[Published മലയാളംപത്രിക, Aug 2018]
ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം അനന്തേട്ടനെ കാണാൻ പോകുന്നു. ഇപ്പോൾ എങ്ങനെയിരിക്കും? കുഞ്ഞന്മാമയെ പോലെ കഷണ്ടി ആയി കാണുമോ? ഏയ്, അനന്തേട്ടൻ മാലുയമ്മയെ പോലെയാണ്. മുട്ടോളം വരുന്ന മുടിയുണ്ടായിരുന്നെല്ലോ മാലുയമ്മക്ക്.
ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം അനന്തേട്ടനെ കാണാൻ പോകുന്നു. ഇപ്പോൾ എങ്ങനെയിരിക്കും? കുഞ്ഞന്മാമയെ പോലെ കഷണ്ടി ആയി കാണുമോ? ഏയ്, അനന്തേട്ടൻ മാലുയമ്മയെ പോലെയാണ്. മുട്ടോളം വരുന്ന മുടിയുണ്ടായിരുന്നെല്ലോ മാലുയമ്മക്ക്.
തറവാട്ടിലേക്കൊരു യാത്ര പ്രതീക്ഷിച്ചിരുന്നില്ല. ചന്ദ്രേട്ടൻ വിളിച്ചു കാര്യം പറഞ്ഞപ്പോഴും രണ്ട് മനസ്സായിരുന്നു. കൂട്ടുകാരി നീതു പക്ഷേ നിർബന്ധിച്ചു, "മീരാ , നീ പോണം. യു നീഡ് എ ചേഞ്ച് ഓഫ് സീൻ. ഇറ്റ് വിൽ ഡു യു ഗുഡ്."
മുംബയിൽ നിന്നും കോയമ്പത്തൂർ വെരെ ഫ്ലൈറ്റിൽ. ആലത്തൂർ എത്താൻ പിന്നെയും ഒന്നര മണിക്കൂർ യാത്രയുണ്ട്. അധികം ലഗ്ഗേജ് ഇല്ലാത്തത് കൊണ്ട് യാത്ര ബസിലാക്കാമെന്ന് കരുതി. അത് നന്നായി. ഗ്രാമക്കാഴ്ചകൾ ഒരു ചിത്രദർശിനിക്കുഴലിൽ കൂടിയെന്നപ്പോലെ മിന്നി മറഞ്ഞു.
ആലത്തൂർ, എൻ്റെ ഗ്രാമം. ഗായത്രിയാറും, വീഴുമലയുമൊക്കെ ഇപ്പോഴും മനസ്സിൻ്റെ കോണിൽ നിറം മങ്ങാത്ത ചിത്രമറകൾ. വേനൽക്കാല അവധികളിൽ ഞാനും അനന്തേട്ടനും ദക്ഷയുമായിരുന്നു കൂട്ട്. പറമ്പ് മുഴുവൻ ചുറ്റി അടിച്ചു നടക്കുമായിരുന്നു അന്ന്. ചന്ദ്രേട്ടന് വലിയ കുട്ടിയുടെ ഭാവമാണ്. എന്നാലും കുളത്തിൽ കുളിക്കാനും വീഴുമല കയറാനുമൊക്കെ കൂടെ കൂടുമായിരുന്നു.
രേവുയമ്മ മരിച്ചപ്പോളാണ് നമ്മൾ എല്ലാരും അവസാനം തമ്മിൽ കാണുന്നത്. വല്യമ്മാമ പക്ഷേ ചന്ദ്രട്ടനെ കർമ്മങ്ങൾ ചെയ്യാൻ അനുവദിച്ചില്ല. മദാമ്മയെ കൂടെകൂട്ടിയവൻ ചിത കൊളുത്തിയാൽ തൻ്റെ രേവുന്ന് ശാന്തി കിട്ടില്ലെന്നും പറഞ്ഞായിരുന്നു ബഹളം. അവസാനം അനന്തേട്ടൻ വേണ്ടി വന്നു എല്ലാത്തിനും.
പിരിയുമ്പോൾ അന്ന് മനസ്സിലുള്ളയൊരു ഇഷ്ട്ടം അനന്തേട്ടനോട് പറയണമെന്നുണ്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത പതിനെട്ടുകാരിയുടെ പൊട്ടത്തരമായി കാണുമോയെന്ന് പേടിയുണ്ടായിരുന്നു. അനിയത്തികുട്ടിയായിട്ടേ കരുതിയിട്ടുള്ളെങ്കിലോ? ആരും കാണാതെ കുറേനാൾ മനസ്സിലിട്ട് നനച്ചിരുന്നു പ്രണയത്തിൻ്റെ കുടമുല്ലവള്ളികൾ. പിന്നെ എപ്പോഴോ നഗരത്തിലെ താപോർജ്ജത്തിൽ അത് പട്ടു പോയത് അറിഞ്ഞതേയില്ല.
കുടമുല്ലക്ക് വള്ളികൾ ഉണ്ടോ? പൊട്ടത്തരമോർത്തപ്പോൾ അറിയാതെ ചിരിച്ചുപോയി. എത്ര നാളായി മനസ്സൊന്ന് ഇങ്ങനെ അയഞ്ഞിട്ട്!! ഇവിടെത്തെ കാറ്റിന് മൃതസഞ്ജീവിനിയുടെ പ്രഭാവം ഉണ്ടോ? ഉടഞ്ഞു പോയത് കൂട്ടിച്ചേർക്കാനും ചിതറി പോയത് പെറുക്കി എടുക്കാനും ഇവിടെ തന്നെയാണ് വരേണ്ടത്.
ക്യാനഡയിലുള്ള ചന്ദ്രേട്ടനും ആസ്ട്രേലിയയിലുള്ള ദക്ഷയും ഫേസ്ബുക്കിൽ കൂടി വല്ലപ്പോഴും വിശേഷങ്ങൾ പറയുമായിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി ബന്ധങ്ങളൊക്കെ ഒരു ലൈക്കിലോ കമെൻറ്റിലോ ഒതുങ്ങുകയാണ് പതിവ്. അനന്തേട്ടനെ മാത്രം അവിടെയൊന്നും കണ്ടില്ല. കൽക്കട്ടയിലുള്ള ഏതോ എൻ.ജി.ഓ യിൽ ചേർന്ന് പ്രവൃത്തിക്കുകയാണെന്ന് ചന്ദ്രട്ടൻ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു.
ബസ്സിറങ്ങി നടന്നു തുടങ്ങി. ആരോടും ചോദിക്കേണ്ടി വന്നില്ല. ഇവിടെ കാലചക്രം പതിനെട്ട് വർഷങ്ങൾക്കു മുന്നേ നിലച്ചത് പോലെ. ഒന്നും മാറിയിട്ടില്ല. ഹരിതസ്വർണ്ണവർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന പുൽപ്പാടവും, വളപ്പൊട്ടുകൾ ചിതറിയ നടവഴിയും, അരിക്ക് പറ്റി പടർന്ന് കിടക്കുന്ന തൊട്ടാവാടിയും, മേലാപ്പ് വിരിച്ച അപ്പുപ്പൻ പേരാലും.....എല്ലാം കാലത്തിൻ്റെ ഫ്രെയ്‌മുകളിൽ നിശ്ചലം.
രേവുയമ്മക്ക് കഥകൾ പറഞ്ഞു തരാൻ വലിയ ഇഷ്ട്ടമായിരുന്നു. രാത്രിയിൽ ഞങ്ങൾ നാലുപേരും അവരുടെ ചുറ്റുമാവും കിടക്കുക. ചന്ദനത്തിരിയുടെയും കർപ്പൂരത്തിൻ്റെയും മണമുള്ള അവരുടെ മെയ്യോടു ഒട്ടിക്കിടക്കുന്നു കുട്ടികാലത്തെ എൻ്റെ ഒട്ടുമിക്ക ഓർമ്മകളും.
കുറച്ചകലെയുള്ള രണ്ടുമൂർത്തി നടയിലേക്ക് രേവുയമ്മയുമായി പോകുമായിരുന്നു ഞങ്ങൾ. കല്ലിൽ തീർത്ത, രൗദ്രഭാവമുള്ള മഹിഷാസുരമർദിനിയും പ്ലാവിൻതടിയിൽ കടഞ്ഞ, സൗമ്യഭാവമുള്ള അന്നപൂർണേശ്വരിയും ഒരുമിച്ചു വാഴുന്നയിടം - പ്രപഞ്ച ചൈതന്യത്തിൻ്റെ രണ്ട് വ്യത്യസ്ത മുഖങ്ങൾ. അവിടെ ഒഴുകുന്ന ശോകനാശിനിയിൽ മുങ്ങി നിവർന്നാൽ മർത്യശോകങ്ങൾക്ക് അറുതിവരുമത്രെ. പക്ഷെ കണ്ണീര്‍പ്പുഴയെന്ന പേരല്ലേ കൂടുതൽ ചേർച്ച? മുങ്ങിനിവരുന്ന ഓരോരുത്തരുടെയും കണ്ണുനീർ വീണ് നിറഞ്ഞ പുഴ?
പടിപുരയിലേക്ക് നീളുന്ന പാടവരമ്പിൽ കൂടി നടന്നപ്പോൾ കണ്ടു , എട്ടുകെട്ടിൻ്റെ എല്ലാ പ്രൗഢിയോടും കൂടി ശ്രീചിത്രകൂടം തലയുയർത്തി നിൽക്കുന്നത്. വിശാലമായ മുറ്റത്ത് എത്തിയപ്പോൾ കാലത്തിൻ്റെ മാറ്റൊലിക്കൾ കാതിൽ വന്നു പതിച്ചു. നാലുമണിയും, അശോകതെച്ചിയും വാടാമല്ലിയുമൊക്കെ മനസ്സിൻ്റെ മാങ്കൊമ്പിൽ നിന്നിറങ്ങി വന്നതുപ്പോലെ. കൊഴിഞ്ഞു വീണ ഇലകൾ മുറ്റത്ത് ചിതറി കിടക്കുന്നു . അവയിൽ ചവിട്ടിയപ്പോൾ കേട്ട ശബ്ദം, ഓർമ്മപുതപ്പിനുള്ളിൽ പതുങ്ങുമ്പോൾ കിട്ടുന്ന സുഖം നൽകി. മണ്ണിൻ്റെ മണവും കാറ്റിൻ്റെ കുളിരുമൊക്കെ ആസ്വദിച്ചങ്ങു നിന്നുപോയി.
"മീരൂ.....നിനക്കൊരു മാറ്റവുമില്ലല്ലോ!!". ചന്ദ്രേട്ടനോടൊപ്പം ഏതോ വില കൂടിയ പെർഫ്യൂമിൻ്റെ നനുത്ത സുഗന്ധവും എന്നെ പുണർന്നു.
"ഷെറിലും കുട്ട്യോളും വന്നില്ലേ ഏട്ടാ?"
"ഞാൻ വേണ്ടായെന്ന് പറഞ്ഞു . നമ്മൾ മാത്രമുള്ള ആ കുട്ടിക്കാലമൊന്ന് തിരിച്ചുപിടിക്കാൻ പറ്റിയാലോ? ഒരു മാസം ഉണ്ടാവില്ലേ നീയിവിടെ?"
"മ്മ്...അനന്തേട്ടനും ദക്ഷയും?"
"ദക്ഷ നാളെയെത്തും. അവളെ വിളിക്കാൻ കാർ അയക്കണം. അനന്തൻ്റെ കാര്യം ഒരു അറിവുമില്ല. എൻ.ജി.ഓയുടെ കൽക്കട്ട ബ്രാഞ്ചിൽ ഞാൻ മെസ്സേജ് കൊടുത്തിട്ടുണ്ട്. അവർ അറിയിക്കാമെന്ന് ഉറപ്പ് തന്നിരുന്നു. വരും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. നീ പോയി ഫ്രഷായി വാ. നിൻ്റെ മുറി ശരിയാക്കിയിട്ടുണ്ട്."
അടുത്ത ദിവസം ദക്ഷയും, രണ്ട് ദിവസം കഴിഞ്ഞു അനന്തേട്ടനും വന്നു. വർഷങ്ങളുടെ വിടവ് വരുത്തുന്ന അപരിചിതത്വത്തിൻ്റെ ഒരു നേരിയ മറ ആദ്യം തോന്നിയെങ്കിലും അധികം വൈകാതെ എല്ലാവരും ഓർമ്മകളുടെ ഉഷ്മളതയിൽ സുഖം പിടിച്ചു.
ദക്ഷ കൊണ്ടുവന്ന ഷാംപെയിൻ നുണഞ്ഞു കൊണ്ട് കുളക്കടവിൽ ഇരുന്നപ്പോൾ എല്ലാവരും കൂടണഞ്ഞ കുരുവികൾ പോലെ.
"ഇവിടെത്തെ നക്ഷത്രങ്ങൾ മാത്രമേ നൃത്തം ചെയ്യുന്നതായി കണ്ടിട്ടുള്ളൂ." പടിയിൽ മലർന്ന് കിടന്ന് കൊണ്ട് ചന്ദ്രേട്ടൻ ആകാശത്തേക്ക് കണ്ണോടിച്ചു.
"ചന്ദ്രേട്ടന് കവിത വരുന്നുണ്ടല്ലേ? ഇപ്പോഴും എഴുത്താറുണ്ടോ ഏട്ടാ?", അനന്തേട്ടൻ്റെ കണ്ണിൽ കുസൃതി ചിരി.
"പിന്നെ ദിവസവും ....ചുമയുടെയും പനിയുടെയും മരുന്നുകുറിപ്പുകൾ ആണെന്ന് മാത്രം."
"അനന്തേട്ടന് ഒരു മാറ്റവുമില്ല , അല്ലേ ചന്ദ്രേട്ടാ? മുഖത്തൊരു യോഗിയുടെ ചൈതന്യം."
"അത് പിന്നെ അങ്ങനെയല്ലേ വരൂ......നമ്മളൊക്കെ ജീവിതത്തിൻ്റെ ഫാസ്റ്റ് ലേണിൽ കൂടി ബ്രേക്കില്ലാതെ പായുമ്പോൾ , കഷ്ട്ടപെട്ട് പഠിച്ചെഴുതിയെടുത്ത ഐ.എ.സ് പദവി പുല്ലുപോലെ വലിച്ചെറിഞ്ഞ്, ആത്മസംതൃപ്തിയുടെ കളിവഞ്ചി ഒറ്റയ്ക്ക് തുഴയുകയല്ലേ അവൻ. എനിക്ക് നിന്നോട് അസൂയയാടാ."
"അസൂയപെടാനുള്ള അവസ്ഥയൊന്നുമില്ല ഏട്ടാ. ആത്മസംഘർഷത്തിൻ്റെ നിമിഷങ്ങൾ ഇപ്പോഴും ഉണ്ടാവാറുണ്ട്. ആഗ്രഹിച്ചത് നേടിയോ .....നേടിയത് ആഗ്രഹിച്ചിരുന്നോ ....ഒന്നും ഇപ്പോഴും തീർച്ചയില്ല."
"വല്യമ്മാമ എന്തിനായിരിക്കും ചിത്രകൂടം നമ്മുടെ നാലുപേരുടെയും പേരിൽ എഴുതിയത്?"
"അറിയില്ല മീരൂ, നമ്മൾക്ക് നഷ്ടപ്പെട്ടുപോയ എന്തൊക്കെയോ തിരിച്ചു തരാനുള്ള ഒരു ശ്രമമായിരിക്കാം അച്ഛൻ നടത്തിയത് . ഓടി തളരുമ്പോൾ വിശ്രമിക്കാനൊരു കിളിക്കൂട്......ഓർമ്മപുസ്തകത്തിലെ ഏടുകൾ ഇരുന്നു മറിക്കാനൊരു മച്ച്. സ്വയം തീർത്ത തിരക്കുകളിൽ നിന്നും ഇടയ്ക്കിടയ്ക്ക് ഓടി രക്ഷപെടാൻ ഒരു സമാന്തരപ്രപഞ്ചം ഉണ്ടാവുന്നത് നല്ലതല്ലേ? നൊസ്റ്റാൾജിയ ഈസ് സോ വെരി റെജുവിനേറ്റിംഗ്."
"നമുക്ക് നാളെ വീഴുമല കയറിയാലോ? ചന്ദ്രേട്ടന് ഓർമ്മയില്ലേ , മീരൂവിൻ്റെ അമ്മിണി പൂച്ച സുഖമില്ലാതെ കിടന്നപ്പോൾ മൃതസഞ്ജീവിനി വേണമെന്നും പറഞ്ഞിവൾ വാശി പിടിച്ചത്, വീഴുമല കേറി കണ്ണിൽ കണ്ട പുല്ലൊക്കെ പറിച്ചു കൊണ്ടുവന്ന് ഇടിച്ചു പിഴിഞ്ഞു അതിന് കൊടുത്തത്. അവസാനം അത് ചത്തപ്പോൾ അതിനെ വീഴുമലയിൽ തന്നെ അടക്കണമെന്ന് പറഞ്ഞു എന്ത് കരച്ചിലായിരുന്നു."
"അന്നത്തെ പൊട്ടി പെണ്ണ് തന്നെയാ ഞാൻ ഇപ്പോഴും അനന്തേട്ടാ....മൃതസഞ്ജീവനി കിട്ടിയിരുന്നെങ്കിലെന്ന് പിന്നെയും മോഹിച്ചിട്ടുണ്ട് ......എൻ്റെ അഭിക്ക് വേണ്ടി", പക്ഷെ ഒന്നും പറഞ്ഞില്ല. നിലാവിൽ കുളിച്ചു നിന്ന ആമ്പൽപൂക്കളെ നോക്കിയിരുന്നു.
"ലൂക്സ് ലൈക്ക് ഐ ആം ദി ഒൺലി വൻ വിതൗട്ട് എനി മെമ്മോറിയസ് ഓഫ് ദിസ് പ്ലേസ്." ദക്ഷയുടെ മുഖത്ത് നിരാശ.
"ഇവിടുന്നു പോകുമ്പോൾ നീ കുട്ടിയായിരുന്നില്ലേ ദക്ഷാ. അന്ന് മീരൂവിനെ കെട്ടിപിടിച്ചു കരയുന്ന നാലുവയസുകാരിയേ എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്. അമ്മ മരിച്ചപ്പോൾ വത്സലചിറ്റക്ക് അന്ന് വരാൻ പറ്റിയില്ലല്ലോ. പിന്നെ നമ്മൾ നേരിട്ട് കാണുന്നത് ഇപ്പോഴല്ലേ." ചന്ദ്രേട്ടൻ അവളെ ആശ്വസിപ്പിച്ചു.
"വാട്സ് ദി സ്റ്റോറി ബിഹൈൻഡ് വീഴുമല? അമ്മ പറഞ്ഞ ചെറിയ ഒരു ഓർമ്മ. സംതിങ് റ്റു ടു വിത്ത് ഹനുമാൻ, അല്ലെ?"
ദക്ഷയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് അനന്തേട്ടനായിരുന്നു, "പണ്ട് രാമനും ലക്ഷ്മണും യുദ്ധത്തിൽ പരിക്കേറ്റപ്പോൾ ഔഷധസസ്യങ്ങൾ തേടി ഹനുമാൻ ഹിമാലയത്തിലേക്ക് പുറപെട്ടു. ജീവൻ തിരിച്ചു നല്കാൻ കഴിവുള്ള മൃതസഞ്ജീവനി, ആയുധം ഏല്പിച്ച മുറിവുകൾ ഉണക്കാൻ കഴിവുള്ള വിശല്യകരണി, ശരീരത്തിലെ പാടുകൾ മാറ്റി സ്വാഭാവികനിറം തിരികെ നൽകുന്ന സുവർണ്ണകരിണി, അറ്റുപോയ അവയവങ്ങളും പൊട്ടിയ എല്ലുകളും യോജിപ്പിക്കാൻ കഴിവുള്ള സന്ധാനകരണി, ഉത്സാഹവും വീര്യവും തിരികെ നൽകുന്ന ഉന്മേഷകരണി എന്നിങ്ങനെയുള്ള ഔഷധങ്ങൾ കൊണ്ടുവരാനായിരുന്നു ദൗത്യം. അവിടെച്ചെന്നപ്പോൾ ഔഷധസസ്യങ്ങൾ ഏതാണെന്നറിയാതെ ആശയക്കുഴപ്പത്തിലായ ഹനുമാൻ , ഋഷഭാദ്രി മലയെ അടിയോടെ പൊക്കി ലങ്കയിലേക്ക് തിരിച്ചു പറന്നു. ആ യാത്രയിൽ മലയുടെ ചെറിയ ചില ഭാഗങ്ങൾ പലയിടങ്ങളിലായി അടർന്നു വീണെന്നും, അങ്ങനെ തലകീഴായി വീണ ഒരു ചെറിയ മലയാണ് "വീഴുമല" യെന്നുമാണ് കഥകൾ."
"വേരി ഇൻ്റെരെസ്റ്റിംഗ്!!", ദക്ഷക്ക് കൗതുകം.
അത്താഴം കഴിഞ്ഞ് എല്ലാരും മുറികളിലേക്ക് മടങ്ങി. ഡയറിയിൽ എന്തെങ്കിലും കുത്തി കുറിക്കാമെന്നു കരുതിയിരുന്നപ്പോഴാണ് കാൽപ്പെരുമാറ്റം കേട്ടത്.
മേശപുറത്തിരുന്ന മോൻ്റെ ഫോട്ടോ എടുത്ത് നോക്കി കൊണ്ട് അനന്തേട്ടൻ ചോദിച്ചു , "അഭിമന്യു...?"
"അതേ......ഹി വുഡ് ഹാവ് ബീൻ ഇലെവൻ ദിസ് ഇയർ."
"ഞാൻ അറിഞ്ഞിരുന്നു. പക്ഷേ നീ കേട്ടുപഴകിയ പൊള്ളയായ വാക്കുകൾ അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല പറയാൻ....അതാ ഞാൻ ....."
"നന്നായേയുള്ളു അനന്തേട്ടാ......വല്ലാത്തൊരു സാഹചര്യമാണത് . ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുമ്പോൾ ചുറ്റും ആളുകൾ. കരയാൻ ഒരു താങ്ങ് കൊതിക്കുമ്പോൾ ഒറ്റപ്പെടൽ. നമ്മൾ മരണത്തെ കോമാളിയെന്ന് വിളിക്കുന്നു പക്ഷേ യഥാർത്ഥത്തിൽ അത് നമ്മളെ കോമാളിയാകുകയല്ലേ ചെയ്യുന്നത് ? വിഡ്ഢിയും നിസ്സഹായയുമായ കോമാളി."
"പെട്ടന്നായിരുന്നില്ലല്ലോ മീരൂ....."
"അതെ ....രണ്ട് വർഷമുണ്ടായിരുന്നു മനസ്സിനെ മെരുക്കാൻ . പക്ഷേ യാതൊരു വിധത്തിലുള്ള പാകപ്പെടുത്തലുകളും ആ നിമിഷത്തെ അഭിമുഖീകരിക്കാൻ നമ്മളെ തയ്യാറാക്കില്ല. സീറോ പെർസെൻറ് സർവൈവൽ റേറ്റ് ആന്നെന്നു അറിയാമായിരുന്നുവെങ്കിലും അവസാനം നിമിഷം വേറെയും പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ നോക്കിയിരിക്കവെയാണ് അവൻ്റെ ശ്വാസം നിലച്ചത്.......ആ നിമിഷം എൻ്റെയുള്ളിൽ എന്തോ ഉടയുന്ന പോലെ തോന്നി. അവൻ്റെ പാതിയടഞ്ഞ മിഴികൾ ഇപ്പോഴും നല്ല വ്യക്തമായി.......മൈ ബേബി വാസ് ഒൺലി സെവൻ ......."
"മീരൂ, വർഷം നാല് കഴിഞ്ഞില്ലേ കുട്ടീ. യു നീഡ് ട്ടു മൂവ് ഓൺ, ഫോർ യുവർ ഓൺ സേക്ക്."
"അവൻ പോയപ്പോൾ, അടിത്തട്ടില്ലാത്തയൊരു കടലിൽ മുങ്ങി താഴുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആദ്യത്തെ വെപ്രാളം മാറുമ്പോൾ, കൈകാലിട്ടടിക്കാൻ ശേഷിയില്ലാതെ, വരാനിരിക്കുന്ന അജ്ഞതയെ പുൽകാൻ മനസ്സും ശരീരവും സന്നദ്ധമാവും. പക്ഷേ സാഹചര്യങ്ങൾ എന്നെ വീണ്ടും കരയിൽ കൊണ്ടെറിഞ്ഞു. പിന്നെ ഒരു നീർപ്പോള തീർത്ത് അതിനുള്ളിൽ കഴിയാൻ ശ്രമിച്ചു കുറേനാൾ. കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി, ഞാൻ എന്നെ തന്നെ പറ്റിക്കുകയാണെന്ന്. അന്ന് ഒരു മുഖമൂടിയെടുത്തണിഞ്ഞു. ജീവിതമെന്നു മറ്റുള്ളവർ വിളിക്കുന്ന ഈ ഘട്ടം ഒന്ന് ജീവിച്ച് തീർക്കണം....അത്രെയേ കരുതിയിട്ടുള്ളു."
"ദേവൻ ...."
"യൂ.സിലാണ്."
"നിങ്ങൾ ....."
"ഒരുമിച്ചല്ലാ ....അഭിയുണ്ടാക്കിയ ശൂന്യത അതിജീവിക്കാൻ ഞങ്ങളുടെ ബന്ധത്തിന് കഴിഞ്ഞില്ല."
"ബന്ധങ്ങളൊന്നും ഓക്കുമരങ്ങളല്ല മീരൂ. പക്ഷെ രണ്ടുപേർക്ക് കൈകോർത്ത് നിന്നുകൊണ്ട് ചിലപ്പോൾ കൊടുങ്കാറ്റിനെ അതിജീവിക്കാൻ കഴിഞ്ഞേക്കും...."
"കഴിയുമായിരുന്നില്ല അനന്തേട്ടാ, ചിലപ്പോൾ ശ്രമിക്കാഞ്ഞിട്ടാവും. വി ബോത്ത് ഹാഡ് ഡിഫറെൻറ് വേസ് ഓഫ് ഡീലിങ് വിത്ത് ഗ്രീഫ്."
"താങ്ങ് വേണമെന്ന് തോന്നിയപ്പോൾ ഒന്ന് അറിയിക്കാമായിരുന്നു നിനക്ക്."
"അനന്തേട്ടൻ എന്തേ ഇതുവരെ ആരെയും കൂടെ കൂട്ടാഞ്ഞെ?"
"പറയാൻ മറന്ന വാക്കുകലൊക്കെ പെറുക്കി കൂട്ടിയപ്പോഴേക്കും, കളിവഞ്ചി ഒരുപാട് ദൂരം പിന്നിട്ടിരുന്നു. കിടന്നോളു, നാളെ വീഴുമല കയറണമെങ്കിൽ നല്ല റസ്റ്റ് വേണം. ഗുഡ് നൈറ്റ് മീരൂ."
പിറ്റേന്ന് വീഴുമലയുടെ മുകളിൽ ഇളംകാറ്റേറ്റ് നിന്നപ്പോൾ മനസ്സിൽ കൂടി അഭിയുമായുള്ള നിമിഷങ്ങൾ കടന്ന് പോയി. ആദ്യമായി കണ്ണീരിൻ്റെ അകമ്പടിയില്ലാതെ അവൻ്റെ ഓർമ്മകൾ മനസ്സിൽ ഒഴുകി നടന്നു. ദേവനും അഭിയുമുണ്ടായിരുന്ന ലോകം ഇങ്ങ് യുഗങ്ങൾക്കപ്പുറം നിന്ന് കാണുന്നത് പോലെ തോന്നിയെനിക്ക്.
പണ്ടത്തെ പോലെ എല്ലാരും വട്ടമിട്ടിരുന്നു. ആർക്കും സംസാരിക്കണമെന്നു ഉണ്ടായിരുന്നില്ല. ശബ്ദിച്ചാൽ ആ നിമിഷത്തിൻ്റെ വശ്യത നഷ്ട്ടപെട്ടാലോയെന്ന് ഭയക്കും പോലെ. കുട്ടികാലത്തെ ചന്ദ്രനും അനന്തനും മീരയും ദക്ഷയും ഞങ്ങൾക്ക് ചുറ്റും ഓടി കളിച്ചു, പൊട്ടി ചിരിച്ചു, കിണുങ്ങി കരഞ്ഞു, പിണങ്ങി, പരിഭ്രമിച്ചു.
മലയിറങ്ങവേ അനന്തേട്ടൻ കൈനീട്ടി. "മീരൂ, ഒരു ആഫ്രിക്കൻ പഴമൊഴിയുണ്ട്. വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റക്ക് നടക്കണം. ഒരുപാട് ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം."
"നമുക്ക് ഒരുപാട് ദൂരം നടന്നാലോ അനന്തേട്ടാ....", മനസ്സ് പറഞ്ഞത് പക്ഷെ ചുണ്ടുകൾ തടഞ്ഞു. ഒന്നും പറയാതെ അനന്തേട്ടൻ്റെ കൈയിൽ മുറുക്കെ പിടിച്ചു.
തിരിച്ചു ചിത്രകൂടത്തിൽ വന്നപ്പോൾ കണ്ടു, ജാലകപ്പടിയിലേ കുടമുല്ലയിൽ നിറയേ മൊട്ടുകൾ. ഇവിടെത്തെ കുടമുല്ലക്ക് വള്ളികളുണ്ട്. സൂര്യപ്രകാശമേറ്റു തളിർക്കാൻ ചുറ്റിപ്പിണയുന്ന വള്ളികൾ. പ്രണയത്തിൻ്റെ കുടമുല്ലവള്ളികൾ!!