Total Pageviews

Friday, October 28, 2016

കഥ : പുതിയ ശരികൾ



ഇന്ന് റാമിൻ്റെ വിവാഹമാണ്, അനുവുമായി. ഞാൻ അണിഞ്ഞിരുന്ന താലി മറ്റൊരാളുടേതാകുന്ന ദിവസം.

ഞാൻ പങ്കെടുക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും റാമിൻ്റെ അമ്മ വന്നിരുന്നു എന്നെ വിവാഹത്തിന് ക്ഷണിക്കാൻ. പാവം സ്ത്രീ....ഒരുപാട് കരഞ്ഞു. വന്നില്ലെങ്കിലും മനസ്സവിടെയായിരിക്കുമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. റാമിന് എല്ലാ ഭാവുകങ്ങളും മനസ്സറിഞ്ഞു നേർന്നു.

ഇളകിയാടുന്ന ഗുൽമോഹർ മരങ്ങളെ നോക്കിനിന്നപ്പോൾ മനസ്സ് എട്ട് വർഷങ്ങൾക്കപ്പുറത്തേക്ക് ഓടിയകന്നു.....ചിതറി വീണ ശോണപുഷ്പങ്ങളും പേറി.

കൂടിക്കാഴ്ചയും , സൗഹൃദവും, പ്രണയവും , വിവാഹവും, ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി മൂന്ന് വർഷങ്ങൾ. യാത്രകൾ ഞങ്ങൾ രണ്ടുപേർക്കും ഹരമായിരുന്നു. വഴിയോരകാഴ്ചകളേക്കാൾ എനിക്കിഷ്ടം അവൻ്റെ ചുമലിൽ തലചായ്ച്ചുറങ്ങാനായിരുന്നു. പദ്ധതീകരിക്കാത്ത യാത്രകളായിരുന്നു മിക്കവയും. അന്നൊക്കെ യാദൃച്ഛികതയോട് വല്ലാതൊരു ഭ്രമമുണ്ടായിരുന്നു. ക്ഷണിക്കപ്പെടാത്ത ആ അതിഥി ഞങ്ങളുടെയിടയിലേക്ക് കടന്ന് വരും വരെ.

അകാരണമായ ഒരു ക്ഷീണം ഇടക്കിടെ തോന്നിയിരുന്നു. എന്നാൽ തുടർച്ചയായുള്ള യാത്രകളും, ജോലിയുടെ സമ്മർദ്ദങ്ങളുമാകും കാരണമെന്ന് കരുതി അതൊക്കെ അവഗണിച്ചു. എന്നാൽ അന്ന്......മണാലിയിൽ വെച്ച്, കോച്ചിപ്പിടിക്കുന്ന തണുപ്പത്ത് , ഒരു ചായയിടാനുള്ള ശ്രമത്തിനിടയിൽ , തിളച്ചു മറിഞ്ഞ പാൽ എൻ്റെ വലംകൈയിൽ വീണ് പൊള്ളിയിട്ടും ഒരു കൊതുക്‌ കുത്തുന്ന വേദനപോലും എനിക്ക് അനുഭവപെട്ടില്ലെന്ന വസ്തുത എന്നെ അസ്വസ്ഥയാക്കി. സിരകളെ മരവിപ്പിക്കുന്ന തണുപ്പാകാം കാരണമെന്ന് റാം ആശ്വസിപ്പിച്ചപ്പോളും മനസ്സിൽ ഒരു കനൽ അങ്ങനെ അണയാതെ കിടന്നു. തിരിച്ചു നാട്ടിലെത്തിയ അവസരത്തിൽ കൈയിൽ ചെറിയ പുകച്ചിൽ തോന്നിയപ്പോൾ ആ വിഷയം മറവിയുടെ കോണിലേക്കു മനപൂർവം തള്ളിനീക്കി സ്വയം വഞ്ചിച്ചു.

പിന്നെ പലപ്പോഴായി ആകുലപ്പെടുത്തുന്ന പലതരം സൂചനകൾ......ചിലപ്പോൾ മുഖത്തിൻ്റെ ഇടതു വശത്തൊരു മരവിപ്പ്, ചിലപ്പോൾ കാലുകൾക്കൊരു ബലക്ഷയം, മറ്റുചിലപ്പോൾ വലത്തെ കണ്ണിൻ്റെ കാഴ്ചയ്ക്കൊരു മങ്ങൽ. ഒടുവിലൊരു ദിവസം, ബാത്ത്റൂമിൽ എത്തുംമുമ്പേ മനസ്സിനെ നിഷേധിച്ച് ശരീരം പടർത്തിയ നനവിൽ , അതുവരെ ഞാൻ കണ്ടില്ലെന്ന് നടിക്കാൻ ശ്രമിച്ച അപായ സൂചനകളൊക്കെ എൻ്റെ വെറും തോന്നലുകളല്ലെന്ന് , എനിക്ക് മനസ്സിലായി.

എം.ർ.ഐ സ്കാനിൽ അങ്ങിങ്ങായി വ്യാപിച്ചു കിടക്കുന്ന വെളുത്ത പാടുകളുടെ പൊരുൾ മനസ്സിലാകാതെ 
ഞാൻ ഡോക്ടറോടു ചോദിച്ചു , "വാട്ട് ടു ദേ മീൻ......?"

"ഡിജെനറേറ്റിവ് മൾട്ടിപ്പിൾ സ്ക്ലിറോസിസ്. നിർഭാഗ്യവശാൽ , ദേർ ഈസ് നോ ക്യൂർ. ബട്ട് ഇറ്റ് ക്യാൻ ബി വേരി വെൽ മാനേജ്ഡ് . നിങ്ങളുടേത് അത്ര അഗ്രസീവ് ടൈപ്പല്ലെന്ന് വേണം കരുതാൻ".

റാം ചേർത്തു നിർത്തി ആശ്വസിപ്പിച്ചു , "ഞാൻ ഇല്ലേ നിഥി നിൻ്റെ കൂടെ.......വി വിൽ ക്രോസ്സ് ദിസ് ടുഗെതർ".
അവൻ്റെ മുഖത്തെ നിശ്ചയദാര്‍ഢ്യം എന്നിലും ആത്മവിശ്വാസത്തിൻ്റെ നേർത്ത ഓളങ്ങൾ സൃഷ്ടിച്ചു.

എം.സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആ വ്യാധിയെ കുറിച്ച് കിട്ടാവുന്ന വിവരങ്ങൾ ഒക്കെ ഞങ്ങൾ ശേഖരിച്ചു, വായിച്ചു മനസിലാക്കാൻ ശ്രമിച്ചു. കൂടുതൽ അറിയും തോറും ആദ്യം തോന്നിയ ശുഭപ്രതീക്ഷകളൊക്കെ കെട്ടു തുടങ്ങി. മരുന്നുകളും ആശുപത്രി സന്ദര്‍ശനങ്ങളുമായി കടന്നു പോയ ഒരു വർഷത്തിനൊടുവിൽ എനിക്ക് വീൽചെയറിൽ അഭയം പ്രാപിക്കേണ്ടി വന്നു. മിക്കപ്പോഴും കൺപോളകൾ പോലും തുറക്കാനുള്ള ശക്തി ശരീരത്തിന് അന്യമായിരുന്നു. മെല്ലെ മെല്ലെ മനസ്സിലേക്കും നിരാശയുടെ വിഷസർപ്പങ്ങൾ ഇഴഞ്ഞുകയറി.

പതുക്കെ പതുക്കെ എല്ലാവർക്കും "ഞാൻ" അദൃശ്യയാവാൻ തുടങ്ങി. അവർ ഞാൻ ഇരിക്കുന്ന വീൽചെയർ കണ്ടു.....എന്നെ താങ്ങാൻ ശേഷിയില്ലാത്ത എൻ്റെ കാലുകൾ കണ്ടു......എൻ്റെ ക്ഷീണിച്ച ശരീരം കണ്ടു. പക്ഷെ ആരും എന്നിലേ എന്നെ കണ്ടില്ല........അറിയാൻ ശ്രമിച്ചില്ല. സഹതാപം , ദയ , സഹാനുഭൂതി എന്നീ ഭാവങ്ങളേ ഞാൻ ഭയക്കാൻ തുടങ്ങി. പരാധീനതയുടെ ചങ്ങലകൾ എന്നെ ശ്വാസംമുട്ടിച്ചു. ഉള്ളിലെ അഗ്നിപര്‍വ്വതം തിളച്ചുമറിയുമ്പോഴും, എൻ്റെ സ്വകാര്യതയുടെ വ്യാസത്തിനുള്ളിൽ നിന്നും ഞാൻ എല്ലാവരേയും അകറ്റി നിർത്തി ..... റാമിനെ പോലും. മറ്റുള്ളവരുടെ മുഖത്ത് പ്രതിഫലിക്കുന്ന ഹതാശയിൽ ഞാൻ എൻ്റെയുളളിലെ വ്യാളിയെ കണ്ട് ഭയന്നു.

ഡിവോഴ്സും , പുനരധിവാസ കേന്ദ്രത്തിലേക്കുള്ള മാറി താമസവുമൊക്കെ എൻ്റെ മാത്രം തീരുമാനങ്ങളായിരുന്നു. എനിക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ എന്നും അതിന് ഞാൻ തന്നെ ഒറ്റയ്ക്ക് പോരാടിയേ മതിയാകൂമെന്നുമുള്ള തിരിച്ചറിവിൽനിന്നും ഉടലെടുത്ത നിര്‍ണ്ണയം. പ്രാപ്തിയുള്ള മനുഷ്യരുടെ ഇടയിൽ നിന്നും അപ്രാപ്തിയുള്ളവരുടെയിടയിലേക്കൊരു പറിച്ചു നടൽ. ഇവിടെ ആർക്കും ആരോടും സഹതാപമില്ല, അതിന് നേരവുമില്ല.

ഓരോ ദിവസവും ഒരു പുതിയ വെല്ലുവിളിയാണ് .... അതിജീവനത്തിനായുള്ള കഠിനയത്‌നം. ആസന്നമാവുന്ന നാശത്തിന് കടിഞ്ഞാണിടാനൊരു ശ്രമം. രോഗതീവ്രതയുടെ ആരോഹണാവരോഹണങ്ങളിൽ കൂടി ഒരു സഞ്ചാരം. ഒരു നാഴികക്കല്ലിൽ നിന്നും മറ്റൊന്നിലേക്കുള്ള ഇഴഞ്ഞുനീക്കം ......... ചിലപ്പോൾ തിരിച്ച് ആരംഭ ബിന്ദുവിലേക്കുള്ള പതനം....വീണ്ടും തുടരുന്ന സംഭവചക്രം. അങ്ങനെ നാല് ഭ്രമണങ്ങൾ കടന്നുപോയിരിക്കുന്നു .

എന്നാൽ ഇപ്പോൾ വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. തികച്ചും സ്വാർത്ഥമായൊന്ന്. എവറസ്റ്റ് കൊടുമുടിയുടെ ശൃംഗം. ലോറി സ്നൈഡരുടെ [Lori Schneider] ഏഴു പര്‍വ്വതശൃംഗങ്ങളുടെ കീഴടക്കലുകളുടെ അറിവേകിയ പ്രചോദനം. എൻ്റെ സ്വപ്നങ്ങളുടെ ഉയരം വെറും 29,029 അടി. കുറച്ചു നാളായി അതിൻ്റെ തയ്യാറെടുപ്പിലാണ്. സഞ്ചാരതൃഷ്‌ണയുടെ അല്‍പാംശങ്ങൾ ഉള്ളിൽ ഇപ്പോഴും എവിടെയോ ഉണ്ട്. അത് ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.

സ്വന്തം പരിമിതികളെ പയറ്റി തോൽപ്പിക്കുമ്പോൾ കിട്ടുന്ന ആത്മനിർവൃതി ഒന്നറിയണം. ശരീരത്തിൻ്റെ ക്ലേശം മനസ്സിൻ്റെ ഊര്‍ജ്ജമാവുന്ന നിമിഷങ്ങളിലൂടെ കടന്നുപോകണം. വെറുതെ..... ഒന്നിനും വേണ്ടിയല്ല. പ്രസിദ്ധനായ അദ്ധ്യാത്മജ്ഞാനി പീറ്റർ വെസ്സൽ സാപ്ഫ്എ [Peter Wessel Zapffe] ഈ വികാരത്തെ വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട്, "പര്‍വ്വതാരോഹണം തികച്ചും അർത്ഥശൂന്യമാണ്, മനുഷ്യജീവിതം പോലെ. അതുകൊണ്ടുതന്നെ അതിൻ്റെ മാസ്മരികത ഒരിക്കലും മരിക്കുന്നില്ല".

കാലൊച്ച കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ വാതലിനരികിൽ റാം.....ഒപ്പം അനുവും. വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചില്ല. കുറച്ചു നേരം സംസാരിച്ചിട്ട് എന്നെയും റാമിനെയും തനിച്ചാക്കി അനു മുറിക്ക് പുറത്തേയ്ക്കിറങ്ങി.

"സുഖമാണോ നിഥി നിനക്ക്?"

"അതേ റാം. ഒരു യാത്രക്കുള്ള ഒരുക്കത്തിലാണ്. ചില കീഴടക്കലുകൾക്ക് സമയമായെന്നൊരു തോന്നൽ......"

"ക്ഷണിച്ചുവരുത്തിയ നഷ്ടങ്ങൾക്ക് പകരം വയ്ക്കാൻ, അല്ലേ? നീ എന്നും സ്വാർത്ഥയായിരുന്നു......"

"ആണോ റാം? എന്തോ അറിയില്ല.......ചില സ്വാർത്ഥതകൾ മുഖംമൂടിയണിഞ്ഞ അനുഗ്രഹങ്ങളല്ലേ? സ്നേഹം ഭാരമാവുമ്പോൾ അത് ഇറക്കിവെച്ചേ മതിയാകൂ. പ്രതിബദ്ധതയുടെ വാഗ്‌ദാനങ്ങൾ ഒരിക്കലും കൈവിലങ്ങാവാൻ അനുവദിച്ചു കൂടാ. കുറച്ചു കഴിയുമ്പോൾ റാമിന് മനസ്സിലാവും ഇതായിരുന്നു ശരിയെന്ന്."

"ഇത് നിൻ്റെ മാത്രം ശരിയല്ലേ നിഥി....നമ്മുടെ ശരിയെ കുറിച്ചോർത്തോ നീ......?"

"നമ്മുടെ ശരികളൊക്കെ മരിച്ചില്ലേ റാം. ഞാൻ ഇപ്പോൾ ചില പുതിയ ശരികൾ തിരയുകയാണ്. നീയും പുതിയ ശരികൾ കണ്ടെത്തണം. ഈ നിമിഷം മുതൽ നമ്മുടെ പാതകൾ സമാന്തരങ്ങൾ ആകുന്നു. വിഷ് യു എ വേരി ഹാപ്പി മാരീഡ് ലൈഫ് റാം. അനു, വളരെ നല്ല കുട്ടിയാണ്."

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ റാം ഇറങ്ങി പോയപ്പോൾ അവനോടൊപ്പം ഞാൻ എൻ്റെ ചില ഓർമ്മകൾക്കും നിശ്ശബ്ദമായി ബലിയിട്ട് വിടയേകി.

വീണ്ടും കണ്ണുകൾ പുറംകാഴ്ചകളിലേക്ക്. ചുവട്ടിൽ വീണ് മൃതിയടഞ്ഞവയേക്കാൾ ഒട്ടനേകം പൂക്കളുണ്ടായിരുന്നു ഗുൽമോഹറിൻ്റെ ചില്ലകളിൽ..........ചുവപ്പിൻ്റെ നിറഭേദങ്ങളുടെ മനോഹാരിതയിൽ മുങ്ങിക്കുളിച്ച്‌ അവ അങ്ങനെ ഇളംകാറ്റിനോട് കഥകൾ ചൊല്ലി........

Friday, October 21, 2016

കവിത : നവയുഗ നാരി


പവിത്രമാം സിന്ദൂരരേഖയിൽ
ശയിക്കും ഇളം ചുവപ്പിൻ ലാജ്ഞയില്ലേ?

വിസ്‌തൃതമാം നെറ്റിത്തടത്തിൽ 
പതിയും കുങ്കുമത്തിൻ ബിംബമില്ലേ?

വലംപിരിശംഖാവും കണ്‌ഠത്തിൽ
വാഴും താലിതണുപ്പിൻ ആലിലയില്ലേ?

സുദീർഘമാം മോതിരവിരലിൽ
വൃത്തം വരയ്ക്കും ആംഗുലീയത്തിൻ മരതകമില്ലേ?

രമണീയമാം ഇരുകരങ്ങളിൽ
കിന്നരിക്കും കങ്കണത്തിൻ ശിഞ്‌ജിതമില്ലേ?

കമനീയമാം കാല്‍വിരലുകളിൽ
തിളങ്ങും മിഞ്ചിതൻ വെള്ളിശോഭയില്ലേ?

നീയോ സുമംഗലി ? നീയോ പരിഗൃഹീത?
ആരാഞ്ഞു ആയിരം നാവുളള അനന്തന്മാർ.

വ്യാപ്‌ത്തിയേ പുൽക്കുന്ന അരുവിക്കുണ്ടോ താലി ?
തീരം തഴുകും നിരന്തരം തിരകൾക്കുണ്ടോ കുങ്കുമം?
മണ്ണിന്റെ മാറിൽ പെയ്തൊഴിയും വർഷക്കുണ്ടോ മിഞ്ചി?

അനന്തരം സഹസ്രനാവുകൾ ഒന്നിച്ചോതി.... ഹോ !! നീ നവയുഗ നാരിയോ?

Saturday, October 15, 2016

ഓർമ്മകൾ : കട്ടിലിൻ്റെ അവകാശികൾ



നഗരത്തിലെ  കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ  ഹോസ്റ്റൽ ജീവിതം അനിവാര്യമായ ഘടകമായി. ക്രിസ്‌റ്റീയ സഭയുടെ സ്ഥാപനത്തിൽ അമ്മയുടെ ബന്ധുവായ സർക്കിൾ ഇൻസ്‌പെക്ടറുടെ ശുപാര്‍ശയിൽ അഡ്മിഷനും കിട്ടി. ആഴ്ചതോറും വീട്ടിൽ പോയി വരാൻ സീസൺ ടിക്കറ്റും എടുത്തുവെച്ചു.

നാല് കട്ടിലുകളുള്ള മുറിയിൽ നാലാമത്തെ കട്ടിൽ  എൻ്റെതാണെന്ന് വാർഡൻ പറഞ്ഞപ്പോൾ പാവം ഈ ഞാൻ അതങ്ങ് വിശ്വസിച്ചു പോയി. പക്ഷെ എന്നെക്കാൾ മുന്നേ അവിടെ അവകാശം സ്ഥാപിച്ച കട്ടിലിൻ്റെ മറ്റു ചില അവകാശികൾ എൻ്റെ തെറ്റിദ്ധാരണ വഴിയേ മാറ്റിത്തന്നു.

രാത്രികാലങ്ങളിൽ ഈ അതിനിഷ്‌ഠൂരന്മാർ എന്നെ നിര്‍ദ്ദയമായി ആക്രമിച്ചു പൊന്നൂ. ഒരു സഹജീവിയോട് കാണിക്കേണ്ട യാതൊരുവിധ "മാനുഷിക"പരിഗണനയും എനിക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല അവരെ "പല്ലും" "നഖവും" കൊണ്ട് എതിർക്കാനുള്ള എൻ്റെ എല്ലാം ശ്രമങ്ങളും അവർ നൈസായിട്ടു നിഷ്‌പ്രഭമാക്കി തിരികെയേൽപ്പിച്ചു.

എൻ്റെ രാത്രികൾ നിദ്രാവിഹീനങ്ങളായി. ഇരുട്ടത്ത് എഴുന്നേറ്റുനിന്ന് ഓട്ടംതുള്ളൽ അവതരിപ്പിക്കുന്നയെന്നെ, നിലാവെളിച്ചത്തിൽ കണ്ട് ഭയന്ന്, പുതപ്പുമായി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ ആ സഹമുറിയ ഇപ്പോൾ എവിടെയാന്നാവോ? മറ്റുള്ളവർ എങ്ങനെ സുഖമായി കിടന്നുറങ്ങിയിരുന്നുയെന്നത് ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത സമസ്യയാണ്. കാണ്ടാമൃഗത്തിൻ്റെ തൊലിയായിരുന്നിട്ടുണ്ടാവും ഇബിലീസുകൾക്ക്!!

മെഴുകുതിരി, കടുകെണ്ണ , മദ്യം, അപ്പക്കാരം, യൂകാലിപ്‌റ്റസ്‌ തൈലം, പുതിന എന്നുവേണ്ട കണ്ട അണ്ടനും അടകോടനും പറഞ്ഞ നാട്ട് വൈദ്യം മുഴുവൻ ഞാൻ അവയുടെ മേൽ പരീക്ഷിച്ചു. ആവനാഴിയിലെ അവസാന അസ്‌ത്രമായ "ബെഗോൺ " സ്‌പ്രേയും പ്രയോഗിച്ചു. എവിടെ?

അവറ്റകൾക്ക് അതൊന്നുമേശിയില്ലെന്ന്  മാത്രമല്ല , ഓരോ ആക്രമണതിന്നും വളരെ ആസൂത്രിതമായ "സർജറിക്കൽ സ്‌ട്രിക്കുകൾ " അവർ പ്രത്യാക്രമണമായി തിരികെ നൽകി. ഇനി അണുബോംബ് മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളു. അങ്ങ് ഡെൽഹിയിലൊന്നും വലിയ പിടിയില്ലാതിരുന്നത് കൊണ്ടും, ഒരു മൂന്നാം ലോകമഹായുദ്ധത്തിന് ഹേതുവാകാൻ വലിയ താല്‍പര്യമില്ലാതിരുന്നത്  കൊണ്ടും ആ വഴിക്ക് ചിന്തകളെ അധികം മേയാൻ വിട്ടില്ല.

ഇവറ്റകളെ അങ്ങ് വംശവിച്ഛേദം ചെയ്തുകളയാമെന്നുള്ള എൻ്റെ മോഹം വെറും വ്യാമോഹമാണെന്ന്  ഞാൻ തിരിച്ചറിഞ്ഞു.  മൂവായിരത്തിയഞ്ഞൂറിൽ പരം വർഷങ്ങളുടെ വംശപാരമ്പര്യമുള്ള "ഊറ്റൽ"  ആചാര്യന്മാരോടാണ് കളി!!!  അങ്ങ് ഈജിപ്ഷ്യൻ സാഹിത്യത്തിലൊക്കെ മേൽപ്പറഞ്ഞ മഹാരഥികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ടത്രെ .....എന്താലേ?

"അറിഞ്ഞില്ലാ  .....ഇത് ഞാൻ അറിഞ്ഞില്ലാ. പെഡഗ്രിയുടെ മാഹാത്മ്യം നിങ്ങളിൽ ആവോളമുണ്ടെന്ന് ഈയുള്ളവൾ അറിഞ്ഞില്ല."

സമസ്താപരാധങ്ങളും പൊറുത്ത് മാപ്പാക്കണം എന്നു ഞാൻ കേണപേക്ഷിച്ചു. വേറേ നിവർത്തിയൊന്നുമില്ലാതെ ഞാൻ യുദ്ധമില്ലാസന്ധിക്ക് തയ്യാറായി ...... അല്ല , ആയുധംവെച്ചു നിരുപാധികമായി കീഴടങ്ങിയെന്ന് പറയുന്നതാവും കുറച്ചുകൂടി ഉചിതം.

അങ്ങനെ "ഇച്ച്‌ ഗാർഡിലും" , "രക്തദാനം മഹാദാനം" എന്ന തത്ത്വചിന്തയിലും ആശ്വാസം കണ്ടത്തി ഞാൻ എൻ്റെ ശിഷ്ട മൂന്ന് വർഷങ്ങൾ പലപ്പോഴും തറയിൽ പായ് വിരിച്ചു തള്ളിനീക്കി. ശരീരത്തിലെ ചൊരിഞ്ഞു പൊട്ടിയ പാടുകൾ അച്ഛനമ്മമാരെ കാണിച്ച്‌ കുറച്ചു സഹതാപവും കുറച്ചധികം പോക്കറ്റ് മണിയും കൈക്കലാക്കാൻ സാധിച്ചു എന്നതാണ് തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ ഒരേയൊരു സമാധാനം.

ഉർവ്വശീ ശാപം ഉപകാരമാകണമെന്നാനെല്ലോ ....അല്ലേ? 

Friday, October 14, 2016

കവിത : മരീചിക





ജ്വലിക്കാനുള്ള തൃഷ്‌ണയും , അണയുന്ന പ്രത്യാശയും
വചസ്സുകളായി വാരി വിതറിയവൻ ധവള ഭിത്തിയിൽ.

നിരാധാരമായി നോക്കി നിന്നൂ എണ്ണമറ്റ നേത്രങ്ങൾ.
മർത്യജന്മ അശരണതകൾ മന്ത്രിച്ചൂ അസംഖ്യം അധരങ്ങൾ.
പ്രാത്ഥനാമുദ്രകൾ രചിച്ചൂ കണക്കറ്റ ഹസ്തങ്ങൾ.

സമസ്‌തം വൃഥാ....ഹിതം അജ്ഞാതം.

ദേഹവും ദേഹീയും കലഹിച്ചു പിരിഞ്ഞു
ദേഹം ഉലയിലേക്ക് .....ദേഹീ അലയിലേക്ക്.

പെയ്യാൻ മറന്ന വൃഷ്‌ടിയേ ശപിക്കാൻ മറന്ന മണലാരണ്യം,
മരീചികയാൽ സ്വപ്‌നങ്ങൾക്ക് ചിറകേക്കുന്നു ....
അന്നും.....ഇന്നും.....എന്നും.

Wednesday, October 12, 2016

മനനം : ജയ് ഹിന്ദ്



"നീ ബി.ജെ.പി യാണല്ലേ?"

"ഞാൻ ഒരു "പീ....." യുമല്ല സുഹൃത്തേ"

"പിന്നെ? ....നീ മോദിക്ക് ഭയങ്കര സപ്പോർട്ട് ആണല്ലോ"

"ഞാൻ എൻ്റെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെയാണ് ഹേ പിന്‍തുണച്ചത് , അല്ലാതെ ഒരു വ്യക്തിയെയോ ഒരു പ്രസ്ഥാനത്തെയോ അല്ല. ദേശീയ സുരക്ഷയുടെ മടിക്കുത്തിൽ പിടിച്ചവർക്കെതിരെയുള്ള സൈനിക നടപടിയെയാണ് അനുമോദിച്ചത്."

"ഇത് "ഉറി"ക്കുള്ള മറുപടി മാത്രമാണെന്ന് തോന്നുന്നുണ്ടോ?"

"അല്ലെന്ന് അറിയാം ....വരാനിരിക്കുന്ന യൂ.പി തിരഞ്ഞെടുപ്പ്‌, മിഡ്-റ്റർമ് സമ്മര്‍ദ്ധം .... അങ്ങനെ പല രാഷ്‌ട്രീയവും വ്യക്തിപരവുമായ കാരണങ്ങൾ ഇതിനു പിന്നിൽ ഉണ്ടാവാം."

"ഉണ്ടാവാം എന്നല്ല.....ഉണ്ട്."

"ആയിക്കോട്ടെ. നിഷേധിക്കുന്നില്ല. ഒന്നും പ്രത്യക്ഷത്തിൽ കാണുന്നത്ര ചൊവ്വല്ലെന്ന് മനസ്സിലാക്കാനുള്ള മിനിമം രാഷ്‌ട്രീയജ്ഞാനം എനിക്കുണ്ടെന്ന് താങ്കൾ ദയവായി അംഗീകരിക്കണം."

"ജീവൻ്റെ നഷ്ട്ടം അതിര്‍ത്തിയുടെ ഏത് വശത്തായാലും നഷ്ട്ടം തന്നെയാണ്. ചോരയുടെ നിറം അവിടേയും ഇവിടെയും ഒന്ന് തന്നെയല്ലേ?"

"ഉറിയിൽ 19 ഇന്ത്യൻ സൈനികർ അകാരണമായി , ഒരു പ്രകോപനവുമില്ലാതെ, കൊല്ലപ്പെട്ടപ്പോൾ നിങ്ങളിലെ ഈ മനുഷ്യസ്നേഹി ടൂർ പോയിരിക്കുകയായിരുന്നോ സുഹൃത്തേ? അപ്പോൾ ഒഴുകിയ ചോരയുടെ നിറമെന്തായിരുന്നു?"

"അതിന്? വേറെയെന്തോക്കെ മാർഗങ്ങളുണ്ട് ......നമ്മുക്ക് യൂ.എൻ നിൽ പരാതിപ്പെടാം......അമേരിക്കയെ കൊണ്ട് ഉപരോധം ഏർപെടുത്താം........ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാം........ നയതന്ത്രജ്ഞരുമായി ചര്‍ച്ചചെയ്യാം. ഹിംസ ഒന്നിനും ഒരു പരിഹാരമല്ല സുഹൃത്തേ."

"അയ്യോ ശരിയാണല്ലോ .....ഞാൻ അതോർത്തില്ല. ആഞ്ഞടിക്കാൻ മറ്റേ കരണം കാണിച്ചു കൊടുക്കാം , കടൽ തീരത്തുപോയിരുന്നു തിരകൾ എണ്ണാം, മേൽപ്പോട്ടു നോക്കി നക്ഷത്രങ്ങൾ തിട്ടപ്പെടുത്താം, അടുത്ത പ്രധാനമന്ത്രിയായി നിലവിലുള്ള ചില ആൾ ദൈവങ്ങളുടെ പേര് നിർദേശിക്കാം....... താങ്കളൊരു സംഭവം തന്നെ കേട്ടോ."

ഒന്ന് പോടാപ്പാ ........

പി. സ് : ഈ സുഹൃത്തിനെ ഇപ്പോൾ കാണ്മാനില്ല. നാസ റാഞ്ചി എന്നൊരു ശ്രുതി കേട്ടു.

വീണ്ടും പി. സ് : ഈ തിരോധാനത്തിൽ എനിക്ക് മനസ്സാ വാചാ കര്‍മ്മണാ യാതൊരു പങ്കുമില്ലെന്ന് ബഹുമാനപെട്ട കോടതിക്ക് മുമ്പാകെ വിനയപൂർവം ബോധിപ്പിച്ചു കൊള്ളുന്നു.

ഓർമ്മകൾ : ഡയാനയും അക്ഷയ്‌യും



അന്നൊക്കെ റ്റാബ്ലോയഡ് നിറച്ചും അതിസുന്ദരിയായ ഡയാനയുടെ ചിത്രങ്ങൾ ആയിരുന്നു. അതൊക്കെ വെട്ടിയെടുത്തു ഞാൻ ഒരു സ്ക്രാപ്ബുക്ക് ഉണ്ടാക്കി ഒഴിവുവേളകൾ ആനന്ദകരമാക്കി.

ആയിടക്കാണ് "ഖിലാഡി" ഇറങ്ങിയത്.........."വാദാ രഹാ സന"വും പാടിയവൻ മനസ്സിൽ കയറിപറ്റി. പിന്നെ "മോഹ്‌റ" വന്നു..............."തു ചീസ് ബഡി ഹേ മസ്ത് മസ്തും" ആടിയവൻ ചങ്കിലും സ്ഥാനമുറപ്പിച്ചു.

അക്ഷയ് കുമാറിൻ്റെ ചിത്രങ്ങൾ ഒട്ടിക്കാൻ അതേ സ്ക്രാപ്ബുക്ക് തന്നെ തിരഞ്ഞടുക്കാൻ കാരണങ്ങൾ രണ്ടായിരുന്നു.

രണ്ടു ബുക്കുകൾ കൊണ്ടു നടക്കുന്നത് ഒഴുവാകാം - സദുദ്ദേശ്യം.
അച്ഛനോ അമ്മയോ അപ്രതീക്ഷിതമായി മുറിയിൽ കയറി വന്നാൽ രാജകുമാരിയെ കണ്ടോളും - ദുരുദ്ദേശ്യം.

അങ്ങനെ സ്ക്രാപ്ബുക്കിൻ്റെ മുൻപേജുകളിൽ രാജകുമാരിയും പിൻപേജുകളിൽ രാജകുമാരനും നിറഞ്ഞു.

ഒരു ദിവസം എൻ്റെ കളക്ഷൻ കൂട്ടുകാരികളെ കാണിക്കാൻവേണ്ടി ഞാൻ സ്ക്രാപ്ബുക്കുമായി ക്ലാസ്സിൽ പോയി. പെൺകുട്ടികൾ മാത്രമുള്ള ക്ലാസ്സ്‌റൂം. ആരുടെ ചിത്രങ്ങളായിരിക്കും കൂടുതൽ ജനപ്രിയം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു. ഡോർ തുറക്കുന്ന ശബ്ദം....കൂട്ടം കൂടിനിന്നവർ ആക്രമിക്കപ്പെട്ട തേനീച്ചക്കൂട്ടം പോലെ നാലുപാടും ചിതറിയോടുന്നു....അകെ മൊത്തം കൺഫ്യൂഷൻ.....പുകമറ മാറിയപ്പോൾ എൻ്റെ സ്ക്രാപ്ബുക്ക് ദേ ബയോളജി മിസ്സിൻ്റെ കൈയിൽ. ഹൃദയസ്‌തംഭനം എന്നൊക്കെ പറയുന്നത് ഇതിനായിരിക്കും!!!!

തരക്കേടില്ലാത്ത മാർക്സ്‌ വാങ്ങിക്കുന്ന കൂട്ടത്തിലായതു കൊണ്ട് മിസ്സിന് എന്നെ വലിയ കാര്യമാന്ന്. മാത്രമല്ല എൻ്റെ അമ്മ ഇതേ സ്കൂളിൽ തന്നെ ടീച്ചറാന്ന്. എൻ്റെ നിലയും വിലയും പിസാ ഗോപുരം പോലെ ചരിയുന്നത് എനിക്ക് കാണാം. അത് ഏതു നിമിഷവും നിലംപതിക്കാം. അക്ഷയ് കുമാറിൻ്റെ സിക്സ് പായ്ക്ക് എങ്ങാനും മിസ്സ് കണ്ടാൽ...അതോടെ തീരും..എല്ലാം.

ഹെഡ്മിസ്റ്റ്റസിൻ്റെയും പ്രിൻസിപലിൻ്റെയും മുഖങ്ങൾ ഫിഷ് - ഐ ലെൻസിൽ കാണുന്നതുപോലെ കൺമുമ്പിൽ സൂം ചെയ്തു. മനസ്സിനുള്ളിൽ അമിട്ടുകൾ തലങ്ങും വിലങ്ങും പൊട്ടി.

മിസ്സ് ബുക്കിൻ്റെ പേജുകൾ ഓരോന്നായി മറിക്കുകയാണ്. മുപ്പതുപേർ ശ്വാസം വിടാൻ മറന്നിരിക്കുന്നു.

"ഇത് ആരുടെയാണ്?" മിസ്സിൻ്റെ മുഖം ഭാവശൂന്യമാണ്.

പ്രത്യേകിച്ച് വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ എഴുന്നേറ്റു നിന്നു.

"ദിസ് ഈസ് യൂർർർർസ്? ഐ ആം സർർർർപ്രൈസ്‌ഡ്‌ ജയാ..... ബട്ട് ഇറ്സ് ഫൈൻ......ഐ റ്റൂ ലൈക് ഹെർ എ ലോട്ട്.......നൈസ്......", മിസ്സ് പുഞ്ചിരിച്ചു കൊണ്ട് ബുക്ക് എനിക്ക് തിരികേ നൽകി.

ദൈവമുണ്ട്....ദൈവമുണ്ട്........

പലരിൽനിന്നുമായി ഒരുമിച്ച്‌ പുറത്തേയ്ക്കു വന്ന കാർബൻഡൈയോക്സൈഡ് അന്തരീക്ഷത്തിലെ ഓക്‌സിജൻ്റെ അളവ് കുറച്ചത് കൊണ്ടാണോയെന്നറിയില്ല, അന്ന് മുഴുവൻ നേരിയ തലവേദന അനുഭവപെട്ടു.

രാജകുമാരിയും രാജകുമാരനും ഇന്നും ചങ്കിൽ തന്നെയുണ്ട്. ഒരാൾ നോവായും 😔, മറ്റെയാൾ കുളിരായും 😘

ആ സ്ക്രാപ്ബുക്ക് മാത്രം കാലത്തിൻ്റെ കുത്തൊഴുക്കിലെവിടെയോ നഷ്‌ടപ്പെട്ടു.......

കവിത : മനസ്സിൻ്റെ മുറിവുകൾ



നനയാൻ മറന്ന മഴകൾ,
അറിയാൻ മറന്ന സൗരഭ്യങ്ങൾ,

തഴുകിയകന്ന തിരകൾ ,
തഴുകാതെ മറഞ്ഞ തെന്നലുകൾ,

കൊഴിഞ്ഞു വീണ ഇലകൾ,
വേരറ്റ് ഉണങ്ങിയ തണ്ടുകൾ,

പറന്നകന്ന പറവകൾ ,
മാഞ്ഞുപോയ വര്‍ണ്ണരാജികൾ,

പറയാതെപോയ വിചാരങ്ങൾ,
പറഞ്ഞു പോയ പദങ്ങള്‍,

എല്ലാം നീറും മനസ്സിൻ്റെ മുറിവുകൾ.

ഓർമ്മകൾ : ദൈവത്തിനൊരു ചോദ്യാവലി.



എൻ്റെ ഒട്ടു മിക്ക ഓർമ്മകളും ഒരോ പാട്ടുകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന് തോന്നുന്നു. "രാസാത്തീ ഉന്നേ , കാണാതെ നെഞ്ച് , കാറ്റാടി പോലാടത്ത്.................." ഈ ഗാനം ഈയിടക്ക് കേട്ടപ്പോൾ വർഷങ്ങൾക്കിപ്പുറം ഞാൻ ജയയെ ഓർത്തു.

ജോലി കിട്ടി ബംഗളൂരിൽ ചെന്നിറങ്ങുമ്പോൾ എനിക്ക് അവിടെ പരിചയക്കാർ ആരുമുണ്ടായിരുന്നില്ല. കമ്പനി ഗസ്റ്റ് ഹൗസിലെ താമസം വെറും ഒരു മാസം മാത്രമേ ഉണ്ടാവൂ. അതിനുള്ളിൽ ഒരു വീട് കണ്ടു പിടിക്കാൻ ഇൻഡക്ഷൻ ടീമിൽ കൂടെയുണ്ടായിരുന്ന മൂന്നുപേരുമായി ചേർന്നു - പ്രിയ , ശോഭ , ജയാമണി. അവർ മൂന്നുപ്പേരും തമിഴർ.

ഭാഗ്യവശാൽ കമ്പനിക്ക് അടുത്ത് തന്നെ ഒരു വീടൊത്തു. നടക്കാവുന്ന ദൂരം. ഞങ്ങൾ നാല് പേരും നാല് പ്രൊജെക്ടുകളിൽ ആയിരുന്നതുകൊണ്ട് തമ്മിൽ കാണുന്നത് തന്നെ വിരളം. എത്ര തിരക്കുണ്ടെങ്കിലും ജയ മാത്രം എല്ലാ വെള്ളിയാഴ്‌ചയും സേലത്തുള്ള വീട്ടിൽ മുടങ്ങാതെ പോയി വന്നു. സഹവാസികൾ എന്നതിലപ്പുറം വൈകാരികമായ അടുപ്പം ആർക്കും ആരോടുമില്ല. ജയയുടെ മൊബൈലിലെ റിങ് ടോൺ ആയിരുന്നു ആ പാട്ട്.

വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കടന്നു പോയി. ഒരു ദിവസം ഉച്ചക്ക് എന്തോ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ഞാൻ കണ്ടത് പനിച്ചു വിറച്ചു കിടക്കുന്ന ജയയെയാണ്. അടുത്തുള്ള ഒരു ക്ലിനിക്കിൽ നിര്‍ബന്ധിച്ചു കൊണ്ടുപോയി മരുന്ന് വാങ്ങി കൊടുത്തു. വീട്ടിൽ അറിയിക്കേണ്ടെയെന്ന് ചോദിച്ചപ്പോൾ വേണ്ടായെന്നവൾ പറഞ്ഞു. മൂന്ന് ദിവസം ലീവെടുത്ത് ഞാൻ കൂടെയിരുന്നു. ആ ദിവസങ്ങളിൽ ഞങ്ങൾ ഒരുപ്പാട്‌ സംസാരിച്ചു.

അച്ഛൻ അവൾക്ക് മൂന്ന് വയസുള്ളപ്പോൾ ഒരപകടത്തിൽ മരിച്ചു. അമ്മയ്ക്കും ചേച്ചിക്കും അവരുടെ രണ്ടു കുഞ്ഞുങ്ങൾക്കും ഇപ്പോൾ അവൾ മാത്രമാണ് അത്താണി. ചേച്ചിയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയത്രേ. മക്കൾക്കും വീട്ടിനടുത്തുള്ള വേറെ കുറച്ചു കുട്ടികൾക്കും കണക്ക് പറഞ്ഞുകൊടുക്കാൻ വേണ്ടിയാണ് ജയ മുടങ്ങാതെ വീട്ടിൽ പോയിരുന്നത്. അതിൽ കുറച്ചു പേരുടെ വിദ്യാഭ്യാസച്ചിലവുകൾ വഹിക്കുന്നതും അവളായിരുന്നു.

അവളുടെ ചിന്തകളുടെ വലിപ്പം എന്നെ ലജ്ജിപ്പിച്ചു. സ്വാർത്ഥചിന്തക്കൾക്കപ്പുറം ഒരു ലോകമുണ്ടെന്നും അവയിൽ നാമോരോരുത്തർക്കും ചെയ്യാൻ പറ്റുന്ന സംഭാവനകളുടെ സാദ്ധ്യതകൾ അളവറ്റതാന്നെന്നും ഞാൻ തിരിച്ചറിഞ്ഞു. സംഭാവനകളുടെ വലിപ്പമല്ല അതിന് സന്നദ്ധമാകുന്ന മനസ്സാണ് ഗര്‍വ്വിതമെന്ന് ഞാൻ അവളിൽ നിന്നും മനസ്സിലാക്കി.

മൂന്ന് വർഷം കഴിഞ്ഞു വിദേശത്തു ജോലി കിട്ടി ഞാൻ കമ്പനി വിടുമ്പോൾ എൻ്റെ ഇഷ്ട്ടദൈവമായ ഗണപതിയുടെ ഒരു ലഘുരൂപം സമ്മാനിച്ചു അവളെനിക്ക്.

ഏതാണ്ട് ഒരു വർഷം കഴിഞ്ഞു കാണും, പഴയ ടീമിലുള്ള ഫിലിപ്പിൻ്റെ ഒരു മെയിൽ വന്നു , "എടോ , തൻ്റെ റൂം മേറ്റ് ജയാമണി മരിച്ചു........"

നടുക്കം മാറിയപ്പോൾ ഞാൻ അവനെ ഫോണിൽ വിളിച്ചു. അവനും കാര്യമായി ഒന്നുമറിയില്ല. കമ്പനി വെബ്‌സൈറ്റിൽ ചരമക്കുറിപ്പ് കണ്ടപ്പോഴാണ് അവനും വിവരം അറിയുന്നത്. അതിൻ്റെ ഒരു സ്‌ക്രീൻഷോട്ട് അവൻ എനിക്കയച്ചു തന്നു. ശോഭയുടെയും പ്രിയയുടെയും ഇൻബോക്സിലേക്കു ഞാൻ അത് മെയിൽ ചെയ്‌തു. അവരും അപ്പോഴേക്കും കമ്പനികൾ മാറിയിരുന്നു. ചില പൊതുവായ സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു എന്നെയും അവർ കാര്യങ്ങൾ അറിയിച്ചു.

പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. ഒരു പനിയും തൊണ്ടവേദനയും. ശ്രദ്ധിക്കാതെ കൊണ്ടുനടന്നു കാണും. കൂടിയപ്പോൾ ഹോസ്പിറ്റലിൽ അഡ്‌മിറ്റായി. ഭേദമായി വരുകയായിരുന്നു. പെട്ടന്ന് നില വഷളായി , ശ്വാസകോശം തകർന്നു. വെൻറ്റിലേറ്ററിന്ന് അവൾ പിന്നെ തിരികേ വന്നില്ല.

എന്നെങ്കിലുമൊരിക്കൽ ദൈവത്തെ കാണുമ്പോൾ ഉത്തരങ്ങൾ കിട്ടേണ്ട ഒരുപിടി ചോദ്യങ്ങൾ ഉണ്ടെൻ്റെ കൈയിൽ. ജയക്ക്‌ വേണ്ടി , ആദിത്യക്ക്‌ വേണ്ടി , പിയൂഷിന് വേണ്ടി , ജിഷ്ണുവിന് വേണ്ടി .......എനിക്കത്‌ ചോദിച്ചേ മതിയാകൂ. ഉത്തരം കിട്ടിയേ തീരൂ.......

എന്തിനായിരുന്നു? നല്ലത് ചെയ്‌താൽ നല്ലതേ വരൂയെന്ന കർമ്മവ്യവസ്ഥക്കെന്തു സംഭവിച്ചു? മുൻജന്മപാപങ്ങളുടെ കണക്കുകൾ മറ്റൊരു ജന്മത്തേക്ക് മാറ്റി വെയ്ക്കപ്പെടുന്നതെന്തേ? ഒരവസരം കൂടി നൽകാതിരിക്കാൻ മാത്രം എന്ത് തെറ്റാണിവരൊക്കെ ചെയ്തത്? കൊടും പാപികൾ വാനോളം വളരുന്നതെങ്ങനെ? വിശ്വം വെറും ആകസ്‌മികതയിൽ അധിഷ്‌ഠിതമോ? വിധിയുടെ ചുറ്റിക പതിയാതിരിക്കാൻ പാലിക്കപ്പെടേണ്ട നിയമങ്ങൾ ഏതൊക്കെ?

ഈ ചോദ്യങ്ങൾക്ക് ഭൂമിയിലുള്ളവരാരും തൃപ്തികരമായ ഒരു മറുപടിയും തരുമെന്ന പ്രതീക്ഷ എനിക്കില്ല.

വിശ്വാസത്തിൻ്റെ അടിത്തറക്ക് ഇളക്കമുണ്ടോ? ശുഭ പ്രതീക്ഷകൾക്ക് മങ്ങലുണ്ടോ? ഉണ്ടാവാതിരിക്കട്ടെ. മുന്നോട്ടുള്ള പ്രയാണത്തിൽ ഇവ കൂട്ടായി വേണം. അനിവാര്യമായ ആ അനന്തസാഗരത്തിൽ ചെന്ന് ക്ഷയിക്കുംവരെ ഒഴുകിയല്ലേ നിവർത്തിയുള്ളു..........

OneLiners

നമ്മുടെ ജീവിതം മുഴുവൻ പാതകളാണ്. വീട്ടുകാർക്കായി.....കൂട്ടുകാർക്കായി... നാട്ടുക്കാർക്കായി....ജോലി സംബന്ധമായി...നമ്മുക്കായി. വെവ്വേറെ പാതകൾ ഒരു multi lane highway പോലെ അങ്ങനെ നീണ്ടു നിവർന്നു സമാന്തരങ്ങളായി ഓടുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം....lane change ചെയ്യുമ്പോൾ indicator ഇടാൻ മറക്കരുത്.

കഥയും കവിതയും ഒരുനാൾ കണ്ടുമുട്ടി, ഭാവനയെ അങ്ങ് കൊല്ലാൻ തീരുമാനിച്ചു. സമാധാനമായിട്ടിരിക്കാലോ!!!

മരുഭൂമിയിൽ മഴതുള്ളി കിലുക്കം.

സ്വപ്നങ്ങളൊക്കെ ഓർമ്മകളെ ഡിവോഴ്സ് ചെയ്തു. ചിന്തകളും പിണക്കത്തിലാണ്. എട്ടിന്റെ "പണി" മാത്രം മുറയ്ക്ക് വന്ന്‌ ഹാജർ വയ്ക്കുന്നുണ്ട്.

നാമെല്ലാവരും പ്രപഞ്ചം കീഴടക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ , നാമോരോരുത്തരുടേയും പ്രപഞ്ചങ്ങളുടെ വ്യാസം വിഭിന്നമായിരിക്കും.....ചിലപ്പോൾ പ്രപഞ്ചങ്ങളും.

നാല് മഹാകോടിയോളം വരുന്ന കോശങ്ങളിൽ , ഏതെങ്കിലും ഒന്ന് - കേവലം ഒരേയൊരണ്ണം - മറിച്ചൊന്ന് ചിന്തിച്ചാൽ തീരാവുന്നത്ര ശിഥിലമാണ് "അഹം" എന്ന ഭാവം.


Saturday, October 1, 2016

കഥ : അവനും ഞാനും തമ്മിൽ


മഴ തോർന്ന് കാർമേഘങ്ങൾ മൂടിയ ആകാശത്തിനുക്കീഴേ എങ്ങും ചാരനിറം പരന്ന് കിടക്കുന്നു. പണ്ടേ എനിക്ക് ഇഷ്ടമില്ലാത്ത നിറങ്ങളിൽ ഒന്നാണ് ചാരം. വിഷാദത്തിൻ്റെ നിറം. മടുപ്പിൻ്റെ നിറം.ആലസ്യത്തിൻ്റെ നിറം.

ബാൽക്കണിയിൽ കൂടി പുറത്തേക്ക് നോക്കി നിന്നപ്പോൾ ഞാൻ ഓർത്തു , "മൂന്ന് മാസം കഴിഞ്ഞിട്ടും ഈ നഗരം എനിക്കിപ്പോഴും അപരിചിതം തന്നെ. യാതൊരുവിധത്തിലുള്ള അനുബന്ധവും എനിക്ക് ഇതിനോട് തോന്നുന്നില്ലല്ലോ. ഈ ഫ്ളാറ്റിലെ ഒന്നിനോടും .........ശരത്തിനോട് പോലും......."

ഇന്നും അമ്മ വിളിച്ചിരുന്നു. മനസ്സിൽ ഇല്ലാത്ത ഉല്ലാസം വാക്കുകളിൽ വരുത്തി ഞാൻ അമ്മയെ പറ്റിച്ചു. പറയാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും നിരത്താനില്ലാത്തിടത്തോളം കാലം എനിക്ക് അമ്മയേ ഇനിയും പറ്റിക്കേണ്ടി വരും. സന്തോഷമില്ലായിമയുടെ കാരണം തിരക്കിയാൽ എന്താ ഞാൻ പറയേണ്ടത്? ശരത്തിന് എന്നോട് സ്നേഹമില്ലെന്നോ ? എന്നെ കെയർ ചെയ്യുന്നില്ലെന്നോ? എൻ്റെ കാര്യങ്ങളിൽ ശ്രദ്ധയില്ലെന്നോ?

പാവം ശരത്. എന്നെയൊന്ന് സന്തോഷിപ്പിക്കാൻ ആവുന്നതൊക്കെ ചെയ്യുന്നുണ്ട് . എന്നിട്ടും എന്തുകൊണ്ടോ അവനെ സ്നേഹിച്ചു തുടങ്ങാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. പുസ്തകങ്ങൾ വായിക്കുമെന്ന് പറഞ്ഞപ്പോൾ പിറ്റേന്ന് തന്നെ ലൈബ്രറിയിൽ അംഗത്വം. സിനിമ കാണാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആഴ്ച്ചതോറുമുള്ള പുതിയ റീലീസിൻ്റെ ടിക്കറ്റ്സ്. ഇഷ്ടനിറങ്ങളായ മഞ്ഞയിലും പച്ചയിലും ഫ്ലാറ്റിൻ്റെ ഇൻറ്റിറീർസിൻ്റെ റീഡിസൈൻ.

ശ്രമിക്കാഞ്ഞിട്ടല്ല .....പക്ഷെ പറ്റുന്നില്ല. അകാരണമായൊരു ശങ്ക. അദൃശ്യമായൊരു വേലി. അത് മറിക്കടക്കാൻ മനസ്സ് എന്തുകൊണ്ടോ സന്നദ്ധമാവുന്നില്ല.

ഇത്രയും നേരത്തെ ഒരു കല്യാണം ഞാൻ ആഗ്രഹിച്ചിരുന്നില്ല. കുടുബജീവിതത്തിൻ്റെ ഉത്തരവാദിത്തങ്ങൾ ഏറ്റടുക്കാൻ മനസ്സ് ഒരുക്കമായിരുന്നില്ല. വേറെ എന്ത് ചെയ്യണമെന്ന് നിശ്ചയവുമില്ലായിരുന്നു. എന്നാൽ എനിക്ക് എൻ്റെതായി കുറച്ചു സമയം വേണമെന്ന് മാത്രമറിയാമായിരുന്നു. അച്ഛൻ്റെ നിർബന്ധം. ശരത്തിൻ്റെ ആലോചന വന്നപ്പോൾ എതിർക്കാൻ കാരണങ്ങൾ ഇല്ലായിരുന്നു. ജോലി, വിദ്യാഭാസം, സൗന്ദര്യം, കുടുംബപശ്ചാത്തലം ഒക്കെ എൻ്റെ പക്ഷം ദുര്‍ബ്ബലമാക്കി.

എത്രനാൾ ഇങ്ങനെ അഭിനയിക്കാൻ പറ്റുമെന്നറിയില്ല. ഇന്നലെ പാർക്കിൽ നടക്കാൻ താൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ശരത്തിൻ്റെ മുഖം വാടിയതു ശ്രദ്ധിച്ചില്ലെന്ന് നടിച്ചു. അത് ഓർത്തപ്പോൾ പെട്ടന്ന് കണ്ണുകൾ നിറഞ്ഞു. ഞാൻ എന്താ ഇങ്ങനെ? അച്ഛനോടുള്ള വാശിയാണോ? ഇത്രയും സ്വാര്‍ത്ഥ പാടുണ്ടോ?

ചുമ കേട്ടവശത്തേക്കു തിരിഞ്ഞു നോക്കിയപ്പോളാണ് കണ്ടത്. അടുത്ത ഫ്ളാറ്റിലെ ബാൽക്കണിയിൽ അവൻ......കൈയും കെട്ടി എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു . ആദ്യം നീരസം തോന്നി. അവനൊരു മഞ്ഞ പന്ത് എനിക്ക് നേരെ തിരിച്ചു കാണിച്ചു - ഒരു പുഞ്ചിരിക്കുന്ന സ്മൈലിയുടെ ചിത്രമുള്ള പന്ത്. ഞാൻ അറിയാതെ ചിരിച്ചു പോയി.

"മച്ച് ബെറ്റർ. ഞാൻ കിരൺ."

"രേഖ...."

"പറഞ്ഞോളു"

"എന്ത്?"

"എന്തുതന്നെയായാലും. കേട്ടിട്ടില്ലേ.......പങ്കുവെക്കുമ്പോൾ ദുഃഖങ്ങൾ പകുതിയാക്കുമെന്ന്"

"ഞാൻ ചെല്ലട്ടെ ....ശരത് വരാറായി."

ഒട്ടും പരിചയമില്ലാത്ത ഒരാളോട് എന്ത് പറയാൻ? പക്ഷെ........ ഒന്നാലോചിച്ചപ്പോൾ ശരിയല്ലേ? വൈകാരികമായ അടുപ്പമില്ലാത്തവരോടാണ് നമ്മൾ മനസ്സുതുറക്കാൻ സാദ്ധ്യത കൂടുതലെന്ന് തോന്നുന്നു. അവരിൽ നിന്നും മുന്‍വിധികളില്ലാത്ത പ്രതികരണങ്ങൾ പ്രതീക്ഷിക്കാമെല്ലോ.

ആ മഞ്ഞ പന്ത് ഓർക്കുമ്പോഴൊക്കെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അന്ന് അത്താഴത്തിന്, ശരത്തിനിഷ്ടമുള്ള ഗ്രീൻ പീസ് കറിയുണ്ടാക്കി.

പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും ഞങ്ങൾ ബാൽക്കണിയിൽ കണ്ടുമുട്ടി. സുന്ദരമായ ഒരു അടുപ്പത്തിൻ്റെ തുടക്കമായിരുന്നു അത്. അവൻ വളരെ സീരിയസ്സായിട്ടു തമാശകൾ പറയും ...... കേട്ടാൽ ചിരിക്കാതിരിക്കാൻ കഴിയില്ല. പിന്നെ അസ്സലായിട്ട് പാടും. അന്താക്ഷരി ഞങ്ങളുടെ പ്രിയപ്പെട്ട വിനോദമായി. എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം , "ആപ്‌കീ നസറോൺ നെ സംജാ, പ്യാർ കേ കാബിൽ മുജ്ഹേ ......" അവൻ എത്ര ഇമ്പത്തോടെയാണ് പാടുന്നതെന്നറിയുമോ.

ശരത്തുമായിട്ടുള്ള സിനിമകൾ ഞാൻ ആസ്വദിച്ചു തുടങ്ങി. ഞങ്ങൾ ഒരുമിച്ചു സായാഹ്നങ്ങളിൽ നടക്കാൻ പോയി. ശരത്തിനിഷ്ടമുള്ള കറികൾ ഞാൻ ഉണ്ടാക്കി. എൻ്റെ ജീവിതത്തിൽ ഞാനായിട്ട് രചിച്ച ശിശിരം ഞാൻ പോലും അറിയാതെ വസന്തമായി മാറുകയായിരുന്നു.

എൻ്റെയുള്ളില്ലേ പുതുജീവൻ്റെ തുടിപ്പിനെ പറ്റി ഞാൻ ആദ്യം പറഞ്ഞതും അവനോടാണ്. അന്ന് അവനെ കൊണ്ട് ഞാൻ എൻ്റെ പ്രിയപ്പെട്ട ഗാനം വീണ്ടും വീണ്ടും പാടിപ്പിച്ചു. വളരെ ആഹ്ലാദകരമായ മൂന്ന് മാസങ്ങൾ അതിവേഗം കടന്നു പോയി.

ഒരു ദിവസം കണ്ടപ്പോൾ അവൻ വളരെ ഗൗരവത്തിൽ കാണപ്പെട്ടു. ഞാൻ കാര്യം തിരക്കി .

"രേഖാ .....നമ്മൾ ഇത്രയും നല്ല കൂട്ടുകാരായ സ്ഥിതിക്ക് , എനിക്ക് തന്നോടൊന്നും മറച്ചുവയ്ക്കാൻ ഇഷ്ട്ടമല്ല. കുറെ നാളായി വിചാരിക്കുന്നു തന്നോട് ഒരു കാര്യം പറയണമെന്ന്. പക്ഷേ, താൻ അതെങ്ങനെ ഉൾകൊള്ളുമെണെനിക്കറിയില്ല. അറിഞ്ഞാൽ താൻ എന്നെ വെറുക്കുമോയെന്നു ഞാൻ ഭയക്കുന്നു."

"നിന്നെ വെറുക്കാണോ? നീ കാര്യം പറഞ്ഞേ .......വെറുതേ എന്നെ റ്റെൻഷനടിപ്പിക്കാതെ."

"രേഖാ ...ഐ ആം ഗേ."

ഞാൻ പൊട്ടിച്ചിരിച്ചു. "ഇത്രയേയുള്ളൂ ....ഇതാന്നോ ഇപ്പൊ ഇത്രവലിയ കാര്യം. ആക്ച്വലി ഒരുകണക്കിന് അത് നന്നായി .....ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നു നീ ഒരിക്കലും തെറ്റിദ്ധരിക്കില്ലല്ലോ.......എനിക്ക് നിന്നോട് എന്ത് ഫ്രീഡം വേണമെങ്കിലും എടുക്കാമെല്ലോ."

അവൻ ചിരിക്കുമെന്നു പ്രതീക്ഷിച്ചയെനിക്ക് തെറ്റി. അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

"ഏയ് കിരൺ, ലുക്ക് ഹിയർ . ഇത് നമ്മുടെ സൗഹൃദത്തെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. യു ആർ മൈ ഫ്രണ്ട് . ഐ വിൽ ഓൾവേസ് ലവ് യു , നോ മാറ്റർ വാട്ട്." ഞാൻ അവൻ്റെ കൈകൾ കൂട്ടിപ്പിടിച്ചു.

"ഐ ആം HIV പോസിറ്റീവ്............"

അതെന്നെ ശരിക്കും ഞെട്ടിച്ചു. അനിച്ഛാപൂര്‍വമായി ഞാൻ എൻ്റെ കൈകൾ പിൻവലിച്ചു. അവൻ്റെ കണ്ണുകളിൽ പടർന്ന നോവിൻ്റെ വേരുകൾ ഞാൻ കണ്ടതേയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ഒന്നും പറയാതെ ഞാൻ അകത്തേക്ക് പോയി.

പിന്നെ ഒരാഴ്ചയോളം ഞാൻ ബാൽക്കണിയിലേക്ക് പോയില്ല. ശരത്തിൻ്റെ മുന്നിൽ കഴിവതും സാധാരണ നിലയിൽ പെരുമാറി. എൻ്റെ ചിന്തകള്‍ ക്രമീകരിക്കാൻ എനിക്ക് സമയം വേണമായിരുന്നു. ആദ്യത്തെ ഞെട്ടൽ മാറിയപ്പോലുള്ള പുനരവലോകനത്തിൽ ഞാൻ തിരിച്ചറിഞ്ഞു , എന്ത് വലിയ തെറ്റാണ് ഞാൻ കാട്ടിയതെന്ന്.........അവൻ്റെ മനസ്സ് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും.

എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ജീവിത നിമിഷങ്ങൾക്ക് അർത്ഥവും ദിശയും നൽകിയത് അവനാണ് , അവൻ്റെ സാന്നിദ്ധ്യമാണ്. എൻ്റെയും ശരത്തിൻ്റെയും ജീവിതത്തിലെ ഉത്പ്രേരകം, ഞാനും അവനും തമ്മിലുള്ള സൗഹൃദമല്ലേ? അത് നഷ്ടപ്പെടുത്താൻ എനിക്കാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഉത്പ്രേരകം ഇല്ലാതെ എന്ത് രാസപ്രവർത്തനം?

അവന് ഏറെ ഇഷ്ട്ടമുള്ള ചോക്ലേറ്റ് കേക്കുണ്ടാക്കി അതിൽ തൂവെള്ള ഐസിങ് കൊണ്ട് ഞാനെഴുതി , "മനഃപൂർവ്വമല്ല ...... എന്നോട് ക്ഷമിക്കില്ലേ?".
ബാൽക്കണിയിൽ വെച്ചു മാത്രമേ ഞങ്ങൾ ഇതുവരെ കണ്ടിട്ടുള്ളു. അവൻ്റെ ഫ്ലാറ്റിൽ ഇത് ആദ്യമാണ്. വാതിൽ തുറന്ന അവനെ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല . ഉറങ്ങിയിട്ട് ദിവസങ്ങൾ ആയതു പോലെ. കണ്ണുകൾ ഒക്കെ കലങ്ങി, മുടി ഒക്കെ ഉലഞ്ഞ്........

"രേഖാ ...... ഞാൻ .....എനിക്ക് ......"

"ഒന്നും പറയണ്ട .....തെറ്റ് ചെയ്തത് ഞാനല്ലേ.....നോക്ക് .....നിനക്ക് ഏറ്റവും ഇഷ്ടമുള്ള കേക്ക് ...."

എൻ്റെയും അവൻ്റെയും കണ്ണുകൾ ഒരുമിച്ചു നിറഞ്ഞൊഴുകി. ഞാൻ അവൻ്റെ നെറ്റിയിൽ മെല്ലെ ഉമ്മ വെച്ചു.

" ഈ പ്രപഞ്ചത്തിൽ എവിടെയോയുണ്ട് നിങ്ങളുടെ ആ ഉറ്റമിത്രം. ആ വ്യക്തിയെ കണ്ടുപിടിക്കൂ ". ഒമർ ഖയ്യാമിൻ്റെ വാക്കുകൾ.

ഞങ്ങളുടെ അന്വേഷണം ഞങ്ങളിൽ അവസാനിച്ചിരിക്കുന്നു.