Total Pageviews

Friday, April 24, 2020

കഥ : ആട്ടുമാക്കാച്ചിയുടെ കല്യാണനാളുകൾ


ആട്ടുമാക്കാച്ചിയുടെ കല്യാണനാളുകൾ
*******************************************
അമ്പലകുളത്തിലെ ആട്ടുമാക്കാച്ചി ഒരു ഏകാന്തവാസിയായിരുന്നു. തവളപിടുത്തക്കാരുടെ കണ്ണുവെട്ടിച്ചു അവൻ അവിടെ കഴിയാൻ തുടങ്ങിയിട്ടു നാളുകൾ ഏറെയായി. പിടിക്കപെടുമെന്നുള്ള ഭീതിയിൽ നിമഗ്നനായി അവൻ ശബ്ദമുണ്ടാകാൻ മറന്നിരുന്നു. മാത്രമല്ല, അവൻ്റെ വായ്പ്പാട്ട് കേട്ടു വന്നു ചേരാൻ പാകത്തിന് തരുണീമണികൾ ആരും തന്നെ ആ കുളത്തിലോ സമീപപ്രദേശത്തോ ഉണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ അവൻ പുറത്തിറങ്ങിയിരുന്നില്ല. അവൻ്റെ കൂട്ടുകാരെയെല്ലാം അവർ ഓരോന്നായി പിടിച്ചു കൊണ്ട് പോയി കഴിഞ്ഞിരുന്നു.

സൂര്യതാപമേൽക്കുമെന്ന് പേടിച്ച്‌ മനുഷ്യർ താരതമ്യേന പുറത്തിറങ്ങാൻ മടിച്ച, നട്ടുച്ചനേരങ്ങളിൽ മാത്രം പുറത്തിറങ്ങാൻ അവൻ ശ്രദ്ധ പുലർത്തി. ഒരു പെൺക്കൂട്ടിനായും ഒരു പെരുമഴക്കാലത്തിനായും അവൻ ദാഹിച്ചു, വളരെയധികം മോഹിച്ചു. ഒരു മഴകുളിരോ ഒരു കാർമേഘകീറോ കാണാതെ നിരാശനായി അവൻ എന്നും, ആ കുളത്തിൻ്റെ ആഴങ്ങളുടെ ഭദ്രതയിലേക്ക് നിരാശനായി മടങ്ങിയിരുന്നു. തൻ്റെ വർഗ്ഗത്തിൻ്റെ സ്വഭാവജന്യതക്ക് വിപരീതമായി, അവൻ സദാ ഗാർഹസ്ഥ്യം കാംക്ഷിച്ചു.

ഗൗഹാട്ടി എക്സ്പ്രെസ്സിൻ്റെ മൂത്രപ്പുരയിലുള്ള ചെറിയ ജനാലിയിൽക്കൂടി ബിറിഞ്ചി പുറത്തേക്ക് നോക്കി നിന്നു. തീവണ്ടിമുറികൾ മാറി മാറി കയറി, ടി.ടിയുടെ കണ്ണിൽപ്പെടാതെ, ഇടനാഴിയിലും മൂത്രപ്പുരയിലും യാത്രാസാമാനത്തിനുള്ള ഇടങ്ങളിലുമായി ഇരുന്നും കിടന്നും യാത്ര തുടങ്ങിയിട്ടു രണ്ടു ദിവസത്തിൽ ഏറെയായിരിക്കുന്നു. ഒരു "കറകളഞ്ഞ" നാടോടിയുടെ വസ്ത്രങ്ങൾ തന്നെയായിരുന്നു അയാൾക്കും. നിറം മങ്ങിയ, മുഷിഞ്ഞു നാറുന്ന, പലയിടങ്ങളിൽ പിന്നിയ, ചിലയിടങ്ങളിൽ തുന്നിക്കൂട്ടിയ ധോത്തിയും കുർത്തയും. തൃണസസ്യാദികൾ നിറഞ്ഞ, മഞ്ഞുമലകളാൽ ചുറ്റപ്പെട്ട ഒരു നാട്ടിലേക്ക് വണ്ടി കയറാൻ അയാളെ പ്രേരിപ്പിച്ചത് ദാരിദ്ര്യമോ, ശീലമായിപ്പോയ അലസതയോ, അത് മനസ്സിലാക്കാതെ കുറുകുന്ന ഒഴിഞ്ഞ വയറോ മാത്രമായിരുന്നില്ല. കാമഖ്യ ദേവിയുടെ തിരുനടയിൽ വിശന്നുറങ്ങിയ ഒരുനാളിൽ, അമ്മ തന്നെ നേരിട്ട് വന്ന് നിർദേശിച്ചതെന്ന് അയാൾ വിശ്വസിക്കുന്ന ഒരു യാത്ര. ധനമോ, സ്നേഹമോ , പ്രണയമോ, രതിയോ, പ്രത്യാശയോ, സൗഹൃദമോ ഒന്നും ലവലേശം ആഗ്രഹിക്കാത്ത ഈ നാടോടിക്ക് വേണ്ടത്, പേശികൾ ചലിക്കാതെ ദിവസേന മൂന്നോ, അതിൽ കൂടുതലോ തവണ, മുറ തെറ്റാതെയുള്ള ഭോജ്യത്തിൻ്റെ ലഭ്യത മാത്രം - മനുഷ്യൻ്റെ അടിസ്ഥാനപരവും പൗരാണികവുമായ ഏക അവശ്യവസ്തു. "കപ്പടയും", "മക്കാനും" ഇല്ലെങ്കിലും ജീവിക്കാം!

ആട്ടുമാക്കാച്ചിയുടെ സാധാരണമായ ഒരു ഏകാന്തദിനമദ്ധ്യത്തിലായിരുന്നു, ആയാസരഹിതമായൊരു ജീവിതം ഇച്ഛിച്ചു കൊണ്ട് ബിറിഞ്ചി, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ, തൻ്റെ വീണ്ടു കീറിയ നഗ്നപാദങ്ങളാൽ ആഗതനായത് .

ദൈവീകപ്രേരിതമായ യാത്രയായതിനാൽ, തന്നെ സഹായിക്കാൻ ഒരു ദൈവദൂതൻ ഇവിടെയുണ്ടാവുമെന്ന് ബിറിഞ്ചി ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം അയാളെ രക്ഷിച്ചതിനാലാവണം ബിറിഞ്ചിയും ഫണിയും തമ്മിലുള്ള കൂടിക്കാഴ്ച കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ സംഭവിച്ചത്. കേരളീയരേക്കാൾ കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ‍ ഉണ്ടാകാൻ സാധ്യതയുള്ള പരിതഃസ്ഥിതിയിലേക്ക് നാട് അതിവേഗത്തിൽ നീങ്ങുന്നതു കൊണ്ട്, ഈ കൂടിക്കാഴ്ചയിൽ ഒട്ടും തന്നെ അതിശയോക്തി തോണേണ്ടതില്ല.
തൻ്റെ നാട്ടുകാരനായ, അമ്പലക്കള്ളൻ ഫണി ബോറ, അവൻ്റെ ഭൂതകാലപ്രവർത്തികളൊക്കെ കുഴിച്ച് മൂടി, അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിൻ്റെ ഉത്തമ മാതൃകയായി ഇവിടെ ജീവിക്കുന്ന കാര്യം അയാളിൽ ചെറുതല്ലാത്ത ഒരു സന്തോഷം ഉളവാക്കി. ഫണിയുടെ മാനമാറ്റത്തിൽ തോന്നിയ നിസ്വാർത്ഥമായ ആഹ്ളാദമായിരുന്നില്ല അത്. മറിച്ച്, പൂർവ്വകാലപ്രവൃത്തികൾ മറച്ചുവയ്ക്കാൻ നിർബന്ധിതനാകുന്ന ഒരു വ്യക്തിയുടെ അവസ്ഥയിൽ, മുതലെടുക്കുവാൻ പറ്റിയ അവസരങ്ങളുടെ ആഭിമുഖ്യം മനസ്സിലാക്കിയതിനാലായിരുന്നു.

തൻ്റെ ആപത്കരമായ സാഹചര്യം നല്ലവണ്ണം അറിയാവുന്നതു കൊണ്ടും, താൻ ഇപ്പോൾ അനുഭവിക്കുന്ന ശാന്തിയുടെയും സമാധാനത്തിൻ്റെയും ഗൃഹസ്ഥജീവിതം കൈമോശം വന്നാലുള്ള ഭവിഷ്യത്തുകളിൽ തീരെ തത്പര്യനല്ലാത്തതു കൊണ്ടും ഫണി ബോറ, ബിറിഞ്ചിയെ സഹായിക്കാൻ ഒട്ടും വൈമുഖ്യം പ്രകടിപ്പിച്ചില്ല. ഫണിയുടെ, ഇനിയും മുഴുവനായി എരിഞ്ഞടങ്ങിയിട്ടില്ലാത്ത തസ്കരബുദ്ധിയിൽ തോന്നിയ ഉപായമായിരുന്നു ഒരു സിദ്ധൻ്റെ വേഷം. അനുയോജ്യമായ വസ്ത്രങ്ങളും സാമഗ്രികളും ഫണി തന്നെ ബിറിഞ്ചിക്ക് ഏർപ്പാട് ചെയ്‌തു കൊടുത്തു.

"തുമി കൊഷ്ട്ടു ദിലു" (ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചു)
"നൈയ് , നൈയ് ,ബിറിഞ്ചി ബാബ. ശുഭാഗ്യോ!" (ഏയ് , ഇല്ല ബിറിഞ്ചി ബാബ. ഗുഡ് ലക്ക്! )
"ദൊയിനബാദ് ഫണി" (നന്ദിയുണ്ട് ഫണി)

ഫണി ചൂണ്ടികാട്ടിയ ആൽമരത്തണലിൽ പൃഷ്ഠം ഉറപ്പിച്ച ബിറിഞ്ചിയുടെ പൊതുജനസമ്പർക്ക കാര്യപരിപാടികളും ഫണി തന്നെ ഏറ്റടുത്തു നടത്തി. കുണ്ഠിതഭാവമുള്ള, അധികം സംസാരിക്കാത്ത ബിറിഞ്ചി ബാബ മഹാജ്ഞാനിയും ആഹാരമൊഴികയുള്ള ലൗകിക വസ്തുകൾ ബഹിഷ്ക്കരിച്ച മഹാനുഭാവനുമാണെന്ന് ഫണി മലയാളത്തിലും ആസ്സാമീസിലും പിന്നെ രണ്ടും കലർന്ന "ആസ്സായാളത്തിലും" പ്രചരണം നടത്തി. ആദ്യം സംശയത്തോടെയും പിന്നെ കൗതുകത്തോടെയും അവസാനം ഭയഭക്തി ബഹുമാനത്തോടെയും ലോകർ ബിറിഞ്ചി ബാബയെ വകവെച്ചു തുടങ്ങി. നാട്ടുകാർ,പ്രത്യേകിച്ചും തരുണീമണികൾ, ഭക്ഷണം കൊണ്ട് ആൽമരത്തണലിലേക്കും, മറ്റു ചിലപ്പോൾ ബാബ, അവരുടെ വീട്ടുപടിക്കലേക്കും ചെന്നുകയറുവാൻ തക്ക വിധത്തിൽ കാര്യങ്ങൾ മംഗളകരമായി മുന്നേറി.

ആട്ടുമാക്കാച്ചിയും ബിറിഞ്ചി ബാബയും അങ്ങനെയിരിക്കെ ആകസ്‌മികമായി ഒരു ദിവസം കണ്ടുമുട്ടി. അസഹനീയമായ ചൂടുള്ള ഒരുച്ച നേരം, പാതി വറ്റിയ കുളത്തിനരികിൽ എത്തിയ ബിറിഞ്ചി, രണ്ട് തവളകണ്ണുകൾ വെള്ളത്തിനടിയിൽ നിന്നും തന്നെ തുറിച്ചു നോക്കുന്നത് കണ്ട് ഞെട്ടുകയും, പരിഭ്രമം മാറിയപ്പോൾ കൈയിൽ കിട്ടിയ ഒരു ഉരുളൻ കല്ല് കൊണ്ട് തവളയെ എറിയുകയും ചെയ്തു. ഈ കണ്ടുമുട്ടൽ ആട്ടുമാക്കാച്ചിയേ സാമാന്യം നല്ലവണ്ണം തന്നെ ഭയപ്പെടുത്തിയെങ്കിലും തൻ്റെ ചിരകാലാഭിലാഷത്തിലേക്കുള്ള ആദ്യപടിയാണിതെന്നുള്ള കാര്യം ഗ്രഹിക്കുവാൻ ആട്ടുമാക്കാച്ചിക്ക് അപ്പോൾ കഴിഞ്ഞില്ല. വരാനിരിക്കുന്ന ഭാഗ്യാതിരേകത്തിൽ തികച്ചും അജ്ഞനായ ആ മണ്ഡൂകം കുളത്തിൻ്റെ ചെളിയാഴങ്ങളിൽ അഭയം തേടി.

വരണ്ടുണങ്ങിയ പുഴകളും കിണറുകളും പാടങ്ങളും കൂടി തുടങ്ങിയപ്പോൾ ക്ഷേത്രനിർവ്വാഹക സംഘവും നാട്ടുകാരും ഒത്തുകൂടി തലപുകഞ്ഞാലോചിച്ചു. കൂട്ടത്തിൽ നാസ്തിക ചിന്താഗതിയുള്ള ഒരു വിരുതൻ "ആൽമൂട്ടിലെ ഋഷ്യശൃംഗനോട് ഒന്ന് ചോദിച്ചാലോ?" എന്ന് തമാശരൂപേണ അഭിപ്രായപ്പെട്ടു. ഒരു ജനക്കൂട്ടത്തിന് തന്നിൽ പൊടുനെയുള്ള പ്രതിപത്തി ആദ്യമൊന്ന് ബിറിഞ്ചിയെ അന്ധാളിപ്പിച്ചെങ്കിലും അയാൾ പെട്ടന്ന് തന്നെ ആത്മസംയമനം വീണ്ടെടുത്തു. ഫണി ബോറയുടെ തർജ്ജമയിൽ കാര്യങ്ങൾ മനസ്സിലാക്കി, ഗഹനമായ പരിചിന്തനത്തിനൊടുവിൽ ബിറിഞ്ചി ബാബ രണ്ടേ രണ്ടു പദങ്ങൾ മൊഴിഞ്ഞു, "ഭേകൂലി ബിയാ".

ഗുരുമുഖത്തു നിന്നും ഇനിയൊന്നും വരാനില്ലെന്ന് മനസ്സിലാക്കിയ നാട്ടുകാർ, ഫണിയോട് കാര്യങ്ങൾ തിരക്കി മനസ്സിലാക്കി. ആസ്സാമീസിൽ "ഭേകൂലി" എന്നാൽ തവളയാണെന്നും "ബിയാ" എന്നാൽ കല്ല്യാണമാണെന്നും തിരിച്ചറിഞ്ഞ നാട്ടുകാർ തവളകളെ പിടിക്കാൻ നാലുപാടുമോടി. അമ്പലക്കുളത്തിൽ നിന്നും ആദ്യം ആട്ടുമാക്കാച്ചി പിടിക്കപ്പെട്ടു. കിണറായ കിണറൊക്കെ തപ്പി, ഒടുവിൽ മൂന്ന് തവളകളെക്കൂടി അവർ സംഘടിപ്പിച്ചു. നഗരത്തിലെ ഒരു ജന്തുശാസ്ത്രജ്ഞനെ കൊണ്ട് തവളകളുടെ ലിംഗനിർണ്ണയവും പൂർത്തിയാക്കി. പിടിക്കപ്പെട്ട തവളകളിൽ ആട്ടുമാക്കാച്ചിയൊഴികെ ബാക്കി മൂവരും അംഗനമാരായിരുന്നു! ലക്ഷണമൊത്ത ഒരുവളെ ബിറിഞ്ചി ബാബ തന്നെ തിരഞ്ഞെടുത്തു കൊടുത്തു.

മഴ പെയ്താൽ എല്ലാവർക്കും ഒരു പോലെ ഗുണകരമാകുമെന്നിരിക്കെ, കല്യാണച്ചിലവുകൾ എല്ലാം നാട്ടുകാരും ചേർന്നു തുല്യമായി പങ്കിടണമെന്ന് ക്ഷേത്രനിർവ്വാഹക സംഘം നിർദ്ദേശിച്ചു. എന്നാൽ സ്ഥലത്തെ പ്രധാന യുക്തിവാദികളും നിരീശ്വരവാദികളും മറ്റു മതസ്ഥരെ കൂട്ട് പിടിച്ച്‌, സംഘം ചേർന്ന് മുറുമുറുത്തപ്പോൾ, കല്യാണച്ചിലവുകൾ ക്ഷേത്രധനസഞ്ചയത്തിൽ നിന്നും എടുക്കാമെന്ന് സമിതി തീരുമാനിക്കുകയായിരുന്നു.

എന്താണ് നടക്കുന്നതെന്ന് പിടികിട്ടാത്ത സ്‌തംഭിതരായ മണവാളനും മണവാട്ടിയും വിവാഹനടപടിക്രമങ്ങൾ ക്രമീകരിക്കപെടുന്നതുവരെ വ്യത്യസ്തമായ കൂടുകളിൽ തുറുങ്കിലടയ്‌ക്കപ്പെട്ടു. ഇരുവരുടെയും പരിണയം, ബിറിഞ്ചി ബാബയുടെ ഉപദേശപ്രകാരം മംഗളകരമായ സിംഹലഗ്നത്തിൽ ഉറപ്പിച്ചു. ക്ഷണക്കത്തുകൾ അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടു. ക്ഷണിതാകൾ വിവാഹത്തിലും അതിന് ശേഷമുള്ള അന്നദാനത്തിലും പങ്കെടുത്ത് ദമ്പതികളെ അനുഗ്രഹിക്കണമെന്നും, സമ്മാനങ്ങൾ നൽകുന്നതിന് പകരം മഴദൈവങ്ങളോട് പ്രാർത്ഥിക്കണമെന്നും അതിൽ അഭ്യർത്ഥിച്ചിരുന്നു. ഏതോ വിശ്വാസിയുടെ വകയായി അമ്പലത്തിനു മുന്നിൽ വലിയ ഫ്ളക്സ് ഒരണ്ണം ഉയർന്നു - "മേഘനാഥൻ വെഡ്സ് അമൃതവർഷിണി"

ഒരു ഉത്സവത്തിന്നുള്ളതിനേക്കാൾ പതിമടങ്ങു ജനാവലി വിവാഹദിനത്തിൽ കാണുകയുണ്ടായി. കൗതുകം കൊണ്ടോ, അന്നദാനത്തിൻ്റെ ഭക്ഷണ പട്ടികയിലെ തരഭേദങ്ങൾ കൊണ്ടോയെന്തോ, യുക്തിവാദികളും നിരീശ്വരവാദികളും കൃത്യതയോടെ ഹാജർ രേഖപ്പെടുത്തി. നിശ്ചയിച്ചുറപ്പിച്ച ശുഭമുഹൂർത്തത്തിൽ, കുളിപ്പിച്ചു ശുദ്ധിയാക്കപ്പെട്ട വരനും വധുവും, മന്ത്രോച്ചാരണകമ്പടിയോട് കൂടി യഥാവിധി ദൃഢബദ്ധരായി. ചടങ്ങുകൾക്കൊടുവിൽ, നവദമ്പതികളെ എല്ലാവരും ചേർന്ന് ഒരു ചെറുചങ്ങാടത്തിൽ ഇരുത്തി, അമ്പലക്കുളത്തിൽ സഹവസിക്കുവാൻ ഒഴുക്കി വിട്ടു.

കൊട്ടും കുരവയും ബഹളവുമൊക്കെ ഒഴിഞ്ഞപ്പോൾ ആട്ടുമാക്കാച്ചിയുടെ സംഭ്രമം പതിയെ വിട്ടൊഴിഞ്ഞു. അപ്പോളാണവൻ തൻ്റെ അരികിലിരിക്കുന്ന സഹജീവിയെ ശരിക്കും ശ്രദ്ധിച്ചത്. കാര്യങ്ങൾ ഏറെക്കുറെ മനസ്സിലാക്കിയ ആട്ടുമാക്കാച്ചി, ആഹ്ളാദഭരിതനും അതിലേറേ രോമാഞ്ചകുഞ്ചിതനുമായി. വർഷങ്ങളായി അമർത്തപ്പെട്ട വികാരവിഷോഭങ്ങൾ, തവളകൾക്കു മാത്രം സ്വായത്തമായ വായ്പ്പാട്ടായി പ്രവാഹിച്ചു. അന്നുമുതൽ അങ്ങോട്ട് ആട്ടുമാക്കാച്ചിയുടെ കല്യാണനാളുകളായിരുന്നു.

ഇതിനിടയിൽ കാലവർഷം ചുറ്റിത്തിരിഞ്ഞു സന്നിഹിതമായി. ആദ്യം മന്ദഗതിയിലും ഒടുവിൽ പേമാരിയായും അത് രൂപപ്പെട്ടു. ബിറിഞ്ചി ബാബ കാമാഖ്യ ദേവിക്ക് നന്ദി പറഞ്ഞു. ഫണി ബോറ ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ടു. വിശ്വാസികൾ സന്തോഷിച്ചപ്പോൾ അവിശ്വാസികൾ നെറ്റിചുളിച്ചു.

മാസങ്ങൾ കടന്നുപ്പോയി, എന്നാൽ മഴ തുടർന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ "പ്രവചനങ്ങൾ" ചെവികൊള്ളാതെ മഴ ഇടവിട്ടിടവിട്ട് പെയ്‌തു കൊണ്ടേയിരുന്നു. "ഹാ! മഴ" എന്ന് പറഞ്ഞവർ "ഛേ! മഴ" എന്ന് മാറ്റി പറഞ്ഞു. കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻ‍കരുതലുകൾ സ്വീകരിക്കാൻ സർക്കാർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമർജന്സി ഓപ്പറേഷൻ സെൻറ്റർ പ്രവർത്തനസജ്ജമായി. സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഈ കോലാഹലങ്ങൊളൊന്നുമറിയാത്ത ആട്ടുമാക്കാച്ചിയും അവൻ്റെ നീലക്കണ്ണി പെണ്ണും അവരുടെ വാല്‍മാക്രിക്കുഞ്ഞുങ്ങളും അമ്പലക്കുളത്തിൽ അവ്യാകുലതയോടെ വിഹരിക്കുകയായിരുന്നു. ആട്ടുമാക്കാച്ചിയുടെ വായ്പ്പാട്ടിന് ഇമ്പവും താളവും കൂടി വന്നു.
മഴ നിലക്കാതിരുന്നപ്പോൾ വിശ്വാസികൾ രൂക്ഷമായി പ്രതിഷേധിച്ചു. യുക്തതിവാദികൾ അസരളം പൊട്ടിച്ചിരിച്ചു. നിരീശ്വരവാദികൾ പരമായി പുച്ഛിച്ചു. ക്ഷേത്രനിർവ്വാഹക സംഘം വീണ്ടും ഒത്തു ചേർന്നു. ഈ സ്ഥിതിവിശേഷത്തിന് കാരണക്കാരനായ ബിറിഞ്ചി ബാബയോട് രണ്ടു വാക്ക് സംസാരിക്കാനും അയാളോട് തന്നെ ഇതിൻ്റെ പരിഹാരം ആരായുവാനും സമിതി ഏകകണ്ഠമായി തീരുമാനിച്ചു.

മഴ ശക്തിപ്പെട്ടത് കാരണം ബിറിഞ്ചി ബാബ ഊട്ടുപുരയിലേക്ക് താമസം മാറ്റിയിരുന്നു. കുടപിടിച്ച ജനാവലിയുടെ വിളി കേട്ട് പുതപ്പിനുള്ളിൽ നിന്നും തലപൊക്കി നോക്കിയ ബാബ, ആദ്യം ഒന്ന് പതറിയെങ്കിലും, ലോകരുടെ ആവശ്യമറിഞ്ഞു കഴിഞ്ഞപ്പോൾ ധ്യാനനിഷ്‌ഠനായി.

ദീർഘനേരത്തിനൊടുവിൽ വലിയ പ്രത്യാഘാതങ്ങളുള്ള രണ്ടു ചെറിയ പദങ്ങൾ ഉച്ചരിച്ചു , "ബിബാഹ് ബിച്ചേദ്" (വിവാഹമോചനം)
നിറഞ്ഞു കവിഞ്ഞ കുളത്തിൽ മുങ്ങൽവിദഗ്‌ദ്ധർ ഊളിയിട്ടു. നീലക്കണ്ണിയും കുറച്ചു തവളക്കുഞ്ഞുങ്ങളും അവരുടെ കരാളഹസ്തങ്ങളിൽ അകപെട്ടു. ആട്ടുമാക്കാച്ചിയും ശേഷിച്ച കുഞ്ഞുങ്ങളും ചതുപ്പിൽ മറഞ്ഞിരിന്നു. കണ്ണിൽച്ചോരയില്ലാത്ത ചില മനുഷ്യർ കുളത്തിലേക്ക്‌ കല്ലുകൾ പെറുക്കിയെറിഞ്ഞു. ഭർത്താവിൻ്റെ അഭാവത്തിൽ ആ പതിവ്രതയെ, ബിറിഞ്ചി ബാബ വിവാഹമോചിതയായി പ്രഖ്യാപിച്ചു. അവളെയും കുഞ്ഞുങ്ങളെയും അവർ ചാക്കിലാക്കി നിർദാക്ഷിണ്യം കടലിലെറിഞ്ഞു.
കാലവർഷം വന്ന വഴിയേ പോയി. ബിറിഞ്ചി ബാബ വീണ്ടും ആൽമരത്തണലിൽ പൃഷ്ഠം ഉറപ്പിച്ചു. തരുണീമണികൾ മുടങ്ങാതെ ദർശനത്തിനെത്തി. തക സമയത്ത്‌ പരിഹാരമേകി നാടിനെ രക്ഷിച്ച ബിറിഞ്ചി ബാബയെ നാട്ടുകാർ ആസ്ഥാനമുനിവര്യനായി നിയോഗിച്ചു. ഊട്ടുപുരയിൽ സ്ഥിരതാമസത്തിന് ഏർപ്പാട് ചെയ്‌തു കൊടുത്തു.എന്നെങ്കിലുമൊരിക്കൽ തനിക്ക് കൈവന്ന സൗഭാഗ്യത്തിന് കാമഖ്യ ദേവിയോട് നന്ദി പറയാൻ തിരിച്ചു പോകണമെന്ന് മനസ്സിലുറപ്പിച്ചു ബിറിഞ്ചി ബാബ സസുഖം വാണു.

വരും കാലങ്ങളിൽ ആരും തന്നെ ആ കുളത്തിൽ തവളകളെ കാണുകയോ അവയുടെ കരച്ചിൽ കേൾക്കുകയോ ചെയ്‌തില്ല. പ്രത്യാശിക്കാൻ ഒന്നുമില്ലാത്ത ആട്ടുമാക്കാച്ചി ചിലപ്പോൾ ഹൃദയം പൊട്ടി മരിച്ചിരിക്കാം. ആ കുഞ്ഞുങ്ങൾ ചിലപ്പോൾ പുതുവയലുകൾ തേടി പോയിരിക്കാം. അല്ലാ, ഈ തവളകളെ പറ്റി തിരക്കാനിപ്പോൾ ആർക്കാ നേരം!

No comments:

Post a Comment