എൻ്റെ ഒറ്റയാളുടെ നിർബന്ധമായിരുന്നു. ആഗ്രഹിച്ചു നേടിയ മറുനാട്ടിലെ ജോലിയിൽ കയറിയിട്ട് കുറച്ചല്ലേ ആയുള്ളൂ........എത്രയെന്ന് വെച്ചാ പാവം ലീവെടുക്കുക? ഇനി തിരികേ പോകുന്നില്ലെന്ന് പറഞ്ഞുവിതുമ്പിയ അവനോടു പൊരുതി വാങ്ങിയതാണീ അഡ്മിഷൻ.
"ഇപ്പോൾ എനിക്ക് നല്ല ഭേദമുണ്ട് . ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ. അവിടെയാകുമ്പോൾ സമയത്തിന് ആഹാരവും മരുന്നും വേണ്ട ശ്രദ്ധയും ഒക്കെയുണ്ടാവും. മക്കളുടെ നല്ല ഭാവിയുടെ ന്യായവാദതിന്നു പിന്നിലൊളിക്കുന്ന രക്ഷിതാക്കൾ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ മുന്തിയ റസിഡൻഷ്യൽ സ്കൂളുകളിൽ കൊണ്ടാക്കുന്നില്ലേ? അത്രയും വരില്ലല്ലോയിത് ...ഉവ്വോ?"
കണ്ണുകൾ നിറഞ്ഞൊഴുകി തലകുനിച്ചു നിന്ന അവനെ ഞാൻ ചേർത്തുപിടിച്ചു , "അച്ഛനറിയില്ലേടാ കുട്ടാ നിനക്കെന്നോടുള്ള സ്നേഹം. അത് നീ നിൻ്റെ ജോലി കളഞ്ഞു കാണിക്കേണ്ടെന്ന് മാത്രം. എനിക്കൊരു സങ്കടവുമില്ല. അച്ഛൻ്റെ കുട്ടി സമാധാനമായിട്ട് പോയിവരു."
നമ്മളോരോരുത്തരും വിഷമവൃത്തങ്ങളുടെ തമോഭരത്തിൽ നിത്യം തപ്പിത്തടയുന്നവരല്ലേ? ഏറ്റവും പ്രായോഗികമായ പ്രതിവിധി തിരഞ്ഞെടുക്കുമ്പോൾ അത് നമ്മൾക്കും നമ്മുടെ ചുറ്റുമുള്ളവർക്കും പ്രയോജനകരമാകണം. മുന്നോട്ടുള്ള യാത്രയിൽ ബന്ധങ്ങളുടെ സന്ധികളേ തേയ്മാനത്തിൽനിന്നും പരിരക്ഷിക്കാൻ ഇങ്ങനെയുളള ചില തീരുമാനങ്ങൾക്ക് കഴിഞ്ഞേക്കാം.
"വയോദ്ധ"- യുടെ ഗേറ്റ് കടന്നുചെന്നപ്പോൾ ഒരു പുതിയ പ്രയാണത്തിൻ്റെ ഉണർവും ഉന്മേഷവും കാറ്റായി വന്ന് മെല്ലെ തഴുകിയകന്നു. വിശാലമായ മുന്മുറ്റത്ത് വിവിധയിനം വൃക്ഷസസ്യാദികളുടെ നര്മ്മലാപം നയനമനോഹരമായ കാഴ്ചയായി. ഗതകാല സുഖസ്മരണകൾ ഉണർത്തും വിധം മരത്തണലിലും പുൽമെത്തയിലും "യുവജനങ്ങൾ" ഒറ്റക്കും , ഇരട്ടയ്ക്കും , സംഘമായിട്ടുമിരിക്കുന്നു. ചിലർ നടപ്പാതയിലൂടെ ചടുലമായി നടക്കുന്നു. ഒരുകൂട്ടർ ഒരുവശത്ത് ബാഡ്മിന്റന് കളിക്കുമ്പോൾ വേറൊരുകൂട്ടർ മറുവശത്ത് യോഗയുടെ ധ്യാനനിഷ്ഠയിൽ മുഴുകിയിരിക്കുന്നു. കുടമേന്തിയ ജലകന്യകയുടെ ചുറ്റും ഇന്ദീവരങ്ങളും അരയന്നപ്പക്ഷികളും. എവിടെയും മൈത്രിയുടെയും സ്വച്ഛതയുടെയും നിര്വൃതി.
ഒന്നുരണ്ടുപേർ കൈവീശി കാണിച്ചു. തിരിച്ചു വീശുമ്പോൾ മനസ്സിൽ നവോദയത്തിൻ്റെ പ്രകാശരശ്മികൾ പുനര്ജ്ജനിക്കുകയായിരുന്നു.
വളരെ ലളിതമായിരുന്നു മുറിയിലെ സജ്ജീകരണങ്ങൾ. രണ്ടറ്റത്തായി ഓരോ സിംഗിൾ ബെഡ്. വലിയ ഒരു ജനാല, നേരെത്തേ കണ്ട ഉദ്യാനത്തിലേക്ക് തുറന്നിരിക്കുന്നു. അതിനോട് ചേർന്നൊരു മേശയും കസേരയും. പിന്നെ ഒരു ചുവരലമാരയും.
സഹമുറിയന്, മൂന്ന് മാസക്കാലത്തേക്ക് യു.എസ്സി.ലുള്ള മകൻ്റെ അടുത്തായിരിക്കുമത്രേ . അതുവരെ ഈ പറുദീസയെനിക്ക് മാത്രം സ്വന്തം.
മേശപ്പുറത്തിരുന്ന ലഘുലേഖ വെറുതെ മറിച്ചു നോക്കി - ഇവിടെത്തെ സുഖദസാഹചര്യങ്ങൾ, ഭക്ഷണ സമയങ്ങൾ , ചിട്ടവട്ടങ്ങൾ, യോഗയുടെയും വ്യായാമക്ലാസ്സുകളുടെയും ടൈം ടേബിള്, കൂടെ ഇവിടെത്തെ ഒരു ഭൂപടവും.
പുതിയ ജീവിതത്തിൽ പാലിക്കാൻ പറ്റുന്ന ചിട്ടകളും അനുകരിക്കാൻ പറ്റുന്ന ശീലങ്ങളും മനസ്സിലിട്ടൊന്ന് കുലുക്കി. നേരെത്തെ അനുഭവപ്പെട്ട ഉന്മേഷം വീണ്ടും സിരകളിൽ കൂടി മിന്നി.
മുകുന്ദൻ്റെ "പ്രവാസം" ലൈബ്രറിയിൽ നിന്നുമെടുത്ത് കായലിനഭിമുഖമായിട്ടുള്ള ഒരു ബെഞ്ചിൽ സ്ഥാനംപിടിച്ചു. എത്രനേരം കഴിഞ്ഞന്നറിയില്ല , ഒരു പെർഫ്യൂമിൻ്റെ നേർത്ത ഗന്ധം ഒഴുകിയെത്തിയപ്പോൾ തലയുയർത്തി നോക്കി.
ജീൻസും മഞ്ഞ നിറത്തിലുള്ള കോട്ടൺ ടോപ്പും വേഷം. സാൾട്ട് ആൻഡ് പെപ്പർ മുടിചുരുളുകൾ ദീര്ഘവൃത്താകൃതിയിലുള്ള മുഖത്തിനുചുറ്റും അലസമായി പാറിപറക്കുന്നു. ഇളം ചുവപ്പിൽ നിമഗ്നമായ അധരങ്ങള്. യൗവ്വനത്തിലെ ആകാരവടിവിൻ്റെ ലക്ഷണങ്ങൾ ഒട്ടുമിക്കതും ബാക്കിനിൽകുന്ന മെയ്യഴക്ക്.
"യു ആർ ചെക്കിങ് മി ഔട്ട് !!"
മുഖത്ത് വിരിഞ്ഞ ജ്യാളിയത മറക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്നു നടിച്ചവർ എൻ്റെ അടുത്തുവന്നിരുന്ന് കൈനീട്ടി. ഒരിക്കൽ കൂടി ആ പെർഫ്യൂമിന്റെ അല്പഗന്ധം ചുറ്റും പരന്നു. കര്പ്പൂരവള്ളി.
"ഹലോ, ഐ യാം മൃണാളിനി". ആത്മവിശ്വാസമുള്ള സംസാരശൈലി.
"ഞാൻ പ്രഭാകർ". ദൃഢവും എന്നാൽ സ്നിഗ്ദ്ധവുമായ ഹസ്തദാനം.
"നൈസ് ട്ടു മീറ്റ് യു ,പ്രഭാകർ. പുതിയ അഡ്മിഷനാണല്ലേ? ഞാൻ അപ്പോൾ സീനിയറാണ് - രണ്ട് വർഷം. സൊ, എനിക്ക് റാഗ്ഗിങ് ചെയ്യാൻ അവകാശമുണ്ട് കേട്ടോ."
ചിരിച്ചപ്പോൾ അധരങ്ങളുടെ വശങ്ങളിൽ വിരിഞ്ഞ സ്മിതരേഖകൾ കൗതുകമുണർത്തി.
"സന്തോഷം, മിസ് മൃണാളിനി." , ഞാനും ചിരിയിൽ പങ്കുചേർന്നു.
"കോൾ മി നളിനി പ്ളീസ്. ഹൗ ഡിഡ് യു ലാൻഡ് അപ്പ് ഹിയർ?"
"ഒട്ടും നാടകീയതയില്ല. വിഭാര്യന്......ആരോഗ്യം.......മകൻ്റെ ജോലി. ഇതാണ് ഹിതമെന്ന് തോന്നി......ഇങ്ങു പോന്നു."
"ഐ സീ . മൈയിൻ ഈസ് സിമിലർ. പേരക്കുട്ടികളെ നോക്കി വീട്ടിലിരിക്കാൻ എന്നെ കിട്ടില്ലെന്ന് നയം വ്യക്തമാക്കി. ഐ ആം നോട്ട് ദേ ഗ്രാൻഡ് മത്തേർലി ടൈപ്പ് യു സീ. പ്രഭാകർ വായിക്കുന്ന കൂട്ടത്തിലാണല്ലേ?"
"വല്ലപ്പോഴും. നല്ല കമ്പനിയില്ലെങ്കിൽ മാത്രം." , ബുക്ക് മടക്കി ഞാൻ ബെഞ്ചിൽ വെച്ചു.
"ഞാനുമതേ. പക്ഷെ കൂടുതലും ഇംഗ്ലീഷ് ഫിക്ഷൻ ആണ് ......അമിതവ് ഘോഷ് , അനിത നായർ, ഖാലിദ് ഹൗസൈനി. പ്രഭാകർക്കോ?"
"അങ്ങനെയില്ല, സംഗ്രഹം ഇഷ്ടപ്പെട്ടാൽ എടുക്കും. മുകുന്ദൻ്റെ കൃതികളോടൊരു പ്രത്യേക ഇഷ്ട്ടമുണ്ട്."
"ഒരു കോഫി ആയാലോ?"
"ആവാം."
ഞങ്ങൾ മെല്ലെ പോര്ട്ടിക്കോ ലക്ഷ്യമായി നടന്നു.
അപ്പോൾ അങ്ങകലെ ചക്രവാളത്തിൽ, കായലിൻ്റെ മടിത്തട്ടിലേക്ക് ഊളിയിടാൻ ഒരുങ്ങുകയായിരുന്നു അസ്തമയസൂര്യൻ .........മറ്റൊരു ഉദയത്തിൻ്റെ ദൃഢപ്രതിജ്ഞയുമേകി.
മൂവന്തിക്ക് ഇത്രയേറേ കുങ്കുമചെമപ്പോ..................?
No comments:
Post a Comment