"നിനക്ക് പോകണമെന്നുണ്ടോ നന്ദിനീ? ആളയച്ച സ്ഥിതിക്ക് ഒന്ന് പോകുന്നത് അല്ലേ നല്ലത്? ഇനി അധികനാൾ ഉണ്ടാവില്ലെന്നാ അറിയിനെ. അവനെയും കൂട്ടി പോയിവന്നോളു."
മാഷിനോട് തീരുമാനം പറയാൻ അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. വിവരം അറിഞ്ഞപ്പോഴേ പ്രതീക്ഷിച്ച ചോദ്യം. അന്ന് മുതൽ ഒരായിരം വട്ടം ഞാൻ എന്നോടുതന്നെ ചോദിച്ച ചോദ്യം.
അല്ലെങ്കിലും ഈയിടയായിട്ട് സമസ്യകളുടെ ഭണ്ഡാരക്കെട്ടുകൾ അധികനേരം ചുമക്കാൻ മിനക്കെടാറില്ല. മാത്രമല്ല , ഓർമ്മവെച്ച നാൾമുതൽ ശീലിച്ചതുകൊണ്ടാവും അവയ്ക്കൊന്നും ഭാരക്കൂടുത്തലും അനുഭവപ്പെടാറില്ല. തോളത്ത് വന്നിരിക്കുന്ന ഒരു പ്രാണിയേ തട്ടിമാറ്റുന്ന ലാഘവത്തോടു കൂടി അവയൊക്കെ കൈകാര്യം ചെയ്യാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു.
ഞാൻ പിറന്നുവീഴുന്നതിന്ന് മൂന്ന് മാസം മുമ്പ് അമ്മയേ വീട്ടിൽ തിരിച്ചു കൊണ്ടാക്കിയതാണാ മനുഷ്യൻ. വർഷം ഇരുപത്തിയൊമ്പത് കഴിഞ്ഞിരിക്കുന്നു. ഞാൻ ജനിച്ചോയെന്നു കൂടി തിരക്കാൻ മറന്നുപോയ ആൾ.
കൈയെത്തി മാമ്പഴം പറിക്കാൻ ഒരച്ഛൻ്റെ ചുമൽ ആഗ്രഹിച്ചിരുന്ന ബാല്യം. ഇനിയൊരിക്കലും അനുഭവിക്കാൻ ഇടവരാത്ത സൗഭാഗ്യങ്ങളുടെ കൂട്ടത്തിൽ അച്ഛൻ്റെ സ്നേഹം കൂടി ചേർക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ കൗമാരം. സൗഹൃദങ്ങളുടെ ഉഷ്മളതയിൽ വേദനകൾ താഴിട്ട് പൂട്ടിയ യൗവനം.
ഇടക്കുവെച്ചു അമ്മതണൽ നഷ്ട്ടപെട്ടപ്പോഴും പതറിയില്ല. അപ്പോഴേക്കും ഒറ്റ പങ്കായത്തിൽ തുഴയാൻ മനസ്സിനെ പതം വരുത്തിയിരുന്നു.
പോണം. പോയി കാണണം.
ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത ആ നിസ്സഹായതക്ക് മുന്നിൽ തലയുയർത്തി നിൽക്കണം. അമ്മയൊഴുക്കിയ കണ്ണീർക്കടലിന്റെ ഇരമ്പൽ കേൾപ്പിക്കണം. ഒറ്റക്ക് പൊരുതി ജയിച്ച യുദ്ധങ്ങളുടെ കണക്കുകൾ പറയണം. നിരഞ്ജൻ്റെ നെഞ്ചിനുള്ളിൽ എനിക്കായുള്ള അൾത്താര കാട്ടികൊടുക്കണം. കൊടുമുടികൾ കീഴടക്കാൻ ഈ മകൾക്ക് ഒരച്ഛന്റെ കാലടിപ്പാത വേണ്ടിവന്നില്ലെന്ന് അഹംഭാവത്തോടെ വിളിച്ചു കൂവണം.
പശ്ചാത്താപത്തിൻ്റെ ചുടുകണ്ണീർ ആ കണ്ണുകളിൽ നിന്നും വീഴുന്നത് കണ്ട് എൻ്റെ നെഞ്ചകം തണുക്കണം. നഷ്ട്ടബോധത്തിൻ്റെ നിശ്വാസങ്ങൾ കേട്ടനിക്ക് സംതൃപ്തിയടയണം. എന്നെയൊന്നു തൊടാൻപോലും പറ്റാത്ത അശരണതയെ നോക്കിയെനിക്ക് ഊറി ഊറി ചിരിക്കണം.
മനസ്സിനുള്ളിലെ പ്രക്ഷോഭങ്ങൾ അറിഞ്ഞതു കൊണ്ടോ മുഖത്തെ നിശ്ചയദാര്ഢ്യം കണ്ടതു കൊണ്ടോ , യാത്രയിൽ നിരഞ്ജനും നിശ്ശബ്ദനായിരുന്നു. അവൻ്റെ തോളത്ത് തലചായിച്ചിരുന്ന് ഞാൻ അപ്പോൾ, പറയാൻ പോകുന്ന വാക്യങ്ങൾ മനഃപാഠമാക്കുകയായിരുന്നു.
വളവുതിരിഞ്ഞപ്പോൾ കണ്ടു , തലയുർത്തി നിൽക്കുന്ന ആ നാലുക്കെട്ട് - അമ്മയുടെ വാക്കുകളാൽ മനസ്സിൽ വരച്ചിട്ട ചിത്രം. ഓർമ്മച്ചപ്പിലെ വിവര്ണ്ണമായൊരു ദൃശ്യം പെട്ടന്ന് സ്പഷ്ട്ടമായത് പോലെ. എൻ്റെ കൊലുസ്സിൻ്റെ കിലുക്കത്തിൽ ചിതറുമായിരുന്ന മുറ്റത്തെ മണൽത്തരികൾ. എൻ്റെ പൊട്ടിച്ചിരികൾ പ്രതിധ്വനിക്കുമായിരുന്ന ഉമ്മറത്തെ തൂണുകൾ.
ഉള്ളിൽ എന്തൊയൊന്ന് കൊളുത്തി വലിച്ചു. ഇതിലൊന്നും മനസ്സുടക്കില്ലെന്നു തീരുമാനിച്ചതല്ലേ? ചോരുന്ന ചായിപ്പും മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചവും പെട്ടന്നോർത്തു. അമ്മയുടെ തേങ്ങലും മഴയുടെ ചാറ്റലും..........
.........കാതുകൾ പൊത്തി ഉറങ്ങാൻ ശ്രമിച്ച രാത്രികൾ. അപഹരണത്തിൻ്റെ കോപാഗ്നി എന്നിൽ ആളിക്കത്തി.
അകലം കുറയും തോറും കാലുകൾക്ക് ഭാരമേറി. ചുവടുകള് ഇടറാതിരിക്കാൻ ഞാൻ അവൻ്റെ കൈയിൽ മുറുക്കെ പിടിച്ചു.
പടിപ്പുര കടന്നപ്പോഴേ കണ്ടു , ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ചിത. കത്തിത്തീരാൻ മത്സരിക്കുന്ന കനലുകൾ തീ തുപ്പീ. അവയെ കെടുത്താൻ വീശുന്ന കാറ്റേറ്റ് ഞാൻ വിയർത്തു. ഇനിയും ചാരമാകാത്ത അസ്ഥി കഷണങ്ങൾ വെയിലേറ്റ് ജ്വലിച്ചു. അകത്തും പുറത്തും അസഹ്യമായ ചൂട്. ഉഷ്ണം സഹിക്കാനാവാതെ ഞാൻ തിരിഞ്ഞോടി.
"നന്ദൂ......................"
നിരഞ്ജന്റെ ശബ്ദം എൻ്റെ കാലുകൾക്ക് ചങ്ങലയിട്ടു. വിഷണ്ണതയാൽ മുട്ടുകൾ മടങ്ങി. മണൽത്തരികൾ എൻ്റെ നെറ്റിയിൽ ഒട്ടിച്ചേർന്നു.
ചില തോൽവികൾ ഇങ്ങനെയും......
No comments:
Post a Comment