[Published മലയാളംപത്രിക, Oct 2018]
"നിങ്ങളുടെ രക്തം അടുത്തൊന്നും മാറ്റിയിട്ടില്ലലോ? അതിൻ്റെ കാലാവധി കഴിഞ്ഞിട്ട് തന്നെ മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു."
കേട്ടത് വിശ്വസിക്കാനാവാതെ അവർ ബാങ്ക് മാനേജരുടെ മുഖത്തേക്ക് നോക്കി. അവരുടെ മുഖത്തെ അന്ധാളിപ്പ് വളരെയേറെ പ്രകടമായിരുന്നു. ശീതികരിച്ച മുറിയായിരുന്നിട്ട് കൂടി അവരുടെ മേൽച്ചുണ്ടിലും നെറ്റിതടത്തിലും വിയർപ്പുകണങ്ങൾ പറ്റിപിടിച്ചിരുന്നു. ഇടവിട്ടൊരു ചുമ വരുമ്പോൾ അവർ ഒരു കൈ കൊണ്ട് വായ് പൊത്തുകയും മറ്റേ കൈ കൊണ്ട് നെഞ്ച് തടവുകയും ചെയ്യുന്നുണ്ടായിരുന്നു.
"രക്തമോ? ഇതും അതും തമ്മിൽ.....എനിക്കൊന്നും മനസ്സിലാവുന്നില്ല സർ."
"അത് കൊള്ളാം, നിങ്ങൾ ഇത് ഏത് ലോകത്താ? ഞങ്ങൾ മെയിൽ അയച്ചിരുന്നെല്ലോ. പഴയ രക്തമുള്ളവരുടെ നടപടിക്രമങ്ങളെല്ലാം നിർത്തിവയ്ക്കാനാണ് സംയുക്തസമിതിയുടെ ഉത്തരവ്. നിങ്ങൾ രക്തം മാറ്റാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഒരു പുതിയ ജനതയെ വാർത്തെടുക്കാൻ ഞങ്ങളും ഞങ്ങളാൽ കഴിയുന്നത് സമൂഹത്തിനായി ചെയ്യുന്നു."
"സർ, ഈ സ്ഥിരനിക്ഷേപതുക റിലീസ് ആയിട്ട് വേണം എനിക്ക് എൻ്റെ മകളെ കോളേജിൽ ചേർക്കാൻ. അഡ്മിഷൻ ഫീസ് അടക്കാനുള്ള അവസാന തീയതി അടുത്ത ആഴ്ചയാണ്. എങ്ങനെയെങ്കിലും ഇതൊന്ന് ..." , അവരുടെ വാക്കുക്കൾക്ക് ഭംഗം വരുതിക്കൊണ്ടു ആ ചുമ പിന്നെയും കയറിവന്നു.
"ഞാൻ പറഞ്ഞെല്ലോ (ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ചെറിയ ഇടവേളക്ക് ശേഷം) മാഡം. ഇതിൽ ഇപ്പോൾ മറ്റു കുഴപ്പങ്ങളൊന്നുമില്ല. രേഖകൾ എല്ലാം ഒക്കെയാണ്. നിങ്ങൾ പരേതൻ്റെ ഭാര്യ തന്നെയാണെന്നും, നിങ്ങളുടെ ഭർത്താവ് തന്നെയാണ് പരേതണെന്നും, അയാൾ ശരിക്കും പരേതനായെന്നും , ഈ ഫിക്സഡ് ഡെപ്പോസിറ്റ് തുറന്നതു അയാൾ തന്നെയാന്നെന്നും, തുറക്കുമ്പോൾ അയാൾ മനസ്സികമായും ശാരീരികമായും പൂർണ ആരോഗ്യവാനായിരുന്നുവെന്നും , ഇതിൻ്റെ ഇപ്പോഴത്തെ അവകാശി നിങ്ങൾ തന്നെയാണെന്നും , നിങ്ങൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്നും ഒക്കെ ഞങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ കാര്യമാണ്."
അയാൾ തൻ്റെ സ്വർണ ഫ്രെയിമുള്ള കണ്ണാടിയിൽ കൂടി അവരെ അക്ഷമയോടെ നോക്കി. എന്നിട്ട് മേശവലിപ്പ് തുറന്ന് ഒരു ബിസിനസ് കാർഡ് എടുത്തു അവർക്ക് നേരെ നീട്ടി. അവരുടെ കൈകളിൽ സ്പർശിക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.
"നിങ്ങൾ ഇവരുമായി ബന്ധപ്പെടു. സർക്കാർ അംഗീകാരമുളള ബ്ലഡ് ബാങ്കാണ്. ന്യുതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി അവർ നിങ്ങളുടെ കേസ് കൈകാര്യം ചെയ്യും. റിപ്പോർട്ട് അവർ ഞങ്ങൾക്ക് നേരിട്ട് അയക്കുകയും ചെയ്യും. അപ്പോൾ ശരി, റിപ്പോർട്ട് കിട്ടിയാൽ ഞാൻ അറിയിക്കാം."
അയാൾ അയാളുടെ ലാപ്‌ടോപിലേക്ക് തിരിഞ്ഞു. ഒരു എക്സൽ ഷീറ്റ് തുറന്ന് തനിക്ക് കിട്ടാൻ സാധ്യതയുള്ള കമ്മീഷൻ തുക അതിൽ രേഖപെടുത്തി. ഈ മാസത്തെ മൊത്തം തുക ആറക്കത്തിൽ എത്തിയത് കണ്ടയാളുടെ മാംസളമായ മുഖത്തൊരു ചിരി വിടർന്നു.
അയാൾ ഇനി തന്നെ ശ്രദ്ധിക്കില്ലെന്ന് ഉറപ്പായപ്പോൾ പരേതൻ്റെ ഭാര്യ ഒന്നും പറയാതെ എഴുന്നേറ്റു. ഗ്ലാസ് ഡോർ തുറന്നവർ പുറത്തേക്കിറങ്ങി. രക്തവും സ്ഥിരനിക്ഷേപവും തമ്മിലുള്ള ബന്ധം അവർ അനുമാനിക്കാൻ ശ്രമിച്ചു. തൻ്റെ പരേതനായ ഭർത്താവിൻ്റെ രക്തം വിയർപ്പാക്കിയ കാശായിരുന്നു അതെന്നൊഴിച്ചാൽ അതും തൻ്റെ രക്തവുമായുള്ള ബന്ധം കണ്ടുപിടിക്കാൻ അവർക്കായില്ല.
അവർ കൈയിലിരുന്ന കാർഡ് വായിച്ചു - "ന്യൂ ബ്ലഡ് ഇൻറ്റർനാഷനൽ - ബിൽഡിങ് ദി നെക്സ്റ്റ് ബ്ലഡി ജെനറേഷൻ". ഒരു ഓട്ടോക്ക് കൈകാണിച്ചു നിർത്തി കാർഡിൽ ഉള്ള അഡ്രസ് പറഞ്ഞു. മുടി പറക്കാതിരിക്കാൻ സാരിതുമ്പ് തലവഴിയിട്ടവർ ഇരുന്നു.
വീണ്ടും ഒരു ശീതികരിച്ച മുറി. ഇത്തവണ സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു അവർക്ക് മുന്നിൽ.
"മാഡം ഒന്നു കൊണ്ടും പേടിക്കേണ്ട. നമ്മുക്ക് എല്ലാം പെട്ടന്ന് തന്നെ ശരിയാക്കാം."
"എൻ്റെ ബ്ലഡ് ഗ്രൂപ്പ് ...."
"അതൊന്നും ആവശ്യമില്ല മാഡം . ഞങ്ങളുടെ ഈ കാറ്റലോഗ് ഒന്ന് നോക്കൂ. ഇതിലുള്ള ഏതു ഗ്രൂപ്പ് വേണമെങ്കിലും മാഡത്തിന് തിരഞ്ഞെടുക്കാം. ബാക്കിയൊക്കെ ഞങ്ങൾക്ക് വിട്ടേക്കുക."
അവർ കാറ്റലോഗ് വാങ്ങി ആദ്യ പേജിലെ ഇനങ്ങൾ പരിശോധിച്ചു. പ്രധാന "സം" വർഗ്ഗങ്ങൾ - ഹിന്ദുയിസം, ക്രിസ്ത്യനിയിസം, ഇസ്ലാമിസം, സിഖിസം, ബുദ്ധിസം, ജൈനിസം etc . ഓരോ പ്രധാന വർഗ്ഗത്തിൻ്റെയും ഉള്‍പ്പിരിവുകളും അവയോരോന്നിൻ്റെ യൂണിറ്റ് വിലയും വെവ്വേറെ അതിൽ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.
"എൻ്റെ ഗ്രൂപ്പ് ഇതിൽ കാണുന്നില്ലല്ലോ?" പരിഭ്രാന്തിയോടുകൂടി അവർ ചോദിച്ചു.
"ഏതാണ് മാഡത്തിൻ്റെ ഗ്രൂപ്പ്?"
"B+ve"
"അയ്യോ മാഡം, ആ വർഗ്ഗത്തിൽപെട്ട രക്തമൊന്നും ഇപ്പോൾ കിട്ടാനില്ല. അതിന് വലിയ ഡിമാൻഡ് ഇല്ലെന്ന് മാത്രമല്ല , അത് സോഴ്സ് ചെയ്യാനും വലിയ ബുദ്ധിമുട്ടാണ്. ഇതിൽ കൊടുത്തിരിക്കുന്ന ഇനങ്ങൾ എല്ലാം തന്നെ ഞങ്ങൾ ഞങ്ങളുടെ ഗവേഷണശാലയിൽ നിര്‍മ്മിക്കുന്നവയാണ്."
"ഇതിനൊക്കെ വലിയ വിലയാണെല്ലോ? എൻ്റെ കൈയിൽ....."
"മാഡം ഒന്നുകൊണ്ടും പേടിക്കണ്ട . ഞങ്ങൾക്ക് വളരെ ഫ്ലെക്സിബിലായ EMI പദ്ധതികൾ ഉണ്ട്. മാഡത്തിൻ്റെ ബാങ്കുമായി ചേർന്ന് ഞങ്ങൾക്ക് അത് പെട്ടന്ന് പ്രോസസ് ചെയ്‌തു തരാൻ പറ്റും. ഇരുപത്തിനാലു മാസം വേരെ കാലാവധി ഏര്‍പ്പെടുത്താം. ഓരോ വർഗത്തിൻ്റെയും അനുകൂലപ്രതികൂലവാദമുഖങ്ങള്‍ ഞങ്ങളുടെ കാറ്റലോഗിൽ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം."
എന്ത് പറയണമെന്നറിയാതെ പരേതൻ്റെ ഭാര്യ സ്തംഭിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ആ ചുമ വന്നവരെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.
അയാൾ തുടർന്നു, "മാഡം വന്നത് നല്ല സമയത്താണ്. ഞങ്ങളുടെ ഒരു പ്രൊമോഷണൽ ഓഫർ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തിരഞ്ഞെടുക്കുന്ന രക്തം മാഡത്തിന് എന്തെങ്കിലും കാരണവശാൽ ഇഷ്ട്ടപ്പെട്ടില്ലെന്നിരിക്കട്ടേ, ഞങ്ങളുടെ 30-ഡേ എക്സ്ചേഞ്ച് പോളിസി ഉപയോഗിച്ച് മുപ്പതു ദിവസത്തിനുള്ളിൽ മാഡത്തിന് മറ്റൊരു വര്‍ഗ്ഗത്തിലുള്ള രക്തം സ്വീകരിക്കാം, തികച്ചും സൗജന്യമായി."
അയാൾ അവരെ പ്രതീക്ഷയോടെ നോക്കി. അപ്പോൾ അവർ ഇരുപതു വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവം ഓർക്കുകയായിരുന്നു. മകൾക്ക് വാങ്ങിയ ഉടുപ്പ് ഒരു സൈസ് ചെറുതായിരുന്നതിനാൽ അത് കടയിൽ കൊണ്ട് മാറ്റാൻ പോയ സംഭവം. എത്ര പറഞ്ഞിട്ടും കടക്കാരൻ അന്നത് മാറ്റി തരാൻ കൂട്ടാക്കിയില്ല , രണ്ട് ദിവസത്തിന്നുളിൽ കൊണ്ട് വരണമായിരുന്നുത്രെ. പാവം മോളു , ആ ജന്മദിനത്തിൽ പുതിയ ഉടുപ്പിടാൻ സാധിക്കാതെ ആ കുഞ്ഞു മനസ്സ് ഒരുപാട് വേദനിച്ചു.
"അത് മാത്രമല്ല മാഡം ഞങ്ങളുടെ സവിശേഷത", അയാളുടെ ആംഗലേയ ചുവയുള്ള മലയാളം അവരെ വർത്തമാനകാലത്തേക്ക് മടക്കി കൊണ്ടുവന്നു. അയാൾ അവരുടെ നേരെ മറ്റൊരു വർണ്ണശമ്പളമായ കാറ്റലോഗ് നീട്ടി. അവർ നോക്കിയപ്പോൾ അതിൽ മറ്റൊരു "സം" പട്ടിക ഉണ്ടായിരുന്നു .
"ഇത് നോക്കൂ, മാഡം തിരഞ്ഞെടുക്കുന്ന രക്തത്തിൽ കൂട്ടിച്ചേര്‍ക്കുവാൻ പറ്റുന്ന മിശ്രിതവസ്‌തുകളാണ് ഇവ. ഓരോ യൂണിറ്റ് രക്തത്തിനൊപ്പം ഞങ്ങൾ ഇത് 5ml വരെ സൗജന്യമായി തരും. അതിൽ കൂടുതൽ വേണമെങ്കിലും സാരമില്ല, അത് ഞാൻ 50% ഇളവിൽ ശരിയാക്കി തരാം. രക്തവും മിശ്രിതവസ്‌തുവും തമ്മിലുള്ള അനുപാതം നിങ്ങൾക്ക് തിരഞ്ഞെടുക്കാം."
പരേതൻ്റെ ഭാര്യ ആ പട്ടികയിൽ കൂടി കണ്ണോടിച്ചു. അവ ഇപ്രകാരമായിരുന്നു :
കമ്മൂണിസം
ഫാസിസം
സോഷ്യലിസം
ക്യാപിറ്റലിസം
കമ്മ്യൂണലിസം
തീവ്രവാദിസം
നിരീശ്വരവാദിസം
റാഡിക്കലിസം
ഡെസ്‌പോട്ടിസം
ഈഗോയിസം
ഫ്യുഡലിസം
പാട്രിയോട്ടിസം (Discontinued)
ഹ്യൂമനിസം (Discontinued)
റാഷണലിസം ((Discontinued)
ഷോവനിസം
ഫെമിനിച്ചിയിസം (Previously known as ഫെമിനിസം)
"അവസാനത്തേതു ഞങ്ങളുടെ ഫ്ലാഗ്ഷിപ് പ്രോഡക്റ്റ് ആണ് മാഡം. കഴിഞ്ഞ മാസം പോറ്റൻസി കൂട്ടി, റീ-ബ്രാൻഡ് ചെയ്‌തു റീ-ലോഞ്ച് ചെയ്തതേയുള്ളു. ഫാസ്റ്റ് മൂവിങ് . പലരും 1:1 അനുപാതമാണ് തിരഞ്ഞെടുക്കുന്നത്."
"ഇതിൽ ഒന്ന് തിരഞ്ഞെടുക്കണമെന്ന് നിർബന്ധമാണോ?"
"നോ , ഇറ്റ്സ് ഓപ്ഷണൽ. പിന്നെ ഫ്രീ ആയിട്ട് കിട്ടുന്നത് വേണ്ടാന്ന് വയ്ക്കണോ മാഡം?", അയാൾ അയാളുടെ വരിയൊത്ത വെള്ളപല്ലുകൾ കാട്ടി അവരെ നോക്കി ചിരിച്ചു.
"ഇതിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങൾ ഉണ്ടോ?"
"അപകടകരമായ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല മാഡം. ഒരു 25 ശതമാനം പേരിൽ സ്വല്പം തൊലിക്കട്ടി കൂടിയതായി കണ്ടുവരുന്നുണ്ട്. അത്രയേയുള്ളൂ."
അവർ കൂടുതൽ വിയർക്കാൻ തുടങ്ങി.
"ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. 30 ദിവസത്തിനുള്ളിൽ രക്തം എക്സ്ചേഞ്ച് ചെയ്യാൻ മാഡം തീരുമാനിച്ചാൽ, ഈ മിശ്രിതവസ്‌തു മാറ്റുവാൻ സാധിക്കില്ല. ഇപ്പോൾ തിരഞ്ഞെടുക്കുന്ന മിശ്രിതവസ്‌തു തന്നെ പിന്നെയും ചേർക്കേണ്ടി വരും. അഞ്ചു വർഷത്തിലൊരിക്കൽ രക്തം നിർബന്ധമായി മാറ്റിയിരിക്കണം. അപ്പോൾ വേണമെങ്കിൽ മറ്റൊരു മിശ്രിതവസ്‌തു തിരഞ്ഞെടുക്കാം."
"ഈ രക്തം മാറ്റാൻ എത്ര സമയമെടുക്കും?"
"ഞങ്ങളുടെ അത്യന്തം സങ്കീര്‍ണ്ണവും ന്യൂതനവുമായ യന്ത്രസംവിധാനം ഉപയോഗിച്ച് ഈ രക്തപുനഃസ്ഥാപനപ്രക്രിയ വെറും 30 മിനിറ്റിനുള്ളിൽ പൂർത്തീകരിക്കുവാനാകും."
"അപ്പോൾ എൻ്റെ പഴയ രക്തം?"
"ഞങ്ങളുടെ റീസൈക്ലിങ് പ്ലാന്റിലേക്ക് പോകും, പുതിയ വർഗ്ഗത്തിൽപെട്ട രക്തമായി മാറ്റപെടുവാൻ."
"അതിൽ നിന്നും കുറച്ചു രക്തം ...ഒരു ചെറിയ കുപ്പിയിൽ ...."
"നോ പ്രോബ്ലം മാഡം. ദാറ്റ് ക്യാൻ ബി അറേഞ്ച്ഡ്. ഏതു രക്തവർഗ്ഗം വേണമെന്ന് തീരുമാനമെടുത്തു കഴിഞ്ഞാൽ ഈ ഫോം ഒന്ന് പൂരിപ്പിക്കണം. ഞാൻ അപ്പുറത്തെ ക്യാബിനിൽ ഉണ്ടാകും. കഴിയുമ്പോൾ ഈ ബെല്ലോന്ന് അമർത്തിയാൽ മതി."
വാതലടച്ചയാൾ പോയിക്കഴിഞ്ഞപ്പോൾ അവർ സാരിത്തുമ്പുകൊണ്ടു വിയർപ്പു തുടച്ചു. എസിയുടെ കണ്ട്രോൾ പാനലിൽ താപനില 16 എന്ന് രേഖപ്പെടുത്തിയിരുന്നു. തൻ്റെ രക്തം തികച്ചും പഴയതായിരിക്കുന്നു, അല്ലെങ്കിൽ ഈ തണുപ്പിലും ഇങ്ങനെ വിയര്‍ക്കേണ്ട കാര്യമുണ്ടോ?
അവർ ഫോം പൂരിപ്പിക്കാനാരംഭിച്ചു.