എൻ്റെ ഒട്ടു മിക്ക ഓർമ്മകളും ഒരോ പാട്ടുകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന് തോന്നുന്നു. "രാസാത്തീ ഉന്നേ , കാണാതെ നെഞ്ച് , കാറ്റാടി പോലാടത്ത്.................." ഈ ഗാനം ഈയിടക്ക് കേട്ടപ്പോൾ വർഷങ്ങൾക്കിപ്പുറം ഞാൻ ജയയെ ഓർത്തു.
ജോലി കിട്ടി ബംഗളൂരിൽ ചെന്നിറങ്ങുമ്പോൾ എനിക്ക് അവിടെ പരിചയക്കാർ ആരുമുണ്ടായിരുന്നില്ല. കമ്പനി ഗസ്റ്റ് ഹൗസിലെ താമസം വെറും ഒരു മാസം മാത്രമേ ഉണ്ടാവൂ. അതിനുള്ളിൽ ഒരു വീട് കണ്ടു പിടിക്കാൻ ഇൻഡക്ഷൻ ടീമിൽ കൂടെയുണ്ടായിരുന്ന മൂന്നുപേരുമായി ചേർന്നു - പ്രിയ , ശോഭ , ജയാമണി. അവർ മൂന്നുപ്പേരും തമിഴർ.
ഭാഗ്യവശാൽ കമ്പനിക്ക് അടുത്ത് തന്നെ ഒരു വീടൊത്തു. നടക്കാവുന്ന ദൂരം. ഞങ്ങൾ നാല് പേരും നാല് പ്രൊജെക്ടുകളിൽ ആയിരുന്നതുകൊണ്ട് തമ്മിൽ കാണുന്നത് തന്നെ വിരളം. എത്ര തിരക്കുണ്ടെങ്കിലും ജയ മാത്രം എല്ലാ വെള്ളിയാഴ്‌ചയും സേലത്തുള്ള വീട്ടിൽ മുടങ്ങാതെ പോയി വന്നു. സഹവാസികൾ എന്നതിലപ്പുറം വൈകാരികമായ അടുപ്പം ആർക്കും ആരോടുമില്ല. ജയയുടെ മൊബൈലിലെ റിങ് ടോൺ ആയിരുന്നു ആ പാട്ട്.
വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കടന്നു പോയി. ഒരു ദിവസം ഉച്ചക്ക് എന്തോ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ഞാൻ കണ്ടത് പനിച്ചു വിറച്ചു കിടക്കുന്ന ജയയെയാണ്. അടുത്തുള്ള ഒരു ക്ലിനിക്കിൽ നിര്‍ബന്ധിച്ചു കൊണ്ടുപോയി മരുന്ന് വാങ്ങി കൊടുത്തു. വീട്ടിൽ അറിയിക്കേണ്ടെയെന്ന് ചോദിച്ചപ്പോൾ വേണ്ടായെന്നവൾ പറഞ്ഞു. മൂന്ന് ദിവസം ലീവെടുത്ത് ഞാൻ കൂടെയിരുന്നു. ആ ദിവസങ്ങളിൽ ഞങ്ങൾ ഒരുപ്പാട് സംസാരിച്ചു.
അച്ഛൻ അവൾക്ക് മൂന്ന് വയസുള്ളപ്പോൾ ഒരപകടത്തിൽ മരിച്ചു. അമ്മയ്ക്കും ചേച്ചിക്കും അവരുടെ രണ്ടു കുഞ്ഞുങ്ങൾക്കും ഇപ്പോൾ അവൾ മാത്രമാണ് അത്താണി. ചേച്ചിയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയത്രേ. മക്കൾക്കും വീട്ടിനടുത്തുള്ള വേറെ കുറച്ചു കുട്ടികൾക്കും കണക്ക് പറഞ്ഞുകൊടുക്കാൻ വേണ്ടിയാണ് ജയ മുടങ്ങാതെ വീട്ടിൽ പോയിരുന്നത്. അതിൽ കുറച്ചു പേരുടെ വിദ്യാഭ്യാസച്ചിലവുകൾ വഹിക്കുന്നതും അവളായിരുന്നു.
അവളുടെ ചിന്തകളുടെ വലിപ്പം എന്നെ ലജ്ജിപ്പിച്ചു. സ്വാർത്ഥചിന്തക്കൾക്കപ്പുറം ഒരു ലോകമുണ്ടെന്നും അവയിൽ നാമോരോരുത്തർക്കും ചെയ്യാൻ പറ്റുന്ന സംഭാവനകളുടെ സാദ്ധ്യതകൾ അളവറ്റതാന്നെന്നും ഞാൻ തിരിച്ചറിഞ്ഞു. സംഭാവനകളുടെ വലിപ്പമല്ല അതിന് സന്നദ്ധമാകുന്ന മനസ്സാണ് ഗര്‍വ്വിതമെന്ന് ഞാൻ അവളിൽ നിന്നും മനസ്സിലാക്കി.
മൂന്ന് വർഷം കഴിഞ്ഞു വിദേശത്തു ജോലി കിട്ടി ഞാൻ കമ്പനി വിടുമ്പോൾ എൻ്റെ ഇഷ്ട്ടദൈവമായ ഗണപതിയുടെ ഒരു ലഘുരൂപം സമ്മാനിച്ചു അവളെനിക്ക്.
ഏതാണ്ട് ഒരു വർഷം കഴിഞ്ഞു കാണും, പഴയ ടീമിലുള്ള ഫിലിപ്പിൻ്റെ ഒരു മെയിൽ വന്നു , "എടോ , തൻ്റെ റൂം മേറ്റ് ജയാമണി മരിച്ചു........"
നടുക്കം മാറിയപ്പോൾ ഞാൻ അവനെ ഫോണിൽ വിളിച്ചു. അവനും കാര്യമായി ഒന്നുമറിയില്ല. കമ്പനി വെബ്‌സൈറ്റിൽ ചരമക്കുറിപ്പ് കണ്ടപ്പോഴാണ് അവനും വിവരം അറിയുന്നത്. അതിൻ്റെ ഒരു സ്‌ക്രീൻഷോട്ട് അവൻ എനിക്കയച്ചു തന്നു. ശോഭയുടെയും പ്രിയയുടെയും ഇൻബോക്സിലേക്കു ഞാൻ അത് മെയിൽ ചെയ്‌തു. അവരും അപ്പോഴേക്കും കമ്പനികൾ മാറിയിരുന്നു. ചില പൊതുവായ സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു എന്നെയും അവർ കാര്യങ്ങൾ അറിയിച്ചു.
പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. ഒരു പനിയും തൊണ്ടവേദനയും. ശ്രദ്ധിക്കാതെ കൊണ്ടുനടന്നു കാണും. കൂടിയപ്പോൾ ഹോസ്പിറ്റലിൽ അഡ്‌മിറ്റായി. ഭേദമായി വരുകയായിരുന്നു. പെട്ടന്ന് നില വഷളായി , ശ്വാസകോശം തകർന്നു. വെൻറ്റിലേറ്ററിന്ന് അവൾ പിന്നെ തിരികേ വന്നില്ല.
എന്നെങ്കിലുമൊരിക്കൽ ദൈവത്തെ കാണുമ്പോൾ ഉത്തരങ്ങൾ കിട്ടേണ്ട ഒരുപിടി ചോദ്യങ്ങൾ ഉണ്ടെൻ്റെ കൈയിൽ. ജയക്ക് വേണ്ടി , ആദിത്യക്ക് വേണ്ടി , പിയൂഷിന് വേണ്ടി , ജിഷ്ണുവിന് വേണ്ടി .......എനിക്കത് ചോദിച്ചേ മതിയാകൂ. ഉത്തരം കിട്ടിയേ തീരൂ.......
എന്തിനായിരുന്നു? നല്ലത് ചെയ്‌താൽ നല്ലതേ വരൂയെന്ന കർമ്മവ്യവസ്ഥക്കെന്തു സംഭവിച്ചു? മുൻജന്മപാപങ്ങളുടെ കണക്കുകൾ മറ്റൊരു ജന്മത്തേക്ക് മാറ്റി വെയ്ക്കപ്പെടുന്നതെന്തേ? ഒരവസരം കൂടി നൽകാതിരിക്കാൻ മാത്രം എന്ത് തെറ്റാണിവരൊക്കെ ചെയ്തത്? കൊടും പാപികൾ വാനോളം വളരുന്നതെങ്ങനെ? വിശ്വം വെറും ആകസ്‌മികതയിൽ അധിഷ്‌ഠിതമോ? വിധിയുടെ ചുറ്റിക പതിയാതിരിക്കാൻ പാലിക്കപ്പെടേണ്ട നിയമങ്ങൾ ഏതൊക്കെ?
ഈ ചോദ്യങ്ങൾക്ക് ഭൂമിയിലുള്ളവരാരും തൃപ്തികരമായ ഒരു മറുപടിയും തരുമെന്ന പ്രതീക്ഷ എനിക്കില്ല.
വിശ്വാസത്തിൻ്റെ അടിത്തറക്ക് ഇളക്കമുണ്ടോ? ശുഭ പ്രതീക്ഷകൾക്ക് മങ്ങലുണ്ടോ? ഉണ്ടാവാതിരിക്കട്ടെ. മുന്നോട്ടുള്ള പ്രയാണത്തിൽ ഇവ കൂട്ടായി വേണം. അനിവാര്യമായ ആ അനന്തസാഗരത്തിൽ ചെന്ന് ക്ഷയിക്കുംവരെ ഒഴുകിയല്ലേ നിവർത്തിയുള്ളു..........
No comments:
Post a Comment