Total Pageviews

Saturday, October 15, 2016

ഓർമ്മകൾ : കട്ടിലിൻ്റെ അവകാശികൾ



നഗരത്തിലെ  കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ  ഹോസ്റ്റൽ ജീവിതം അനിവാര്യമായ ഘടകമായി. ക്രിസ്‌റ്റീയ സഭയുടെ സ്ഥാപനത്തിൽ അമ്മയുടെ ബന്ധുവായ സർക്കിൾ ഇൻസ്‌പെക്ടറുടെ ശുപാര്‍ശയിൽ അഡ്മിഷനും കിട്ടി. ആഴ്ചതോറും വീട്ടിൽ പോയി വരാൻ സീസൺ ടിക്കറ്റും എടുത്തുവെച്ചു.

നാല് കട്ടിലുകളുള്ള മുറിയിൽ നാലാമത്തെ കട്ടിൽ  എൻ്റെതാണെന്ന് വാർഡൻ പറഞ്ഞപ്പോൾ പാവം ഈ ഞാൻ അതങ്ങ് വിശ്വസിച്ചു പോയി. പക്ഷെ എന്നെക്കാൾ മുന്നേ അവിടെ അവകാശം സ്ഥാപിച്ച കട്ടിലിൻ്റെ മറ്റു ചില അവകാശികൾ എൻ്റെ തെറ്റിദ്ധാരണ വഴിയേ മാറ്റിത്തന്നു.

രാത്രികാലങ്ങളിൽ ഈ അതിനിഷ്‌ഠൂരന്മാർ എന്നെ നിര്‍ദ്ദയമായി ആക്രമിച്ചു പൊന്നൂ. ഒരു സഹജീവിയോട് കാണിക്കേണ്ട യാതൊരുവിധ "മാനുഷിക"പരിഗണനയും എനിക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല അവരെ "പല്ലും" "നഖവും" കൊണ്ട് എതിർക്കാനുള്ള എൻ്റെ എല്ലാം ശ്രമങ്ങളും അവർ നൈസായിട്ടു നിഷ്‌പ്രഭമാക്കി തിരികെയേൽപ്പിച്ചു.

എൻ്റെ രാത്രികൾ നിദ്രാവിഹീനങ്ങളായി. ഇരുട്ടത്ത് എഴുന്നേറ്റുനിന്ന് ഓട്ടംതുള്ളൽ അവതരിപ്പിക്കുന്നയെന്നെ, നിലാവെളിച്ചത്തിൽ കണ്ട് ഭയന്ന്, പുതപ്പുമായി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ ആ സഹമുറിയ ഇപ്പോൾ എവിടെയാന്നാവോ? മറ്റുള്ളവർ എങ്ങനെ സുഖമായി കിടന്നുറങ്ങിയിരുന്നുയെന്നത് ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത സമസ്യയാണ്. കാണ്ടാമൃഗത്തിൻ്റെ തൊലിയായിരുന്നിട്ടുണ്ടാവും ഇബിലീസുകൾക്ക്!!

മെഴുകുതിരി, കടുകെണ്ണ , മദ്യം, അപ്പക്കാരം, യൂകാലിപ്‌റ്റസ്‌ തൈലം, പുതിന എന്നുവേണ്ട കണ്ട അണ്ടനും അടകോടനും പറഞ്ഞ നാട്ട് വൈദ്യം മുഴുവൻ ഞാൻ അവയുടെ മേൽ പരീക്ഷിച്ചു. ആവനാഴിയിലെ അവസാന അസ്‌ത്രമായ "ബെഗോൺ " സ്‌പ്രേയും പ്രയോഗിച്ചു. എവിടെ?

അവറ്റകൾക്ക് അതൊന്നുമേശിയില്ലെന്ന്  മാത്രമല്ല , ഓരോ ആക്രമണതിന്നും വളരെ ആസൂത്രിതമായ "സർജറിക്കൽ സ്‌ട്രിക്കുകൾ " അവർ പ്രത്യാക്രമണമായി തിരികെ നൽകി. ഇനി അണുബോംബ് മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളു. അങ്ങ് ഡെൽഹിയിലൊന്നും വലിയ പിടിയില്ലാതിരുന്നത് കൊണ്ടും, ഒരു മൂന്നാം ലോകമഹായുദ്ധത്തിന് ഹേതുവാകാൻ വലിയ താല്‍പര്യമില്ലാതിരുന്നത്  കൊണ്ടും ആ വഴിക്ക് ചിന്തകളെ അധികം മേയാൻ വിട്ടില്ല.

ഇവറ്റകളെ അങ്ങ് വംശവിച്ഛേദം ചെയ്തുകളയാമെന്നുള്ള എൻ്റെ മോഹം വെറും വ്യാമോഹമാണെന്ന്  ഞാൻ തിരിച്ചറിഞ്ഞു.  മൂവായിരത്തിയഞ്ഞൂറിൽ പരം വർഷങ്ങളുടെ വംശപാരമ്പര്യമുള്ള "ഊറ്റൽ"  ആചാര്യന്മാരോടാണ് കളി!!!  അങ്ങ് ഈജിപ്ഷ്യൻ സാഹിത്യത്തിലൊക്കെ മേൽപ്പറഞ്ഞ മഹാരഥികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ടത്രെ .....എന്താലേ?

"അറിഞ്ഞില്ലാ  .....ഇത് ഞാൻ അറിഞ്ഞില്ലാ. പെഡഗ്രിയുടെ മാഹാത്മ്യം നിങ്ങളിൽ ആവോളമുണ്ടെന്ന് ഈയുള്ളവൾ അറിഞ്ഞില്ല."

സമസ്താപരാധങ്ങളും പൊറുത്ത് മാപ്പാക്കണം എന്നു ഞാൻ കേണപേക്ഷിച്ചു. വേറേ നിവർത്തിയൊന്നുമില്ലാതെ ഞാൻ യുദ്ധമില്ലാസന്ധിക്ക് തയ്യാറായി ...... അല്ല , ആയുധംവെച്ചു നിരുപാധികമായി കീഴടങ്ങിയെന്ന് പറയുന്നതാവും കുറച്ചുകൂടി ഉചിതം.

അങ്ങനെ "ഇച്ച്‌ ഗാർഡിലും" , "രക്തദാനം മഹാദാനം" എന്ന തത്ത്വചിന്തയിലും ആശ്വാസം കണ്ടത്തി ഞാൻ എൻ്റെ ശിഷ്ട മൂന്ന് വർഷങ്ങൾ പലപ്പോഴും തറയിൽ പായ് വിരിച്ചു തള്ളിനീക്കി. ശരീരത്തിലെ ചൊരിഞ്ഞു പൊട്ടിയ പാടുകൾ അച്ഛനമ്മമാരെ കാണിച്ച്‌ കുറച്ചു സഹതാപവും കുറച്ചധികം പോക്കറ്റ് മണിയും കൈക്കലാക്കാൻ സാധിച്ചു എന്നതാണ് തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ ഒരേയൊരു സമാധാനം.

ഉർവ്വശീ ശാപം ഉപകാരമാകണമെന്നാനെല്ലോ ....അല്ലേ? 

3 comments:

  1. ആഹാ ഇത്തരം 'ലൈറ്റ്' ആയ പോസ്റ്റുകളും ഉണ്ടല്ലേ ;-) ഇതിൽ പറഞ്ഞവന്മാരെ തോൽപ്പിക്കാനാകാതെ ഒരുകാലത്ത് റൂമിലെ മൊത്തം കിടക്കകളും ഒരുമിച്ച് കത്തിച്ചുകളയേണ്ട ഗതികേട് നേരിട്ടനുഭവിച്ചവനാണ് ഈ ഞാനും....

    ReplyDelete
  2. ഹായ് dear Jaya Mad m,
    പാവം നിശാഹാരി ജീവികൾ Hb കുറഞ്ഞ് മരിച്ചു പോയിട്ടുണ്ടാകും. നല്ല Post. റബ്ബർ മരത്തിൽ നിന്നും പറന്നു വരുന്ന വണ്ടുകളിൽ ( കരിയീച്ച) നിന്നും രക്ഷപ്പെടാനായി തലയിൽ തോർത്ത് കെട്ടി, ചെവിയിലും മൂക്കിലും (ലൈറ്റായി) പഞ്ഞി തിരുകി Dead Body പോലെ കിടന്നുറങ്ങി കഴിഞ്ഞു പോയ ഒരു ഹോസ്റ്റൽ കാലം വീണ്ടും ഓർമ്മിപ്പിച്ചു.
    ആശംസകളോടെ

    ReplyDelete