Total Pageviews

Friday, October 28, 2016

കഥ : പുതിയ ശരികൾ



ഇന്ന് റാമിൻ്റെ വിവാഹമാണ്, അനുവുമായി. ഞാൻ അണിഞ്ഞിരുന്ന താലി മറ്റൊരാളുടേതാകുന്ന ദിവസം.

ഞാൻ പങ്കെടുക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും റാമിൻ്റെ അമ്മ വന്നിരുന്നു എന്നെ വിവാഹത്തിന് ക്ഷണിക്കാൻ. പാവം സ്ത്രീ....ഒരുപാട് കരഞ്ഞു. വന്നില്ലെങ്കിലും മനസ്സവിടെയായിരിക്കുമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. റാമിന് എല്ലാ ഭാവുകങ്ങളും മനസ്സറിഞ്ഞു നേർന്നു.

ഇളകിയാടുന്ന ഗുൽമോഹർ മരങ്ങളെ നോക്കിനിന്നപ്പോൾ മനസ്സ് എട്ട് വർഷങ്ങൾക്കപ്പുറത്തേക്ക് ഓടിയകന്നു.....ചിതറി വീണ ശോണപുഷ്പങ്ങളും പേറി.

കൂടിക്കാഴ്ചയും , സൗഹൃദവും, പ്രണയവും , വിവാഹവും, ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി മൂന്ന് വർഷങ്ങൾ. യാത്രകൾ ഞങ്ങൾ രണ്ടുപേർക്കും ഹരമായിരുന്നു. വഴിയോരകാഴ്ചകളേക്കാൾ എനിക്കിഷ്ടം അവൻ്റെ ചുമലിൽ തലചായ്ച്ചുറങ്ങാനായിരുന്നു. പദ്ധതീകരിക്കാത്ത യാത്രകളായിരുന്നു മിക്കവയും. അന്നൊക്കെ യാദൃച്ഛികതയോട് വല്ലാതൊരു ഭ്രമമുണ്ടായിരുന്നു. ക്ഷണിക്കപ്പെടാത്ത ആ അതിഥി ഞങ്ങളുടെയിടയിലേക്ക് കടന്ന് വരും വരെ.

അകാരണമായ ഒരു ക്ഷീണം ഇടക്കിടെ തോന്നിയിരുന്നു. എന്നാൽ തുടർച്ചയായുള്ള യാത്രകളും, ജോലിയുടെ സമ്മർദ്ദങ്ങളുമാകും കാരണമെന്ന് കരുതി അതൊക്കെ അവഗണിച്ചു. എന്നാൽ അന്ന്......മണാലിയിൽ വെച്ച്, കോച്ചിപ്പിടിക്കുന്ന തണുപ്പത്ത് , ഒരു ചായയിടാനുള്ള ശ്രമത്തിനിടയിൽ , തിളച്ചു മറിഞ്ഞ പാൽ എൻ്റെ വലംകൈയിൽ വീണ് പൊള്ളിയിട്ടും ഒരു കൊതുക്‌ കുത്തുന്ന വേദനപോലും എനിക്ക് അനുഭവപെട്ടില്ലെന്ന വസ്തുത എന്നെ അസ്വസ്ഥയാക്കി. സിരകളെ മരവിപ്പിക്കുന്ന തണുപ്പാകാം കാരണമെന്ന് റാം ആശ്വസിപ്പിച്ചപ്പോളും മനസ്സിൽ ഒരു കനൽ അങ്ങനെ അണയാതെ കിടന്നു. തിരിച്ചു നാട്ടിലെത്തിയ അവസരത്തിൽ കൈയിൽ ചെറിയ പുകച്ചിൽ തോന്നിയപ്പോൾ ആ വിഷയം മറവിയുടെ കോണിലേക്കു മനപൂർവം തള്ളിനീക്കി സ്വയം വഞ്ചിച്ചു.

പിന്നെ പലപ്പോഴായി ആകുലപ്പെടുത്തുന്ന പലതരം സൂചനകൾ......ചിലപ്പോൾ മുഖത്തിൻ്റെ ഇടതു വശത്തൊരു മരവിപ്പ്, ചിലപ്പോൾ കാലുകൾക്കൊരു ബലക്ഷയം, മറ്റുചിലപ്പോൾ വലത്തെ കണ്ണിൻ്റെ കാഴ്ചയ്ക്കൊരു മങ്ങൽ. ഒടുവിലൊരു ദിവസം, ബാത്ത്റൂമിൽ എത്തുംമുമ്പേ മനസ്സിനെ നിഷേധിച്ച് ശരീരം പടർത്തിയ നനവിൽ , അതുവരെ ഞാൻ കണ്ടില്ലെന്ന് നടിക്കാൻ ശ്രമിച്ച അപായ സൂചനകളൊക്കെ എൻ്റെ വെറും തോന്നലുകളല്ലെന്ന് , എനിക്ക് മനസ്സിലായി.

എം.ർ.ഐ സ്കാനിൽ അങ്ങിങ്ങായി വ്യാപിച്ചു കിടക്കുന്ന വെളുത്ത പാടുകളുടെ പൊരുൾ മനസ്സിലാകാതെ 
ഞാൻ ഡോക്ടറോടു ചോദിച്ചു , "വാട്ട് ടു ദേ മീൻ......?"

"ഡിജെനറേറ്റിവ് മൾട്ടിപ്പിൾ സ്ക്ലിറോസിസ്. നിർഭാഗ്യവശാൽ , ദേർ ഈസ് നോ ക്യൂർ. ബട്ട് ഇറ്റ് ക്യാൻ ബി വേരി വെൽ മാനേജ്ഡ് . നിങ്ങളുടേത് അത്ര അഗ്രസീവ് ടൈപ്പല്ലെന്ന് വേണം കരുതാൻ".

റാം ചേർത്തു നിർത്തി ആശ്വസിപ്പിച്ചു , "ഞാൻ ഇല്ലേ നിഥി നിൻ്റെ കൂടെ.......വി വിൽ ക്രോസ്സ് ദിസ് ടുഗെതർ".
അവൻ്റെ മുഖത്തെ നിശ്ചയദാര്‍ഢ്യം എന്നിലും ആത്മവിശ്വാസത്തിൻ്റെ നേർത്ത ഓളങ്ങൾ സൃഷ്ടിച്ചു.

എം.സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആ വ്യാധിയെ കുറിച്ച് കിട്ടാവുന്ന വിവരങ്ങൾ ഒക്കെ ഞങ്ങൾ ശേഖരിച്ചു, വായിച്ചു മനസിലാക്കാൻ ശ്രമിച്ചു. കൂടുതൽ അറിയും തോറും ആദ്യം തോന്നിയ ശുഭപ്രതീക്ഷകളൊക്കെ കെട്ടു തുടങ്ങി. മരുന്നുകളും ആശുപത്രി സന്ദര്‍ശനങ്ങളുമായി കടന്നു പോയ ഒരു വർഷത്തിനൊടുവിൽ എനിക്ക് വീൽചെയറിൽ അഭയം പ്രാപിക്കേണ്ടി വന്നു. മിക്കപ്പോഴും കൺപോളകൾ പോലും തുറക്കാനുള്ള ശക്തി ശരീരത്തിന് അന്യമായിരുന്നു. മെല്ലെ മെല്ലെ മനസ്സിലേക്കും നിരാശയുടെ വിഷസർപ്പങ്ങൾ ഇഴഞ്ഞുകയറി.

പതുക്കെ പതുക്കെ എല്ലാവർക്കും "ഞാൻ" അദൃശ്യയാവാൻ തുടങ്ങി. അവർ ഞാൻ ഇരിക്കുന്ന വീൽചെയർ കണ്ടു.....എന്നെ താങ്ങാൻ ശേഷിയില്ലാത്ത എൻ്റെ കാലുകൾ കണ്ടു......എൻ്റെ ക്ഷീണിച്ച ശരീരം കണ്ടു. പക്ഷെ ആരും എന്നിലേ എന്നെ കണ്ടില്ല........അറിയാൻ ശ്രമിച്ചില്ല. സഹതാപം , ദയ , സഹാനുഭൂതി എന്നീ ഭാവങ്ങളേ ഞാൻ ഭയക്കാൻ തുടങ്ങി. പരാധീനതയുടെ ചങ്ങലകൾ എന്നെ ശ്വാസംമുട്ടിച്ചു. ഉള്ളിലെ അഗ്നിപര്‍വ്വതം തിളച്ചുമറിയുമ്പോഴും, എൻ്റെ സ്വകാര്യതയുടെ വ്യാസത്തിനുള്ളിൽ നിന്നും ഞാൻ എല്ലാവരേയും അകറ്റി നിർത്തി ..... റാമിനെ പോലും. മറ്റുള്ളവരുടെ മുഖത്ത് പ്രതിഫലിക്കുന്ന ഹതാശയിൽ ഞാൻ എൻ്റെയുളളിലെ വ്യാളിയെ കണ്ട് ഭയന്നു.

ഡിവോഴ്സും , പുനരധിവാസ കേന്ദ്രത്തിലേക്കുള്ള മാറി താമസവുമൊക്കെ എൻ്റെ മാത്രം തീരുമാനങ്ങളായിരുന്നു. എനിക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ എന്നും അതിന് ഞാൻ തന്നെ ഒറ്റയ്ക്ക് പോരാടിയേ മതിയാകൂമെന്നുമുള്ള തിരിച്ചറിവിൽനിന്നും ഉടലെടുത്ത നിര്‍ണ്ണയം. പ്രാപ്തിയുള്ള മനുഷ്യരുടെ ഇടയിൽ നിന്നും അപ്രാപ്തിയുള്ളവരുടെയിടയിലേക്കൊരു പറിച്ചു നടൽ. ഇവിടെ ആർക്കും ആരോടും സഹതാപമില്ല, അതിന് നേരവുമില്ല.

ഓരോ ദിവസവും ഒരു പുതിയ വെല്ലുവിളിയാണ് .... അതിജീവനത്തിനായുള്ള കഠിനയത്‌നം. ആസന്നമാവുന്ന നാശത്തിന് കടിഞ്ഞാണിടാനൊരു ശ്രമം. രോഗതീവ്രതയുടെ ആരോഹണാവരോഹണങ്ങളിൽ കൂടി ഒരു സഞ്ചാരം. ഒരു നാഴികക്കല്ലിൽ നിന്നും മറ്റൊന്നിലേക്കുള്ള ഇഴഞ്ഞുനീക്കം ......... ചിലപ്പോൾ തിരിച്ച് ആരംഭ ബിന്ദുവിലേക്കുള്ള പതനം....വീണ്ടും തുടരുന്ന സംഭവചക്രം. അങ്ങനെ നാല് ഭ്രമണങ്ങൾ കടന്നുപോയിരിക്കുന്നു .

എന്നാൽ ഇപ്പോൾ വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. തികച്ചും സ്വാർത്ഥമായൊന്ന്. എവറസ്റ്റ് കൊടുമുടിയുടെ ശൃംഗം. ലോറി സ്നൈഡരുടെ [Lori Schneider] ഏഴു പര്‍വ്വതശൃംഗങ്ങളുടെ കീഴടക്കലുകളുടെ അറിവേകിയ പ്രചോദനം. എൻ്റെ സ്വപ്നങ്ങളുടെ ഉയരം വെറും 29,029 അടി. കുറച്ചു നാളായി അതിൻ്റെ തയ്യാറെടുപ്പിലാണ്. സഞ്ചാരതൃഷ്‌ണയുടെ അല്‍പാംശങ്ങൾ ഉള്ളിൽ ഇപ്പോഴും എവിടെയോ ഉണ്ട്. അത് ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.

സ്വന്തം പരിമിതികളെ പയറ്റി തോൽപ്പിക്കുമ്പോൾ കിട്ടുന്ന ആത്മനിർവൃതി ഒന്നറിയണം. ശരീരത്തിൻ്റെ ക്ലേശം മനസ്സിൻ്റെ ഊര്‍ജ്ജമാവുന്ന നിമിഷങ്ങളിലൂടെ കടന്നുപോകണം. വെറുതെ..... ഒന്നിനും വേണ്ടിയല്ല. പ്രസിദ്ധനായ അദ്ധ്യാത്മജ്ഞാനി പീറ്റർ വെസ്സൽ സാപ്ഫ്എ [Peter Wessel Zapffe] ഈ വികാരത്തെ വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട്, "പര്‍വ്വതാരോഹണം തികച്ചും അർത്ഥശൂന്യമാണ്, മനുഷ്യജീവിതം പോലെ. അതുകൊണ്ടുതന്നെ അതിൻ്റെ മാസ്മരികത ഒരിക്കലും മരിക്കുന്നില്ല".

കാലൊച്ച കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ വാതലിനരികിൽ റാം.....ഒപ്പം അനുവും. വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചില്ല. കുറച്ചു നേരം സംസാരിച്ചിട്ട് എന്നെയും റാമിനെയും തനിച്ചാക്കി അനു മുറിക്ക് പുറത്തേയ്ക്കിറങ്ങി.

"സുഖമാണോ നിഥി നിനക്ക്?"

"അതേ റാം. ഒരു യാത്രക്കുള്ള ഒരുക്കത്തിലാണ്. ചില കീഴടക്കലുകൾക്ക് സമയമായെന്നൊരു തോന്നൽ......"

"ക്ഷണിച്ചുവരുത്തിയ നഷ്ടങ്ങൾക്ക് പകരം വയ്ക്കാൻ, അല്ലേ? നീ എന്നും സ്വാർത്ഥയായിരുന്നു......"

"ആണോ റാം? എന്തോ അറിയില്ല.......ചില സ്വാർത്ഥതകൾ മുഖംമൂടിയണിഞ്ഞ അനുഗ്രഹങ്ങളല്ലേ? സ്നേഹം ഭാരമാവുമ്പോൾ അത് ഇറക്കിവെച്ചേ മതിയാകൂ. പ്രതിബദ്ധതയുടെ വാഗ്‌ദാനങ്ങൾ ഒരിക്കലും കൈവിലങ്ങാവാൻ അനുവദിച്ചു കൂടാ. കുറച്ചു കഴിയുമ്പോൾ റാമിന് മനസ്സിലാവും ഇതായിരുന്നു ശരിയെന്ന്."

"ഇത് നിൻ്റെ മാത്രം ശരിയല്ലേ നിഥി....നമ്മുടെ ശരിയെ കുറിച്ചോർത്തോ നീ......?"

"നമ്മുടെ ശരികളൊക്കെ മരിച്ചില്ലേ റാം. ഞാൻ ഇപ്പോൾ ചില പുതിയ ശരികൾ തിരയുകയാണ്. നീയും പുതിയ ശരികൾ കണ്ടെത്തണം. ഈ നിമിഷം മുതൽ നമ്മുടെ പാതകൾ സമാന്തരങ്ങൾ ആകുന്നു. വിഷ് യു എ വേരി ഹാപ്പി മാരീഡ് ലൈഫ് റാം. അനു, വളരെ നല്ല കുട്ടിയാണ്."

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ റാം ഇറങ്ങി പോയപ്പോൾ അവനോടൊപ്പം ഞാൻ എൻ്റെ ചില ഓർമ്മകൾക്കും നിശ്ശബ്ദമായി ബലിയിട്ട് വിടയേകി.

വീണ്ടും കണ്ണുകൾ പുറംകാഴ്ചകളിലേക്ക്. ചുവട്ടിൽ വീണ് മൃതിയടഞ്ഞവയേക്കാൾ ഒട്ടനേകം പൂക്കളുണ്ടായിരുന്നു ഗുൽമോഹറിൻ്റെ ചില്ലകളിൽ..........ചുവപ്പിൻ്റെ നിറഭേദങ്ങളുടെ മനോഹാരിതയിൽ മുങ്ങിക്കുളിച്ച്‌ അവ അങ്ങനെ ഇളംകാറ്റിനോട് കഥകൾ ചൊല്ലി........

Friday, October 21, 2016

കവിത : നവയുഗ നാരി


പവിത്രമാം സിന്ദൂരരേഖയിൽ
ശയിക്കും ഇളം ചുവപ്പിൻ ലാജ്ഞയില്ലേ?

വിസ്‌തൃതമാം നെറ്റിത്തടത്തിൽ 
പതിയും കുങ്കുമത്തിൻ ബിംബമില്ലേ?

വലംപിരിശംഖാവും കണ്‌ഠത്തിൽ
വാഴും താലിതണുപ്പിൻ ആലിലയില്ലേ?

സുദീർഘമാം മോതിരവിരലിൽ
വൃത്തം വരയ്ക്കും ആംഗുലീയത്തിൻ മരതകമില്ലേ?

രമണീയമാം ഇരുകരങ്ങളിൽ
കിന്നരിക്കും കങ്കണത്തിൻ ശിഞ്‌ജിതമില്ലേ?

കമനീയമാം കാല്‍വിരലുകളിൽ
തിളങ്ങും മിഞ്ചിതൻ വെള്ളിശോഭയില്ലേ?

നീയോ സുമംഗലി ? നീയോ പരിഗൃഹീത?
ആരാഞ്ഞു ആയിരം നാവുളള അനന്തന്മാർ.

വ്യാപ്‌ത്തിയേ പുൽക്കുന്ന അരുവിക്കുണ്ടോ താലി ?
തീരം തഴുകും നിരന്തരം തിരകൾക്കുണ്ടോ കുങ്കുമം?
മണ്ണിന്റെ മാറിൽ പെയ്തൊഴിയും വർഷക്കുണ്ടോ മിഞ്ചി?

അനന്തരം സഹസ്രനാവുകൾ ഒന്നിച്ചോതി.... ഹോ !! നീ നവയുഗ നാരിയോ?

Saturday, October 15, 2016

ഓർമ്മകൾ : കട്ടിലിൻ്റെ അവകാശികൾ



നഗരത്തിലെ  കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ  ഹോസ്റ്റൽ ജീവിതം അനിവാര്യമായ ഘടകമായി. ക്രിസ്‌റ്റീയ സഭയുടെ സ്ഥാപനത്തിൽ അമ്മയുടെ ബന്ധുവായ സർക്കിൾ ഇൻസ്‌പെക്ടറുടെ ശുപാര്‍ശയിൽ അഡ്മിഷനും കിട്ടി. ആഴ്ചതോറും വീട്ടിൽ പോയി വരാൻ സീസൺ ടിക്കറ്റും എടുത്തുവെച്ചു.

നാല് കട്ടിലുകളുള്ള മുറിയിൽ നാലാമത്തെ കട്ടിൽ  എൻ്റെതാണെന്ന് വാർഡൻ പറഞ്ഞപ്പോൾ പാവം ഈ ഞാൻ അതങ്ങ് വിശ്വസിച്ചു പോയി. പക്ഷെ എന്നെക്കാൾ മുന്നേ അവിടെ അവകാശം സ്ഥാപിച്ച കട്ടിലിൻ്റെ മറ്റു ചില അവകാശികൾ എൻ്റെ തെറ്റിദ്ധാരണ വഴിയേ മാറ്റിത്തന്നു.

രാത്രികാലങ്ങളിൽ ഈ അതിനിഷ്‌ഠൂരന്മാർ എന്നെ നിര്‍ദ്ദയമായി ആക്രമിച്ചു പൊന്നൂ. ഒരു സഹജീവിയോട് കാണിക്കേണ്ട യാതൊരുവിധ "മാനുഷിക"പരിഗണനയും എനിക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല അവരെ "പല്ലും" "നഖവും" കൊണ്ട് എതിർക്കാനുള്ള എൻ്റെ എല്ലാം ശ്രമങ്ങളും അവർ നൈസായിട്ടു നിഷ്‌പ്രഭമാക്കി തിരികെയേൽപ്പിച്ചു.

എൻ്റെ രാത്രികൾ നിദ്രാവിഹീനങ്ങളായി. ഇരുട്ടത്ത് എഴുന്നേറ്റുനിന്ന് ഓട്ടംതുള്ളൽ അവതരിപ്പിക്കുന്നയെന്നെ, നിലാവെളിച്ചത്തിൽ കണ്ട് ഭയന്ന്, പുതപ്പുമായി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ ആ സഹമുറിയ ഇപ്പോൾ എവിടെയാന്നാവോ? മറ്റുള്ളവർ എങ്ങനെ സുഖമായി കിടന്നുറങ്ങിയിരുന്നുയെന്നത് ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത സമസ്യയാണ്. കാണ്ടാമൃഗത്തിൻ്റെ തൊലിയായിരുന്നിട്ടുണ്ടാവും ഇബിലീസുകൾക്ക്!!

മെഴുകുതിരി, കടുകെണ്ണ , മദ്യം, അപ്പക്കാരം, യൂകാലിപ്‌റ്റസ്‌ തൈലം, പുതിന എന്നുവേണ്ട കണ്ട അണ്ടനും അടകോടനും പറഞ്ഞ നാട്ട് വൈദ്യം മുഴുവൻ ഞാൻ അവയുടെ മേൽ പരീക്ഷിച്ചു. ആവനാഴിയിലെ അവസാന അസ്‌ത്രമായ "ബെഗോൺ " സ്‌പ്രേയും പ്രയോഗിച്ചു. എവിടെ?

അവറ്റകൾക്ക് അതൊന്നുമേശിയില്ലെന്ന്  മാത്രമല്ല , ഓരോ ആക്രമണതിന്നും വളരെ ആസൂത്രിതമായ "സർജറിക്കൽ സ്‌ട്രിക്കുകൾ " അവർ പ്രത്യാക്രമണമായി തിരികെ നൽകി. ഇനി അണുബോംബ് മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളു. അങ്ങ് ഡെൽഹിയിലൊന്നും വലിയ പിടിയില്ലാതിരുന്നത് കൊണ്ടും, ഒരു മൂന്നാം ലോകമഹായുദ്ധത്തിന് ഹേതുവാകാൻ വലിയ താല്‍പര്യമില്ലാതിരുന്നത്  കൊണ്ടും ആ വഴിക്ക് ചിന്തകളെ അധികം മേയാൻ വിട്ടില്ല.

ഇവറ്റകളെ അങ്ങ് വംശവിച്ഛേദം ചെയ്തുകളയാമെന്നുള്ള എൻ്റെ മോഹം വെറും വ്യാമോഹമാണെന്ന്  ഞാൻ തിരിച്ചറിഞ്ഞു.  മൂവായിരത്തിയഞ്ഞൂറിൽ പരം വർഷങ്ങളുടെ വംശപാരമ്പര്യമുള്ള "ഊറ്റൽ"  ആചാര്യന്മാരോടാണ് കളി!!!  അങ്ങ് ഈജിപ്ഷ്യൻ സാഹിത്യത്തിലൊക്കെ മേൽപ്പറഞ്ഞ മഹാരഥികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ടത്രെ .....എന്താലേ?

"അറിഞ്ഞില്ലാ  .....ഇത് ഞാൻ അറിഞ്ഞില്ലാ. പെഡഗ്രിയുടെ മാഹാത്മ്യം നിങ്ങളിൽ ആവോളമുണ്ടെന്ന് ഈയുള്ളവൾ അറിഞ്ഞില്ല."

സമസ്താപരാധങ്ങളും പൊറുത്ത് മാപ്പാക്കണം എന്നു ഞാൻ കേണപേക്ഷിച്ചു. വേറേ നിവർത്തിയൊന്നുമില്ലാതെ ഞാൻ യുദ്ധമില്ലാസന്ധിക്ക് തയ്യാറായി ...... അല്ല , ആയുധംവെച്ചു നിരുപാധികമായി കീഴടങ്ങിയെന്ന് പറയുന്നതാവും കുറച്ചുകൂടി ഉചിതം.

അങ്ങനെ "ഇച്ച്‌ ഗാർഡിലും" , "രക്തദാനം മഹാദാനം" എന്ന തത്ത്വചിന്തയിലും ആശ്വാസം കണ്ടത്തി ഞാൻ എൻ്റെ ശിഷ്ട മൂന്ന് വർഷങ്ങൾ പലപ്പോഴും തറയിൽ പായ് വിരിച്ചു തള്ളിനീക്കി. ശരീരത്തിലെ ചൊരിഞ്ഞു പൊട്ടിയ പാടുകൾ അച്ഛനമ്മമാരെ കാണിച്ച്‌ കുറച്ചു സഹതാപവും കുറച്ചധികം പോക്കറ്റ് മണിയും കൈക്കലാക്കാൻ സാധിച്ചു എന്നതാണ് തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ ഒരേയൊരു സമാധാനം.

ഉർവ്വശീ ശാപം ഉപകാരമാകണമെന്നാനെല്ലോ ....അല്ലേ? 

Friday, October 14, 2016

കവിത : മരീചിക





ജ്വലിക്കാനുള്ള തൃഷ്‌ണയും , അണയുന്ന പ്രത്യാശയും
വചസ്സുകളായി വാരി വിതറിയവൻ ധവള ഭിത്തിയിൽ.

നിരാധാരമായി നോക്കി നിന്നൂ എണ്ണമറ്റ നേത്രങ്ങൾ.
മർത്യജന്മ അശരണതകൾ മന്ത്രിച്ചൂ അസംഖ്യം അധരങ്ങൾ.
പ്രാത്ഥനാമുദ്രകൾ രചിച്ചൂ കണക്കറ്റ ഹസ്തങ്ങൾ.

സമസ്‌തം വൃഥാ....ഹിതം അജ്ഞാതം.

ദേഹവും ദേഹീയും കലഹിച്ചു പിരിഞ്ഞു
ദേഹം ഉലയിലേക്ക് .....ദേഹീ അലയിലേക്ക്.

പെയ്യാൻ മറന്ന വൃഷ്‌ടിയേ ശപിക്കാൻ മറന്ന മണലാരണ്യം,
മരീചികയാൽ സ്വപ്‌നങ്ങൾക്ക് ചിറകേക്കുന്നു ....
അന്നും.....ഇന്നും.....എന്നും.

Wednesday, October 12, 2016

മനനം : ജയ് ഹിന്ദ്



"നീ ബി.ജെ.പി യാണല്ലേ?"

"ഞാൻ ഒരു "പീ....." യുമല്ല സുഹൃത്തേ"

"പിന്നെ? ....നീ മോദിക്ക് ഭയങ്കര സപ്പോർട്ട് ആണല്ലോ"

"ഞാൻ എൻ്റെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെയാണ് ഹേ പിന്‍തുണച്ചത് , അല്ലാതെ ഒരു വ്യക്തിയെയോ ഒരു പ്രസ്ഥാനത്തെയോ അല്ല. ദേശീയ സുരക്ഷയുടെ മടിക്കുത്തിൽ പിടിച്ചവർക്കെതിരെയുള്ള സൈനിക നടപടിയെയാണ് അനുമോദിച്ചത്."

"ഇത് "ഉറി"ക്കുള്ള മറുപടി മാത്രമാണെന്ന് തോന്നുന്നുണ്ടോ?"

"അല്ലെന്ന് അറിയാം ....വരാനിരിക്കുന്ന യൂ.പി തിരഞ്ഞെടുപ്പ്‌, മിഡ്-റ്റർമ് സമ്മര്‍ദ്ധം .... അങ്ങനെ പല രാഷ്‌ട്രീയവും വ്യക്തിപരവുമായ കാരണങ്ങൾ ഇതിനു പിന്നിൽ ഉണ്ടാവാം."

"ഉണ്ടാവാം എന്നല്ല.....ഉണ്ട്."

"ആയിക്കോട്ടെ. നിഷേധിക്കുന്നില്ല. ഒന്നും പ്രത്യക്ഷത്തിൽ കാണുന്നത്ര ചൊവ്വല്ലെന്ന് മനസ്സിലാക്കാനുള്ള മിനിമം രാഷ്‌ട്രീയജ്ഞാനം എനിക്കുണ്ടെന്ന് താങ്കൾ ദയവായി അംഗീകരിക്കണം."

"ജീവൻ്റെ നഷ്ട്ടം അതിര്‍ത്തിയുടെ ഏത് വശത്തായാലും നഷ്ട്ടം തന്നെയാണ്. ചോരയുടെ നിറം അവിടേയും ഇവിടെയും ഒന്ന് തന്നെയല്ലേ?"

"ഉറിയിൽ 19 ഇന്ത്യൻ സൈനികർ അകാരണമായി , ഒരു പ്രകോപനവുമില്ലാതെ, കൊല്ലപ്പെട്ടപ്പോൾ നിങ്ങളിലെ ഈ മനുഷ്യസ്നേഹി ടൂർ പോയിരിക്കുകയായിരുന്നോ സുഹൃത്തേ? അപ്പോൾ ഒഴുകിയ ചോരയുടെ നിറമെന്തായിരുന്നു?"

"അതിന്? വേറെയെന്തോക്കെ മാർഗങ്ങളുണ്ട് ......നമ്മുക്ക് യൂ.എൻ നിൽ പരാതിപ്പെടാം......അമേരിക്കയെ കൊണ്ട് ഉപരോധം ഏർപെടുത്താം........ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാം........ നയതന്ത്രജ്ഞരുമായി ചര്‍ച്ചചെയ്യാം. ഹിംസ ഒന്നിനും ഒരു പരിഹാരമല്ല സുഹൃത്തേ."

"അയ്യോ ശരിയാണല്ലോ .....ഞാൻ അതോർത്തില്ല. ആഞ്ഞടിക്കാൻ മറ്റേ കരണം കാണിച്ചു കൊടുക്കാം , കടൽ തീരത്തുപോയിരുന്നു തിരകൾ എണ്ണാം, മേൽപ്പോട്ടു നോക്കി നക്ഷത്രങ്ങൾ തിട്ടപ്പെടുത്താം, അടുത്ത പ്രധാനമന്ത്രിയായി നിലവിലുള്ള ചില ആൾ ദൈവങ്ങളുടെ പേര് നിർദേശിക്കാം....... താങ്കളൊരു സംഭവം തന്നെ കേട്ടോ."

ഒന്ന് പോടാപ്പാ ........

പി. സ് : ഈ സുഹൃത്തിനെ ഇപ്പോൾ കാണ്മാനില്ല. നാസ റാഞ്ചി എന്നൊരു ശ്രുതി കേട്ടു.

വീണ്ടും പി. സ് : ഈ തിരോധാനത്തിൽ എനിക്ക് മനസ്സാ വാചാ കര്‍മ്മണാ യാതൊരു പങ്കുമില്ലെന്ന് ബഹുമാനപെട്ട കോടതിക്ക് മുമ്പാകെ വിനയപൂർവം ബോധിപ്പിച്ചു കൊള്ളുന്നു.