്റെ പരകോടിയിൽ നിന്നിരുന്ന കാലം! വിളയിറക്കുവാനുള്ള സഹായം അഭ്യർത്ഥിക്കുവാൻ, രാജാവിനെ മുഖം കാണിക്കുവാൻ വന്ന അനേകം പ്രജകളിൽ ഒരുവനായിരുന്നു അയാളും. പ്രിയപുത്രിയുമായി നർമ്മസല്ലാപത്തിൽ മുഴക്കിയിരുന്ന ലോമപാദൻ്റെ അവഗണനയുടെ അപമാനമേറ്റ് തിളച്ചു ബ്രാഹ്മണരോഷം. ഒടുവിലത് കൊടുംവരള്‍ച്ചയായി പരിണമിച്ചു. ഇവിടെയും വചസ്സുകൾ തന്നെ കാരണം, ശാപവചസ്സുകൾ!!

അറിഞ്ഞോ അറിയാതെയോ അവളും അതിൽ പങ്കാളിയല്ലേ? അദ്ദേഹം മുഖം കാണിക്കുവാൻ വന്നപ്പോൾ അവൾക്കെങ്കിലും ഒന്ന് ശ്രദ്ധിക്കാമായിരുന്നു. പ്രജകളുടെ ക്ഷേമത്തിൽ രാജാവിനുള്ളതുപോലെ പ്രതിബദ്ധത അംഗദേശത്തിൻ്റെ യുവരാജ്ഞിയായ അവൾക്കുമില്ലേ? മനസ്സേ, സന്നദ്ധമാകൂ!!

"അമ്മ മഹാറാണി വർഷിണിയും അയോദ്ധ്യയുടെ പട്ടമഹിഷി കൌസല്യാരാജ്ഞിയും അന്തഃപുരത്തിലേക്ക് എഴുന്നള്ളുന്നു." തോഴി കനകവല്ലിയുടെ ശബ്ദം അവളെ വർത്തമാനകാലത്തേക്ക് തിരികേ കൊണ്ടുവന്നു.

അമ്മയെയും കൌസല്യാരാജ്ഞിയെയും വണങ്ങി അവൾ അയോദ്ധ്യയിലെ ക്ഷേമമന്വേഷിച്ചു. നവവധുവിനുള്ള പുടവകളും രത്നങ്ങളും വേണ്ടുവോളം കൊടുത്തയച്ചിരിക്കുന്നു ദശരഥ മഹാരാജൻ.

പൊതുവേ മുഖവുരകൾ ഇഷ്ടമല്ലാത്ത വർഷിണി പറഞ്ഞു, "കൌസല്യാമ്മക്ക് മകളോട് ചിലത് പറയുവാനുണ്ട്. നീ അറിഞ്ഞിരിക്കേണ്ട ചിലത്. അമ്മ അന്തഃപുരത്തിലുണ്ടാവും." അവർ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് കവിള്‍ത്തടത്തിൽ മെല്ലെ തലോടി, തിരിഞ്ഞു നടന്നു.

'അമ്മയെന്തേ മുഖം തരാതെ...?', അവൾ നടന്നകലുന്ന വർഷിണിയിൽ നിന്നും കൌസല്യയുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.

കൌസല്യ ഒരു ദീര്‍ഘനിശ്വാസത്തിനൊടുവിൽ പറഞ്ഞു, 'നീ ഞങ്ങളുടെ മകളാണ്, ദശരഥൻ്റെയും കൌസല്യയുടെയും ഏക പുത്രി. കോസല സാമ്രാജ്യത്തിൻ്റെ രാജകുമാരി. അയോദ്ധ്യയുടെ സ്വന്തം യുവരാജ്ഞി. അംഗദേശത്തിന് നീ ദത്തുപുത്രി മാത്രം.' രാഞ്ജിയുടെ വാക്കുകളിലേ പ്രതാപം അവൾ മനസ്സിലായില്ലെന്ന് നടിച്ചു.

'സൂര്യവംശി അജരാജപുത്രൻ ദശരഥൻ, തൻ്റെ പിതാവോ?' അവൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി, ഒപ്പം പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വിങ്ങലും. 'താൻ ജീവനുതുല്യം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അച്ഛന്‍ തനിക്കാരുമല്ലെന്നോ? ഇത്രയും നാൾ തലചായ്‌ച്ചുറങ്ങിയ അമ്മമടിത്തട്ട് തനിക്ക് അന്യമോ? ആദ്യചുവടുകൾ എടുക്കാൻ സഹായിച്ച, പനിച്ചൂടിൽ തളർന്നു കിടന്നപ്പോൾ തലോടിയ, കൈവിരലുകളുമായി തനിക്ക് പൊക്കിള്‍ക്കൊടി ബന്ധമില്ലെന്നോ?'

അവൾ വീണ്ടും ജാലകപ്പടിക്കരികിലേക്ക് നടന്നു. കൈനീട്ടി മഴത്തുള്ളികളെ ഉള്ളംകൈയിൽ സംഭരിച്ചു. വിരലുകൾ കൊണ്ട് അവയെ ആവരണം ചെയുവാൻ ശ്രമിച്ചപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവയൊക്കെ അവളെ തനിച്ചാക്കി. 'പതിനാറു വർഷത്തെ സ്നേഹവും മമതയും തന്നോടൊപ്പമുള്ളപ്പോൾ ഈ അറിവ് എന്നെയെന്തിന് അസ്വസ്ഥമാക്കണം? ഇപ്പോൾ ഉള്ള ധർമ്മസങ്കടത്തിൽ നിന്നും കരകേറും മുന്നേ മറ്റൊന്നോ? പാടില്ല, തനിക്ക് ഉണ്ടെന്ന് താൻ അഹങ്കരിച്ചിരുന്ന സ്ഥൈര്യം കൈവിട്ടുകൂടാ. ഞാൻ ശാന്ത, അംഗരാജൻ ലോമപാദൻ്റെ പ്രിയപുത്രി.', അവൾ മനസ്സിൽ പറഞ്ഞുറപ്പിച്ചു.

ശാന്ത ഒന്നും പറയുന്നില്ലെന്ന്‌ കണ്ടപ്പോൾ കൌസല്യ തുടർന്നു, 'ഇഷ്ട്ടമുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെ വേണ്ടി വന്നു. ജനിച്ചപ്പോൾ നിനക്കുണ്ടായിരുന്ന ഒരു വൈകല്യം മാറണമെങ്കിൽ, സന്താനഭാഗ്യമില്ലാത്ത ദമ്പതികള്‍ നിന്നെ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അകമഴിഞ്ഞ് സ്നേഹിക്കുകയും അവർ നിന്നെ വളർത്താൻ സ്വമനസ്സാലെ സന്നദ്ധമാവുകയും ചെയ്യണമെന്ന്‌ ഗുരുവര്യന്മാർ അരുളി. എൻ്റെ ജ്യേഷ്‌ഠസോദരി വർഷിണി, തമാശ രൂപേണ അവതരിപ്പിച്ച ആവശ്യം, തകർന്ന മനസ്സോടെ അയോദ്ധ്യരാജൻ അംഗീകരിക്കുകയായിരുന്നു. അന്ന് അദ്ദേഹം കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ എൻ്റെ ഹൃദ് കല്ലാക്കുവാൻ എന്ത് മാത്രം ഉദ്യമിച്ചെന്നോ പുത്രി? ഇന്നിപ്പോൾ നിന്നെ ഇത്രയേറെ ഓജസോടെയും തേജസോടെയും ദർശിക്കുമ്പോൾ ഈ അമ്മമനം അത്ര തന്നെ ആഹ്ളാദഭരിതമാണ്.'

'വചസ്സുകൾ, പിന്നെയും വചസ്സുകൾ തന്നെ ഹേതു', അവൾ മഴയിൽ നിർത്തമാടുന്ന കർഷകപത്നികളെ നോക്കി നെടുവീർപ്പിട്ടു. 'സന്തോഷം വരുമ്പോൾ ഒരു കുന്നോളം ആഹ്ളാദിക്കുവാനും സങ്കടം വരുമ്പോൾ ഒരു കടലോളം കരയുവാനും മറ്റൊരു ജന്മത്തിലെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ!'

കൌസല്യയുടെ കരസ്പർശം ചുമലിൽ പതിഞ്ഞപ്പോൾ അവൾ പതിയേ തിരിഞ്ഞ് അവരെ ആശ്ലേഷിച്ചു. 'കൌസല്യാമ്മയോടുള്ള സ്നേഹം അന്നും ഇന്നും ഒരുപ്പോലെ.'

നെറ്റിയിലേക്ക് വീണ അവളുടെ തലമുടിച്ചുരുളുകളെ പിന്നിലേക്ക് ഒതുക്കിക്കൊണ്ടവർ തുടർന്നു, 'അയോദ്ധ്യരാജൻ്റെ അശ്വമേധയജ്ഞത്തെ കുറിച്ച് പൊന്നു മകൾ അറിഞ്ഞിരിക്കുമെല്ലോ? പുത്രകാമേഷ്ടി യാഗം കൂടി നടത്തിയാൽ മാത്രമേ സന്താനലബ്ധി സംഭവ്യമാവുകയുള്ളുവെന്ന് കുലഗുരു. അതിന് ഋഷ്യശൃംഗനേക്കാൾ ശ്രഷ്‌ഠൻ ഇനി ജനിക്കേണ്ടിയിരിക്കുന്നു. ഋഷിവര്യൻ ജാമാതാവാക്കുമ്പോൾ രാജ്യാഭ്യർത്ഥന നിരസിക്കുവാനുള്ള സാദ്ധ്യത......", അവർ മനഃപൂര്‍വ്വം വാക്യം അപൂര്‍ണ്ണമായി ഉപേക്ഷിച്ചുവെങ്കിലും അവരുടെ കണ്ണുകളിൽ പ്രത്യാശയുടെ മിന്നലാട്ടങ്ങൾ അവൾ വ്യക്തമായി കണ്ടു. അവയിൽ ആസന്നമായേക്കാവുന്ന അനന്തരഫലങ്ങളുടെ ഭീതിയും കലർന്നിട്ടുണ്ടോ?

'മഴ ശമിക്കുന്ന ലക്ഷണങ്ങൾ ഒന്നും തന്നെ കാണുന്നില്ല. അംഗരാജ്യത്തിന് മുനിശാപവും കൂടി ഏൽക്കുവാൻ താൻ ഹേതുവായിക്കൂടാ. മതിമറന്ന് ആഹ്ളാദിക്കുന്ന തൻ്റെ പ്രജകളെ ഇനിയും കാണാകയത്തിലേക്ക് തള്ളിയിടുവാൻ തനിക്കാവുമോ? കോസല സൈന്യത്തിൻ്റെ അംഗബലത്തിന് മുന്നിൽ അംഗരാജ്യതിന് എത്രനാൾ പിടിച്ചു നിൽക്കാനാകും? സൂര്യവംശത്തിൻ്റെ ഗോത്രം അന്യം നിന്ന് പോകുന്നത് തടയാൻ തൻ്റെ തീരുമാനത്തിന് കഴിഞ്ഞാലോ?' രണ്ട് രാജ്യങ്ങളുടെയും ഭാവി ഇപ്പോൾ അവളുടെ ഒരു വാക്കിൽ വിധേയമായിരിക്കുന്നു എന്നവൾ മിശ്രിതമായ വികാരവിക്ഷോഭങ്ങൾക്കിടയിൽ തിരിച്ചറിഞ്ഞു.

ആദ്യമായി അവളുടെ സ്വന്തം വചസ്സുകൾ അവളുടെ തന്നെ വിധിഗതി നിര്‍ണ്ണയിക്കുവാൻ പോകുന്നു. 'കൌസല്യാമ്മ സാമാധാനമായി പോയി വരൂ. ഇന്നേക്ക് ഇരുപത്തിനാലാം നാൾ സരയൂ നദി തീരത്ത് യാഗകുണ്ഡം സജ്ജമാകുമ്പോൾ പൗരോഹിത്യം വഹിക്കുവാൻ അംഗരാജ്യത്തിൻ്റെ ഇളയതമ്പുരാൻ, ഋഷിശ്രഷ്‌ഠൻ ഋഷ്യശൃംഗൻ ആഗതനായിരിക്കും. ഇത് അംഗരാജപുത്രിയുടെ വാക്ക്. ഈയുള്ളവൾക്ക് അനുമതിയേകിയാലും, മംഗല്യധാരണത്തിന് സമയമായിരിക്കുന്നു.'

തോരാത്ത മഴയുടെ സമാനമായ നിശ്ചയദാര്‍ഢ്യത്തോടുകൂടി അവൾ നടന്നകന്നു, താൻ സ്വയം തിരഞ്ഞെടുത്ത ലക്ഷ്യത്തിലേക്ക്. ആ പദനിസ്വനങ്ങൾ കതിർമണ്ഡപത്തിൽ അവസാനിക്കുമ്പോൾ ഒരു പക്ഷേ അവിടെ തുടങ്ങിയിരിക്കാം രാമായണത്തിൻ്റെ ശംഖനാദങ്ങൾ. അങ്ങനെ അവൾ ചെയ്‌തില്ലായിരുന്നുവെങ്കിൽ, ഒരു രാജകുമാരിയുടെ സ്വപ്നങ്ങളുടെ ഭാരവും പേറി, ആദി കവിയുടെ ജ്ഞാനോദയത്തിൽ വിരിയുമായിരുന്നില്ല, ഒരു ഇതിഹാസകാവ്യവും!!

അടിക്കുറിപ്പ്‌ : രാജകുമാരി ശാന്തയെകുറിച്ചുള്ള വിവരണങ്ങൾ പുരാണങ്ങളിൽ അധികമൊന്നും കാണുവാൻ സാധിക്കില്ല. ഈ കഥയിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾക്ക് പലരും, പല കാലത്തും, പല രീതിയിലും വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്. പുരാണങ്ങളും പുരാവൃത്തങ്ങളും എന്നും എക്കാലവും എഴുത്തുകാര്‍ക്ക് ആവിഷ്‌കാരസ്വാതന്ത്യ്രത്തിൻ്റെ മേച്ചിൽപുറങ്ങളാണ്. ഈ കഥയിൽ മേൽപറഞ്ഞ സ്വാതന്ത്യ്രം, ഞാൻ എൻ്റെ എളിയ രീതിയിൽ ഉപയോഗിക്കാനുള്ള 'ധാര്‍ഷ്ട്യം' കാണിച്ചിരിക്കുന്നു. തെറ്റുകൾ ഉണ്ടെങ്കിൽ അത് മനഃപൂര്‍വ്വമല്ലാത്തതും എൻ്റെത് മാത്രവുമാകുന്നു.

ജയാ രാജൻ

Friday, January 19, 2018

കഥ : പരേതൻ്റെ ഭാര്യയും അവരുടെ പഴയ രക്തവും


[Published മലയാളംപത്രിക, Oct 2018]

പരേതൻ്റെ ഭാര്യയും അവരുടെ പഴയ രക്തവും

"നിങ്ങളുടെ രക്തം അടുത്തൊന്നും മാറ്റിയിട്ടില്ലലോ? അതിൻ്റെ കാലാവധി കഴിഞ്ഞിട്ട് തന്നെ മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു."

കേട്ടത് വിശ്വസിക്കാനാവാതെ അവർ ബാങ്ക് മാനേജരുടെ മുഖത്തേക്ക് നോക്കി. അവരുടെ മുഖത്തെ അന്ധാളിപ്പ് വളരെയേറെ പ്രകടമായിരുന്നു. ശീതികരിച്ച മുറിയായിരുന്നിട്ട് കൂടി അവരുടെ മേൽച്ചുണ്ടിലും നെറ്റിതടത്തിലും വിയർപ്പുകണങ്ങൾ പറ്റിപിടിച്ചിരുന്നു. ഇടവിട്ടൊരു ചുമ വരുമ്പോൾ അവർ ഒരു  കൈ കൊണ്ട് വായ് പൊത്തുകയും മറ്റേ കൈ കൊണ്ട്  നെഞ്ച് തടവുകയും ചെയ്യുന്നുണ്ടായിരുന്നു.

"രക്തമോ? ഇതും അതും തമ്മിൽ.....എനിക്കൊന്നും മനസ്സിലാവുന്നില്ല സർ."

"അത് കൊള്ളാം, നിങ്ങൾ ഇത് ഏത് ലോകത്താ? ഞങ്ങൾ മെയിൽ അയച്ചിരുന്നെല്ലോ. പഴയ രക്തമുള്ളവരുടെ നടപടിക്രമങ്ങളെല്ലാം നിർത്തിവയ്ക്കാനാണ് സംയുക്തസമിതിയുടെ ഉത്തരവ്. നിങ്ങൾ രക്തം മാറ്റാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഒരു പുതിയ ജനതയെ വാർത്തെടുക്കാൻ ഞങ്ങളും ഞങ്ങളാൽ കഴിയുന്നത് സമൂഹത്തിനായി ചെയ്യുന്നു."

"സർ, ഈ സ്ഥിരനിക്ഷേപതുക റിലീസ് ആയിട്ട് വേണം എനിക്ക് എൻ്റെ മകളെ കോളേജിൽ ചേർക്കാൻ. അഡ്മിഷൻ ഫീസ് അടക്കാനുള്ള അവസാന തീയതി അടുത്ത ആഴ്ചയാണ്. എങ്ങനെയെങ്കിലും ഇതൊന്ന് ..." , അവരുടെ വാക്കുക്കൾക്ക് ഭംഗം വരുതിക്കൊണ്ടു ആ ചുമ പിന്നെയും കയറിവന്നു.

"ഞാൻ പറഞ്ഞെല്ലോ (ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ചെറിയ ഇടവേളക്ക് ശേഷം) മാഡം. ഇതിൽ ഇപ്പോൾ മറ്റു കുഴപ്പങ്ങളൊന്നുമില്ല. രേഖകൾ എല്ലാം ഒക്കെയാണ്. നിങ്ങൾ പരേതൻ്റെ ഭാര്യ തന്നെയാണെന്നും, നിങ്ങളുടെ ഭർത്താവ് തന്നെയാണ് പരേതണെന്നും, അയാൾ ശരിക്കും പരേതനായെന്നും , ഈ ഫിക്സഡ് ഡെപ്പോസിറ്റ് തുറന്നതു അയാൾ തന്നെയാന്നെന്നും, തുറക്കുമ്പോൾ അയാൾ മനസ്സികമായും ശാരീരികമായും പൂർണ ആരോഗ്യവാനായിരുന്നുവെന്നും , ഇതിൻ്റെ ഇപ്പോഴത്തെ അവകാശി നിങ്ങൾ തന്നെയാണെന്നും , നിങ്ങൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്നും ഒക്കെ ഞങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ കാര്യമാണ്."

അയാൾ തൻ്റെ സ്വർണ ഫ്രെയിമുള്ള കണ്ണാടിയിൽ കൂടി അവരെ അക്ഷമയോടെ നോക്കി. എന്നിട്ട് മേശവലിപ്പ് തുറന്ന് ഒരു ബിസിനസ് കാർഡ് എടുത്തു അവർക്ക് നേരെ നീട്ടി. അവരുടെ കൈകളിൽ സ്പർശിക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

"നിങ്ങൾ ഇവരുമായി ബന്ധപ്പെടു. സർക്കാർ അംഗീകാരമുളള ബ്ലഡ് ബാങ്കാണ്. ന്യുതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി അവർ നിങ്ങളുടെ കേസ് കൈകാര്യം ചെയ്യും. റിപ്പോർട്ട് അവർ ഞങ്ങൾക്ക് നേരിട്ട് അയക്കുകയും ചെയ്യും. അപ്പോൾ ശരി, റിപ്പോർട്ട് കിട്ടിയാൽ ഞാൻ അറിയിക്കാം."

അയാൾ അയാളുടെ ലാപ്‌ടോപിലേക്ക് തിരിഞ്ഞു. ഒരു എക്സൽ ഷീറ്റ് തുറന്ന് തനിക്ക് കിട്ടാൻ സാധ്യതയുള്ള കമ്മീഷൻ തുക അതിൽ രേഖപെടുത്തി. ഈ മാസത്തെ മൊത്തം തുക ആറക്കത്തിൽ എത്തിയത് കണ്ടയാളുടെ മാംസളമായ മുഖത്തൊരു ചിരി വിടർന്നു.

അയാൾ ഇനി തന്നെ ശ്രദ്ധിക്കില്ലെന്ന് ഉറപ്പായപ്പോൾ പരേതൻ്റെ ഭാര്യ ഒന്നും പറയാതെ എഴുന്നേറ്റു. ഗ്ലാസ് ഡോർ തുറന്നവർ പുറത്തേക്കിറങ്ങി. രക്തവും സ്ഥിരനിക്ഷേപവും തമ്മിലുള്ള ബന്ധം അവർ അനുമാനിക്കാൻ ശ്രമിച്ചു. തൻ്റെ പരേതനായ ഭർത്താവിൻ്റെ രക്തം വിയർപ്പാക്കിയ കാശായിരുന്നു അതെന്നൊഴിച്ചാൽ അതും തൻ്റെ രക്തവുമായുള്ള ബന്ധം കണ്ടുപിടിക്കാൻ അവർക്കായില്ല.

അവർ കൈയിലിരുന്ന കാർഡ് വായിച്ചു - "ന്യൂ ബ്ലഡ് ഇൻറ്റർനാഷനൽ - ബിൽഡിങ് ദി നെക്സ്റ്റ് ബ്ലഡി ജെനറേഷൻ". ഒരു ഓട്ടോക്ക് കൈകാണിച്ചു നിർത്തി കാർഡിൽ ഉള്ള അഡ്രസ് പറഞ്ഞു. മുടി പറക്കാതിരിക്കാൻ സാരിതുമ്പ് തലവഴിയിട്ടവർ ഇരുന്നു.

വീണ്ടും ഒരു ശീതികരിച്ച മുറി. ഇത്തവണ സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു അവർക്ക് മുന്നിൽ.

"മാഡം ഒന്നു കൊണ്ടും പേടിക്കേണ്ട. നമ്മുക്ക് എല്ലാം പെട്ടന്ന് തന്നെ ശരിയാക്കാം."

"എൻ്റെ ബ്ലഡ് ഗ്രൂപ്പ് ...."

"അതൊന്നും ആവശ്യമില്ല മാഡം . ഞങ്ങളുടെ ഈ കാറ്റലോഗ് ഒന്ന് നോക്കൂ. ഇതിലുള്ള ഏതു ഗ്രൂപ്പ് വേണമെങ്കിലും മാഡത്തിന് തിരഞ്ഞെടുക്കാം. ബാക്കിയൊക്കെ ഞങ്ങൾക്ക് വിട്ടേക്കുക."

അവർ കാറ്റലോഗ് വാങ്ങി ആദ്യ പേജിലെ ഇനങ്ങൾ പരിശോധിച്ചു. പ്രധാന "സം" വർഗ്ഗങ്ങൾ - ഹിന്ദുയിസം, ക്രിസ്ത്യനിയിസം, ഇസ്ലാമിസം, സിഖിസം, ബുദ്ധിസം, ജൈനിസം etc . ഓരോ പ്രധാന വർഗ്ഗത്തിൻ്റെയും ഉള്‍പ്പിരിവുകളും അവയോരോന്നിൻ്റെ യൂണിറ്റ് വിലയും വെവ്വേറെ അതിൽ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.

"എൻ്റെ ഗ്രൂപ്പ് ഇതിൽ കാണുന്നില്ലല്ലോ?" പരിഭ്രാന്തിയോടുകൂടി അവർ ചോദിച്ചു.

"ഏതാണ് മാഡത്തിൻ്റെ ഗ്രൂപ്പ്?"

"B+ve"

"അയ്യോ മാഡം, ആ വർഗ്ഗത്തിൽപെട്ട രക്തമൊന്നും ഇപ്പോൾ കിട്ടാനില്ല. അതിന് വലിയ ഡിമാൻഡ് ഇല്ലെന്ന് മാത്രമല്ല , അത് സോഴ്സ് ചെയ്യാനും വലിയ ബുദ്ധിമുട്ടാണ്. ഇതിൽ കൊടുത്തിരിക്കുന്ന ഇനങ്ങൾ എല്ലാം തന്നെ ഞങ്ങൾ ഞങ്ങളുടെ ഗവേഷണശാലയിൽ നിര്‍മ്മിക്കുന്നവയാണ്."

"ഇതിനൊക്കെ വലിയ വിലയാണെല്ലോ? എൻ്റെ കൈയിൽ....."

"മാഡം ഒന്നുകൊണ്ടും പേടിക്കണ്ട . ഞങ്ങൾക്ക് വളരെ ഫ്ലെക്സിബിലായ EMI പദ്ധതികൾ ഉണ്ട്. മാഡത്തിൻ്റെ ബാങ്കുമായി ചേർന്ന് ഞങ്ങൾക്ക് അത് പെട്ടന്ന് പ്രോസസ് ചെയ്‌തു തരാൻ പറ്റും. ഇരുപത്തിനാലു മാസം വേരെ കാലാവധി ഏര്‍പ്പെടുത്താം. ഓരോ വർഗത്തിൻ്റെയും അനുകൂലപ്രതികൂലവാദമുഖങ്ങള്‍ ഞങ്ങളുടെ കാറ്റലോഗിൽ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം."

എന്ത് പറയണമെന്നറിയാതെ പരേതൻ്റെ ഭാര്യ സ്തംഭിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ആ ചുമ വന്നവരെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.

അയാൾ തുടർന്നു, "മാഡം വന്നത് നല്ല സമയത്താണ്. ഞങ്ങളുടെ ഒരു പ്രൊമോഷണൽ ഓഫർ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തിരഞ്ഞെടുക്കുന്ന രക്തം മാഡത്തിന് എന്തെങ്കിലും കാരണവശാൽ ഇഷ്ട്ടപ്പെട്ടില്ലെന്നിരിക്കട്ടേ, ഞങ്ങളുടെ 30-ഡേ എക്സ്ചേഞ്ച് പോളിസി ഉപയോഗിച്ച് മുപ്പതു ദിവസത്തിനുള്ളിൽ മാഡത്തിന് മറ്റൊരു വര്‍ഗ്ഗത്തിലുള്ള രക്തം സ്വീകരിക്കാം, തികച്ചും സൗജന്യമായി."

അയാൾ അവരെ പ്രതീക്ഷയോടെ നോക്കി. അപ്പോൾ അവർ ഇരുപതു വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവം ഓർക്കുകയായിരുന്നു. മകൾക്ക് വാങ്ങിയ ഉടുപ്പ് ഒരു സൈസ് ചെറുതായിരുന്നതിനാൽ അത് കടയിൽ കൊണ്ട് മാറ്റാൻ പോയ സംഭവം. എത്ര പറഞ്ഞിട്ടും കടക്കാരൻ അന്നത് മാറ്റി തരാൻ കൂട്ടാക്കിയില്ല , രണ്ട് ദിവസത്തിന്നുളിൽ കൊണ്ട് വരണമായിരുന്നുത്രെ. പാവം മോളു , ആ ജന്മദിനത്തിൽ പുതിയ ഉടുപ്പിടാൻ സാധിക്കാതെ ആ കുഞ്ഞു മനസ്സ് ഒരുപാട് വേദനിച്ചു.

"അത് മാത്രമല്ല മാഡം ഞങ്ങളുടെ സവിശേഷത", അയാളുടെ ആംഗലേയ ചുവയുള്ള മലയാളം അവരെ വർത്തമാനകാലത്തേക്ക് മടക്കി കൊണ്ടുവന്നു. അയാൾ അവരുടെ നേരെ മറ്റൊരു വർണ്ണശമ്പളമായ കാറ്റലോഗ് നീട്ടി. അവർ നോക്കിയപ്പോൾ അതിൽ മറ്റൊരു "സം" പട്ടിക ഉണ്ടായിരുന്നു .

"ഇത് നോക്കൂ, മാഡം തിരഞ്ഞെടുക്കുന്ന രക്തത്തിൽ കൂട്ടിച്ചേര്‍ക്കുവാൻ പറ്റുന്ന മിശ്രിതവസ്‌തുകളാണ് ഇവ. ഓരോ യൂണിറ്റ് രക്തത്തിനൊപ്പം ഞങ്ങൾ ഇത് 5ml വരെ സൗജന്യമായി തരും. അതിൽ കൂടുതൽ വേണമെങ്കിലും സാരമില്ല, അത് ഞാൻ 50% ഇളവിൽ ശരിയാക്കി തരാം. രക്തവും മിശ്രിതവസ്‌തുവും തമ്മിലുള്ള അനുപാതം നിങ്ങൾക്ക് തിരഞ്ഞെടുക്കാം."

പരേതൻ്റെ ഭാര്യ ആ പട്ടികയിൽ കൂടി കണ്ണോടിച്ചു. അവ ഇപ്രകാരമായിരുന്നു :
കമ്മൂണിസം
ഫാസിസം
സോഷ്യലിസം
ക്യാപിറ്റലിസം
കമ്മ്യൂണലിസം
തീവ്രവാദിസം
നിരീശ്വരവാദിസം
റാഡിക്കലിസം
ഡെസ്‌പോട്ടിസം
ഈഗോയിസം
ഫ്യുഡലിസം
പാട്രിയോട്ടിസം (Discontinued)
ഹ്യൂമനിസം (Discontinued)
റാഷണലിസം ((Discontinued)
ഷോവനിസം
ഫെമിനിച്ചിയിസം (Previously known as ഫെമിനിസം)

"അവസാനത്തേതു ഞങ്ങളുടെ ഫ്ലാഗ്ഷിപ് പ്രോഡക്റ്റ് ആണ് മാഡം. കഴിഞ്ഞ മാസം പോറ്റൻസി കൂട്ടി, റീ-ബ്രാൻഡ് ചെയ്‌തു റീ-ലോഞ്ച് ചെയ്തതേയുള്ളു. ഫാസ്റ്റ് മൂവിങ് . പലരും 1:1 അനുപാതമാണ് തിരഞ്ഞെടുക്കുന്നത്."

"ഇതിൽ ഒന്ന് തിരഞ്ഞെടുക്കണമെന്ന് നിർബന്ധമാണോ?"

"നോ , ഇറ്റ്സ് ഓപ്ഷണൽ. പിന്നെ ഫ്രീ ആയിട്ട് കിട്ടുന്നത് വേണ്ടാന്ന് വയ്ക്കണോ മാഡം?", അയാൾ അയാളുടെ വരിയൊത്ത വെള്ളപല്ലുകൾ കാട്ടി അവരെ നോക്കി ചിരിച്ചു.

"ഇതിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങൾ ഉണ്ടോ?"

"അപകടകരമായ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല മാഡം. ഒരു 25 ശതമാനം പേരിൽ സ്വല്പം തൊലിക്കട്ടി കൂടിയതായി കണ്ടുവരുന്നുണ്ട്. അത്രയേയുള്ളൂ."

അവർ കൂടുതൽ വിയർക്കാൻ തുടങ്ങി.

"ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. 30 ദിവസത്തിനുള്ളിൽ രക്തം എക്സ്ചേഞ്ച് ചെയ്യാൻ മാഡം തീരുമാനിച്ചാൽ, ഈ മിശ്രിതവസ്‌തു മാറ്റുവാൻ സാധിക്കില്ല. ഇപ്പോൾ തിരഞ്ഞെടുക്കുന്ന മിശ്രിതവസ്‌തു തന്നെ പിന്നെയും ചേർക്കേണ്ടി വരും. അഞ്ചു വർഷത്തിലൊരിക്കൽ രക്തം നിർബന്ധമായി മാറ്റിയിരിക്കണം. അപ്പോൾ വേണമെങ്കിൽ മറ്റൊരു മിശ്രിതവസ്‌തു തിരഞ്ഞെടുക്കാം."

"ഈ രക്തം മാറ്റാൻ എത്ര സമയമെടുക്കും?"

"ഞങ്ങളുടെ അത്യന്തം സങ്കീര്‍ണ്ണവും ന്യൂതനവുമായ യന്ത്രസംവിധാനം ഉപയോഗിച്ച് ഈ രക്തപുനഃസ്ഥാപനപ്രക്രിയ വെറും 30 മിനിറ്റിനുള്ളിൽ പൂർത്തീകരിക്കുവാനാകും."

"അപ്പോൾ എൻ്റെ പഴയ രക്തം?"

"ഞങ്ങളുടെ റീസൈക്ലിങ് പ്ലാന്റിലേക്ക് പോകും, പുതിയ വർഗ്ഗത്തിൽപെട്ട രക്തമായി മാറ്റപെടുവാൻ."
"അതിൽ നിന്നും കുറച്ചു രക്തം ...ഒരു ചെറിയ കുപ്പിയിൽ ...."

"നോ പ്രോബ്ലം മാഡം. ദാറ്റ് ക്യാൻ ബി അറേഞ്ച്ഡ്. ഏതു രക്തവർഗ്ഗം വേണമെന്ന് തീരുമാനമെടുത്തു കഴിഞ്ഞാൽ ഈ ഫോം ഒന്ന് പൂരിപ്പിക്കണം. ഞാൻ അപ്പുറത്തെ ക്യാബിനിൽ ഉണ്ടാകും. കഴിയുമ്പോൾ ഈ ബെല്ലോന്ന് അമർത്തിയാൽ മതി."

വാതലടച്ചയാൾ പോയിക്കഴിഞ്ഞപ്പോൾ അവർ സാരിത്തുമ്പുകൊണ്ടു വിയർപ്പു തുടച്ചു. എസിയുടെ കണ്ട്രോൾ പാനലിൽ താപനില 16 എന്ന്‌ രേഖപ്പെടുത്തിയിരുന്നു. തൻ്റെ രക്തം തികച്ചും പഴയതായിരിക്കുന്നു, അല്ലെങ്കിൽ ഈ തണുപ്പിലും ഇങ്ങനെ വിയര്‍ക്കേണ്ട കാര്യമുണ്ടോ?

അവർ ഫോം പൂരിപ്പിക്കാനാരംഭിച്ചു. 

Thursday, November 2, 2017

കഥ : മരിച്ചവർ ജീവിച്ചിരിക്കുമ്പോൾ



[Published KHITAB - Edition 3 , Nov 2018 , Club FM 99.6 & Mathrubhumi Publications]
[Published കേരളകൗമുദി ആഴ്ചപ്പതിപ്പ് , Jan 2018 ]



മരിച്ചവർ ജീവിച്ചിരിക്കുമ്പോൾ


സൂര്യൻ്റെ കന്യാകിരണങ്ങൾ മുഖത്ത് പതിയാൻ അവൾ മുഖം ഉയർത്തി. വെളിച്ചം വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നോള്ളൂ. രാത്രി പകലിന് പൂർണമായും കീഴടങ്ങിയിട്ടുണ്ടായിരുന്നില്ല. ചക്രവാള സീമകളിൽ കുങ്കുമ ചൂര്‍ണ്ണം വാരി വിതറിയ പ്രതീതി. ആകാശത്ത് ഇടതിങ്ങിയ ചാര മേഘങ്ങൾ അനവധി. മാനഭംഗപെട്ട ഗംഗക്ക് അഗാധമായ കറുപ്പായിരുന്നില്ല. നീലയുമായിരുന്നില്ല. ഗംഗക്ക് നരച്ച നിറമായിരുന്നു. മൃതശരീരങ്ങളെ പുതപ്പിക്കുന്ന ആടയിലെ ഏറ്റക്കുറച്ചിലുകൾക്ക് സമാനമായി ചെറിയ ഓളങ്ങൾ താളം തല്ലുന്നുണ്ടായിരുന്നു. ഭൂജലത്തിൻ്റെയും മാലിന്യങ്ങളുടെയും ചാരനിറമുള്ള ഈ സങ്കലനത്തിനെ ഗംഗ എന്ന് വിളിക്കാമോയെന്നവൾ ഒരു വേള ശങ്കിച്ചു.

വാരണാസി പക്ഷേ എത്രയോ നേരത്തേ ഉണർന്നു കഴിഞ്ഞിരുന്നു. അവളുടെ കൈവശം രണ്ട് വസ്‌തുക്കളുണ്ടായിരുന്നു. ഒരു കനോൻ EOS 1DX ക്യാമറ, അത് അവളുടെ കഴുത്തിൽ തൂക്കിയിട്ടിരുന്നു. മറ്റൊന്ന്, ഒരു ചെമ്പിൻ്റെ അസ്ഥി കലശമായിരുന്നു. അവൾ കലശം മെല്ലേ തലോടി. കലശത്തിൻ്റെ ശൈത്യം അവളുടെ കൈവിരലുകളിൽ കൂടി ഇരച്ചു കയറുന്നതായി അവൾക്ക് തോന്നി. അവൾ ഇരുന്ന മണികർണികാ ഘട്ടിൻ്റെ പടവുകൾ പതുകെ പതുകെ മനുഷ്യരെയും നാൽക്കാലികളെയും കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു. നദിയിൽ ചെറുതും വലുതുമായ വള്ളങ്ങൾ നീങ്ങുന്നുണ്ടായിരുന്നു. ചിലതിൽ നിറയെ വിനോദസഞ്ചാരികൾ, മറ്റു ചിലതിൽ ചിതക്കുള്ള വിറകുകൾ അടുക്കി വെച്ചിരിക്കുന്നു.

ഒരാഴ്ച്ച മുമ്പ് ഇവിടെ വന്നിറങ്ങിയപ്പോൾ വാരണാസി അവൾക്കൊരു ആഘാതമായിരുന്നു. മരണത്തിന് നിറത്തിലും ഗന്ധത്തിലും ഇത്രയേറെ വൈവിധ്യങ്ങളുണ്ടെന്ന തിരിച്ചറിവ് അവളെ കുറച്ചൊന്നുമല്ല സ്തംഭിതയാക്കിയത്. ഇവിടെ ജീവിതത്തേക്കാൾ പ്രാധാന്യമുണ്ട് മരണത്തിന് - മരണം കച്ചവടമാണ് , ആഘോഷമാണ്, ജീവിതരീതിയാണ്, ഉപജീവനമാർഗ്ഗമാണ്. ഒരോ ദിവസവും മരണത്തെ ചുറ്റിപറ്റി തുടങ്ങുന്നു മരണത്തെ ചുറ്റിപറ്റി സമാപിക്കുന്നു. ജീവിതത്തെ കുറിച്ചോർക്കുന്നവർ വളരെ വിരളം. ഇവിടത്തെ അമ്പലങ്ങളിൽ പോലും മരിച്ചവർക്ക് വേണ്ടിയാണ് കൂടുതൽ പ്രാർത്ഥനകളും നടക്കുന്നതെന്ന് തോന്നിപ്പോകും.

മരിച്ചവർ ക്യൂ "നിൽക്കുന്ന" ഒരേയൊരിയിടവും ഒരുപക്ഷേ ഇവിടെയായിരിക്കും. മുള മഞ്ചലിൽ, വെള്ള പുതപ്പിന് മീതേ പിംഗല വര്‍ണ്ണമുള്ള ആടയാൽ മൂടപെട്ട്, ജമന്തിപ്പൂ മാലയുമണിഞ്ഞ് , ഗംഗയിൽ മുങ്ങി പാപ ഭാരമൊഴിഞ്ഞ് , മരിച്ചവർ "ക്ഷമയോടെ" കൽപടവുകളിൽ തങ്ങളുടെ ഊഴവും കാത്ത് കിടക്കുന്നു. ശരീരം ഉണങ്ങുമ്പോൾ പിന്നെ ചിതയിലേക്ക്. ഒരോരുത്തർക്കും മൂന്ന് മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ടാവും. അതിനുള്ളിൽ എരിഞ്ഞടങ്ങിയില്ലെങ്കിൽ പിന്നെ നദിയിലേക്ക് വലിച്ചെറിയപ്പെടും.

ദൃശ്യ സമ്പന്നമാണ് വാരണാസി. അണയാത്ത ചിതകളിൽ നിന്നും ചീറിക്കൊണ്ട് രക്ഷപെടുന്ന അഗ്നിസ്ഫുലിംഗങ്ങൾ, തീക്ഷണമായ അന്തരീക്ഷ വായുവിൽ തടവിലായ ധൂമപടലങ്ങൾ, പുകമറയിൽ കൂടിയുള്ള വ്യക്തവും അവ്യക്തമായ കാഴ്ചകൾ, നദിയിൽ ഒഴുകി നടക്കുന്ന ശരീരങ്ങളും ശരീരഭാഗങ്ങളും, അവ ഭക്ഷിക്കാൻ വട്ടമിട്ട് പറക്കുന്ന കഴുകന്മാർ , അവക്കിടയിലൂടെ നീങ്ങുന്ന വള്ളങ്ങൾ, ഉപേക്ഷിക്കപ്പെട്ട പൂമാലകൾ ഭക്ഷിക്കുന്ന ഗോക്കൾ, ഗംഗയിൽ മുങ്ങി നിവരുന്ന ജീവിച്ചിരിക്കുന്നതും മരിച്ചതും മരിക്കാൻ പോകുന്നതുമായ മനുഷ്യശരീരങ്ങൾ.

"ദേവ് പറയുന്നത് എത്ര ശരിയാണ്. ഛായാചിത്രങ്ങൾ കൊണ്ട് മാത്രം വാരണാസിയുടെ കഥ പറയാൻ സാധിക്കും. ഇറ്റ് ഈസ് സോ വേരി ഫോട്ടോജനിക്." അവൾ ഓർത്തു.

ശബ്‌ദമുഖരിതമാണ് എപ്പോഴും വാരണാസി. നിലക്കാത്ത മന്ത്രോച്ചാരണങ്ങൾ, അമ്പലമണികളുടെ ആരവങ്ങൾ, പാതി വെന്ത മാംസത്തുണ്ടുകൾക്ക് വേണ്ടി കലഹിക്കുന്ന ചാവാലിപ്പട്ടികളുടെ കുരകൾ, ആള്‍ക്കൂട്ടനിടയിലും നിർഭയം മേയുന്ന നാല്‍ക്കാലികളുടെ അമറലുകൾ, കൂട്ടം കൂടിയ കുരങ്ങന്മാരുടെ ചലപിലകൾ, ചെണ്ട മേളങ്ങൾ, ഹിന്ദുസ്ഥാനി സംഗീതവും സിത്താരിൻ്റെ മധുരധ്വനികളും .

സാമ്പ്രാണി തിരിയുടെയും, കർപ്പൂരത്തിൻ്റെയും, കത്തുന്ന പച്ച മാംസത്തിൻ്റെയും, ചാണകത്തിൻ്റെയും, വാടിയ ജമന്തിപ്പൂക്കളുടെയും തീവ്ര ഗന്ധങ്ങൾ കൊണ്ട് നിറഞ്ഞ, വൈരുദ്ധ്യങ്ങളുടെ വാരണാസി.

സ്വർഗത്തിലേക്കുള്ള ഭൂമിയുടെ പടിപ്പുര ഇതായിരുന്നോ? ഇങ്ങനെയായിരുന്നോ? ദേഹത്തിൽ നിന്നും വേർപെടുന്ന ദേഹികളെ കൊണ്ട് ഇവിടെത്തെ അന്തരീക്ഷം ഭാരമുള്ളതായിരിക്കുന്നു. അവൾ കലശം മാറോട് ചേർത്തു പിടിച്ചു.

"ബേട്ടി...."

ശബ്ദം കെട്ടവൾ തിരിഞ്ഞപ്പോൾ അദ്ദേഹം അവളെ നോക്കി സൗമ്യദീപ്തമായി ചിരിക്കുകയായിരുന്നു. ക്ഷീണിച്ചതെങ്കിലും ശാന്തത തളം കെട്ടി നിൽക്കുന്ന കണ്ണുകൾ. താടിയും അധികമൊന്നും കഷണ്ടി കയറാത്ത തലമുടിയും നരച്ചിരിക്കുന്നു. ഇളം പച്ച നിറത്തിലുള്ള ജുബ്ബയും വെള്ള ധോത്തിയുമാണ് അദ്ദേഹം ധരിച്ചിരുന്നത്. അദ്ദേഹത്തിന് പഴയൊരു ബംഗാളി നടൻ്റെ ഛായ ഉണ്ടെന്ന് അവൾക്ക് തോന്നി.

അവൾ ഒന്നും പറയാതെയിരുന്നത് കൊണ്ടാകാം അദ്ദേഹം തുടർന്നു,

"എന്തോ ആശങ്കയുണ്ടെന്ന് തോന്നുന്നുവല്ലോ കുട്ടീ. കുറച്ചു ദിവസമായി ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നു. എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് ചോദിക്കാം. ഏറെ വർഷങ്ങളായി ഞാൻ ഇവിടെയാണ്. അറിയാവുന്നത് പറഞ്ഞു തരാൻ എനിക്ക് സന്തോഷമേയുള്ളൂ."

"ഇല്ല ... ഞാൻ ......അത് അത്രക്ക് പ്രകടമായിരുന്നോ എൻ്റെ മുഖത്ത്?"

"മുഖം മനസ്സിൻ്റെ കണ്ണാടിയായി കൊണ്ട് നടക്കുന്നവർ ഇന്നിപ്പോൾ വളരെ വിരളമല്ലേ. അതല്ല , കുറച്ച് ദിവസമായി കാണുന്നു ഈ കലശവുമായി കുട്ടിയിങ്ങനെ ഇവിടെ. അത് കൊണ്ട് ചോദിച്ചുവെന്നേയുള്ളൂ. പറയാൻ വിരോധമില്ലെങ്കിൽ കേൾക്കാൻ താല്‍പര്യമുണ്ട്."

വിനോദസഞ്ചാരികളെ കൊണ്ടു വന്ന ബോട്ടിൽ നിന്നും പെട്ടന്ന് ഒരു നിലവിളി ഉയർന്നപ്പോൾ അവർ രണ്ടുപേരും അങ്ങോട്ടേക്ക് നോക്കി. ഒഴുകി നടന്നൊരു ശവശരീരം കണ്ടാരോ ഞെട്ടിയതാണ്. ആദ്യ ദിവസങ്ങളിൽ അവളും ഇങ്ങനെ ഞെട്ടിയിരുന്നു, നിലവിളിക്കാതിരിക്കാനുള്ള സംയമനം അവൾ പാലിച്ചെന്ന് മാത്രം.

"എനിക്ക് ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ല." കലശം മൂടിയിരുന്ന ചുവന്ന പട്ട് തുണി തലോടി കൊണ്ടവൾ തുടർന്നു, "ദേവിൻ്റെ ഒരുപാട് സ്വപ്നങ്ങളിൽ ഒന്നാണ് വാരണാസി ബേസ് ചെയ്തൊരു പ്രാജെക്റ്റ്. ഹി ഈസ് എ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ യു സീ. മരണത്തിൻ്റെ നിറഭേദങ്ങൾ - ദി കളർഫുൾ ഷേഡ്സ് ഓഫ് ഡെത്ത് , അതാണ് അവൻ കണ്ടു വെച്ച പേര്."

"ദേവ് ...?"

"ദേവ് ..... ദേവേഷ്. എന്നേക്കാൾ മൂന്ന് മിനിറ്റ് ലോക പരിചയം കൂടുതലുണ്ടെന്ന് പറയുന്നവൻ. അതേ കാരണത്താൽ അമ്മയുണ്ടാകുന്ന പലഹാരത്തിൽ നിന്നും ഒരണ്ണം എന്നും അവൻ കൂടുതൽ എടുക്കും. അവനിപ്പോൾ ഇതിനുള്ളിൽ ......." അവൾ കലശം ചൂണ്ടികൊണ്ട് പറഞ്ഞു. "ഈ ക്യാമറയും അവൻ്റെതാണ് ."

"ദേവേഷിനെ കുറിച്ച് പറയുമ്പോൾ ക്രിയാപദങ്ങളുടെ കാലഭേദം വർത്തമാനമാണെല്ലോ കുട്ടീ?"

"മരിച്ചു എന്നു വെച്ചാൽ അവൻ ഇല്ലാതായി എന്നാണോ ദാദാ? ജീവിതത്തിൻ്റെ നിർവചന പരിധിക്കുള്ളിൽ നിന്നും അവൻ പുറത്തു കടന്നു എന്നേ ഞാൻ കരുതുന്നുള്ളു. ഹീ വാസ് , ഹീ ഇസ് ആൻഡ് ഹീ വിൽ ആൽവേസ് ബീ."

അവളുടെ കണ്ണുകൾ നീറി തുടങ്ങി. കൂട്ടം പിരിഞ്ഞൊരു കുരങ്ങൻ അദ്ദേഹത്തിൻ്റെ അടുത്ത് വന്നിരുന്നു. അദ്ദേഹം ജുബ്ബയുടെ കീശയിൽ നിന്നും ഒരു പിടി കപ്പലണ്ടി അതിനു നേരേ നീട്ടി. അവയോരോന്നും നുള്ളിപ്പെറുക്കി കഴിച്ചു കൊണ്ട് അത് അവിടെ അവരുടെ അടുത്ത് തന്നെയിരുന്നു.

"ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവില്ല കുട്ടീ. മറ്റു ചിലതിന് ഒട്ടനേകം ഉത്തരങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നമ്മുടെ യുക്തിക്ക് സ്വീകാര്യമായയൊന്ന് നമ്മുക്ക് തിരഞ്ഞെടുക്കാം. അതേ നിവർത്തിയുള്ളൂ."

"ആഭ. അതാണ് എൻ്റെ പേര് . താങ്കൾ എങ്ങനെ ഇവിടെ....?"

"എൻ്റെ മകൻ ഇവിടെയുണ്ട്. അവൻ വിളിക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ. സമയമാവുമ്പോൾ അവൻ വരും."

"മകൻ....."

"എട്ട് വർഷം മുമ്പ് ഇവിടെ ഒരുങ്ങിയൊരു ചിത അവൻ്റെയായിരുന്നു." അദ്ദേഹം ആ കുരങ്ങൻ്റെ തലയിൽ മെല്ലേ തലോടി. അത് പറയുമ്പോഴും അദ്ദേഹത്തിൻ്റെ മുഖത്ത് നിന്നും ആ പുഞ്ചിരി മാഞ്ഞിരുന്നില്ല. സങ്കടത്തിൻ്റെ കടലാഴങ്ങൾ പക്ഷേ ആ പുഞ്ചിരിക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് അവൾ കണ്ടു.

"മകൻ വിളിക്കാൻ വരുമെന്ന് താങ്കൾക്ക് ഉറപ്പാണോ?", മരണത്തിൻ്റെ പ്രകരണത്തിൽ, പ്രതീക്ഷയെന്ന ചേതോവികാരത്തിന് അവളുടെ മനസ്സിൽ വലിയ അർത്ഥങ്ങളൊന്നും ഉണ്ടായിരുന്നില്ല.

"ഈ നിമിഷം അകത്തേക്കെടുത്ത ശ്വാസം അടുത്ത നിമിഷം പുറത്തേക്ക് വിടാൻ പറ്റുമെന്ന് നമ്മൾക്ക് ഉറപ്പ് പറയാനാകുമോ? ഉറപ്പല്ല ആഭാ, എൻ്റെ വിശ്വാസമാണ്. ഒരച്ഛനും മകനെ സ്നേഹിച്ചിട്ടില്ലാത്തത് പോലെ , മകനെ സ്നേഹിച്ച ഒരച്ഛൻ്റെ വിശ്വാസം."

ചിതകളിൽ നിന്നുയരുന്ന ധൂമപടലങ്ങൾ അമ്പലമണികളുടെ ആരവങ്ങളിൽ അലിഞ്ഞ് നെഞ്ചിനുള്ളിൽ ഒരു വിങ്ങലായി ഉരുണ്ട് കൂടുന്നത് അവൾക്ക് അനുഭവപെട്ടു.

"എല്ലാരും പറയുന്നു.... ദേവിൻ്റെ ചിതാഭസ്മം ഇവിടെ ഒഴുക്കണമെന്ന്. അവന് മോക്ഷം കിട്ടുമത്രേ. എന്തിൽ നിന്നാണ് അവന് മോക്ഷം വേണ്ടത്? ജീവിതത്തെ ഒരുപാട് സ്നേഹിച്ചയവന് ഇവിടെ നിന്നും എങ്ങും പോകാൻ ഇഷ്ട്ടമല്ലെങ്കിലോ? ഒരുപക്ഷേ മറ്റൊരു ജന്മം അവൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ?"

"ആഭാ, നീ ഈ കാണുന്നതൊക്കെ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയാണ് കുട്ടീ. ഈ ചിതകളും മന്ത്രോച്ചാരണങ്ങളും പൂജാവിധികളും മണിമുഴക്കങ്ങളും ... എല്ലാം. പ്രത്യക്ഷത്തിൽ നമ്മൾക്ക് അങ്ങനെ തോന്നുന്നില്ലന്നേയുള്ളു. ഇതൊക്കെ ജീവിച്ചിരിക്കുന്നവരിൽ പര്യവസാനത്തിൻ്റെ വിത്തുകൾ പാകും. വരാനിരിക്കുന്ന നാളകളെ അഭിമുഖീകരിക്കാൻ സജ്ജമാക്കും. പ്രിയപെട്ടവരുടെ മനസ്സിൽ വിയോഗം സമ്പൂർണമാകുമ്പോൾ മാത്രമേ മരിച്ചവരുടെ മോക്ഷപ്രയാണം ആരംഭിക്കുകയുള്ളു. അല്ലെങ്കിൽ മരിച്ചവർ ജീവിച്ചിരിക്കും."

കപ്പലണ്ടി തിന്ന് തീർത്ത കുരങ്ങൻ, ഘട്ടിൻ്റെ അരികിലുള്ള പഴകിപ്പൊളിഞ്ഞ ഒരു ഗോപുരത്തിൽ സ്ഥാനമുറപ്പിച്ചു. അത് അവരെ തന്നെ നോക്കിയിരുന്നു.

"താങ്കൾക്ക് പര്യവസാനം കിട്ടിയോ?"

"നാളകൾ നഷ്ടപ്പെട്ടൊരു അച്ഛന് അതിൻ്റെ ആവശ്യമില്ല ആഭാ. അവൻ ഇവിടെ തന്നെയുണ്ട്. ആളിപ്പടരുന്ന ജ്വാലകളിൽ അവൻ്റെ നിഴൽചിത്രം ഞാൻ പലപ്പോഴും കാണാറുണ്ട്. അത് മതി എനിക്ക് ഇനിയുള്ള കാലം."

എവിടെ നിന്നോ ഒരു വൃദ്ധ പൊടുന്നനെ അവർക്കരികിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ നേരേ കൈകൾ നീട്ടിയവർ ഭിക്ഷയാചിച്ചു. അവൾ കുറ്റബോധത്തോടെ തലയാട്ടി. ഒന്നും മിണ്ടാതെ, ഉടുത്തിരുന്ന മുഷിഞ്ഞ മഞ്ഞ സാരിയുടെ തലപ്പ്, തലവഴി മൂടിയവർ ആൾക്കൂട്ടത്തിനിടയിൽ നടന്ന് മറഞ്ഞു.

"ഞാൻ പേഴ്സ് എടുത്തില്ലായിരുന്നു ...", അവൾ പറഞ്ഞു.

"സാരമില്ല. ഓംകാരി ഇവിടെ തന്നെയുണ്ടാവും. വീട്ടുകാരൊക്കെ ഉപേക്ഷിച്ച്‌ പോയ ഒരു പാവം സ്ത്രീ. സ്വന്തം ശവദാഹത്തിന് വേണ്ടി പണം സംഭരിക്കുകയാണവർ. അല്ലെങ്കില്‍ കത്തിക്കാൻ വിറക്കില്ലാതെ വന്നാൽ അവർ ഈ നദിയിൽ ഒഴുകി നടക്കേണ്ടി വരും. കഴുകന്മാരും നായ്ക്കളും അവരെ കൊത്തി വലിക്കും."

"മരണാന്തരവും നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീരുന്നില്ല അല്ലേ? ചിലപ്പോൾ ഇതിൽ നിന്നാവും ശരിക്കുള്ള മോക്ഷം വേണ്ടത്. ദേവിനെ ഇവിടെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കൽകട്ടയിലെ എൻ്റെ കൊച്ചു ഫ്ലാറ്റിൽ എനിക്ക് കൂട്ടായി അവൻ ഇരുന്നോട്ടേ. എല്ലാ വർഷവും അവൻ്റെ ഓർമ്മ ദിവസം ഞാൻ ആഘോഷിക്കും. ഐ വിൽ ത്രോ എ പാർട്ടി ട്ടു സെലിബ്രേറ്റ് ദി ലൈഫ് ഹി ലവ്ഡ് സോ വേരി മച്ച് . എനിക്ക് അവനെ സന്തോഷത്തോടെ ഓർക്കണം. ഞാൻ ചെയ്യുന്നത് തെറ്റാണോ ദാദാ?"

"തെറ്റും ശരിയും ആത്മനിഷ്‌ഠമാണ് കുട്ടീ. വസ്‌തുനിഷ്‌ഠമായ തരം തിരിക്കല്‍ ഇവിടെ നിരര്‍ത്ഥമാണ്. ഞാൻ പറഞ്ഞില്ലേ , ഇതൊക്കെ നമ്മൾക്ക് വേണ്ടിയാണ്. നിനക്ക് ഹിതമെന്ന് തോന്നുന്നതാണ് നിൻ്റെ ശരി. അത് ചെയ്യുക."

"ഞാൻ ഇന്ന് തന്നെ മടങ്ങും. നമ്മൾ ഇനി കാണുമോയെന്നറിയില്ല. അങ്ങേക്ക് സന്തോഷങ്ങൾ നേരുന്നു. മകൻ്റെ സാമീപ്യം താങ്കൾക്ക് എന്നും എപ്പോഴും അനുഭവപ്പെടട്ടേ." അവൾ അയാളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ എന്തിനോ വേണ്ടി രണ്ട് തുള്ളി കണ്ണുനീർ ഉരുണ്ട് കൂടി തുളുമ്പാൻ വെമ്പി നിന്നു.

അദ്ദേഹം അവളുടെ ശിരസിൽ കൈ വെച്ചനുഗ്രഹിച്ചു,"കുട്ടിക്കും നന്മകൾ നേരുന്നു. നഷ്ടങ്ങളിൽ സന്തോഷം കണ്ടെത്താനുളള ഈ മനസ്സ് നിന്നോട് കൂടി എന്നും ഉണ്ടായിരിക്കട്ടേ. അപ്പോൾ ഇനി യാത്ര പറയുന്നില്ല."

പടവുകൾ കയറി പോകുന്ന ആ സാധു മനുഷ്യനെ അവൾ ഈറൻ മിഴികളോടെ നോക്കി നിന്നു. ആ മനുഷ്യനും അദ്ദേഹത്തിൻ്റെ ദുഃഖവും എന്തിന് തന്നെ ഇത്രയേറെ അസ്വസ്ഥമാക്കുന്നു എന്നവൾ ചിന്തിച്ചു. രണ്ട് അപരിചിതരെ തമ്മിൽ കോർത്തിണക്കുന്ന ആ അദൃശ്യ സ്നേഹചങ്ങല എന്താണ് ? ഒരേ സമയം ശിഥിലവും എന്നാൽ ശക്തവുമായത്?

പെട്ടന്ന് എവിടെനിന്നോ ഒരു കാറ്റുവീശി. പുകമറ നീങ്ങി കാഴ്ചകൾക്ക് വ്യക്തത ഏറി. നാലോ അഞ്ചോ വയസ് തോന്നിക്കുന്നയൊരു ബാലൻ ഒരു ചിതക്ക് തീ കൊളുത്തുന്നത് അവൾ കണ്ടു. അത് ആരായിരിക്കും അവൻ്റെ? മരണമുണ്ടാകുന്ന നഷ്ട്ടകടലിൻ്റെ ആഴവും പരപ്പും ഗ്രഹിക്കാൻ അവന് ആവുമോ? അറിയാതെ അവളുടെ ചുണ്ടുകൾ കുട്ടിക്കാലത്ത് കേട്ട് മറന്ന ഏതൊരു പ്രാർത്ഥനയുടെ വരികൾ ഉരുവിട്ടു.

"ഞാൻ അദ്ദേഹത്തിൻ്റെ പേര് ചോദിച്ചില്ലല്ലോ". തിരിച്ചറിവിൻ്റെ ഞെട്ടലിൽ അവൾ കലശം മുറുക്കെ പിടിച്ചു കൊണ്ട് പടവുകൾ ഓടി കയറി. പക്ഷേ ആ മനുഷ്യൻ അപ്പോഴേക്കും വാരണാസിയുടെ ഇടുങ്ങി ഇരുണ്ട അനേകം തെരുവീഥികളിലൊന്നിൽ എവിടെയോ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. സങ്കടത്തോടെ അവൾ പടവുകൾക്ക് മുകളിൽ നിന്നും എരിയുന്ന ചിതകൾക്ക് നേരെ നോക്കി.

അപ്പോഴും വാരണാസിയിലെ ഒരിക്കലും അണയാത്ത ചിതകളിൽ നിന്നും കറുപ്പും ചുവപ്പും ജ്വാലകൾ കെട്ടിപിണഞ്ഞ് മേൽപ്പോട്ടുയരാൻ മത്സരിച്ചുകൊണ്ടിരുന്നു. ഓരോ ചിതക്ക് മുകളിലും അവൾ അരൂപികളായ നിഴലുകളെ കണ്ടു. മറ്റൊരു ജന്മതീരം നിഷേധിക്കപ്പെട്ട ആത്മാക്കളുടേതാകാം അവയൊക്കെ.

Thursday, August 31, 2017

കഥ : ദ ഷൂമേക്കർ


[Published ഓഗസ്റ്റ് ലക്കം കഥാ മാസികയിൽ , 2017]

അലമാരക്കുള്ളില്‍ വരിവരിയായി അടുക്കി വെച്ചിരിക്കുന്ന ചെരുപ്പുകളില്‍ ഞാന്‍ ഒരാവര്‍ത്തി കണ്ണോടിച്ചു. വിവിധ ഇനത്തിലും വര്‍ണ്ണത്തിലുമുള്ള അറുപത്തിമൂന്ന് ജോടികള്‍. ജോലിയില്‍ കേറിയത് മുതല്‍ വാങ്ങി കൂട്ടിയതാണ് ഇവയൊക്കെ. ഓരോ മാസവും ഒരു ജോടി വീതം. ശമ്പളം കിട്ടിയാല്‍ പുതിയൊരു ജോഡി വാങ്ങുന്നതുവരെ ഒരു വെപ്രാളമാണ്. ജോഡികളുടെ പ്രതിസമത എന്നെ വല്ലാതെ ഭ്രമിപ്പിക്കാറുണ്ട്.

അണിഞ്ഞിരിക്കുന്ന മഞ്ഞ ടോപ്പിന് ചേരുന്ന ഒരു ജോടി തിരഞ്ഞെടുത്തു. ചെരുപ്പ് വാങ്ങിയ തീയതിയും, അതിൻ്റെ വില അടയാളപ്പെടുത്തിയ ടാഗ്ഗും ഊരി മാറ്റി. അതും ധരിച്ച് ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടു.
ബസ്സില്‍ നിന്നും ഇറങ്ങുന്നതിന് മുന്നേ കാലമാടന്‍ ബെല്ലടിച്ചു കഴിഞ്ഞു. ചാടുന്ന കൂട്ടത്തില്‍ അവനെ ദഹിപ്പിക്കുന്നയൊരു നോട്ടം നോക്കി. ഇതൊക്കെ എത്ര കണ്ടിരിക്കുന്നുയെന്നൊരു പുച്ഛനോട്ടം അവന്‍ എനിക്ക് തിരിച്ചും നൽകി. വേഷം ജീന്‍സ് ആയതും ചെരുപ്പിന് ഫ്ലാറ്റ് ഹീല്‍സ് ഉണ്ടായതും കാര്യമായി. ഒരു വിധം ബാലന്‍സ് ചെയ്തു രണ്ട് കാലില്‍ തന്നെ വന്ന് നിന്നു.

ആദ്യ ദിവസം തന്നെ പുതിയ ഓഫീസില്‍ ലേറ്റ് ആവരുതെന്ന് കരുതി ധൃതിയില്‍ നടന്നു. ട്രാന്‍സ്‌ഫെറായി വന്ന ലോണ്‍ ഓഫീസറിനെയും കാത്ത് മേശപ്പുറത്ത് ഫയലുകള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഇതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന മഹാന്‍, റിട്ടയര്‍ ആയിട്ട് മൂന്ന് മാസത്തില്‍ കൂടുതലായെന്ന വസ്തുത ഈ ഫയലുകളുടെ കൂമ്പാരം സമര്‍ത്ഥിക്കുന്നു. കസേരയില്‍ ഇരുന്നപ്പോള്‍ അമര്‍ത്തി മൂളി കൊണ്ട് അതും പ്രതിഷേധമറിയിച്ചു.

പുതിയ മുഖങ്ങളും പുതിയ പേരുകളും. പരിചയപ്പടലിൻ്റെ വീര്‍പ്പുമുട്ടലുകള്‍. കണ്ട മുഖങ്ങളും കേട്ട പേരുകളും മനസ്സിലിട്ട് ഞാന്‍ 'മാച്ച് ദി ഫോള്ളോയിങ്' കളിച്ചു. സുകുമാരനെ കാണാന്‍ ഒരു സൗകുമാര്യവുമില്ല. മാലിനിക്ക് ചന്ദ്രിക സോപ്പിന്റെ മണമുണ്ടായിരുന്നതിനാല്‍ ആ പേര് അനുയോജ്യം. വട്ടപൊട്ടിട്ടവള്‍ ബിന്ദു. സുഭാഷിൻ്റെ ശബ്ദം തരക്കേടില്ല. പിന്നെ സുഹാസിനി , ഗോവിന്ദന്‍ , ഫിലിപ്പ് , ബിജു , ശാലിനി, രഹാന, ബാലകൃഷ്ണന്‍, ലിസി , അബ്ദുൽ അങ്ങനെയങ്ങനെ. പരസ്പരം വിഭജിക്കുന്ന രേഖകളുടെയെണ്ണം കൂടിവന്നപ്പോള്‍ ഞാന്‍ ആ കളി അവസാനപ്പിച്ചു.

ഉച്ചക്ക് ഊണ് കഴിക്കാന്‍ ഇരുന്നപ്പോഴാണ് രാവിലെ മുതല്‍ ചോദിക്കണമെന്നു കരുതിവെച്ച ചോദ്യം ചോദിക്കാന്‍ ഒരാളെ സൗകര്യത്തിന് കിട്ടിയത് - സെക്ഷന്‍ ക്ലാര്‍ക്ക് സുഹാസിനി.

'ഇവിടെ അടുത്തെവിടെയെങ്കിലും ചെരുപ്പുകുത്തിയുണ്ടോ?'

'ചെരുപ്പുകുത്തിയോ? വന്ന് ഇറങ്ങിയ ഉടനെ ചെരുപ്പ് പൊട്ടിയോ മാഡം?' സുഹാസിനി കോമ്പല്ല് കാട്ടി ഇളിച്ചു. ഇവള്‍ക്ക് ഈ പേര് ചേരില്ലെന്ന് ഞാന്‍ തീര്‍പ്പിച്ചു.

'ഇല്ല. അറിഞ്ഞു വെച്ചിരുന്നാല്‍ അത്യാവശ്യം വരുമ്പോള്‍ ....'

'ബസ് സ്റ്റോപ്പിൻ്റെ നേരെ എതിര്‍ വശത്തൊരുത്തന്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ചെരുപ്പ് മാത്രമല്ല അയാള്‍ കുടയും ബാഗുമൊക്കെ നന്നാക്കുമെന്ന് തോന്നുന്നു.'

അയാള്‍ കുടയും വടിയും നന്നാകുമോയെന്ന് ഞാന്‍ തിരക്കിയോ? ഇവര്‍ക്കൊക്കെ ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞാല്‍ പോരെ. തോന്നിയ അരിശം മറയ്ക്കാന്‍ ഞാന്‍ വെള്ളം എടുത്ത് കുടിച്ചു.

കൃത്യം അഞ്ച് മണിക്ക് ഞാന്‍ ഇറങ്ങി. സുഹാസിനി പറഞ്ഞതുപ്പോലെ അയാള്‍ അവിടെത്തന്നെയുണ്ടായിരുന്നു. പച്ച ഷേഡുള്ള സണ്‍ഗ്ലാസും, പണ്ട് വെള്ളയായിരിക്കാന്‍ സാധ്യതയുള്ള മുഷിഞ്ഞ ഷര്‍ട്ടും നീല കളങ്ങള്‍ ഉള്ളൊരു നരച്ച ലുങ്കിയും. എഴുപത്തിനോട് അടുത്ത് പ്രായം. കുറച്ചു ചെരുപ്പുകള്‍ മുമ്പിലും വശങ്ങളിലുമായി വരിയായി, ഒരു റബ്ബര്‍ ഷീറ്റിനു മീതെ അടുക്കിവെച്ചിരിക്കുന്നു. ഒന്നുരണ്ട് പ്ലാസ്റ്റിക് സഞ്ചികളും ഒരു തകര പെട്ടിയും അതിൻ്റെ പുറത്തൊരു കാലന്‍ കുടയും. ഒരു വലിയ ഫ്ളക്സ് ബോര്‍ഡിൻ്റെ തണലും പറ്റി അയാള്‍ ചമ്രം പടിഞ്ഞിരിക്കുന്നു. അയാളുടെ സണ്‍ഗ്ലാസുകള്‍ എന്നില്‍ കൗതുകമുണര്‍ത്തി. സണ്‍ഗ്ലാസ് വെച്ചൊരു ചെരുപ്പുകുത്തിയെ ഇതിന് മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല.
അടുത്ത ദിവസം വീണ്ടും കണ്ടപ്പോള്‍ അയാളൊരു ഫ്രീക്കൻ്റെ ചെരുപ്പു തുന്നുകയായിരുന്നു. സണ്‍ഗ്ലാസുകള്‍ അപ്പോഴും മുഖത്ത് തന്നെയുണ്ട്. കുനിഞ്ഞിരുന്ന് തികഞ്ഞ ഏകാഗ്രതയോട് കൂടി ചെരുപ്പ് തുന്നുന്ന അയാളെ കണ്ടപ്പോള്‍ ആ ദൃശ്യമെന്നെ ഫെര്‍ഡിനാഡ് ഹോഡ്ലറുടെ പ്രസിദ്ധമായ 'ദ ഷൂമേക്കര്‍' എന്ന ഛായാചിത്രത്തെ അനുസ്മരിപ്പിച്ചു.

അങ്ങനെയൊന്ന് എനിക്കും ശ്രമിക്കാവുന്നതേയുള്ളു. 'ദ കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്'. ആഹാ!! വിശ്വവിഖ്യാതമാവാന്‍ സ്‌കോപ്പുള്ള തലക്കെട്ട്!! ക്യൂബിസത്തില്‍ ഇട്ടൊന്ന് പിടിച്ചാല്‍ ചിലപ്പോള്‍ ക്ലിക്ക് ആവും. ആലേഖനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനെ വിശദമായ വിശകലനതിന്ന് ശേഷം അതിൻ്റെ വ്യക്തിത്വം നഷ്ട്ടപെടുത്താതെ അമൂര്‍ത്തമായ ഭാവത്തില്‍ ഉല്ലേഖനം ചെയ്യുക, അത്രമാത്രം.

പിന്നെ പിന്നെ രാവിലെയും വൈകുന്നേരവും അയാളെ നിരീക്ഷിക്കുന്നത് ഞാന്‍ പതിവാക്കി. ഈ പ്രായത്തിലും അയാളെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഞാന്‍ വെറുതെ സങ്കല്‍പിച്ചു.
ഒരാഴ്ച്ച കഴിഞ്ഞുകാണും , അന്ന് ഓഫീസില്‍ ലീവ് പറഞ്ഞിരുന്നു. ബസ്സിറങ്ങി ഞാന്‍ അയാള്‍ക്കരികിലേക്ക് നടന്നു. അയാളെ കൊണ്ട് എൻ്റെ ഏറ്റവും പുതിയ ചെരുപ്പ് തുന്നിക്കുകയായിരുന്നു ലക്ഷ്യം. ഞാന്‍ ചെരുപ്പൂരി അയാളുടെ നേരെ നീട്ടിയിട്ടും അയാള്‍ എന്നെ ശ്രദ്ധിച്ചതേയില്ല.

'ഈ ചെരുപ്പൊന്ന് ശരിയാക്കണമെല്ലോ.'

'തരൂ നോക്കട്ടെ', അയാള്‍ എൻ്റെ നേരെ കൈനീട്ടി വായുവില്‍ തപ്പി. ചെരുപ്പ് കൈയില്‍ തടഞ്ഞപ്പോള്‍ അയാള്‍ അത് വാങ്ങി തിരിച്ചും മറിച്ചും വിരലുകള്‍ കൊണ്ട് പരിശോധിച്ചു.

ഞാന്‍ തലക്കെട്ടില്‍ ചെറിയ ഒരു മാറ്റം വരുത്തി, 'ദ ബ്ലൈന്‍ഡ് കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്'.

'ഇതിനു കുഴപ്പമൊന്നുമില്ലല്ലോ', ചോദ്യഭാവത്തില്‍ അയാള്‍ എൻ്റെ നേരെ മുഖമുയര്‍ത്തി.

'പുതിയതാ , ചുറ്റും നൂലിട്ടൊന്നു ബലപ്പെടുത്തി തന്നാല്‍ ...'

'ചെരുപ്പിൻ്റെ നിറമെന്താ?'

പെട്ടന്ന് എനിക്ക് വര്‍ണ്ണങ്ങളുടെ ചക്രം ഓര്‍മ്മ വന്നു. കൗതുകരമായ ഒരു ആശയം മനസ്സില്‍ ഉടലെടുത്തു.

'പച്ച', ഞാന്‍ ആ ചുവന്ന ചെരുപ്പിനെക്കുറിച്ച് കള്ളം പറഞ്ഞു. വര്‍ണചക്രത്തില്‍ ചുവപ്പിൻ്റെ പരിപൂരകമായ നിറമാണ് പച്ച.

അയാള്‍ അരികിലിരുന്ന തകരപെട്ടി തുറന്നു. അതില്‍ പല നിറത്തിലുള്ള നൂലുകള്‍ വരിയായി അടുക്കി വെച്ചിരിക്കുന്നു. മൂന്നാമത്തെ വരിയില്‍നിന്നും അഞ്ചാമതിരുന്ന പച്ച നൂല്‍ എടുത്തയാല്‍ പുറത്തു വെച്ചു. എൻ്റെ ചെരുപ്പില്‍ കൂടി അയാളുടെ കൈകള്‍ പരതി നടന്നു. നൂല്‍ സൂചിയില്‍ കോര്‍ത്തയാള്‍ പണി തുടങ്ങി.

അയാളുടെ ഷര്‍ട്ടിനും പല്ലുകള്‍ക്കും ഒരേ നിറമായിരുന്നു. പ്രായത്തിൻ്റെ ചുളിവുകളേക്കാള്‍ കൂടുതല്‍ അയാളുടെ മുഖത്ത് , ജീവിതത്തിൻ്റെ ചുളിവുകള്‍ നിറഞ്ഞു നില്‍ക്കുന്നതായി എനിക്ക് തോന്നി. ഇടത്തെ കാതില്‍, പണ്ടത്തെ പത്തുപൈസാ നാണയവട്ടത്തില്‍ ഒരു നിറം മങ്ങിയ കടുക്കന്‍. തലയില്‍ മുടികളെക്കാള്‍ കൂടുതല്‍ വിയര്‍പ്പുതുള്ളികള്‍ തിങ്ങി നിന്നു. തുന്നുന്ന താളക്രമത്തില്‍ അയാളുടെ തല ഉയരുകയും താഴുകയും ചെയ്തപ്പോള്‍ അവ വെയിലേറ്റു തിളങ്ങി. തേയ്മാനം വന്ന തുകല്‍ തുണിപോലെ ചുക്കി ചുളിഞ്ഞ വിരലുകള്‍. നീണ്ട നഖങ്ങള്‍ക്കിടയില്‍ ചേറിൻ്റെ കറ.

ആ വിരലുകളുടെ താളക്രമം നോക്കി നിന്നപ്പോള്‍ വിവരിക്കാന്‍ പറ്റാത്ത ഒരു ശാന്തി അനുഭവപ്പെട്ടു - വാച്യതയുടെ, ആവര്‍ത്തനത്തിൻ്റെ… അങ്ങനെയെന്തോ ഒന്ന്. ഒരു ചിത്രകാരൻ്റെ നിരന്തരവും പൗനരുക്ത്യവുമായ ബ്രഷ് സ്‌ട്രോക്കുകള്‍ പോലെ!!

ഒരു ചെരുപ്പ് കഴിഞ്ഞപ്പോള്‍ മറ്റേ ചെരുപ്പും അയാള്‍ അത് പോലെ ഭംഗിയായി തുന്നി. ചുവന്ന ചെരുപ്പില്‍ പച്ച നൂല്‍. നല്ല ചേര്‍ച്ച. പണി കഴിഞ്ഞയാള്‍ നൂല്‍ യഥാസ്ഥാനത്ത് തിരികെ വെച്ചു.

'എത്രയായി?'

'ഇപ്പോള്‍ സമയം എത്രയായി കാണും?', അയാള്‍ മറുചോദ്യം ചോദിച്ചു.

'പത്തരയാകാന്‍ പോകുന്നു.'

'എന്നാല്‍ ഒരു കാപ്പിയുടെ കാശ് തരൂ.'

'അറുപത് രൂപയുണ്ട്, മതിയാക്കുമോ?'

'മ്മ്'

അയാള്‍ എഴുന്നേറ്റു മെല്ലെ നടന്ന് തുടങ്ങി. വലതുകാലിൻ്റെ ഉപ്പൂറ്റി തറയില്‍ തൊടാതെ വെച്ച് വെച്ച്. അയാള്‍ നഗ്‌നപാദനായിരുന്നു. ചെരുപ്പിലാത്ത ചെരുപ്പുകുത്തി.

'ദ ഷൂലെസ്സ് കോബ്ബ്‌ലര്‍'. ഒരു ചിത്രത്തിന് രണ്ട് പേരുകള്‍ കൊടുക്കുന്നത് അത്ര അസാധാരണമാന്നോ? അല്ലെങ്കില്‍ 'ദ ഷൂലെസ്സ് ബ്ലൈന്‍ഡ് കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്' എന്നാക്കിയാലോ? എനിക്ക് ചിരി വന്നു.

'നിങ്ങള്‍ക്ക് ഒരു ചെരുപ്പ് വാങ്ങിയിട്ടുകൂടേ?'

'എന്തിന്?'

'എല്ലാരും ഇടുന്നത് കൊണ്ട്. പാദങ്ങളുടെ സംരക്ഷണത്തിന്.'

'അത് പൊട്ടിയാല്‍ എനിക്കത് തുന്നേണ്ടി വരില്ലേ?'

ഇയാള്‍ക്ക് വട്ടാണ് എന്നോര്‍ത്തുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു. തിരക്കുള്ള ബസ്സില്‍ ഇടിച്ചു കേറി കമ്പിയില്‍ തൂങ്ങി നില്‍കുമ്പോള്‍ ഇനി അയാള്‍ക്ക് ഏത് ചെരുപ്പ് തുന്നാന്‍ കൊടുക്കണമെന്ന് ഞാന്‍ ആലോചിച്ചു.

അടുത്തത് ആ നീല ചെരുപ്പായാലോ? നീലയുടെ പരിപൂരകമായ നിറം പിംഗലം. പരിപൂരകം തന്നെ വേണമെന്നില്ല സമാനമായ നിറങ്ങളും പരീക്ഷിക്കാം. വര്‍ണ്ണങ്ങള്‍ തമ്മിലുള്ള ലയം, അതാണ് മുഖ്യം.

മനസ്സില്‍ ഒരു വര്‍ണ്ണചക്രം ഇങ്ങനെ കിടന്ന് കറങ്ങി. കറങ്ങും തോറും അതിലെ നിറങ്ങള്‍ തമ്മില്‍ കെട്ടുപിണഞ്ഞ് ഓരോന്നായി വെണ്‍മയുടെ നിറമില്ലായിമയില്‍ അദൃശ്യമാവുന്നു. അപ്പോള്‍ സ്വാഭാവികമായൊരു സംശയം നിങ്ങള്‍ക്കുണ്ടാവാം - നിറമില്ലായിമ കറുപ്പല്ലേ, വെളുപ്പാണോ?

നിറങ്ങളെല്ലാം ഉള്ളില്‍ ഒളിപ്പിക്കുന്നത് കറുപ്പ്. നിറങ്ങളെല്ലാം പുറംതള്ളുന്നത് വെളുപ്പ്. അപ്പോള്‍ നിറമില്ലായിമ വെളുപ്പല്ലേ? അല്ലെങ്കില്‍ നമ്മള്‍ തമ്മിലെന്തിനാ തര്‍ക്കം - ഇവ രണ്ടും നിറങ്ങളേയല്ല. ഞാന്‍ പറയുന്നതല്ല , ഭൗതികശാസ്ത്രത്തില്‍ അങ്ങനെയൊക്കെയാണത്രെ.

Sunday, March 19, 2017

കഥ : പ്രണയത്തിൻ്റെ കുടമുല്ലവള്ളികൾ!!


[Published മലയാളംപത്രിക, Aug 2018]

ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം  അനന്തേട്ടനെ കാണാൻ പോകുന്നു. ഇപ്പോൾ  എങ്ങനെയിരിക്കും? കുഞ്ഞന്മാമയെ പോലെ കഷണ്ടി ആയി കാണുമോ? ഏയ്, അനന്തേട്ടൻ മാലുയമ്മയെ പോലെയാണ്. മുട്ടോളം  വരുന്ന മുടിയുണ്ടായിരുന്നെല്ലോ മാലുയമ്മക്ക്.

തറവാട്ടിലേക്കൊരു യാത്ര  പ്രതീക്ഷിച്ചിരുന്നില്ല. ചന്ദ്രേട്ടൻ വിളിച്ചു കാര്യം പറഞ്ഞപ്പോഴും രണ്ട് മനസ്സായിരുന്നു. കൂട്ടുകാരി നീതു പക്ഷേ നിർബന്ധിച്ചു, "മീരാ , നീ പോണം. യു നീഡ് എ ചേഞ്ച് ഓഫ് സീൻ. ഇറ്റ് വിൽ ഡു യു ഗുഡ്."

മുംബയിൽ നിന്നും കോയമ്പത്തൂർ വെരെ  ഫ്ലൈറ്റിൽ. ആലത്തൂർ എത്താൻ പിന്നെയും ഒന്നര മണിക്കൂർ യാത്രയുണ്ട്. അധികം ലഗ്ഗേജ്   ഇല്ലാത്തത് കൊണ്ട് യാത്ര ബസിലാക്കാമെന്ന് കരുതി. അത് നന്നായി. ഗ്രാമക്കാഴ്ചകൾ ഒരു ചിത്രദർശിനിക്കുഴലിൽ കൂടിയെന്നപ്പോലെ മിന്നി മറഞ്ഞു.

ആലത്തൂർ, എൻ്റെ ഗ്രാമം. ഗായത്രിയാറും, വീഴുമലയുമൊക്കെ ഇപ്പോഴും മനസ്സിൻ്റെ കോണിൽ നിറം മങ്ങാത്ത ചിത്രമറകൾ. വേനൽക്കാല അവധികളിൽ ഞാനും അനന്തേട്ടനും ദക്ഷയുമായിരുന്നു കൂട്ട്. പറമ്പ് മുഴുവൻ ചുറ്റി അടിച്ചു നടക്കുമായിരുന്നു അന്ന്. ചന്ദ്രേട്ടന് വലിയ കുട്ടിയുടെ ഭാവമാണ്. എന്നാലും കുളത്തിൽ  കുളിക്കാനും വീഴുമല കയറാനുമൊക്കെ കൂടെ കൂടുമായിരുന്നു.

രേവുയമ്മ മരിച്ചപ്പോളാണ് നമ്മൾ എല്ലാരും അവസാനം തമ്മിൽ കാണുന്നത്. വല്യമ്മാമ പക്ഷേ ചന്ദ്രട്ടനെ കർമ്മങ്ങൾ ചെയ്യാൻ അനുവദിച്ചില്ല. മദാമ്മയെ കൂടെകൂട്ടിയവൻ ചിത കൊളുത്തിയാൽ തൻ്റെ രേവുന്ന് ശാന്തി കിട്ടില്ലെന്നും പറഞ്ഞായിരുന്നു ബഹളം. അവസാനം അനന്തേട്ടൻ വേണ്ടി വന്നു എല്ലാത്തിനും.

പിരിയുമ്പോൾ അന്ന് മനസ്സിലുള്ളയൊരു  ഇഷ്ട്ടം അനന്തേട്ടനോട് പറയണമെന്നുണ്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത പതിനെട്ടുകാരിയുടെ പൊട്ടത്തരമായി കാണുമോയെന്ന് പേടിയുണ്ടായിരുന്നു. അനിയത്തികുട്ടിയായിട്ടേ കരുതിയിട്ടുള്ളെങ്കിലോ? ആരും കാണാതെ കുറേനാൾ മനസ്സിലിട്ട് നനച്ചിരുന്നു പ്രണയത്തിൻ്റെ കുടമുല്ലവള്ളികൾ.  പിന്നെ എപ്പോഴോ നഗരത്തിലെ താപോർജ്ജത്തിൽ  അത് പട്ടു പോയത് അറിഞ്ഞതേയില്ല.

കുടമുല്ലക്ക് വള്ളികൾ ഉണ്ടോ? പൊട്ടത്തരമോർത്തപ്പോൾ അറിയാതെ ചിരിച്ചുപോയി. എത്ര നാളായി മനസ്സൊന്ന് ഇങ്ങനെ അയഞ്ഞിട്ട്!! ഇവിടെത്തെ കാറ്റിന് മൃതസഞ്ജീവിനിയുടെ പ്രഭാവം ഉണ്ടോ? ഉടഞ്ഞു പോയത് കൂട്ടിച്ചേർക്കാനും ചിതറി  പോയത്  പെറുക്കി എടുക്കാനും ഇവിടെ തന്നെയാണ് വരേണ്ടത്.

ക്യാനഡയിലുള്ള ചന്ദ്രേട്ടനും ആസ്ട്രേലിയയിലുള്ള ദക്ഷയും ഫേസ്ബുക്കിൽ  കൂടി വല്ലപ്പോഴും വിശേഷങ്ങൾ പറയുമായിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി ബന്ധങ്ങളൊക്കെ ഒരു ലൈക്കിലോ കമെൻറ്റിലോ ഒതുങ്ങുകയാണ് പതിവ്. അനന്തേട്ടനെ മാത്രം അവിടെയൊന്നും കണ്ടില്ല. കൽക്കട്ടയിലുള്ള  ഏതോ എൻ.ജി.ഓ യിൽ ചേർന്ന് പ്രവൃത്തിക്കുകയാണെന്ന്  ചന്ദ്രട്ടൻ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു.

ബസ്സിറങ്ങി നടന്നു തുടങ്ങി. ആരോടും ചോദിക്കേണ്ടി വന്നില്ല. ഇവിടെ കാലചക്രം പതിനെട്ട്  വർഷങ്ങൾക്കു മുന്നേ നിലച്ചത് പോലെ. ഒന്നും മാറിയിട്ടില്ല. ഹരിതസ്വർണ്ണവർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന പുൽപ്പാടവും,  വളപ്പൊട്ടുകൾ ചിതറിയ നടവഴിയും, അരിക്ക് പറ്റി പടർന്ന് കിടക്കുന്ന തൊട്ടാവാടിയും, മേലാപ്പ് വിരിച്ച അപ്പുപ്പൻ പേരാലും.....എല്ലാം കാലത്തിൻ്റെ ഫ്രെയ്‌മുകളിൽ നിശ്ചലം.

രേവുയമ്മക്ക് കഥകൾ പറഞ്ഞു തരാൻ വലിയ ഇഷ്ട്ടമായിരുന്നു. രാത്രിയിൽ ഞങ്ങൾ നാലുപേരും അവരുടെ ചുറ്റുമാവും കിടക്കുക. ചന്ദനത്തിരിയുടെയും കർപ്പൂരത്തിൻ്റെയും മണമുള്ള അവരുടെ മെയ്യോടു ഒട്ടിക്കിടക്കുന്നു കുട്ടികാലത്തെ എൻ്റെ ഒട്ടുമിക്ക ഓർമ്മകളും.

കുറച്ചകലെയുള്ള  രണ്ടുമൂർത്തി നടയിലേക്ക്  രേവുയമ്മയുമായി പോകുമായിരുന്നു ഞങ്ങൾ. കല്ലിൽ  തീർത്ത, രൗദ്രഭാവമുള്ള  മഹിഷാസുരമർദിനിയും  പ്ലാവിൻതടിയിൽ  കടഞ്ഞ,  സൗമ്യഭാവമുള്ള അന്നപൂർണേശ്വരിയും ഒരുമിച്ചു വാഴുന്നയിടം - പ്രപഞ്ച ചൈതന്യത്തിൻ്റെ  രണ്ട്  വ്യത്യസ്ത മുഖങ്ങൾ. അവിടെ ഒഴുകുന്ന ശോകനാശിനിയിൽ  മുങ്ങി  നിവർന്നാൽ   മർത്യശോകങ്ങൾക്ക് അറുതിവരുമത്രെ.  പക്ഷെ കണ്ണീര്‍പ്പുഴയെന്ന  പേരല്ലേ കൂടുതൽ ചേർച്ച? മുങ്ങിനിവരുന്ന ഓരോരുത്തരുടെയും കണ്ണുനീർ  വീണ് നിറഞ്ഞ പുഴ?

പടിപുരയിലേക്ക്  നീളുന്ന പാടവരമ്പിൽ കൂടി നടന്നപ്പോൾ കണ്ടു , എട്ടുകെട്ടിൻ്റെ എല്ലാ പ്രൗഢിയോടും കൂടി ശ്രീചിത്രകൂടം തലയുയർത്തി നിൽക്കുന്നത്. വിശാലമായ മുറ്റത്ത് എത്തിയപ്പോൾ കാലത്തിൻ്റെ  മാറ്റൊലിക്കൾ  കാതിൽ വന്നു പതിച്ചു. നാലുമണിയും, അശോകതെച്ചിയും വാടാമല്ലിയുമൊക്കെ മനസ്സിൻ്റെ മാങ്കൊമ്പിൽ നിന്നിറങ്ങി വന്നതുപ്പോലെ. കൊഴിഞ്ഞു വീണ ഇലകൾ മുറ്റത്ത് ചിതറി കിടക്കുന്നു . അവയിൽ ചവിട്ടിയപ്പോൾ കേട്ട ശബ്ദം, ഓർമ്മപുതപ്പിനുള്ളിൽ പതുങ്ങുമ്പോൾ കിട്ടുന്ന സുഖം നൽകി. മണ്ണിൻ്റെ മണവും കാറ്റിൻ്റെ കുളിരുമൊക്കെ ആസ്വദിച്ചങ്ങു നിന്നുപോയി.

"മീരൂ.....നിനക്കൊരു മാറ്റവുമില്ലല്ലോ!!". ചന്ദ്രേട്ടനോടൊപ്പം ഏതോ വില കൂടിയ പെർഫ്യൂമിൻ്റെ നനുത്ത സുഗന്ധവും എന്നെ പുണർന്നു.

"ഷെറിലും കുട്ട്യോളും വന്നില്ലേ ഏട്ടാ?"

"ഞാൻ വേണ്ടായെന്ന് പറഞ്ഞു . നമ്മൾ മാത്രമുള്ള ആ കുട്ടിക്കാലമൊന്ന്  തിരിച്ചുപിടിക്കാൻ പറ്റിയാലോ? ഒരു മാസം ഉണ്ടാവില്ലേ നീയിവിടെ?"

"മ്മ്...അനന്തേട്ടനും ദക്ഷയും?"

"ദക്ഷ നാളെയെത്തും. അവളെ വിളിക്കാൻ കാർ അയക്കണം. അനന്തൻ്റെ കാര്യം ഒരു അറിവുമില്ല. എൻ.ജി.ഓയുടെ കൽക്കട്ട ബ്രാഞ്ചിൽ ഞാൻ മെസ്സേജ് കൊടുത്തിട്ടുണ്ട്. അവർ അറിയിക്കാമെന്ന് ഉറപ്പ് തന്നിരുന്നു. വരും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. നീ പോയി ഫ്രഷായി വാ. നിൻ്റെ മുറി ശരിയാക്കിയിട്ടുണ്ട്."

അടുത്ത ദിവസം ദക്ഷയും, രണ്ട് ദിവസം കഴിഞ്ഞു അനന്തേട്ടനും വന്നു. വർഷങ്ങളുടെ വിടവ് വരുത്തുന്ന അപരിചിതത്വത്തിൻ്റെ  ഒരു നേരിയ മറ ആദ്യം തോന്നിയെങ്കിലും അധികം വൈകാതെ എല്ലാവരും ഓർമ്മകളുടെ ഉഷ്മളതയിൽ സുഖം പിടിച്ചു.

ദക്ഷ കൊണ്ടുവന്ന ഷാംപെയിൻ  നുണഞ്ഞു കൊണ്ട് കുളക്കടവിൽ ഇരുന്നപ്പോൾ എല്ലാവരും കൂടണഞ്ഞ കുരുവികൾ  പോലെ.

"ഇവിടെത്തെ നക്ഷത്രങ്ങൾ മാത്രമേ നൃത്തം ചെയ്യുന്നതായി കണ്ടിട്ടുള്ളൂ." പടിയിൽ മലർന്ന് കിടന്ന് കൊണ്ട് ചന്ദ്രേട്ടൻ ആകാശത്തേക്ക് കണ്ണോടിച്ചു.

"ചന്ദ്രേട്ടന് കവിത വരുന്നുണ്ടല്ലേ? ഇപ്പോഴും എഴുത്താറുണ്ടോ ഏട്ടാ?", അനന്തേട്ടൻ്റെ കണ്ണിൽ കുസൃതി ചിരി.

"പിന്നെ ദിവസവും ....ചുമയുടെയും പനിയുടെയും മരുന്നുകുറിപ്പുകൾ ആണെന്ന് മാത്രം."

"അനന്തേട്ടന്  ഒരു മാറ്റവുമില്ല , അല്ലേ ചന്ദ്രേട്ടാ? മുഖത്തൊരു യോഗിയുടെ ചൈതന്യം."

"അത് പിന്നെ അങ്ങനെയല്ലേ വരൂ......നമ്മളൊക്കെ ജീവിതത്തിൻ്റെ ഫാസ്റ്റ് ലേണിൽ കൂടി ബ്രേക്കില്ലാതെ പായുമ്പോൾ , കഷ്ട്ടപെട്ട്  പഠിച്ചെഴുതിയെടുത്ത ഐ.എ.സ് പദവി പുല്ലുപോലെ വലിച്ചെറിഞ്ഞ്, ആത്മസംതൃപ്തിയുടെ കളിവഞ്ചി ഒറ്റയ്ക്ക് തുഴയുകയല്ലേ അവൻ. എനിക്ക് നിന്നോട് അസൂയയാടാ."

"അസൂയപെടാനുള്ള അവസ്ഥയൊന്നുമില്ല ഏട്ടാ. ആത്മസംഘർഷത്തിൻ്റെ നിമിഷങ്ങൾ ഇപ്പോഴും ഉണ്ടാവാറുണ്ട്. ആഗ്രഹിച്ചത്  നേടിയോ .....നേടിയത് ആഗ്രഹിച്ചിരുന്നോ ....ഒന്നും ഇപ്പോഴും തീർച്ചയില്ല."

"വല്യമ്മാമ എന്തിനായിരിക്കും ചിത്രകൂടം നമ്മുടെ നാലുപേരുടെയും പേരിൽ എഴുതിയത്?"

"അറിയില്ല മീരൂ, നമ്മൾക്ക് നഷ്ടപ്പെട്ടുപോയ എന്തൊക്കെയോ തിരിച്ചു തരാനുള്ള ഒരു ശ്രമമായിരിക്കാം അച്ഛൻ നടത്തിയത് . ഓടി തളരുമ്പോൾ വിശ്രമിക്കാനൊരു കിളിക്കൂട്......ഓർമ്മപുസ്തകത്തിലെ ഏടുകൾ   ഇരുന്നു മറിക്കാനൊരു മച്ച്. സ്വയം തീർത്ത തിരക്കുകളിൽ നിന്നും ഇടയ്ക്കിടയ്ക്ക്  ഓടി രക്ഷപെടാൻ ഒരു സമാന്തരപ്രപഞ്ചം ഉണ്ടാവുന്നത് നല്ലതല്ലേ? നൊസ്റ്റാൾജിയ ഈസ് സോ വെരി റെജുവിനേറ്റിംഗ്."

"നമുക്ക് നാളെ വീഴുമല കയറിയാലോ? ചന്ദ്രേട്ടന്  ഓർമ്മയില്ലേ , മീരൂവിൻ്റെ അമ്മിണി പൂച്ച  സുഖമില്ലാതെ കിടന്നപ്പോൾ  മൃതസഞ്ജീവിനി വേണമെന്നും പറഞ്ഞിവൾ വാശി പിടിച്ചത്, വീഴുമല കേറി കണ്ണിൽ കണ്ട പുല്ലൊക്കെ പറിച്ചു കൊണ്ടുവന്ന് ഇടിച്ചു പിഴിഞ്ഞു അതിന് കൊടുത്തത്. അവസാനം അത് ചത്തപ്പോൾ അതിനെ  വീഴുമലയിൽ തന്നെ അടക്കണമെന്ന് പറഞ്ഞു എന്ത് കരച്ചിലായിരുന്നു."

"അന്നത്തെ പൊട്ടി പെണ്ണ് തന്നെയാ ഞാൻ ഇപ്പോഴും അനന്തേട്ടാ....മൃതസഞ്ജീവനി കിട്ടിയിരുന്നെങ്കിലെന്ന് പിന്നെയും മോഹിച്ചിട്ടുണ്ട് ......എൻ്റെ അഭിക്ക് വേണ്ടി", പക്ഷെ ഒന്നും പറഞ്ഞില്ല. നിലാവിൽ കുളിച്ചു നിന്ന ആമ്പൽപൂക്കളെ നോക്കിയിരുന്നു.

"ലൂക്സ് ലൈക്ക് ഐ ആം ദി ഒൺലി വൻ വിതൗട്ട് എനി മെമ്മോറിയസ് ഓഫ് ദിസ് പ്ലേസ്." ദക്ഷയുടെ മുഖത്ത് നിരാശ.

"ഇവിടുന്നു പോകുമ്പോൾ നീ കുട്ടിയായിരുന്നില്ലേ ദക്ഷാ. അന്ന് മീരൂവിനെ കെട്ടിപിടിച്ചു കരയുന്ന നാലുവയസുകാരിയേ  എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്. അമ്മ മരിച്ചപ്പോൾ വത്സലചിറ്റക്ക് അന്ന് വരാൻ  പറ്റിയില്ലല്ലോ. പിന്നെ നമ്മൾ നേരിട്ട് കാണുന്നത് ഇപ്പോഴല്ലേ." ചന്ദ്രേട്ടൻ അവളെ ആശ്വസിപ്പിച്ചു.

"വാട്സ് ദി സ്റ്റോറി ബിഹൈൻഡ് വീഴുമല? അമ്മ പറഞ്ഞ ചെറിയ ഒരു ഓർമ്മ. സംതിങ് റ്റു ടു വിത്ത് ഹനുമാൻ, അല്ലെ?"

ദക്ഷയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് അനന്തേട്ടനായിരുന്നു, "പണ്ട് രാമനും ലക്ഷ്മണും  യുദ്ധത്തിൽ പരിക്കേറ്റപ്പോൾ ഔഷധസസ്യങ്ങൾ തേടി ഹനുമാൻ ഹിമാലയത്തിലേക്ക്  പുറപെട്ടു. ജീവൻ തിരിച്ചു നല്കാൻ കഴിവുള്ള മൃതസഞ്ജീവനി, ആയുധം ഏല്പിച്ച മുറിവുകൾ ഉണക്കാൻ കഴിവുള്ള വിശല്യകരണി, ശരീരത്തിലെ  പാടുകൾ മാറ്റി സ്വാഭാവികനിറം തിരികെ നൽകുന്ന സുവർണ്ണകരിണി, അറ്റുപോയ അവയവങ്ങളും പൊട്ടിയ എല്ലുകളും യോജിപ്പിക്കാൻ  കഴിവുള്ള സന്ധാനകരണി,  ഉത്സാഹവും വീര്യവും തിരികെ നൽകുന്ന ഉന്മേഷകരണി എന്നിങ്ങനെയുള്ള ഔഷധങ്ങൾ കൊണ്ടുവരാനായിരുന്നു ദൗത്യം. അവിടെച്ചെന്നപ്പോൾ ഔഷധസസ്യങ്ങൾ ഏതാണെന്നറിയാതെ ആശയക്കുഴപ്പത്തിലായ ഹനുമാൻ , ഋഷഭാദ്രി മലയെ അടിയോടെ പൊക്കി ലങ്കയിലേക്ക് തിരിച്ചു പറന്നു. ആ യാത്രയിൽ മലയുടെ ചെറിയ ചില ഭാഗങ്ങൾ പലയിടങ്ങളിലായി അടർന്നു വീണെന്നും, അങ്ങനെ തലകീഴായി വീണ ഒരു ചെറിയ മലയാണ് "വീഴുമല" യെന്നുമാണ് കഥകൾ."

"വേരി ഇൻ്റെരെസ്റ്റിംഗ്!!", ദക്ഷക്ക് കൗതുകം.

അത്താഴം കഴിഞ്ഞ് എല്ലാരും മുറികളിലേക്ക് മടങ്ങി. ഡയറിയിൽ എന്തെങ്കിലും കുത്തി കുറിക്കാമെന്നു കരുതിയിരുന്നപ്പോഴാണ് കാൽപ്പെരുമാറ്റം കേട്ടത്.

മേശപുറത്തിരുന്ന മോൻ്റെ ഫോട്ടോ എടുത്ത് നോക്കി കൊണ്ട് അനന്തേട്ടൻ ചോദിച്ചു , "അഭിമന്യു...?"

"അതേ......ഹി വുഡ്  ഹാവ് ബീൻ ഇലെവൻ ദിസ് ഇയർ."

"ഞാൻ അറിഞ്ഞിരുന്നു. പക്ഷേ നീ കേട്ടുപഴകിയ  പൊള്ളയായ വാക്കുകൾ അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല പറയാൻ....അതാ ഞാൻ ....."

"നന്നായേയുള്ളു അനന്തേട്ടാ......വല്ലാത്തൊരു സാഹചര്യമാണത് . ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുമ്പോൾ ചുറ്റും ആളുകൾ. കരയാൻ ഒരു താങ്ങ് കൊതിക്കുമ്പോൾ ഒറ്റപ്പെടൽ. നമ്മൾ  മരണത്തെ കോമാളിയെന്ന് വിളിക്കുന്നു  പക്ഷേ  യഥാർത്ഥത്തിൽ അത് നമ്മളെ കോമാളിയാകുകയല്ലേ  ചെയ്യുന്നത് ? വിഡ്ഢിയും നിസ്സഹായയുമായ കോമാളി."

"പെട്ടന്നായിരുന്നില്ലല്ലോ  മീരൂ....."

"അതെ ....രണ്ട് വർഷമുണ്ടായിരുന്നു മനസ്സിനെ മെരുക്കാൻ . പക്ഷേ യാതൊരു വിധത്തിലുള്ള പാകപ്പെടുത്തലുകളും ആ നിമിഷത്തെ അഭിമുഖീകരിക്കാൻ നമ്മളെ തയ്യാറാക്കില്ല. സീറോ പെർസെൻറ് സർവൈവൽ റേറ്റ് ആന്നെന്നു അറിയാമായിരുന്നുവെങ്കിലും അവസാനം നിമിഷം വേറെയും പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ നോക്കിയിരിക്കവെയാണ്  അവൻ്റെ ശ്വാസം നിലച്ചത്.......ആ നിമിഷം എൻ്റെയുള്ളിൽ എന്തോ ഉടയുന്ന പോലെ തോന്നി.  അവൻ്റെ പാതിയടഞ്ഞ മിഴികൾ ഇപ്പോഴും നല്ല വ്യക്തമായി.......മൈ ബേബി വാസ് ഒൺലി സെവൻ ......."

"മീരൂ, വർഷം നാല് കഴിഞ്ഞില്ലേ കുട്ടീ. യു നീഡ് ട്ടു മൂവ് ഓൺ, ഫോർ യുവർ ഓൺ സേക്ക്."

"അവൻ പോയപ്പോൾ, അടിത്തട്ടില്ലാത്തയൊരു കടലിൽ മുങ്ങി താഴുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആദ്യത്തെ വെപ്രാളം മാറുമ്പോൾ, കൈകാലിട്ടടിക്കാൻ ശേഷിയില്ലാതെ, വരാനിരിക്കുന്ന അജ്ഞതയെ പുൽകാൻ മനസ്സും ശരീരവും സന്നദ്ധമാവും. പക്ഷേ സാഹചര്യങ്ങൾ എന്നെ വീണ്ടും കരയിൽ കൊണ്ടെറിഞ്ഞു. പിന്നെ ഒരു നീർപ്പോള തീർത്ത് അതിനുള്ളിൽ കഴിയാൻ ശ്രമിച്ചു കുറേനാൾ.  കുറച്ചു കഴിഞ്ഞപ്പോൾ  മനസ്സിലായി, ഞാൻ എന്നെ തന്നെ പറ്റിക്കുകയാണെന്ന്. അന്ന് ഒരു മുഖമൂടിയെടുത്തണിഞ്ഞു. ജീവിതമെന്നു മറ്റുള്ളവർ വിളിക്കുന്ന ഈ ഘട്ടം ഒന്ന് ജീവിച്ച് തീർക്കണം....അത്രെയേ കരുതിയിട്ടുള്ളു."

"ദേവൻ ...."

"യൂ.സിലാണ്."

"നിങ്ങൾ ....."

"ഒരുമിച്ചല്ലാ ....അഭിയുണ്ടാക്കിയ ശൂന്യത അതിജീവിക്കാൻ ഞങ്ങളുടെ ബന്ധത്തിന് കഴിഞ്ഞില്ല."

"ബന്ധങ്ങളൊന്നും ഓക്കുമരങ്ങളല്ല മീരൂ. പക്ഷെ രണ്ടുപേർക്ക് കൈകോർത്ത്  നിന്നുകൊണ്ട് ചിലപ്പോൾ    കൊടുങ്കാറ്റിനെ അതിജീവിക്കാൻ കഴിഞ്ഞേക്കും...."

"കഴിയുമായിരുന്നില്ല അനന്തേട്ടാ, ചിലപ്പോൾ ശ്രമിക്കാഞ്ഞിട്ടാവും. വി ബോത്ത് ഹാഡ് ഡിഫറെൻറ് വേസ് ഓഫ് ഡീലിങ് വിത്ത് ഗ്രീഫ്."

"താങ്ങ് വേണമെന്ന് തോന്നിയപ്പോൾ ഒന്ന് അറിയിക്കാമായിരുന്നു നിനക്ക്."

"അനന്തേട്ടൻ എന്തേ ഇതുവരെ ആരെയും കൂടെ കൂട്ടാഞ്ഞെ?"

"പറയാൻ മറന്ന വാക്കുകലൊക്കെ പെറുക്കി കൂട്ടിയപ്പോഴേക്കും, കളിവഞ്ചി ഒരുപാട് ദൂരം പിന്നിട്ടിരുന്നു. കിടന്നോളു, നാളെ വീഴുമല കയറണമെങ്കിൽ നല്ല റസ്റ്റ് വേണം. ഗുഡ് നൈറ്റ് മീരൂ."

പിറ്റേന്ന് വീഴുമലയുടെ മുകളിൽ ഇളംകാറ്റേറ്റ്  നിന്നപ്പോൾ മനസ്സിൽ കൂടി അഭിയുമായുള്ള നിമിഷങ്ങൾ കടന്ന് പോയി. ആദ്യമായി കണ്ണീരിൻ്റെ അകമ്പടിയില്ലാതെ അവൻ്റെ ഓർമ്മകൾ മനസ്സിൽ ഒഴുകി നടന്നു. ദേവനും അഭിയുമുണ്ടായിരുന്ന ലോകം ഇങ്ങ്  യുഗങ്ങൾക്കപ്പുറം നിന്ന് കാണുന്നത്‌ പോലെ തോന്നിയെനിക്ക്.

പണ്ടത്തെ പോലെ എല്ലാരും വട്ടമിട്ടിരുന്നു. ആർക്കും സംസാരിക്കണമെന്നു ഉണ്ടായിരുന്നില്ല. ശബ്ദിച്ചാൽ ആ നിമിഷത്തിൻ്റെ വശ്യത നഷ്ട്ടപെട്ടാലോയെന്ന് ഭയക്കും പോലെ.  കുട്ടികാലത്തെ ചന്ദ്രനും അനന്തനും മീരയും ദക്ഷയും ഞങ്ങൾക്ക്  ചുറ്റും  ഓടി കളിച്ചു, പൊട്ടി ചിരിച്ചു, കിണുങ്ങി കരഞ്ഞു, പിണങ്ങി, പരിഭ്രമിച്ചു.

മലയിറങ്ങവേ അനന്തേട്ടൻ കൈനീട്ടി. "മീരൂ, ഒരു ആഫ്രിക്കൻ പഴമൊഴിയുണ്ട്. വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റക്ക് നടക്കണം. ഒരുപാട് ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം."

"നമുക്ക് ഒരുപാട് ദൂരം നടന്നാലോ അനന്തേട്ടാ....", മനസ്സ് പറഞ്ഞത് പക്ഷെ ചുണ്ടുകൾ തടഞ്ഞു.  ഒന്നും പറയാതെ അനന്തേട്ടൻ്റെ കൈയിൽ മുറുക്കെ പിടിച്ചു.

തിരിച്ചു ചിത്രകൂടത്തിൽ വന്നപ്പോൾ കണ്ടു,  ജാലകപ്പടിയിലേ  കുടമുല്ലയിൽ നിറയേ മൊട്ടുകൾ. ഇവിടെത്തെ കുടമുല്ലക്ക് വള്ളികളുണ്ട്. സൂര്യപ്രകാശമേറ്റു തളിർക്കാൻ ചുറ്റിപ്പിണയുന്ന വള്ളികൾ. പ്രണയത്തിൻ്റെ കുടമുല്ലവള്ളികൾ!!