Total Pageviews

38,302

Friday, December 2, 2016

കഥ : ജനിമൃതികൾക്കപ്പുറം


[Published കേരളകൗമുദി ആഴ്ചപ്പതിപ്പ് , Oct 2018 ]

2016 ജൂൺ മാസത്തിലെ ഒരു ദിവസം. പെയ്തൊഴിയാൻ വിതുമ്പുന്ന കാർമേഘക്കൂട്ടങ്ങൾ തിങ്ങി നിൽക്കുന്ന ആകാശം. നിശ്ശബ്‌ദത ഗര്‍ഭം ധരിച്ച അന്തരീക്ഷം. ഏകാന്തതയുടെ തണുപ്പ് പുതച്ച ശവകുടീരങ്ങൾ.

അവൻ കല്ലറയുടെ പിന്നിൽ ഉള്ള വെണ്ണപ്പഴത്തിൻ്റെ മരത്തിനരികിൽ കാത്തിരുന്നു. ഇന്ന് ഞായറാഴ്ച്ചയാണെല്ലോ.....അവൾ വരുന്ന ദിവസം. അവൻ്റെ കണ്ണുകൾ സെമിത്തേരിയുടെ പ്രവേശനകവാടത്തിലേക്ക് ആകാംഷയോടെ നീണ്ടു.

കുർബാന കഴിഞ്ഞപ്പോൾ മമ്മയുടെ കൈയും പിടിച്ചവൾ വന്നു. മമ്മ കൂടെയുള്ളത് കൊണ്ട് പതിവുപോലെ ഏറു കണ്ണിട്ടൊന്ന് നോക്കിയിട്ടവൾ അമർത്തിയൊന്നു ചിരിച്ചു. അവൻ കൈവീശി കാണിച്ചു.

അവരിരുവരും അവളുടെ പപ്പയുടെ കല്ലറക്ക് സമീപം നിന്ന് പ്രാർത്ഥിച്ചു. എന്നത്തേയും പോലെ അവളുടെ മമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇസബെല്ല കൈയിലിരുന്ന ചുവന്ന റോസാപ്പൂവ് പപ്പയുടെ കല്ലറക്കുമേൽ വെച്ചു.

മാത്യു ഫ്രാൻസിസ്‌ ചാക്കോ
ജനനം : 10 - സെപ്റ്റംബർ - 1970
മരണം : 19 - ഫെബ്രുവരി - 2014

രണ്ട് വർഷങ്ങൾക്കു മുമ്പുള്ള ഫെബ്രുവരിയിലെ ആ ദിവസം അവൻ ഇന്നും വ്യക്തമായി ഓർക്കുന്നു. വളരെ ചെറിയയൊരു ഇടവകയായിരുന്നു അവിടം. അധികം ആരും വരാത്തൊരു പള്ളിയും കാടുകേറി കിടക്കുന്ന ഒരു സെമിത്തേരിയും. അവനും അവിടെ വന്നിട്ട് ഒരു മാസം തികയാൻ പോകുന്നതേ ഉണ്ടായിരുന്നോള്ളൂ. അന്നാണ് അവൻ അവളേ ആദ്യമായി കാണുന്നത്.

ഒരു കറുത്ത ഫ്രോക്കും , കാപ്പിപൊടിയുടെ നിറമുള്ള മുടിയും, കൈയിൽ ഒരു ചുവന്ന റോസാപൂവും. ഒരു ചിത്രം പോലെ മനോഹരിയായിരുന്നു അവൾ. തൻ്റെ പപ്പക്ക് അവസാനത്തെ ഉമ്മ കൊടുക്കുമ്പോളും അവൾ കരയുന്നുണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞപ്പോൾ പപ്പയുടെ അടുത്ത് ഒറ്റക്കിരിക്കണമെന്ന് അവൾ മമ്മയോട് ആവശ്യപ്പെട്ടു.

ഒച്ചയില്ലാതെ വിതുമ്പി കരയുന്ന അവളുടെ അടുത്തേക്ക് അവൻ മെല്ലെ നടന്നു ചെന്നു. ആ മുടിയിലൊന്ന് തലോടണമെന്നേ ഉണ്ടായിരുന്നോള്ളു. അവൾ മുഖമുയർത്തി അവനെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ആശ്ചര്യപ്പെട്ടത് പക്ഷേ അവനായിരുന്നു. പനിനീർ പൂവിൻ്റെ നിറമുള്ള അധരങ്ങൾ അപ്പോഴും വിറയ്‌ക്കുന്നുണ്ടായിരുന്നു.

"കരയല്ലേ കുട്ടീ. നിൻ്റെ പപ്പക്ക് ഇത് ഒരു മോചനമാണ്. വേദനകളിലാത്ത ലോകത്താണ് മാത്യു ഇപ്പോൾ."

"അങ്കിളിന് പപ്പയെ അറിയാമോ?"

ഒരു ഹ്രസ്വമായ കൂടിക്കാഴ്ച. വളരെ കുറച്ചു വാക്കുകൾ. അതിനുള്ള സമയമേ ഉണ്ടായിരുന്നോള്ളൂ. മുന്നോട്ടുള്ള യാത്രയുടെ തിടുക്കം.

"ഇല്ല", കൂടുതൽ വിശദീകരിക്കാൻ അവന് കഴിയുമായിരുന്നില്ല.

"എനിക്ക് പപ്പയില്ലാതെ ഉറക്കം വരില്ല. പപ്പയുടെ തോളത്ത് തല വെച്ചാണ് ഞാൻ എന്നും......" മുഴുപ്പിക്കാൻ അവൾക്കായില്ല.

"പപ്പ ഇനി മോളുടെ സ്വപ്നങ്ങളിൽ വരും....അതിന്നായി നീ ഉറങ്ങണം."

ഒരു പന്ത്രണ്ട് വയസുകാരിയുടെ പ്രായത്തിൽ കവിഞ്ഞ പക്വത അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അവൻ പറഞ്ഞതിൻ്റെ പൊരുൾ അവൾക്ക് മനസ്സിലായോന്നവന് വ്യക്തമായില്ല. പക്ഷെ അവൾ കൂടുതൽ ഒന്നും ചോദിച്ചില്ല.

ആ കൂടിക്കാഴ്ചകൾ തുടർന്നു. വേദനിക്കുന്ന രണ്ടു മനസ്സുകൾ അനോന്യം അത്താണികളായി. അവളുടെ പപ്പയുടെ അഭാവം അവനും, അവൻ്റെ ഏകാന്തതയുടെ ആഴം അവളും നികത്താൻ ശ്രമിച്ചു. ഈ സൗഹൃദം മറ്റുള്ളവരുമായി പങ്കു വയ്ക്കപ്പെടേണ്ടതല്ലെന്ന് അവൻ പറയാതെ തന്നെ അവൾ എങ്ങനെയോ മനസ്സിലാക്കിയിരുന്നു.

പപ്പ സ്വപ്നത്തിൽ അവളെ കാണാൻ വരുന്നതും, കുഞ്ഞു മനസ്സിലെ വ്യാകുലതകളും, മമ്മയുടെ പ്രയാസങ്ങളും ഒക്കെ അവൾ അവനുമായി പങ്കുവെച്ചു. അവളുടെ പ്രശ്‌നങ്ങൾ ഓരോന്നായി പരിഹരിക്കപ്പെടുകയോ ദൂരീകരണം ചെയ്യപ്പെടുകയോ ചെയ്യുന്നത് അവളിൽ അനഭിമതമായ ആശങ്ക ഉളവാക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

"ബെല്ലാ, മമ്മാ ഫാദർ ഫിലിപ്പോസിനെ കണ്ടിട്ട് വരട്ടേ.....മോളു ഇവിടെ പപ്പയുടെ അടുത്ത് നില്കുകയല്ലേ?".

അവളുടെ മമ്മയുടെ ശബ്ദം പെട്ടന്നവനെ ഓർമ്മകളിൽ നിന്നും തിരികേ കൊണ്ടുവന്നു. ഗ്രേസി കണ്ണിൽനിന്നും മറഞ്ഞതും അവളോടി അവൻ്റെ അരികിലെത്തി.

"അങ്കിൾ പറഞ്ഞതുപ്പോലെ തന്നെ സംഭവിച്ചു . മമ്മ എന്നെ ക്ലാസ് ടൂറിനു പോകാൻ അനുവദിച്ചു. ഐ ആം സോ ഹാപ്പീ....അങ്കിളിൻ്റെ മാജിക് ഫലിച്ചു."

അവൻ ഒന്നും പറയാതെ വെറുതെ ചിരിച്ചു. അവളുടെ കറുത്ത നിറമുള്ള കണ്ണുകൾ അവന് എത്ര നോക്കിയാലും മതിയാകില്ല. അവൾ ചിരിക്കുമ്പോൾ, സ്വർണ്ണ പൊട്ടുകൾ വിതറിയതുപോലെ അവ തിളങ്ങും . ഒരു കടലോളം ആഴവും ഒരു പെരുപ്പോളം ഗൂഢവുമായിരുന്നു അവ.

"എന്നെയും പഠിപ്പിക്കാമോ ഈ മാജിക് ? മറ്റുള്ളവരെ കൊണ്ട് അനുസരിപ്പിക്കുന്ന ഈ വിദ്യ."

"നിനക്ക് അതിപ്പോൾ മനസ്സിലാവില്ല ബെല്ലാ.....വളരെ സങ്കീര്‍ണ്ണമാണത്."

"ലളിതമായി പറഞ്ഞു തരു അങ്കിൾ." അവൾ വിടാൻ ഭാവമില്ല.

"ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും മനസ്സുകളെ ഒരു മഹാസമുദ്രത്തോട് ഉപമിക്കാം നമ്മുക്ക്. എൻ്റെയും , നിൻ്റെയും , മറ്റുള്ളവരുടെയും മനസ്സുകൾ കൂടിച്ചേരുന്ന ഒരു അഖണ്‌ഡപ്പരപ്പ്‌. ഒരോ മനസ്സും ആ സമുദ്രത്തിലെ ഒരോ തിരമാലകൾ ആണ്. അത് മനസ്സുകളുടെ നിരന്തരത്വം പ്രതിനിധീകരിക്കുന്നു. ഈ നിരന്തരത്വമാണ് ഒരു മനസ്സിൽ നിന്നും മറ്റൊന്നിലേക്ക് ചിന്തകളെ കൈമാറാൻ നമ്മെ അനുവദിക്കുന്നത്."

"അത്ര എളുപ്പമാണെങ്കിൽ എന്തേ എല്ലാവർക്കും അത് സാധിക്കുന്നില്ല?"

അവൾക്കറിയില്ലല്ലോ, ഒരു ജന്മത്തിൻ്റെ ഓർമ്മകളെ മുഴുവൻ ബലികൊടുത്താൽ മാത്രമേ ഈ കഴിവ് സ്വായത്തമാക്കാൻ കഴിയൂ എന്ന്. ഈ അടുത്തിടെയായി അവളുടെ സംശയങ്ങൾ കൂടിക്കൂടി വരുന്നു. മുന്നത്തെ പോലെ അത്ര നിസാരമായി കാര്യങ്ങൾ ഒഴിവാക്കാൻ അവന് സാധിക്കുന്നില്ല. യുക്തിപരമല്ലാത്ത ഒരു വിശദീകരണവും അവൾ ഈയിടെയായി സമ്മതിച്ചു തരുന്നില്ല. അവൻ കുറച്ചു കൂടി ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

"നീ കുട്ടിയല്ലേ, സമയമാവട്ടെ. അപ്പോൾ നമുക്ക് നോക്കാം."

"ഒന്ന് പോ അങ്കിളേ....എന്ത് ചോദിച്ചാലും ഇതുതന്നെയാ പറയനേ...വെറുതെ എന്നെ പറ്റിക്കാൻ."

"മൊബൈലിൽ നിൻ്റെ ഫോട്ടോസ് എടുക്കാൻ ശ്രമിച്ച ആൽവിൻ ക്ലാസ്സിൽ വന്നു തുടങ്ങിയോ?"

"ഇല്ല, അവൻ്റെ കൈ ശരിയാവാൻ ഇനിയും സമയമെടുക്കുമെന്നാ ജെസ്സി മിസ്സ് പറഞ്ഞത്. സൈക്കിൾ പോലും ഓടിക്കാനറിയാത്തവൻ എന്തിനാ അവൻ്റെ ചേട്ടൻ്റെ ബൈക്കെടുത്തത്? തലക്കും നല്ല മുറിവുണ്ടെന്നാ കേട്ടത്. അവന് ഒന്നും ഓർമ്മയില്ലത്രേ. ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടതെന്ന് മമ്മ പറഞ്ഞു, ഇല്ലെങ്കിൽ അവൻ മരിച്ചു പോയെന്നേ...."

അതെ....മരിക്കേണ്ടതായിരുന്നു. താൻ പാതി ദൈവം പാതിയെന്നല്ലേ....തൻ്റെ പാതി മാത്രമേ പറ്റിയുള്ളൂ.

"അവൻ ക്ലാസ്സിൽ ഇല്ലാത്തതു കൊണ്ട് ബെല്ല ഹാപ്പിയല്ലേ?"

"അങ്ങനെ ചോദിച്ചാൽ ....അതേ , പക്ഷേ മരിച്ചാൽ എനിക്ക് സങ്കടമായെന്നേ.....ആരും മരിക്കുന്നത് എനിക്കിഷ്ടമല്ല അങ്കിൾ."

പെട്ടന്ന് അവളുടെ മുഖം വാടി.

"ബെല്ലക്ക് എനോടെന്തോ ചോദിക്കാനുണ്ടോ?"

"അങ്കിൾ ...ഈയിടെയായി ഒരു പേടി....എന്താന്നറിയില്ല. കഴിഞ്ഞ കുറച്ചു നാളുകളായി എനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ഒരു പാറ്റേൺ പോലെ......"

"ഏത് കാര്യങ്ങൾ? എന്ത് പാറ്റേൺ?"

"ഞാനുമായിട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്ന ആളുകൾ ......അവർക്കൊക്കെ ഒരോ അപകടങ്ങൾ പറ്റുന്നു......എൻ്റെ റെക്കോർഡ് ബുക്കിൽ കുത്തിവരച്ച ആമി, വാടക കൂട്ടി ചോദിച്ച അവറാച്ചൻ, ഫീസ് കൊടുക്കാൻ താമസിച്ചതിന് വെയിലത്തു നിർത്തിയ പ്രിൻസിപ്പൽ, മമ്മയുടെ പർസിൽ നിന്നും കാശ് മോഷ്ടിച്ച മോളികുട്ടി ചേച്ചി , ദേ ഇപ്പോൾ ആൽവിനും......"

"ബെല്ലാ, മറ്റുള്ളവരെ ദ്രോഹിക്കുന്നവർ ശിക്ഷിക്കപ്പെടും. അത് പ്രപഞ്ചനിയമമാണ് കുട്ടീ. പ്രത്യേകിച്ചും ഹൃദയത്തിൽ നന്മയുള്ളവരെ വേദനിപ്പിച്ചാൽ ദൈവം പൊറുക്കില്ല. നിൻ്റെ മനസ്സിൽ കളങ്കമില്ല. അതുകൊണ്ടു തന്നെ നിന്നെ വേദനിപ്പിക്കുന്നവർ ശിഷിക്കപ്പെടുന്നു."

"അപ്പോൾ എൻ്റെ പപ്പ എന്ത് തെറ്റ് ചെയ്തിട്ടാ.....? അങ്കിൾ എന്നെ വെറുതെ സമാധാനിപ്പിക്കാൻ പറയുവാ...."

"ആവശ്യമില്ലാത്ത കാര്യങ്ങൾ ഓർത്തു വിഷമിക്കാതെ ബെല്ലാ ....ഒക്കെ നിൻ്റെ തോന്നലാണ്. നിനക്കീ അങ്കിളിനെ വിശ്വാസമില്ലേ?"

"അങ്ങനെയല്ല അങ്കിൾ ......എനിക്ക് ദേഷ്യം തോന്നുമ്പോൾ അവർക്കു എന്ത് സംഭവിക്കണമെന്ന് ഞാൻ ചിന്തിക്കുന്നുവോ അത് പോലെയാണ് അപകടങ്ങൾ നടക്കുന്നത്. എൻ്റെ റെക്കോർഡ് ബുക്ക് നശിപ്പിച്ചപ്പോൾ, ആമിയുടെ തല പിടിച്ചു ഡെസ്കിൽ ഇടിക്കാനാണ് എനിക്ക് തോന്നിയത്. തലവേദനയാന്നെന്നും പറഞ്ഞവൾ അന്ന് സ്പോർട്സ് പീരീഡിൽ പുറത്തു വന്നില്ല. ഞങ്ങൾ തിരികേ വന്നപ്പോൾ, ഡെസ്കിൽ തലയിടിച്ച്‌ ബോധം നഷ്‌ടപ്പെട്ട് കിടക്കുന്ന ആമിയെയാണ് കണ്ടത്. അത് പോലെ ഓടയിൽ വീണ് കാലൊടിഞ്ഞ അവറാച്ചൻ, തളർവാതം വന്ന പ്രിൻസിപ്പൽ, കൈപൊള്ളിയ മോളികുട്ടി ചേച്ചി........"

വിഷയം മാറ്റാൻ സമയമായി. "ടൂറിൻ്റെ ഒരുക്കങ്ങൾ കഴിഞ്ഞോ? ബെല്ലയുടെ കൂട്ടുകാരികൾ ഒക്കെ വരുന്നുണ്ടോ?"

അവൾ പിന്നെയും ഉഷാറായി.

"നോക്കൂ ...ബെല്ലയുടെ മമ്മ എത്തി."

അവൾ നടന്നകലുന്നതും നോക്കി അവൻ കുറേ നേരം നിന്നു. അവൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അവൻ മെല്ലെ കല്ലറക്ക് പിന്നിലുള്ള വെണ്ണപ്പഴത്തിൻ്റെ മരത്തിനരികിലേക്ക് നടന്നു നീങ്ങി.

വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു. ഋതുക്കൾ മാറി മറിഞ്ഞു. അന്നും ഒരു ഞാറാഴ്ചയായിരുന്നു. ജോൺ പതിവിലേറെ സന്തോഷവാനായി കാത്തുനിന്നു. ഇന്ന് ഇസബെല്ലയുടെ മനസ്സമ്മതമാണ്. വെണ്ണപ്പഴത്തിൻ്റെ നിറമുള്ള ഗൗണ്‍ ധരിച്ചവൾ വരുന്നതും കാത്തവൻ അക്ഷമനായി നിന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ അവളും ഡേവിഡും പപ്പയുടെ കല്ലറക്ക് സമീപം വന്നു നിന്ന് പ്രാർത്ഥിച്ചു. പതിവിലേറെ സുന്ദരിയായിരുന്നു അവൾ.

അവളുടെ കണ്ണുകൾ പലവട്ടം അവനെ തിരഞ്ഞു. ജോൺ അസ്വസ്ഥനാവാൻ തുടങ്ങി. അവൻ കല്ലറക്ക് മുന്നിലേക്ക് കേറി നിന്നു. പക്ഷേ അവളുടെ നോട്ടം അവനിൽ പതിയാത്ത അവിടമാകെ പരതി നടന്നു.

"ഡേവിഡ്, എനിക്ക് പപ്പയുമായി കുറച്ചു സമയം തനിച്ചു വേണം പ്ളീസ്."

ഡേവിഡ് പോയി കഴിഞ്ഞപ്പോൾ അവൾ വെണ്ണപ്പഴത്തിൻ്റെ മരത്തിനരികിലേക്ക് ഓടി വന്നു. അവളുടെ മിഴികൾ ആകാംഷയോടെ അവിടമാകെ അവനായി തിരഞ്ഞു.

"അങ്കിൾ.....അങ്കിൾ....." അവളുടെ ശബ്ദം ഇടറാൻ തുടങ്ങി. കണ്ണുകളിൽ ആദ്യം ആശങ്കയും, പിന്നെ അവബോധവും ഒടുക്കം കണ്ണുനീരും നിറഞ്ഞു.

"അങ്കിളും പോയല്ലേ ഈ ബെല്ലയെ തനിച്ചാക്കി, പപ്പയേ പോലെ.........", കല്ലറക്ക് സമീപം കണ്ണുപൊത്തി നിന്നവൾ വിതുമ്പി. അവൻ നിസ്സാഹായനായി അവളുടെ അരികിൽ വന്നു നിന്നു.

അപ്പോഴേക്കും മഴമേഘങ്ങൾ ഇരുണ്ടു കൂടി ഗര്‍ജ്ജിച്ചു. സെമിത്തേരിയിൽ മഴ ചാറാൻ തുടങ്ങിയിരുന്നു. മഴത്തുള്ളികൾ വെണ്ണപ്പഴത്തിൻ്റെ മരത്തിൽ പതിച്ച്‌, ഇലകളിൽ കൂടി വഴുതി, കല്ലറക്ക് മുകളിലേക്ക് പതിഞ്ഞു. അവൻ്റെ കണ്ണുനീർ അവളുടെ നെറുകയിലും വീണു.

യാന്ത്രികമായവൾ കല്ലറയുടെ സ്‌തംഭത്തിനു മേൽ ചാഞ്ഞുനിന്ന ചില്ലകൾ പതിയെ മാറ്റി. കുറേ നേരം അവൾ അതിലേ അക്ഷരങ്ങളെ തന്നെ നോക്കി നിന്നു . കണ്ണുകൾ തുടച്ച ശേഷം കൈയിലിരുന്ന ചുവന്ന റോസാപൂവ് കല്ലറക്ക് മേൽ വെച്ചവൾ പതിയെ തിരിഞ്ഞു നടന്നു. അവൾ കണ്ണിൽ നിന്നും മറയുന്നതും നോക്കി അവൻ നിന്നു.

"ക്ഷമിക്കൂ ബെല്ലാ .....നിൻ്റെ പപ്പയെ പോലെ സ്വപ്നങ്ങളിൽ വരാണെനിക്ക് അനുവാദമില്ല, യാത്ര പറയാൻ അവകാശവുമില്ല......"

സ്‌തംഭത്തിലെ അക്ഷരങ്ങൾ മഴ നനഞ്ഞ് തെളിഞ്ഞു നിന്നു.....ഒരു പക്ഷേ മറ്റൊരു ഇസബെല്ലക്കായ്........

ജോൺ മാർട്ടിൻ ഗ്രിഗോറി
ജനനം : 23 - ഏപ്രിൽ - 1986
മരണം : 25 - ജനുവരി - 2014

Saturday, November 19, 2016

കവിത : നഷ്ടതാരകം


അമാവാസികളും വെളുത്തവാവുകളും മാറിമാറി
വലിച്ചിഴച്ചീടുന്നുവീ സ്‌മൃതിപഥത്തിൻ രഥചക്രം.

പൂർണേന്ദുതൻ പ്രഭാവലയത്തിൻ ദൃശ്യമൊന്നതു
അനുസ്‌മരിപ്പിക്കുന്നു സദാ നിൻ സുമുഖവദനവും,
വിസ്‌മൃതിയിൽ മുങ്ങുവാൻ ഒരുങ്ങും നിൻ മന്ദസ്‌മിതവും.

ഈ ഭൂവിൽ ഒഴുകി തികഞ്ഞ നരജന്മധാരയിലേ
നിറം ചാലിക്കാനാവാത്ത സ്വപ്നങ്ങളൊക്കെയും
താരകങ്ങളായി ചുറ്റും കൂടെക്കൂട്ടിയോ നീ ?

ഉല്ക്കയായി അവയോരോന്നും ജ്വലിച്ചിറങ്ങുമ്പോൾ
ആരുടെയോ കാംക്ഷകൽ സത്യമായീടും
നിർവൃതിയിൽ, നിന്നുടെ മിഴിനീര്‍ത്തുള്ളികൾ
മഴയായി കീഴേ പെയ്തൊഴുക്കിയോ നീ ?

മണ്ണിൽ വീണലിയുംമുന്നേ അവയേ ഒരുവേള ഞാൻ
കൈക്കുമ്പിളിൽ തളക്കുവാന്നൊന്നു ശ്രമിച്ചൂ വൃഥാ.

എൻ്റെയും നിൻ്റെയും ബാഷ്പങ്ങൾ ഒന്നായി തുളുമ്പി
ആലിംഗനബന്ധനത്തിൻ്റെ ഹ്രസ്വസമാഗമത്തിൽ,
പിന്നെയും ആവിയായി ഉയരുവാൻ വിണ്ണിൽ.

അവിരാമമായി ഉരുളമീ ചക്രം ഋതുക്കള്‍ മാറ്റവേ,
മറ്റൊരു പൂർണചന്ദ്രനായി നിരന്തരം കേഴുന്നു നിശീഥിനി,
സ്മരണസുഖങ്ങൾ പിന്നെയും പിന്നെയും അറിഞ്ഞീടുവാൻ.

Friday, October 28, 2016

കഥ : പുതിയ ശരികൾ



ഇന്ന് റാമിൻ്റെ വിവാഹമാണ്, അനുവുമായി. ഞാൻ അണിഞ്ഞിരുന്ന താലി മറ്റൊരാളുടേതാകുന്ന ദിവസം.

ഞാൻ പങ്കെടുക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും റാമിൻ്റെ അമ്മ വന്നിരുന്നു എന്നെ വിവാഹത്തിന് ക്ഷണിക്കാൻ. പാവം സ്ത്രീ....ഒരുപാട് കരഞ്ഞു. വന്നില്ലെങ്കിലും മനസ്സവിടെയായിരിക്കുമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. റാമിന് എല്ലാ ഭാവുകങ്ങളും മനസ്സറിഞ്ഞു നേർന്നു.

ഇളകിയാടുന്ന ഗുൽമോഹർ മരങ്ങളെ നോക്കിനിന്നപ്പോൾ മനസ്സ് എട്ട് വർഷങ്ങൾക്കപ്പുറത്തേക്ക് ഓടിയകന്നു.....ചിതറി വീണ ശോണപുഷ്പങ്ങളും പേറി.

കൂടിക്കാഴ്ചയും , സൗഹൃദവും, പ്രണയവും , വിവാഹവും, ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി മൂന്ന് വർഷങ്ങൾ. യാത്രകൾ ഞങ്ങൾ രണ്ടുപേർക്കും ഹരമായിരുന്നു. വഴിയോരകാഴ്ചകളേക്കാൾ എനിക്കിഷ്ടം അവൻ്റെ ചുമലിൽ തലചായ്ച്ചുറങ്ങാനായിരുന്നു. പദ്ധതീകരിക്കാത്ത യാത്രകളായിരുന്നു മിക്കവയും. അന്നൊക്കെ യാദൃച്ഛികതയോട് വല്ലാതൊരു ഭ്രമമുണ്ടായിരുന്നു. ക്ഷണിക്കപ്പെടാത്ത ആ അതിഥി ഞങ്ങളുടെയിടയിലേക്ക് കടന്ന് വരും വരെ.

അകാരണമായ ഒരു ക്ഷീണം ഇടക്കിടെ തോന്നിയിരുന്നു. എന്നാൽ തുടർച്ചയായുള്ള യാത്രകളും, ജോലിയുടെ സമ്മർദ്ദങ്ങളുമാകും കാരണമെന്ന് കരുതി അതൊക്കെ അവഗണിച്ചു. എന്നാൽ അന്ന്......മണാലിയിൽ വെച്ച്, കോച്ചിപ്പിടിക്കുന്ന തണുപ്പത്ത് , ഒരു ചായയിടാനുള്ള ശ്രമത്തിനിടയിൽ , തിളച്ചു മറിഞ്ഞ പാൽ എൻ്റെ വലംകൈയിൽ വീണ് പൊള്ളിയിട്ടും ഒരു കൊതുക്‌ കുത്തുന്ന വേദനപോലും എനിക്ക് അനുഭവപെട്ടില്ലെന്ന വസ്തുത എന്നെ അസ്വസ്ഥയാക്കി. സിരകളെ മരവിപ്പിക്കുന്ന തണുപ്പാകാം കാരണമെന്ന് റാം ആശ്വസിപ്പിച്ചപ്പോളും മനസ്സിൽ ഒരു കനൽ അങ്ങനെ അണയാതെ കിടന്നു. തിരിച്ചു നാട്ടിലെത്തിയ അവസരത്തിൽ കൈയിൽ ചെറിയ പുകച്ചിൽ തോന്നിയപ്പോൾ ആ വിഷയം മറവിയുടെ കോണിലേക്കു മനപൂർവം തള്ളിനീക്കി സ്വയം വഞ്ചിച്ചു.

പിന്നെ പലപ്പോഴായി ആകുലപ്പെടുത്തുന്ന പലതരം സൂചനകൾ......ചിലപ്പോൾ മുഖത്തിൻ്റെ ഇടതു വശത്തൊരു മരവിപ്പ്, ചിലപ്പോൾ കാലുകൾക്കൊരു ബലക്ഷയം, മറ്റുചിലപ്പോൾ വലത്തെ കണ്ണിൻ്റെ കാഴ്ചയ്ക്കൊരു മങ്ങൽ. ഒടുവിലൊരു ദിവസം, ബാത്ത്റൂമിൽ എത്തുംമുമ്പേ മനസ്സിനെ നിഷേധിച്ച് ശരീരം പടർത്തിയ നനവിൽ , അതുവരെ ഞാൻ കണ്ടില്ലെന്ന് നടിക്കാൻ ശ്രമിച്ച അപായ സൂചനകളൊക്കെ എൻ്റെ വെറും തോന്നലുകളല്ലെന്ന് , എനിക്ക് മനസ്സിലായി.

എം.ർ.ഐ സ്കാനിൽ അങ്ങിങ്ങായി വ്യാപിച്ചു കിടക്കുന്ന വെളുത്ത പാടുകളുടെ പൊരുൾ മനസ്സിലാകാതെ 
ഞാൻ ഡോക്ടറോടു ചോദിച്ചു , "വാട്ട് ടു ദേ മീൻ......?"

"ഡിജെനറേറ്റിവ് മൾട്ടിപ്പിൾ സ്ക്ലിറോസിസ്. നിർഭാഗ്യവശാൽ , ദേർ ഈസ് നോ ക്യൂർ. ബട്ട് ഇറ്റ് ക്യാൻ ബി വേരി വെൽ മാനേജ്ഡ് . നിങ്ങളുടേത് അത്ര അഗ്രസീവ് ടൈപ്പല്ലെന്ന് വേണം കരുതാൻ".

റാം ചേർത്തു നിർത്തി ആശ്വസിപ്പിച്ചു , "ഞാൻ ഇല്ലേ നിഥി നിൻ്റെ കൂടെ.......വി വിൽ ക്രോസ്സ് ദിസ് ടുഗെതർ".
അവൻ്റെ മുഖത്തെ നിശ്ചയദാര്‍ഢ്യം എന്നിലും ആത്മവിശ്വാസത്തിൻ്റെ നേർത്ത ഓളങ്ങൾ സൃഷ്ടിച്ചു.

എം.സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആ വ്യാധിയെ കുറിച്ച് കിട്ടാവുന്ന വിവരങ്ങൾ ഒക്കെ ഞങ്ങൾ ശേഖരിച്ചു, വായിച്ചു മനസിലാക്കാൻ ശ്രമിച്ചു. കൂടുതൽ അറിയും തോറും ആദ്യം തോന്നിയ ശുഭപ്രതീക്ഷകളൊക്കെ കെട്ടു തുടങ്ങി. മരുന്നുകളും ആശുപത്രി സന്ദര്‍ശനങ്ങളുമായി കടന്നു പോയ ഒരു വർഷത്തിനൊടുവിൽ എനിക്ക് വീൽചെയറിൽ അഭയം പ്രാപിക്കേണ്ടി വന്നു. മിക്കപ്പോഴും കൺപോളകൾ പോലും തുറക്കാനുള്ള ശക്തി ശരീരത്തിന് അന്യമായിരുന്നു. മെല്ലെ മെല്ലെ മനസ്സിലേക്കും നിരാശയുടെ വിഷസർപ്പങ്ങൾ ഇഴഞ്ഞുകയറി.

പതുക്കെ പതുക്കെ എല്ലാവർക്കും "ഞാൻ" അദൃശ്യയാവാൻ തുടങ്ങി. അവർ ഞാൻ ഇരിക്കുന്ന വീൽചെയർ കണ്ടു.....എന്നെ താങ്ങാൻ ശേഷിയില്ലാത്ത എൻ്റെ കാലുകൾ കണ്ടു......എൻ്റെ ക്ഷീണിച്ച ശരീരം കണ്ടു. പക്ഷെ ആരും എന്നിലേ എന്നെ കണ്ടില്ല........അറിയാൻ ശ്രമിച്ചില്ല. സഹതാപം , ദയ , സഹാനുഭൂതി എന്നീ ഭാവങ്ങളേ ഞാൻ ഭയക്കാൻ തുടങ്ങി. പരാധീനതയുടെ ചങ്ങലകൾ എന്നെ ശ്വാസംമുട്ടിച്ചു. ഉള്ളിലെ അഗ്നിപര്‍വ്വതം തിളച്ചുമറിയുമ്പോഴും, എൻ്റെ സ്വകാര്യതയുടെ വ്യാസത്തിനുള്ളിൽ നിന്നും ഞാൻ എല്ലാവരേയും അകറ്റി നിർത്തി ..... റാമിനെ പോലും. മറ്റുള്ളവരുടെ മുഖത്ത് പ്രതിഫലിക്കുന്ന ഹതാശയിൽ ഞാൻ എൻ്റെയുളളിലെ വ്യാളിയെ കണ്ട് ഭയന്നു.

ഡിവോഴ്സും , പുനരധിവാസ കേന്ദ്രത്തിലേക്കുള്ള മാറി താമസവുമൊക്കെ എൻ്റെ മാത്രം തീരുമാനങ്ങളായിരുന്നു. എനിക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ എന്നും അതിന് ഞാൻ തന്നെ ഒറ്റയ്ക്ക് പോരാടിയേ മതിയാകൂമെന്നുമുള്ള തിരിച്ചറിവിൽനിന്നും ഉടലെടുത്ത നിര്‍ണ്ണയം. പ്രാപ്തിയുള്ള മനുഷ്യരുടെ ഇടയിൽ നിന്നും അപ്രാപ്തിയുള്ളവരുടെയിടയിലേക്കൊരു പറിച്ചു നടൽ. ഇവിടെ ആർക്കും ആരോടും സഹതാപമില്ല, അതിന് നേരവുമില്ല.

ഓരോ ദിവസവും ഒരു പുതിയ വെല്ലുവിളിയാണ് .... അതിജീവനത്തിനായുള്ള കഠിനയത്‌നം. ആസന്നമാവുന്ന നാശത്തിന് കടിഞ്ഞാണിടാനൊരു ശ്രമം. രോഗതീവ്രതയുടെ ആരോഹണാവരോഹണങ്ങളിൽ കൂടി ഒരു സഞ്ചാരം. ഒരു നാഴികക്കല്ലിൽ നിന്നും മറ്റൊന്നിലേക്കുള്ള ഇഴഞ്ഞുനീക്കം ......... ചിലപ്പോൾ തിരിച്ച് ആരംഭ ബിന്ദുവിലേക്കുള്ള പതനം....വീണ്ടും തുടരുന്ന സംഭവചക്രം. അങ്ങനെ നാല് ഭ്രമണങ്ങൾ കടന്നുപോയിരിക്കുന്നു .

എന്നാൽ ഇപ്പോൾ വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. തികച്ചും സ്വാർത്ഥമായൊന്ന്. എവറസ്റ്റ് കൊടുമുടിയുടെ ശൃംഗം. ലോറി സ്നൈഡരുടെ [Lori Schneider] ഏഴു പര്‍വ്വതശൃംഗങ്ങളുടെ കീഴടക്കലുകളുടെ അറിവേകിയ പ്രചോദനം. എൻ്റെ സ്വപ്നങ്ങളുടെ ഉയരം വെറും 29,029 അടി. കുറച്ചു നാളായി അതിൻ്റെ തയ്യാറെടുപ്പിലാണ്. സഞ്ചാരതൃഷ്‌ണയുടെ അല്‍പാംശങ്ങൾ ഉള്ളിൽ ഇപ്പോഴും എവിടെയോ ഉണ്ട്. അത് ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.

സ്വന്തം പരിമിതികളെ പയറ്റി തോൽപ്പിക്കുമ്പോൾ കിട്ടുന്ന ആത്മനിർവൃതി ഒന്നറിയണം. ശരീരത്തിൻ്റെ ക്ലേശം മനസ്സിൻ്റെ ഊര്‍ജ്ജമാവുന്ന നിമിഷങ്ങളിലൂടെ കടന്നുപോകണം. വെറുതെ..... ഒന്നിനും വേണ്ടിയല്ല. പ്രസിദ്ധനായ അദ്ധ്യാത്മജ്ഞാനി പീറ്റർ വെസ്സൽ സാപ്ഫ്എ [Peter Wessel Zapffe] ഈ വികാരത്തെ വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട്, "പര്‍വ്വതാരോഹണം തികച്ചും അർത്ഥശൂന്യമാണ്, മനുഷ്യജീവിതം പോലെ. അതുകൊണ്ടുതന്നെ അതിൻ്റെ മാസ്മരികത ഒരിക്കലും മരിക്കുന്നില്ല".

കാലൊച്ച കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ വാതലിനരികിൽ റാം.....ഒപ്പം അനുവും. വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചില്ല. കുറച്ചു നേരം സംസാരിച്ചിട്ട് എന്നെയും റാമിനെയും തനിച്ചാക്കി അനു മുറിക്ക് പുറത്തേയ്ക്കിറങ്ങി.

"സുഖമാണോ നിഥി നിനക്ക്?"

"അതേ റാം. ഒരു യാത്രക്കുള്ള ഒരുക്കത്തിലാണ്. ചില കീഴടക്കലുകൾക്ക് സമയമായെന്നൊരു തോന്നൽ......"

"ക്ഷണിച്ചുവരുത്തിയ നഷ്ടങ്ങൾക്ക് പകരം വയ്ക്കാൻ, അല്ലേ? നീ എന്നും സ്വാർത്ഥയായിരുന്നു......"

"ആണോ റാം? എന്തോ അറിയില്ല.......ചില സ്വാർത്ഥതകൾ മുഖംമൂടിയണിഞ്ഞ അനുഗ്രഹങ്ങളല്ലേ? സ്നേഹം ഭാരമാവുമ്പോൾ അത് ഇറക്കിവെച്ചേ മതിയാകൂ. പ്രതിബദ്ധതയുടെ വാഗ്‌ദാനങ്ങൾ ഒരിക്കലും കൈവിലങ്ങാവാൻ അനുവദിച്ചു കൂടാ. കുറച്ചു കഴിയുമ്പോൾ റാമിന് മനസ്സിലാവും ഇതായിരുന്നു ശരിയെന്ന്."

"ഇത് നിൻ്റെ മാത്രം ശരിയല്ലേ നിഥി....നമ്മുടെ ശരിയെ കുറിച്ചോർത്തോ നീ......?"

"നമ്മുടെ ശരികളൊക്കെ മരിച്ചില്ലേ റാം. ഞാൻ ഇപ്പോൾ ചില പുതിയ ശരികൾ തിരയുകയാണ്. നീയും പുതിയ ശരികൾ കണ്ടെത്തണം. ഈ നിമിഷം മുതൽ നമ്മുടെ പാതകൾ സമാന്തരങ്ങൾ ആകുന്നു. വിഷ് യു എ വേരി ഹാപ്പി മാരീഡ് ലൈഫ് റാം. അനു, വളരെ നല്ല കുട്ടിയാണ്."

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ റാം ഇറങ്ങി പോയപ്പോൾ അവനോടൊപ്പം ഞാൻ എൻ്റെ ചില ഓർമ്മകൾക്കും നിശ്ശബ്ദമായി ബലിയിട്ട് വിടയേകി.

വീണ്ടും കണ്ണുകൾ പുറംകാഴ്ചകളിലേക്ക്. ചുവട്ടിൽ വീണ് മൃതിയടഞ്ഞവയേക്കാൾ ഒട്ടനേകം പൂക്കളുണ്ടായിരുന്നു ഗുൽമോഹറിൻ്റെ ചില്ലകളിൽ..........ചുവപ്പിൻ്റെ നിറഭേദങ്ങളുടെ മനോഹാരിതയിൽ മുങ്ങിക്കുളിച്ച്‌ അവ അങ്ങനെ ഇളംകാറ്റിനോട് കഥകൾ ചൊല്ലി........

Friday, October 21, 2016

കവിത : നവയുഗ നാരി


പവിത്രമാം സിന്ദൂരരേഖയിൽ
ശയിക്കും ഇളം ചുവപ്പിൻ ലാജ്ഞയില്ലേ?

വിസ്‌തൃതമാം നെറ്റിത്തടത്തിൽ 
പതിയും കുങ്കുമത്തിൻ ബിംബമില്ലേ?

വലംപിരിശംഖാവും കണ്‌ഠത്തിൽ
വാഴും താലിതണുപ്പിൻ ആലിലയില്ലേ?

സുദീർഘമാം മോതിരവിരലിൽ
വൃത്തം വരയ്ക്കും ആംഗുലീയത്തിൻ മരതകമില്ലേ?

രമണീയമാം ഇരുകരങ്ങളിൽ
കിന്നരിക്കും കങ്കണത്തിൻ ശിഞ്‌ജിതമില്ലേ?

കമനീയമാം കാല്‍വിരലുകളിൽ
തിളങ്ങും മിഞ്ചിതൻ വെള്ളിശോഭയില്ലേ?

നീയോ സുമംഗലി ? നീയോ പരിഗൃഹീത?
ആരാഞ്ഞു ആയിരം നാവുളള അനന്തന്മാർ.

വ്യാപ്‌ത്തിയേ പുൽക്കുന്ന അരുവിക്കുണ്ടോ താലി ?
തീരം തഴുകും നിരന്തരം തിരകൾക്കുണ്ടോ കുങ്കുമം?
മണ്ണിന്റെ മാറിൽ പെയ്തൊഴിയും വർഷക്കുണ്ടോ മിഞ്ചി?

അനന്തരം സഹസ്രനാവുകൾ ഒന്നിച്ചോതി.... ഹോ !! നീ നവയുഗ നാരിയോ?

Saturday, October 15, 2016

ഓർമ്മകൾ : കട്ടിലിൻ്റെ അവകാശികൾ



നഗരത്തിലെ  കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ  ഹോസ്റ്റൽ ജീവിതം അനിവാര്യമായ ഘടകമായി. ക്രിസ്‌റ്റീയ സഭയുടെ സ്ഥാപനത്തിൽ അമ്മയുടെ ബന്ധുവായ സർക്കിൾ ഇൻസ്‌പെക്ടറുടെ ശുപാര്‍ശയിൽ അഡ്മിഷനും കിട്ടി. ആഴ്ചതോറും വീട്ടിൽ പോയി വരാൻ സീസൺ ടിക്കറ്റും എടുത്തുവെച്ചു.

നാല് കട്ടിലുകളുള്ള മുറിയിൽ നാലാമത്തെ കട്ടിൽ  എൻ്റെതാണെന്ന് വാർഡൻ പറഞ്ഞപ്പോൾ പാവം ഈ ഞാൻ അതങ്ങ് വിശ്വസിച്ചു പോയി. പക്ഷെ എന്നെക്കാൾ മുന്നേ അവിടെ അവകാശം സ്ഥാപിച്ച കട്ടിലിൻ്റെ മറ്റു ചില അവകാശികൾ എൻ്റെ തെറ്റിദ്ധാരണ വഴിയേ മാറ്റിത്തന്നു.

രാത്രികാലങ്ങളിൽ ഈ അതിനിഷ്‌ഠൂരന്മാർ എന്നെ നിര്‍ദ്ദയമായി ആക്രമിച്ചു പൊന്നൂ. ഒരു സഹജീവിയോട് കാണിക്കേണ്ട യാതൊരുവിധ "മാനുഷിക"പരിഗണനയും എനിക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല അവരെ "പല്ലും" "നഖവും" കൊണ്ട് എതിർക്കാനുള്ള എൻ്റെ എല്ലാം ശ്രമങ്ങളും അവർ നൈസായിട്ടു നിഷ്‌പ്രഭമാക്കി തിരികെയേൽപ്പിച്ചു.

എൻ്റെ രാത്രികൾ നിദ്രാവിഹീനങ്ങളായി. ഇരുട്ടത്ത് എഴുന്നേറ്റുനിന്ന് ഓട്ടംതുള്ളൽ അവതരിപ്പിക്കുന്നയെന്നെ, നിലാവെളിച്ചത്തിൽ കണ്ട് ഭയന്ന്, പുതപ്പുമായി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ ആ സഹമുറിയ ഇപ്പോൾ എവിടെയാന്നാവോ? മറ്റുള്ളവർ എങ്ങനെ സുഖമായി കിടന്നുറങ്ങിയിരുന്നുയെന്നത് ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത സമസ്യയാണ്. കാണ്ടാമൃഗത്തിൻ്റെ തൊലിയായിരുന്നിട്ടുണ്ടാവും ഇബിലീസുകൾക്ക്!!

മെഴുകുതിരി, കടുകെണ്ണ , മദ്യം, അപ്പക്കാരം, യൂകാലിപ്‌റ്റസ്‌ തൈലം, പുതിന എന്നുവേണ്ട കണ്ട അണ്ടനും അടകോടനും പറഞ്ഞ നാട്ട് വൈദ്യം മുഴുവൻ ഞാൻ അവയുടെ മേൽ പരീക്ഷിച്ചു. ആവനാഴിയിലെ അവസാന അസ്‌ത്രമായ "ബെഗോൺ " സ്‌പ്രേയും പ്രയോഗിച്ചു. എവിടെ?

അവറ്റകൾക്ക് അതൊന്നുമേശിയില്ലെന്ന്  മാത്രമല്ല , ഓരോ ആക്രമണതിന്നും വളരെ ആസൂത്രിതമായ "സർജറിക്കൽ സ്‌ട്രിക്കുകൾ " അവർ പ്രത്യാക്രമണമായി തിരികെ നൽകി. ഇനി അണുബോംബ് മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളു. അങ്ങ് ഡെൽഹിയിലൊന്നും വലിയ പിടിയില്ലാതിരുന്നത് കൊണ്ടും, ഒരു മൂന്നാം ലോകമഹായുദ്ധത്തിന് ഹേതുവാകാൻ വലിയ താല്‍പര്യമില്ലാതിരുന്നത്  കൊണ്ടും ആ വഴിക്ക് ചിന്തകളെ അധികം മേയാൻ വിട്ടില്ല.

ഇവറ്റകളെ അങ്ങ് വംശവിച്ഛേദം ചെയ്തുകളയാമെന്നുള്ള എൻ്റെ മോഹം വെറും വ്യാമോഹമാണെന്ന്  ഞാൻ തിരിച്ചറിഞ്ഞു.  മൂവായിരത്തിയഞ്ഞൂറിൽ പരം വർഷങ്ങളുടെ വംശപാരമ്പര്യമുള്ള "ഊറ്റൽ"  ആചാര്യന്മാരോടാണ് കളി!!!  അങ്ങ് ഈജിപ്ഷ്യൻ സാഹിത്യത്തിലൊക്കെ മേൽപ്പറഞ്ഞ മഹാരഥികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ടത്രെ .....എന്താലേ?

"അറിഞ്ഞില്ലാ  .....ഇത് ഞാൻ അറിഞ്ഞില്ലാ. പെഡഗ്രിയുടെ മാഹാത്മ്യം നിങ്ങളിൽ ആവോളമുണ്ടെന്ന് ഈയുള്ളവൾ അറിഞ്ഞില്ല."

സമസ്താപരാധങ്ങളും പൊറുത്ത് മാപ്പാക്കണം എന്നു ഞാൻ കേണപേക്ഷിച്ചു. വേറേ നിവർത്തിയൊന്നുമില്ലാതെ ഞാൻ യുദ്ധമില്ലാസന്ധിക്ക് തയ്യാറായി ...... അല്ല , ആയുധംവെച്ചു നിരുപാധികമായി കീഴടങ്ങിയെന്ന് പറയുന്നതാവും കുറച്ചുകൂടി ഉചിതം.

അങ്ങനെ "ഇച്ച്‌ ഗാർഡിലും" , "രക്തദാനം മഹാദാനം" എന്ന തത്ത്വചിന്തയിലും ആശ്വാസം കണ്ടത്തി ഞാൻ എൻ്റെ ശിഷ്ട മൂന്ന് വർഷങ്ങൾ പലപ്പോഴും തറയിൽ പായ് വിരിച്ചു തള്ളിനീക്കി. ശരീരത്തിലെ ചൊരിഞ്ഞു പൊട്ടിയ പാടുകൾ അച്ഛനമ്മമാരെ കാണിച്ച്‌ കുറച്ചു സഹതാപവും കുറച്ചധികം പോക്കറ്റ് മണിയും കൈക്കലാക്കാൻ സാധിച്ചു എന്നതാണ് തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ ഒരേയൊരു സമാധാനം.

ഉർവ്വശീ ശാപം ഉപകാരമാകണമെന്നാനെല്ലോ ....അല്ലേ? 

Friday, October 14, 2016

കവിത : മരീചിക





ജ്വലിക്കാനുള്ള തൃഷ്‌ണയും , അണയുന്ന പ്രത്യാശയും
വചസ്സുകളായി വാരി വിതറിയവൻ ധവള ഭിത്തിയിൽ.

നിരാധാരമായി നോക്കി നിന്നൂ എണ്ണമറ്റ നേത്രങ്ങൾ.
മർത്യജന്മ അശരണതകൾ മന്ത്രിച്ചൂ അസംഖ്യം അധരങ്ങൾ.
പ്രാത്ഥനാമുദ്രകൾ രചിച്ചൂ കണക്കറ്റ ഹസ്തങ്ങൾ.

സമസ്‌തം വൃഥാ....ഹിതം അജ്ഞാതം.

ദേഹവും ദേഹീയും കലഹിച്ചു പിരിഞ്ഞു
ദേഹം ഉലയിലേക്ക് .....ദേഹീ അലയിലേക്ക്.

പെയ്യാൻ മറന്ന വൃഷ്‌ടിയേ ശപിക്കാൻ മറന്ന മണലാരണ്യം,
മരീചികയാൽ സ്വപ്‌നങ്ങൾക്ക് ചിറകേക്കുന്നു ....
അന്നും.....ഇന്നും.....എന്നും.

Wednesday, October 12, 2016

മനനം : ജയ് ഹിന്ദ്



"നീ ബി.ജെ.പി യാണല്ലേ?"

"ഞാൻ ഒരു "പീ....." യുമല്ല സുഹൃത്തേ"

"പിന്നെ? ....നീ മോദിക്ക് ഭയങ്കര സപ്പോർട്ട് ആണല്ലോ"

"ഞാൻ എൻ്റെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെയാണ് ഹേ പിന്‍തുണച്ചത് , അല്ലാതെ ഒരു വ്യക്തിയെയോ ഒരു പ്രസ്ഥാനത്തെയോ അല്ല. ദേശീയ സുരക്ഷയുടെ മടിക്കുത്തിൽ പിടിച്ചവർക്കെതിരെയുള്ള സൈനിക നടപടിയെയാണ് അനുമോദിച്ചത്."

"ഇത് "ഉറി"ക്കുള്ള മറുപടി മാത്രമാണെന്ന് തോന്നുന്നുണ്ടോ?"

"അല്ലെന്ന് അറിയാം ....വരാനിരിക്കുന്ന യൂ.പി തിരഞ്ഞെടുപ്പ്‌, മിഡ്-റ്റർമ് സമ്മര്‍ദ്ധം .... അങ്ങനെ പല രാഷ്‌ട്രീയവും വ്യക്തിപരവുമായ കാരണങ്ങൾ ഇതിനു പിന്നിൽ ഉണ്ടാവാം."

"ഉണ്ടാവാം എന്നല്ല.....ഉണ്ട്."

"ആയിക്കോട്ടെ. നിഷേധിക്കുന്നില്ല. ഒന്നും പ്രത്യക്ഷത്തിൽ കാണുന്നത്ര ചൊവ്വല്ലെന്ന് മനസ്സിലാക്കാനുള്ള മിനിമം രാഷ്‌ട്രീയജ്ഞാനം എനിക്കുണ്ടെന്ന് താങ്കൾ ദയവായി അംഗീകരിക്കണം."

"ജീവൻ്റെ നഷ്ട്ടം അതിര്‍ത്തിയുടെ ഏത് വശത്തായാലും നഷ്ട്ടം തന്നെയാണ്. ചോരയുടെ നിറം അവിടേയും ഇവിടെയും ഒന്ന് തന്നെയല്ലേ?"

"ഉറിയിൽ 19 ഇന്ത്യൻ സൈനികർ അകാരണമായി , ഒരു പ്രകോപനവുമില്ലാതെ, കൊല്ലപ്പെട്ടപ്പോൾ നിങ്ങളിലെ ഈ മനുഷ്യസ്നേഹി ടൂർ പോയിരിക്കുകയായിരുന്നോ സുഹൃത്തേ? അപ്പോൾ ഒഴുകിയ ചോരയുടെ നിറമെന്തായിരുന്നു?"

"അതിന്? വേറെയെന്തോക്കെ മാർഗങ്ങളുണ്ട് ......നമ്മുക്ക് യൂ.എൻ നിൽ പരാതിപ്പെടാം......അമേരിക്കയെ കൊണ്ട് ഉപരോധം ഏർപെടുത്താം........ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാം........ നയതന്ത്രജ്ഞരുമായി ചര്‍ച്ചചെയ്യാം. ഹിംസ ഒന്നിനും ഒരു പരിഹാരമല്ല സുഹൃത്തേ."

"അയ്യോ ശരിയാണല്ലോ .....ഞാൻ അതോർത്തില്ല. ആഞ്ഞടിക്കാൻ മറ്റേ കരണം കാണിച്ചു കൊടുക്കാം , കടൽ തീരത്തുപോയിരുന്നു തിരകൾ എണ്ണാം, മേൽപ്പോട്ടു നോക്കി നക്ഷത്രങ്ങൾ തിട്ടപ്പെടുത്താം, അടുത്ത പ്രധാനമന്ത്രിയായി നിലവിലുള്ള ചില ആൾ ദൈവങ്ങളുടെ പേര് നിർദേശിക്കാം....... താങ്കളൊരു സംഭവം തന്നെ കേട്ടോ."

ഒന്ന് പോടാപ്പാ ........

പി. സ് : ഈ സുഹൃത്തിനെ ഇപ്പോൾ കാണ്മാനില്ല. നാസ റാഞ്ചി എന്നൊരു ശ്രുതി കേട്ടു.

വീണ്ടും പി. സ് : ഈ തിരോധാനത്തിൽ എനിക്ക് മനസ്സാ വാചാ കര്‍മ്മണാ യാതൊരു പങ്കുമില്ലെന്ന് ബഹുമാനപെട്ട കോടതിക്ക് മുമ്പാകെ വിനയപൂർവം ബോധിപ്പിച്ചു കൊള്ളുന്നു.

ഓർമ്മകൾ : ഡയാനയും അക്ഷയ്‌യും



അന്നൊക്കെ റ്റാബ്ലോയഡ് നിറച്ചും അതിസുന്ദരിയായ ഡയാനയുടെ ചിത്രങ്ങൾ ആയിരുന്നു. അതൊക്കെ വെട്ടിയെടുത്തു ഞാൻ ഒരു സ്ക്രാപ്ബുക്ക് ഉണ്ടാക്കി ഒഴിവുവേളകൾ ആനന്ദകരമാക്കി.

ആയിടക്കാണ് "ഖിലാഡി" ഇറങ്ങിയത്.........."വാദാ രഹാ സന"വും പാടിയവൻ മനസ്സിൽ കയറിപറ്റി. പിന്നെ "മോഹ്‌റ" വന്നു..............."തു ചീസ് ബഡി ഹേ മസ്ത് മസ്തും" ആടിയവൻ ചങ്കിലും സ്ഥാനമുറപ്പിച്ചു.

അക്ഷയ് കുമാറിൻ്റെ ചിത്രങ്ങൾ ഒട്ടിക്കാൻ അതേ സ്ക്രാപ്ബുക്ക് തന്നെ തിരഞ്ഞടുക്കാൻ കാരണങ്ങൾ രണ്ടായിരുന്നു.

രണ്ടു ബുക്കുകൾ കൊണ്ടു നടക്കുന്നത് ഒഴുവാകാം - സദുദ്ദേശ്യം.
അച്ഛനോ അമ്മയോ അപ്രതീക്ഷിതമായി മുറിയിൽ കയറി വന്നാൽ രാജകുമാരിയെ കണ്ടോളും - ദുരുദ്ദേശ്യം.

അങ്ങനെ സ്ക്രാപ്ബുക്കിൻ്റെ മുൻപേജുകളിൽ രാജകുമാരിയും പിൻപേജുകളിൽ രാജകുമാരനും നിറഞ്ഞു.

ഒരു ദിവസം എൻ്റെ കളക്ഷൻ കൂട്ടുകാരികളെ കാണിക്കാൻവേണ്ടി ഞാൻ സ്ക്രാപ്ബുക്കുമായി ക്ലാസ്സിൽ പോയി. പെൺകുട്ടികൾ മാത്രമുള്ള ക്ലാസ്സ്‌റൂം. ആരുടെ ചിത്രങ്ങളായിരിക്കും കൂടുതൽ ജനപ്രിയം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു. ഡോർ തുറക്കുന്ന ശബ്ദം....കൂട്ടം കൂടിനിന്നവർ ആക്രമിക്കപ്പെട്ട തേനീച്ചക്കൂട്ടം പോലെ നാലുപാടും ചിതറിയോടുന്നു....അകെ മൊത്തം കൺഫ്യൂഷൻ.....പുകമറ മാറിയപ്പോൾ എൻ്റെ സ്ക്രാപ്ബുക്ക് ദേ ബയോളജി മിസ്സിൻ്റെ കൈയിൽ. ഹൃദയസ്‌തംഭനം എന്നൊക്കെ പറയുന്നത് ഇതിനായിരിക്കും!!!!

തരക്കേടില്ലാത്ത മാർക്സ്‌ വാങ്ങിക്കുന്ന കൂട്ടത്തിലായതു കൊണ്ട് മിസ്സിന് എന്നെ വലിയ കാര്യമാന്ന്. മാത്രമല്ല എൻ്റെ അമ്മ ഇതേ സ്കൂളിൽ തന്നെ ടീച്ചറാന്ന്. എൻ്റെ നിലയും വിലയും പിസാ ഗോപുരം പോലെ ചരിയുന്നത് എനിക്ക് കാണാം. അത് ഏതു നിമിഷവും നിലംപതിക്കാം. അക്ഷയ് കുമാറിൻ്റെ സിക്സ് പായ്ക്ക് എങ്ങാനും മിസ്സ് കണ്ടാൽ...അതോടെ തീരും..എല്ലാം.

ഹെഡ്മിസ്റ്റ്റസിൻ്റെയും പ്രിൻസിപലിൻ്റെയും മുഖങ്ങൾ ഫിഷ് - ഐ ലെൻസിൽ കാണുന്നതുപോലെ കൺമുമ്പിൽ സൂം ചെയ്തു. മനസ്സിനുള്ളിൽ അമിട്ടുകൾ തലങ്ങും വിലങ്ങും പൊട്ടി.

മിസ്സ് ബുക്കിൻ്റെ പേജുകൾ ഓരോന്നായി മറിക്കുകയാണ്. മുപ്പതുപേർ ശ്വാസം വിടാൻ മറന്നിരിക്കുന്നു.

"ഇത് ആരുടെയാണ്?" മിസ്സിൻ്റെ മുഖം ഭാവശൂന്യമാണ്.

പ്രത്യേകിച്ച് വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ എഴുന്നേറ്റു നിന്നു.

"ദിസ് ഈസ് യൂർർർർസ്? ഐ ആം സർർർർപ്രൈസ്‌ഡ്‌ ജയാ..... ബട്ട് ഇറ്സ് ഫൈൻ......ഐ റ്റൂ ലൈക് ഹെർ എ ലോട്ട്.......നൈസ്......", മിസ്സ് പുഞ്ചിരിച്ചു കൊണ്ട് ബുക്ക് എനിക്ക് തിരികേ നൽകി.

ദൈവമുണ്ട്....ദൈവമുണ്ട്........

പലരിൽനിന്നുമായി ഒരുമിച്ച്‌ പുറത്തേയ്ക്കു വന്ന കാർബൻഡൈയോക്സൈഡ് അന്തരീക്ഷത്തിലെ ഓക്‌സിജൻ്റെ അളവ് കുറച്ചത് കൊണ്ടാണോയെന്നറിയില്ല, അന്ന് മുഴുവൻ നേരിയ തലവേദന അനുഭവപെട്ടു.

രാജകുമാരിയും രാജകുമാരനും ഇന്നും ചങ്കിൽ തന്നെയുണ്ട്. ഒരാൾ നോവായും 😔, മറ്റെയാൾ കുളിരായും 😘

ആ സ്ക്രാപ്ബുക്ക് മാത്രം കാലത്തിൻ്റെ കുത്തൊഴുക്കിലെവിടെയോ നഷ്‌ടപ്പെട്ടു.......

കവിത : മനസ്സിൻ്റെ മുറിവുകൾ



നനയാൻ മറന്ന മഴകൾ,
അറിയാൻ മറന്ന സൗരഭ്യങ്ങൾ,

തഴുകിയകന്ന തിരകൾ ,
തഴുകാതെ മറഞ്ഞ തെന്നലുകൾ,

കൊഴിഞ്ഞു വീണ ഇലകൾ,
വേരറ്റ് ഉണങ്ങിയ തണ്ടുകൾ,

പറന്നകന്ന പറവകൾ ,
മാഞ്ഞുപോയ വര്‍ണ്ണരാജികൾ,

പറയാതെപോയ വിചാരങ്ങൾ,
പറഞ്ഞു പോയ പദങ്ങള്‍,

എല്ലാം നീറും മനസ്സിൻ്റെ മുറിവുകൾ.

ഓർമ്മകൾ : ദൈവത്തിനൊരു ചോദ്യാവലി.



എൻ്റെ ഒട്ടു മിക്ക ഓർമ്മകളും ഒരോ പാട്ടുകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന് തോന്നുന്നു. "രാസാത്തീ ഉന്നേ , കാണാതെ നെഞ്ച് , കാറ്റാടി പോലാടത്ത്.................." ഈ ഗാനം ഈയിടക്ക് കേട്ടപ്പോൾ വർഷങ്ങൾക്കിപ്പുറം ഞാൻ ജയയെ ഓർത്തു.

ജോലി കിട്ടി ബംഗളൂരിൽ ചെന്നിറങ്ങുമ്പോൾ എനിക്ക് അവിടെ പരിചയക്കാർ ആരുമുണ്ടായിരുന്നില്ല. കമ്പനി ഗസ്റ്റ് ഹൗസിലെ താമസം വെറും ഒരു മാസം മാത്രമേ ഉണ്ടാവൂ. അതിനുള്ളിൽ ഒരു വീട് കണ്ടു പിടിക്കാൻ ഇൻഡക്ഷൻ ടീമിൽ കൂടെയുണ്ടായിരുന്ന മൂന്നുപേരുമായി ചേർന്നു - പ്രിയ , ശോഭ , ജയാമണി. അവർ മൂന്നുപ്പേരും തമിഴർ.

ഭാഗ്യവശാൽ കമ്പനിക്ക് അടുത്ത് തന്നെ ഒരു വീടൊത്തു. നടക്കാവുന്ന ദൂരം. ഞങ്ങൾ നാല് പേരും നാല് പ്രൊജെക്ടുകളിൽ ആയിരുന്നതുകൊണ്ട് തമ്മിൽ കാണുന്നത് തന്നെ വിരളം. എത്ര തിരക്കുണ്ടെങ്കിലും ജയ മാത്രം എല്ലാ വെള്ളിയാഴ്‌ചയും സേലത്തുള്ള വീട്ടിൽ മുടങ്ങാതെ പോയി വന്നു. സഹവാസികൾ എന്നതിലപ്പുറം വൈകാരികമായ അടുപ്പം ആർക്കും ആരോടുമില്ല. ജയയുടെ മൊബൈലിലെ റിങ് ടോൺ ആയിരുന്നു ആ പാട്ട്.

വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കടന്നു പോയി. ഒരു ദിവസം ഉച്ചക്ക് എന്തോ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ഞാൻ കണ്ടത് പനിച്ചു വിറച്ചു കിടക്കുന്ന ജയയെയാണ്. അടുത്തുള്ള ഒരു ക്ലിനിക്കിൽ നിര്‍ബന്ധിച്ചു കൊണ്ടുപോയി മരുന്ന് വാങ്ങി കൊടുത്തു. വീട്ടിൽ അറിയിക്കേണ്ടെയെന്ന് ചോദിച്ചപ്പോൾ വേണ്ടായെന്നവൾ പറഞ്ഞു. മൂന്ന് ദിവസം ലീവെടുത്ത് ഞാൻ കൂടെയിരുന്നു. ആ ദിവസങ്ങളിൽ ഞങ്ങൾ ഒരുപ്പാട്‌ സംസാരിച്ചു.

അച്ഛൻ അവൾക്ക് മൂന്ന് വയസുള്ളപ്പോൾ ഒരപകടത്തിൽ മരിച്ചു. അമ്മയ്ക്കും ചേച്ചിക്കും അവരുടെ രണ്ടു കുഞ്ഞുങ്ങൾക്കും ഇപ്പോൾ അവൾ മാത്രമാണ് അത്താണി. ചേച്ചിയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയത്രേ. മക്കൾക്കും വീട്ടിനടുത്തുള്ള വേറെ കുറച്ചു കുട്ടികൾക്കും കണക്ക് പറഞ്ഞുകൊടുക്കാൻ വേണ്ടിയാണ് ജയ മുടങ്ങാതെ വീട്ടിൽ പോയിരുന്നത്. അതിൽ കുറച്ചു പേരുടെ വിദ്യാഭ്യാസച്ചിലവുകൾ വഹിക്കുന്നതും അവളായിരുന്നു.

അവളുടെ ചിന്തകളുടെ വലിപ്പം എന്നെ ലജ്ജിപ്പിച്ചു. സ്വാർത്ഥചിന്തക്കൾക്കപ്പുറം ഒരു ലോകമുണ്ടെന്നും അവയിൽ നാമോരോരുത്തർക്കും ചെയ്യാൻ പറ്റുന്ന സംഭാവനകളുടെ സാദ്ധ്യതകൾ അളവറ്റതാന്നെന്നും ഞാൻ തിരിച്ചറിഞ്ഞു. സംഭാവനകളുടെ വലിപ്പമല്ല അതിന് സന്നദ്ധമാകുന്ന മനസ്സാണ് ഗര്‍വ്വിതമെന്ന് ഞാൻ അവളിൽ നിന്നും മനസ്സിലാക്കി.

മൂന്ന് വർഷം കഴിഞ്ഞു വിദേശത്തു ജോലി കിട്ടി ഞാൻ കമ്പനി വിടുമ്പോൾ എൻ്റെ ഇഷ്ട്ടദൈവമായ ഗണപതിയുടെ ഒരു ലഘുരൂപം സമ്മാനിച്ചു അവളെനിക്ക്.

ഏതാണ്ട് ഒരു വർഷം കഴിഞ്ഞു കാണും, പഴയ ടീമിലുള്ള ഫിലിപ്പിൻ്റെ ഒരു മെയിൽ വന്നു , "എടോ , തൻ്റെ റൂം മേറ്റ് ജയാമണി മരിച്ചു........"

നടുക്കം മാറിയപ്പോൾ ഞാൻ അവനെ ഫോണിൽ വിളിച്ചു. അവനും കാര്യമായി ഒന്നുമറിയില്ല. കമ്പനി വെബ്‌സൈറ്റിൽ ചരമക്കുറിപ്പ് കണ്ടപ്പോഴാണ് അവനും വിവരം അറിയുന്നത്. അതിൻ്റെ ഒരു സ്‌ക്രീൻഷോട്ട് അവൻ എനിക്കയച്ചു തന്നു. ശോഭയുടെയും പ്രിയയുടെയും ഇൻബോക്സിലേക്കു ഞാൻ അത് മെയിൽ ചെയ്‌തു. അവരും അപ്പോഴേക്കും കമ്പനികൾ മാറിയിരുന്നു. ചില പൊതുവായ സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു എന്നെയും അവർ കാര്യങ്ങൾ അറിയിച്ചു.

പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. ഒരു പനിയും തൊണ്ടവേദനയും. ശ്രദ്ധിക്കാതെ കൊണ്ടുനടന്നു കാണും. കൂടിയപ്പോൾ ഹോസ്പിറ്റലിൽ അഡ്‌മിറ്റായി. ഭേദമായി വരുകയായിരുന്നു. പെട്ടന്ന് നില വഷളായി , ശ്വാസകോശം തകർന്നു. വെൻറ്റിലേറ്ററിന്ന് അവൾ പിന്നെ തിരികേ വന്നില്ല.

എന്നെങ്കിലുമൊരിക്കൽ ദൈവത്തെ കാണുമ്പോൾ ഉത്തരങ്ങൾ കിട്ടേണ്ട ഒരുപിടി ചോദ്യങ്ങൾ ഉണ്ടെൻ്റെ കൈയിൽ. ജയക്ക്‌ വേണ്ടി , ആദിത്യക്ക്‌ വേണ്ടി , പിയൂഷിന് വേണ്ടി , ജിഷ്ണുവിന് വേണ്ടി .......എനിക്കത്‌ ചോദിച്ചേ മതിയാകൂ. ഉത്തരം കിട്ടിയേ തീരൂ.......

എന്തിനായിരുന്നു? നല്ലത് ചെയ്‌താൽ നല്ലതേ വരൂയെന്ന കർമ്മവ്യവസ്ഥക്കെന്തു സംഭവിച്ചു? മുൻജന്മപാപങ്ങളുടെ കണക്കുകൾ മറ്റൊരു ജന്മത്തേക്ക് മാറ്റി വെയ്ക്കപ്പെടുന്നതെന്തേ? ഒരവസരം കൂടി നൽകാതിരിക്കാൻ മാത്രം എന്ത് തെറ്റാണിവരൊക്കെ ചെയ്തത്? കൊടും പാപികൾ വാനോളം വളരുന്നതെങ്ങനെ? വിശ്വം വെറും ആകസ്‌മികതയിൽ അധിഷ്‌ഠിതമോ? വിധിയുടെ ചുറ്റിക പതിയാതിരിക്കാൻ പാലിക്കപ്പെടേണ്ട നിയമങ്ങൾ ഏതൊക്കെ?

ഈ ചോദ്യങ്ങൾക്ക് ഭൂമിയിലുള്ളവരാരും തൃപ്തികരമായ ഒരു മറുപടിയും തരുമെന്ന പ്രതീക്ഷ എനിക്കില്ല.

വിശ്വാസത്തിൻ്റെ അടിത്തറക്ക് ഇളക്കമുണ്ടോ? ശുഭ പ്രതീക്ഷകൾക്ക് മങ്ങലുണ്ടോ? ഉണ്ടാവാതിരിക്കട്ടെ. മുന്നോട്ടുള്ള പ്രയാണത്തിൽ ഇവ കൂട്ടായി വേണം. അനിവാര്യമായ ആ അനന്തസാഗരത്തിൽ ചെന്ന് ക്ഷയിക്കുംവരെ ഒഴുകിയല്ലേ നിവർത്തിയുള്ളു..........

OneLiners

നമ്മുടെ ജീവിതം മുഴുവൻ പാതകളാണ്. വീട്ടുകാർക്കായി.....കൂട്ടുകാർക്കായി... നാട്ടുക്കാർക്കായി....ജോലി സംബന്ധമായി...നമ്മുക്കായി. വെവ്വേറെ പാതകൾ ഒരു multi lane highway പോലെ അങ്ങനെ നീണ്ടു നിവർന്നു സമാന്തരങ്ങളായി ഓടുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം....lane change ചെയ്യുമ്പോൾ indicator ഇടാൻ മറക്കരുത്.

കഥയും കവിതയും ഒരുനാൾ കണ്ടുമുട്ടി, ഭാവനയെ അങ്ങ് കൊല്ലാൻ തീരുമാനിച്ചു. സമാധാനമായിട്ടിരിക്കാലോ!!!

മരുഭൂമിയിൽ മഴതുള്ളി കിലുക്കം.

സ്വപ്നങ്ങളൊക്കെ ഓർമ്മകളെ ഡിവോഴ്സ് ചെയ്തു. ചിന്തകളും പിണക്കത്തിലാണ്. എട്ടിന്റെ "പണി" മാത്രം മുറയ്ക്ക് വന്ന്‌ ഹാജർ വയ്ക്കുന്നുണ്ട്.

നാമെല്ലാവരും പ്രപഞ്ചം കീഴടക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ , നാമോരോരുത്തരുടേയും പ്രപഞ്ചങ്ങളുടെ വ്യാസം വിഭിന്നമായിരിക്കും.....ചിലപ്പോൾ പ്രപഞ്ചങ്ങളും.

നാല് മഹാകോടിയോളം വരുന്ന കോശങ്ങളിൽ , ഏതെങ്കിലും ഒന്ന് - കേവലം ഒരേയൊരണ്ണം - മറിച്ചൊന്ന് ചിന്തിച്ചാൽ തീരാവുന്നത്ര ശിഥിലമാണ് "അഹം" എന്ന ഭാവം.


Saturday, October 1, 2016

കഥ : അവനും ഞാനും തമ്മിൽ


മഴ തോർന്ന് കാർമേഘങ്ങൾ മൂടിയ ആകാശത്തിനുക്കീഴേ എങ്ങും ചാരനിറം പരന്ന് കിടക്കുന്നു. പണ്ടേ എനിക്ക് ഇഷ്ടമില്ലാത്ത നിറങ്ങളിൽ ഒന്നാണ് ചാരം. വിഷാദത്തിൻ്റെ നിറം. മടുപ്പിൻ്റെ നിറം.ആലസ്യത്തിൻ്റെ നിറം.

ബാൽക്കണിയിൽ കൂടി പുറത്തേക്ക് നോക്കി നിന്നപ്പോൾ ഞാൻ ഓർത്തു , "മൂന്ന് മാസം കഴിഞ്ഞിട്ടും ഈ നഗരം എനിക്കിപ്പോഴും അപരിചിതം തന്നെ. യാതൊരുവിധത്തിലുള്ള അനുബന്ധവും എനിക്ക് ഇതിനോട് തോന്നുന്നില്ലല്ലോ. ഈ ഫ്ളാറ്റിലെ ഒന്നിനോടും .........ശരത്തിനോട് പോലും......."

ഇന്നും അമ്മ വിളിച്ചിരുന്നു. മനസ്സിൽ ഇല്ലാത്ത ഉല്ലാസം വാക്കുകളിൽ വരുത്തി ഞാൻ അമ്മയെ പറ്റിച്ചു. പറയാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും നിരത്താനില്ലാത്തിടത്തോളം കാലം എനിക്ക് അമ്മയേ ഇനിയും പറ്റിക്കേണ്ടി വരും. സന്തോഷമില്ലായിമയുടെ കാരണം തിരക്കിയാൽ എന്താ ഞാൻ പറയേണ്ടത്? ശരത്തിന് എന്നോട് സ്നേഹമില്ലെന്നോ ? എന്നെ കെയർ ചെയ്യുന്നില്ലെന്നോ? എൻ്റെ കാര്യങ്ങളിൽ ശ്രദ്ധയില്ലെന്നോ?

പാവം ശരത്. എന്നെയൊന്ന് സന്തോഷിപ്പിക്കാൻ ആവുന്നതൊക്കെ ചെയ്യുന്നുണ്ട് . എന്നിട്ടും എന്തുകൊണ്ടോ അവനെ സ്നേഹിച്ചു തുടങ്ങാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. പുസ്തകങ്ങൾ വായിക്കുമെന്ന് പറഞ്ഞപ്പോൾ പിറ്റേന്ന് തന്നെ ലൈബ്രറിയിൽ അംഗത്വം. സിനിമ കാണാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആഴ്ച്ചതോറുമുള്ള പുതിയ റീലീസിൻ്റെ ടിക്കറ്റ്സ്. ഇഷ്ടനിറങ്ങളായ മഞ്ഞയിലും പച്ചയിലും ഫ്ലാറ്റിൻ്റെ ഇൻറ്റിറീർസിൻ്റെ റീഡിസൈൻ.

ശ്രമിക്കാഞ്ഞിട്ടല്ല .....പക്ഷെ പറ്റുന്നില്ല. അകാരണമായൊരു ശങ്ക. അദൃശ്യമായൊരു വേലി. അത് മറിക്കടക്കാൻ മനസ്സ് എന്തുകൊണ്ടോ സന്നദ്ധമാവുന്നില്ല.

ഇത്രയും നേരത്തെ ഒരു കല്യാണം ഞാൻ ആഗ്രഹിച്ചിരുന്നില്ല. കുടുബജീവിതത്തിൻ്റെ ഉത്തരവാദിത്തങ്ങൾ ഏറ്റടുക്കാൻ മനസ്സ് ഒരുക്കമായിരുന്നില്ല. വേറെ എന്ത് ചെയ്യണമെന്ന് നിശ്ചയവുമില്ലായിരുന്നു. എന്നാൽ എനിക്ക് എൻ്റെതായി കുറച്ചു സമയം വേണമെന്ന് മാത്രമറിയാമായിരുന്നു. അച്ഛൻ്റെ നിർബന്ധം. ശരത്തിൻ്റെ ആലോചന വന്നപ്പോൾ എതിർക്കാൻ കാരണങ്ങൾ ഇല്ലായിരുന്നു. ജോലി, വിദ്യാഭാസം, സൗന്ദര്യം, കുടുംബപശ്ചാത്തലം ഒക്കെ എൻ്റെ പക്ഷം ദുര്‍ബ്ബലമാക്കി.

എത്രനാൾ ഇങ്ങനെ അഭിനയിക്കാൻ പറ്റുമെന്നറിയില്ല. ഇന്നലെ പാർക്കിൽ നടക്കാൻ താൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ശരത്തിൻ്റെ മുഖം വാടിയതു ശ്രദ്ധിച്ചില്ലെന്ന് നടിച്ചു. അത് ഓർത്തപ്പോൾ പെട്ടന്ന് കണ്ണുകൾ നിറഞ്ഞു. ഞാൻ എന്താ ഇങ്ങനെ? അച്ഛനോടുള്ള വാശിയാണോ? ഇത്രയും സ്വാര്‍ത്ഥ പാടുണ്ടോ?

ചുമ കേട്ടവശത്തേക്കു തിരിഞ്ഞു നോക്കിയപ്പോളാണ് കണ്ടത്. അടുത്ത ഫ്ളാറ്റിലെ ബാൽക്കണിയിൽ അവൻ......കൈയും കെട്ടി എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു . ആദ്യം നീരസം തോന്നി. അവനൊരു മഞ്ഞ പന്ത് എനിക്ക് നേരെ തിരിച്ചു കാണിച്ചു - ഒരു പുഞ്ചിരിക്കുന്ന സ്മൈലിയുടെ ചിത്രമുള്ള പന്ത്. ഞാൻ അറിയാതെ ചിരിച്ചു പോയി.

"മച്ച് ബെറ്റർ. ഞാൻ കിരൺ."

"രേഖ...."

"പറഞ്ഞോളു"

"എന്ത്?"

"എന്തുതന്നെയായാലും. കേട്ടിട്ടില്ലേ.......പങ്കുവെക്കുമ്പോൾ ദുഃഖങ്ങൾ പകുതിയാക്കുമെന്ന്"

"ഞാൻ ചെല്ലട്ടെ ....ശരത് വരാറായി."

ഒട്ടും പരിചയമില്ലാത്ത ഒരാളോട് എന്ത് പറയാൻ? പക്ഷെ........ ഒന്നാലോചിച്ചപ്പോൾ ശരിയല്ലേ? വൈകാരികമായ അടുപ്പമില്ലാത്തവരോടാണ് നമ്മൾ മനസ്സുതുറക്കാൻ സാദ്ധ്യത കൂടുതലെന്ന് തോന്നുന്നു. അവരിൽ നിന്നും മുന്‍വിധികളില്ലാത്ത പ്രതികരണങ്ങൾ പ്രതീക്ഷിക്കാമെല്ലോ.

ആ മഞ്ഞ പന്ത് ഓർക്കുമ്പോഴൊക്കെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അന്ന് അത്താഴത്തിന്, ശരത്തിനിഷ്ടമുള്ള ഗ്രീൻ പീസ് കറിയുണ്ടാക്കി.

പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും ഞങ്ങൾ ബാൽക്കണിയിൽ കണ്ടുമുട്ടി. സുന്ദരമായ ഒരു അടുപ്പത്തിൻ്റെ തുടക്കമായിരുന്നു അത്. അവൻ വളരെ സീരിയസ്സായിട്ടു തമാശകൾ പറയും ...... കേട്ടാൽ ചിരിക്കാതിരിക്കാൻ കഴിയില്ല. പിന്നെ അസ്സലായിട്ട് പാടും. അന്താക്ഷരി ഞങ്ങളുടെ പ്രിയപ്പെട്ട വിനോദമായി. എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം , "ആപ്‌കീ നസറോൺ നെ സംജാ, പ്യാർ കേ കാബിൽ മുജ്ഹേ ......" അവൻ എത്ര ഇമ്പത്തോടെയാണ് പാടുന്നതെന്നറിയുമോ.

ശരത്തുമായിട്ടുള്ള സിനിമകൾ ഞാൻ ആസ്വദിച്ചു തുടങ്ങി. ഞങ്ങൾ ഒരുമിച്ചു സായാഹ്നങ്ങളിൽ നടക്കാൻ പോയി. ശരത്തിനിഷ്ടമുള്ള കറികൾ ഞാൻ ഉണ്ടാക്കി. എൻ്റെ ജീവിതത്തിൽ ഞാനായിട്ട് രചിച്ച ശിശിരം ഞാൻ പോലും അറിയാതെ വസന്തമായി മാറുകയായിരുന്നു.

എൻ്റെയുള്ളില്ലേ പുതുജീവൻ്റെ തുടിപ്പിനെ പറ്റി ഞാൻ ആദ്യം പറഞ്ഞതും അവനോടാണ്. അന്ന് അവനെ കൊണ്ട് ഞാൻ എൻ്റെ പ്രിയപ്പെട്ട ഗാനം വീണ്ടും വീണ്ടും പാടിപ്പിച്ചു. വളരെ ആഹ്ലാദകരമായ മൂന്ന് മാസങ്ങൾ അതിവേഗം കടന്നു പോയി.

ഒരു ദിവസം കണ്ടപ്പോൾ അവൻ വളരെ ഗൗരവത്തിൽ കാണപ്പെട്ടു. ഞാൻ കാര്യം തിരക്കി .

"രേഖാ .....നമ്മൾ ഇത്രയും നല്ല കൂട്ടുകാരായ സ്ഥിതിക്ക് , എനിക്ക് തന്നോടൊന്നും മറച്ചുവയ്ക്കാൻ ഇഷ്ട്ടമല്ല. കുറെ നാളായി വിചാരിക്കുന്നു തന്നോട് ഒരു കാര്യം പറയണമെന്ന്. പക്ഷേ, താൻ അതെങ്ങനെ ഉൾകൊള്ളുമെണെനിക്കറിയില്ല. അറിഞ്ഞാൽ താൻ എന്നെ വെറുക്കുമോയെന്നു ഞാൻ ഭയക്കുന്നു."

"നിന്നെ വെറുക്കാണോ? നീ കാര്യം പറഞ്ഞേ .......വെറുതേ എന്നെ റ്റെൻഷനടിപ്പിക്കാതെ."

"രേഖാ ...ഐ ആം ഗേ."

ഞാൻ പൊട്ടിച്ചിരിച്ചു. "ഇത്രയേയുള്ളൂ ....ഇതാന്നോ ഇപ്പൊ ഇത്രവലിയ കാര്യം. ആക്ച്വലി ഒരുകണക്കിന് അത് നന്നായി .....ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നു നീ ഒരിക്കലും തെറ്റിദ്ധരിക്കില്ലല്ലോ.......എനിക്ക് നിന്നോട് എന്ത് ഫ്രീഡം വേണമെങ്കിലും എടുക്കാമെല്ലോ."

അവൻ ചിരിക്കുമെന്നു പ്രതീക്ഷിച്ചയെനിക്ക് തെറ്റി. അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

"ഏയ് കിരൺ, ലുക്ക് ഹിയർ . ഇത് നമ്മുടെ സൗഹൃദത്തെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. യു ആർ മൈ ഫ്രണ്ട് . ഐ വിൽ ഓൾവേസ് ലവ് യു , നോ മാറ്റർ വാട്ട്." ഞാൻ അവൻ്റെ കൈകൾ കൂട്ടിപ്പിടിച്ചു.

"ഐ ആം HIV പോസിറ്റീവ്............"

അതെന്നെ ശരിക്കും ഞെട്ടിച്ചു. അനിച്ഛാപൂര്‍വമായി ഞാൻ എൻ്റെ കൈകൾ പിൻവലിച്ചു. അവൻ്റെ കണ്ണുകളിൽ പടർന്ന നോവിൻ്റെ വേരുകൾ ഞാൻ കണ്ടതേയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ഒന്നും പറയാതെ ഞാൻ അകത്തേക്ക് പോയി.

പിന്നെ ഒരാഴ്ചയോളം ഞാൻ ബാൽക്കണിയിലേക്ക് പോയില്ല. ശരത്തിൻ്റെ മുന്നിൽ കഴിവതും സാധാരണ നിലയിൽ പെരുമാറി. എൻ്റെ ചിന്തകള്‍ ക്രമീകരിക്കാൻ എനിക്ക് സമയം വേണമായിരുന്നു. ആദ്യത്തെ ഞെട്ടൽ മാറിയപ്പോലുള്ള പുനരവലോകനത്തിൽ ഞാൻ തിരിച്ചറിഞ്ഞു , എന്ത് വലിയ തെറ്റാണ് ഞാൻ കാട്ടിയതെന്ന്.........അവൻ്റെ മനസ്സ് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും.

എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ജീവിത നിമിഷങ്ങൾക്ക് അർത്ഥവും ദിശയും നൽകിയത് അവനാണ് , അവൻ്റെ സാന്നിദ്ധ്യമാണ്. എൻ്റെയും ശരത്തിൻ്റെയും ജീവിതത്തിലെ ഉത്പ്രേരകം, ഞാനും അവനും തമ്മിലുള്ള സൗഹൃദമല്ലേ? അത് നഷ്ടപ്പെടുത്താൻ എനിക്കാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഉത്പ്രേരകം ഇല്ലാതെ എന്ത് രാസപ്രവർത്തനം?

അവന് ഏറെ ഇഷ്ട്ടമുള്ള ചോക്ലേറ്റ് കേക്കുണ്ടാക്കി അതിൽ തൂവെള്ള ഐസിങ് കൊണ്ട് ഞാനെഴുതി , "മനഃപൂർവ്വമല്ല ...... എന്നോട് ക്ഷമിക്കില്ലേ?".
ബാൽക്കണിയിൽ വെച്ചു മാത്രമേ ഞങ്ങൾ ഇതുവരെ കണ്ടിട്ടുള്ളു. അവൻ്റെ ഫ്ലാറ്റിൽ ഇത് ആദ്യമാണ്. വാതിൽ തുറന്ന അവനെ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല . ഉറങ്ങിയിട്ട് ദിവസങ്ങൾ ആയതു പോലെ. കണ്ണുകൾ ഒക്കെ കലങ്ങി, മുടി ഒക്കെ ഉലഞ്ഞ്........

"രേഖാ ...... ഞാൻ .....എനിക്ക് ......"

"ഒന്നും പറയണ്ട .....തെറ്റ് ചെയ്തത് ഞാനല്ലേ.....നോക്ക് .....നിനക്ക് ഏറ്റവും ഇഷ്ടമുള്ള കേക്ക് ...."

എൻ്റെയും അവൻ്റെയും കണ്ണുകൾ ഒരുമിച്ചു നിറഞ്ഞൊഴുകി. ഞാൻ അവൻ്റെ നെറ്റിയിൽ മെല്ലെ ഉമ്മ വെച്ചു.

" ഈ പ്രപഞ്ചത്തിൽ എവിടെയോയുണ്ട് നിങ്ങളുടെ ആ ഉറ്റമിത്രം. ആ വ്യക്തിയെ കണ്ടുപിടിക്കൂ ". ഒമർ ഖയ്യാമിൻ്റെ വാക്കുകൾ.

ഞങ്ങളുടെ അന്വേഷണം ഞങ്ങളിൽ അവസാനിച്ചിരിക്കുന്നു.

Monday, September 26, 2016

കവിത : ഒരു കണ്ണുനീർ തുള്ളിയുടെ പ്രയാണം



മിഴിദളങ്ങളിൽ ഒളിക്കുന്നുവോ ആഴി തൻ അപാരത
ശ്രവിക്കുന്നില്ലാരും ഉള്ളിലെ പ്രളയത്തിൻ ഗർജ്ജനം.

ഇമയഗ്രങ്ങളിൽ നിന്നുതിരും കേവലമാമൊരു അശ്രുബിന്ദു
ഒഴുകുന്നിതാ നിൻ കവിള്‍ത്തടത്തിലൂടെ മന്ദമായി.

വീണിതാ പതിക്കുന്നു നിൻ അധരങ്ങൾക്കുമേൽ 
അവയോ , വിറയ്ക്കുന്നു സ്വ വ്യസനത്തിന് ഹിമവർഷത്താൽ 

നാവിലലിയും ലവണരസം , ഈ നയനജലം
ആഴിയിൽ ജനനം ആഴിയിൽ മരണം.

Sunday, September 25, 2016

Poem : Lonely Silhouette



Why does your memories still sting the eyes?
This is not what they said will ensue.
Time’s supposed to wave the mystic wand
And sweep the reminiscences far from pursue.
Your silhouette on the mind’s so very deep perhaps……?

Thursday, September 22, 2016

കഥ : സ്‌ഫടികദർശനം




[Published മാതൃഭൂമി പ്രസിദ്ധീകരിച്ച ഗൾഫ് മലയാളികളുടെ ചെറുകഥാ സമാഹാരം "കിതാബ് - ഇത് ഞങ്ങളുടെ കഥ", 2016]

പുതുച്ചേരി.......ഫ്രഞ്ചു  കൊളോണിയൽ സംസ്ക്കാരത്തിൻ്റെ അടയാഭരണങ്ങൾ ഇപ്പോഴും വാരിചുറ്റി നിൽക്കുന്ന നഗരം. വൃക്ഷരേഖിതമായ തെരുവുകൾ, കല്ലുപാകിയ നടപ്പാതകൾ, കടുകെണ്ണയുടെ നിറമുള്ള ഭവനങ്ങൾ, അങ്ങനെ പലതരം ചിത്രോപമമായ കാഴ്ചകളും പ്രശാന്തസുന്ദരമായ അന്തരീക്ഷവും പ്രധാനം ചെയ്യുന്ന പട്ടണം. പൈതൃകപരമായ  ചാരുത്വം തുളുമ്പുന്ന ലഘു ഭക്ഷണശാലകൾ, ചരിത്രശാലകൾ, ദേവാലയങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി തച്ചുശാസ്‌ത്രവിസ്മയങ്ങളാൽ സമ്പന്നമാണ് പുതുച്ചേരി.

റൊമൈൻ റോലാൻഡിലെ അസിസ്റ്റൻറ്റ് ലൈബ്രേറിയനായി അവിടെ വന്നിറങ്ങിയപ്പോൾ മുതൽ ഞാൻ ആ നഗരത്തെ പ്രണയിച്ചു തുടങ്ങിയെന്ന് തോന്നുന്നു. പൊതുവേ അന്തര്‍മുഖിയായെനിക്ക് ഈ നഗരം എന്തുകൊണ്ടോ സ്വപ്നങ്ങളുടെ ഏദന്‍തോട്ടമായി. ഏതോ പൂര്‍വ്വജന്മത്തീരത്തേക്ക്  മടങ്ങിയത് പോലെ.

വില്ല് ബ്ലാഞ്ചിൽ  [വൈറ്റ് ടൌൺ] ഒരു വാടകമുറിക്കുള്ള അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് മിസിസ്.ഷീലാ റോമിലിയുടെ "ഓ റുവാർ" [au revoir] എന്ന വസതിക്ക്  മുമ്പിലാണ്. പിരിയുമ്പോൾ വീണ്ടുമൊരു കണ്ടുമുട്ടലിൻ്റെ പ്രത്യാശകിരണങ്ങൾ ബാക്കി നിർത്തുന്ന ഒരു യാത്രാവന്ദനമാണ് "ഓ റുവാർ".  ശരിക്കും കാവ്യാത്മകം. പടർന്നു പന്തലിച്ചു നിൽക്കുന്ന മഞ്ഞ ബൂഗേൻവിലീയ പുഷ്‌പങ്ങൾ കൊണ്ട് പാതി മറഞ്ഞ ആ ചാര നിറമുള്ള  കോട്ടേജ്, കാല്‍പനികനവോത്ഥാനപദ്യങ്ങളേ അനുസ്മരിപ്പിച്ചു.

ഒരു കൈയിൽ കൊന്തയും മറുകൈയിൽ ഊന്ന് വടിയും, മുഖം നിറയെ ജരകളും, ചാരനിറമുള്ള മുടിയും കണ്ണുകളുമായി, എൺപതിലുകളിലും ചുറുചുറുക്കും ഉന്മേഷവും കാത്തുസൂക്ഷിക്കുന്ന, വളരെ സഹൃദയമായി സംസാരിക്കുന്ന മിസിസ്.റോമിലിയേ എനിക്ക് നന്നേ പിടിച്ചു. ഞായറാഴ്ച  മുതൽ താമസമാക്കാമെന്നുറപ്പിച്ചു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പഴക്കം ചെന്നയൊരു എഴുത്തുമേശയുടെ പുറത്തിരിക്കുന്ന സ്ഫടികഗോളത്തിൽ കണ്ണുടക്കിയത്. പുസ്തകങ്ങളിലും കഥകളിലുമൊക്കെ ഭാഗ്യപ്രവാചകരുടെ കൈയ്യിലും മറ്റും കാണുന്നത് പോലെയൊരണ്ണം.

"മിസിസ്.റോമിലിക്ക് ഭാവി പ്രവചിക്കാനറിയുമോ?"

"എല്ലാ മനുഷ്യർക്കും ഒരു ഭാവിയേയുള്ളു ഗാഥാ.... അത് മരണമാണ്. ആ അനിവാര്യതയിലേക്കുള്ള ദൂരവും പാതയും..........അതെല്ലേ എല്ലാപേരും തേടുന്നത്?  ഈ ക്ഷണവും ആ അനിവാര്യതക്കുമിടയിലേ നിമിഷങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള നമ്മുടെ വിഫലശ്രമല്ലേ ഈ ഭാവിയെക്കുറിച്ചുള്ള കൗതുകം?"

"ആയിരിക്കാം. പക്ഷേ കൗതുകമല്ലേ , തൂത്തുകളയാൻ പ്രയാസമാണ്. മിസിസ്.റോമിലിക്ക് എൻ്റെ ഭാവി പ്രവചിക്കാൻ കഴിയുമോ?"

"ഭവിഷ്യജ്ഞാനം പ്രവചിക്കപ്പെടേണ്ടതല്ല. സ്വയം നിരീക്ഷികേണ്ടയൊന്നാണ്.  ഞായറാഴ്ച വരൂ. നമ്മുക്ക് ശ്രമിക്കാം."

പക്ഷേ ആ ഞായറാഴ്ചയും പിന്നീടുള്ള ഒന്ന് രണ്ട് ഞായറാഴ്ചകളിൽ ശ്രമിച്ചിട്ടും ഗോളത്തിൽ എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. നിരാശയാൽ അക്ഷമയായ എന്നെ മിസിസ്.റോമിലി സമാധാനിപ്പിച്ചു,

"ഉപബോധമനസ്സിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന അന്തർജ്ഞാനം  ബോധമനസ്സിൻ്റെ വ്യാപ്തിക്കുള്ളിൽ വന്നു ചേരണം. എല്ലാ മനുഷ്യരിലും അമാനുഷിക മഹച്ഛക്തികളുണ്ട്. ഈ സ്ഫടികഗോളത്തിൻ്റെ പ്രകാശകിരണങ്ങളെ  നീ ഏകാഗ്രമായി വീക്ഷിക്കുമ്പോൾ ആ അറിവുകൾ നിനക്കിതിൽ ദർശിക്കാൻ പറ്റും. ഗിവ് ഇറ്റ് സമ് ടൈം ഗാഥാ. വന്നു തുടങ്ങിയാൽ പിന്നെ കടിഞ്ഞാന്നില്ലാത്ത കുതിരയെപ്പോലെ  അവ അവിരാമമായി പ്രവഹിച്ചുകൊണ്ടേയിരിക്കും. ഇറ്റ്  ഈസ്  ജസ്റ്റ്  എ മാറ്റർ ഓഫ് ടൈം."

വിചിത്രമെന്നു പറയട്ടെ, സ്‌ഫടികദർശനത്തിൽ ഞാൻ ആദ്യം കണ്ട ഭാവി എന്നെ കുറിച്ചായിരുന്നില്ല. തൂവെള്ള നിറമുള്ള മുറിയിൽ ഒരു സ്ത്രീ നിന്ന് കരയുന്നു. അവരുടെ വിങ്ങലുകളുടെ ആവൃത്തി കൂടി കൂടി വന്നു. അവർക്കരികിലായി കറുത്ത വസ്ത്രം ധരിച്ച, അസാമാന്യ സൗന്ദര്യമുള്ള മറ്റൊരു സ്ത്രീ, ക്ഷമയോടെ അവരേ നോക്കി കൈകൾ നീട്ടി നിൽക്കുന്നു. അവരുടെ നീണ്ടു കറുത്ത മുടിയും കറുത്ത ഉടയാടയും കാറ്റടിക്കുന്നതു പോലെ പാറിപ്പറക്കുന്നു. കുറച്ചു സമയത്തിനു ശേഷം അവർ രണ്ടുപേരും ദൂരേക്ക് നടന്നകന്നു.

ഞാൻ എന്നും ബസ്റ്റോപ്പിൽ കാണാറുള്ള സ്ത്രീയായിരുന്നു ഒരാൾ. കറുത്ത വസ്ത്രധാരിണി ആരെന്നെനിക്ക് അന്ന് മനസ്സിലായില്ല. നാലാം നാൾ ചീറിപ്പാഞ്ഞു വന്നയൊരു ടിപ്പർ ലോറി എൻ്റെ മുന്നിലൂടെ നിർത്താതെ ഓടിപ്പോയപ്പോൾ അവർ ആരാണെന്ന് ഞാൻ മനസ്സിലാക്കി - മരണത്തിൻ്റെ  മാലാഖ.

പിന്നീടൊരിക്കൽ  ഒട്ടും പരിചയമില്ലാത്ത  മധ്യവയസ്കനായ ഒരു മനുഷ്യനെയും അയാളുടെ കൂടെ സുന്ദരിയായ ഒരു സ്ത്രീയെയും കണ്ടു . അവർ കമിതാക്കൾ ആണെന്ന് തോന്നി. കൈകൾ കോർത്തുപിടിച്ചും , പരസ്പരം ആലിംഗനം ചെയ്തും,  കടൽത്തീരത്ത് കൂടി തമാശകൾ പറഞ്ഞും , പൊട്ടിച്ചിരിച്ചും അവർ നടന്നു. എത്ര ആലോചിച്ചിട്ടും അവരെയും എന്നെയും ബന്ധിപ്പിക്കുന്ന കണ്ണി എനിക്ക് മനസ്സിലായില്ല.  മിസിസ്. റോമിലിക്ക് പക്ഷെ ഒട്ടും ആശങ്കയിലായിരുന്നു , "ഇറ്റ്  ഈസ്  ജസ്റ്റ്  എ മാറ്റർ ഓഫ് ടൈം, മൈ ഡിയർ."

മിസിസ്. റോമിലിക്ക് തെറ്റിയില്ല. എൻ്റെ സഹപ്രവർത്തക റീനയുടെ വീട്ടിൽ വിരുന്ന് പോയ ഞാൻ അവളുടെ ഭർത്താവ് ഫിലിപ്പിനെ കണ്ട് ഞെട്ടി. അയാൾ  ഗർഭിണിയായ അവളോട് കാണിക്കുന്ന അമിത സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പൊള്ളത്തരം അധികനേരം സഹിക്കാനാവാതെ ഒരു തലവേദനയെ കൂട്ടുപിടിച്ചു ഞാൻ അവിടെ നിന്നിറങ്ങി. പിന്നെ പലപ്പോഴും ഭർത്താവിൻ്റെ സ്നേഹത്തെ കുറിച്ചവൾ വാചാലയാകുമ്പോൾ സഹതാപത്തിൻ്റെ നിഴലാട്ടങ്ങൾ എൻ്റെ കണ്ണുകളിൽ പ്രതിഫലിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അല്ലെങ്കിൽ തന്നെ മറ്റൊരാളെ വിലയിരുത്താൻ ഞാൻ ആര്? അയാൾക്കും കാണുമായിരിക്കും അയാളുടേതായ ന്യായികരണങ്ങൾ.

പെട്ടന്നൊരു ദിവസം ഞാനുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ദൃശ്യം തെളിഞ്ഞു.  സുമുഖനായൊരു ചെറുപ്പക്കാരനും അഞ്ചോ ആറോ വയസുള്ള നല്ല ഓമനത്തമുള്ളൊരു പെൺകുഞ്ഞും. ഏതോ മലമുകളിലാണവർ. ചുറ്റും പച്ചപ്പ് . അവളോടി വന്ന് അവൻ്റെ മടിയിൽകയറി ഇരുന്നു , അവൻ്റെ കവിളത്ത്  ചുംബിച്ചു , അവൻ്റെ താടിയിൽ അവളുടെ കവിളുകളുരസി. അവൻ അവളെ വാരിയെടുത്ത് മേൽപ്പോട്ടുയർത്തി വട്ടം കറക്കി. അവളുടെ പൊട്ടിച്ചിരിക്കുന്ന  മുഖത്തിനും അവൻ്റെ കണ്ണുകളിലെ തിളക്കത്തിനും സ്ഫടികഗോളത്തിലേ പ്രകാശരശ്മികളേക്കാൾ  തേജസുണ്ടായിരുന്നു.

പിന്നെ പലപ്പോഴും ഈ ദൃശ്യം  സ്ഫടികഗോളത്തിൽ  ആവർത്തിക്കപ്പെട്ടു. അവർ എൻ്റെതാണെന്ന് തോന്നാൻ എന്തേ കാരണം?   മിസിസ്. റോമിലിയുമായി  ഒരു ചർച്ച  വേണ്ടെന്ന്  ഞാൻ തീരുമാനിച്ചു. പതിവ് പല്ലവി പറഞ്ഞവർ ഒഴിയാനാണ് സാധ്യത.

ഓരോ ദിവസവും ഞാൻ അവനുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷിച്ചു.  ബസ് സ്‌റ്റോപ്പിലും , ലൈബ്രറിയിലും , കഫേകളിലും ഞാൻ അവനേ തിരഞ്ഞു. പ്രഥമനുരാഗത്താൽ വിവശയായ ഒരു  കൗമാരപ്രായകാരിയെപ്പോലെ ഞാൻ സ്വപ്നങ്ങൾ കണ്ടു. അവനും ഞാനുമായിട്ടുള്ള കൂടിക്കാഴ്ചയുടെ നാടകീയമായ അനന്തസാധ്യതകൾ  മെനഞ്ഞു. ഞങ്ങൾക്കുണ്ടാവുന്ന കുഞ്ഞായിരിക്കുമോ അവൾ? ചിന്തകളുടെ വേലിയേറ്റത്തിൽ എനിക്ക് ജ്യാള്യത തോന്നി. മൂളിപ്പാട്ടുകൾ ചുണ്ടുകളിൽ നിന്നും ഞാൻ അറിയാതെ വഴുതി ഒഴുകി.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഷെൽഫുകൽക്കിടയിലൂടെ ഞാൻ അവനെ കണ്ടു. എൻ്റെ മേശക്കരികിൽ  വന്ന്  ചുറ്റുപാടും തിരയുന്ന അവൻ്റെ അരികിലേക്ക്  വികാരവിക്ഷോഭങ്ങൾ അടക്കാൻ പണിപ്പെട്ട് ഞാൻ നടന്നു ചെന്നു. അപ്പോഴാണ് അവൻ്റെ പിന്നിൽ നിന്നും എത്തിനോക്കുന്ന അവളേ ഞാൻ കണ്ടത്. അതേ ചന്തമുള്ള മുഖം.  എൻ്റെ ചിന്തകൾ കുഴഞ്ഞു മറിഞ്ഞു. അമ്പരപ്പ് മാറിയപ്പോൾ സ്ഫടികദർശനത്തിൻ്റെ അർത്ഥതലങ്ങൾ പതിയെ പതിയെ തെളിഞ്ഞു.

പുതിയ അംഗത്വം എടുക്കാൻ വന്ന അവനോട്  ഞാൻ  ലൈബ്രെറിയുടെ  നിയമങ്ങളും ചട്ടങ്ങളും ഒരുവിധം പറഞ്ഞൊപ്പിച്ചു . എൻ്റെ ഹൃദയമിടിപ്പിൻ്റെ ചടുലതാളങ്ങൾ  അവൻ കേൾക്കുമോയെന്ന് ഭയമായിരുന്നുയെനിക്ക്. ഫോം പൂരിപ്പിക്കുന്നയവനെ ഞാൻ ഒളിക്കണ്ണുകളാൽ വീക്ഷിച്ചു. സ്ഫടികഗോളത്തിൽ കണ്ട തിളക്കമാർന്ന കണ്ണുകൾ പക്ഷേ ഇപ്പോൾ കറുത്തവക്കുകളുള്ള  ഒരു കണ്ണടയുടെ പിന്നിലായിരുന്നു.

ആദിത്യ ശേഖരും മാളവികയും. ഒരു പ്രമുഖ ബാങ്കിലേ സോണൽ മാനേജർ. ഇറങ്ങാൻ നേരം അവൻ  "ഓ റുവാർ" പറഞ്ഞു. ആ വാക്കിൻ്റെ പൊരുൾ എനിക്കറിയാവുന്നതു പോലെ അവനറിയില്ലല്ലോ........

അവനുമായുള്ള സൗഹൃദത്തിൻ്റെ വരുംകാല സര്‍ഗ്ഗങ്ങൾ കാണുവാൻ തിരക്കിട്ടു വീട്ടിലെത്തിയെനിക്ക് കാണാൻ കഴിഞ്ഞത് നിലത്തു ചിന്നിച്ചിതറിയ  സ്ഫടികഗോളശകലങ്ങളേ  വികാരഹീനമായ നോക്കി നിൽക്കുന്ന മിസിസ്.റോമിലിയെയാണ്.

ഒന്നും പറയാൻ കഴിയാതെ സ്‌തംഭിച്ചുനിന്ന എന്നോട് അവർ പറഞ്ഞു , "ചില വസ്തുക്കൾ ഇങ്ങനെയാണ് ഗാഥാ, അവയുടെ ഉദ്ദിഷ്ടകാര്യം പൂർത്തീക്കരിക്കുമ്പോൾ അരങ്ങൊഴിയും ....ഒട്ടുമിക്ക ബന്ധങ്ങളും പോലെ. അത്  മിക്കപ്പോഴും യുക്തിചിന്തക്കതീതമായിരിക്കും. "

ആ ശകലങ്ങൾ എൻ്റെ അനാഗതകഥനങ്ങളുടെ ഉപസംഹാരമാണെന്ന് ഞാൻ വേദനയോടെ മനസിലാക്കി.

ചിതറിയ കഷണങ്ങൾ പെറുക്കിയെടുക്കുമ്പോൾ ഞാൻ ഓർത്തു, "ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പലപ്പോഴും  ആകസ്‌മികതയിൽ അധിഷ്‌ഠിതമല്ലേ? ദീര്‍ഘദര്‍ശനങ്ങൾ ഒരു തരത്തിൽ നോക്കിയാൽ  ആ സന്തോഷം കവർന്നെടുക്കുകയല്ലേ ചെയ്യുന്നത്?

അപ്രതീക്ഷിതമായയൊരു സന്ദേശം,  യാദൃശ്ചികമായൊരു ആലിംഗനം, തല്‍ക്ഷണമുള്ളയൊരു  പുഞ്ചിരി , കാലം തെറ്റി വന്നയൊരു ചാറ്റൽ മഴ,  പദ്ധതീകരിക്കാത്ത  ഒരു വിനോദയാത്ര........ ഒരു പക്ഷെ ഇവയൊക്കെ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ അനുഭവസുഖത്തിൻ്റെ  മാറ്റ് കുറയില്ല? അജ്ഞതയിൽ  പൊതിഞ്ഞ പ്രതീക്ഷകൾക്ക് പലപ്പോഴും ഒരു പ്രത്യക സുഖമുണ്ട്.  ഒരു സ്‌ഫടികദർശനവും അതിന്ന് പകരമാവില്ല.

അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി, പ്രവചനാതീതമായ  ഒരു നാളയിൽ ഉണരാൻ വേണ്ടി.  മനസ്സ് അലകളിലാത്ത കടൽ പോലെ............."ഓ റുവാർ".

Friday, September 16, 2016

Poem : Until Perhaps Eternity Ends




And another month goes by!
..................and counting still.
The pain is still as intense,
The wound is still as raw,
The vaccum remains unfathomable.


I hope it stays that way for ever.
I don't want time to heal this,
I don't want you to disappear behind the realm of forgotten memories.

I want you to live on in our hearts,
I want each one of us to remember you everyday.
Until perhaps eternity ends!!!

കഥ : അഹം ശവസ് ......ഒരു മനോരോഗവിദഗ്ദ്ധയുടെ ദിനക്കുറിപ്പ്


ദർശൻ മാത്യു. വയസ്സ് 32. സസ്പെക്ടഡ് ഡിലൂഷനൽ  സൈകോസസ്. നോൺ-വൈലൻറ്റ്.

Dr. മാത്തൻ്റെ  റിഫർൽ  നോട്ട്  വായിച്ചതിന്ന് ശേഷം ഞാൻ  മുന്നിലിരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി. 


നിദ്രാവിഹീനതയുടെ നിറഭേദങ്ങൾ നിഴലിക്കുന്ന കണ്ണുകൾ. ഉലഞ്ഞമുടി. കുറ്റിത്താടി.  അഴുക്കുപുരണ്ട നഖങ്ങൾ. അവൻ്റെ നോട്ടം ദിശാബോധമില്ലാത്ത പട്ടം പോലെ എന്നിലൂടെ കയറിയിറങ്ങി അങ്ങ് ദൂരെയെവിടയോ ഒടക്കി നിൽക്കുന്നു. ഇടക്കിടെ അവൻ തൻ്റെ രണ്ട് കൈകളും മാറി മാറി ചൊറിയുണുണ്ട്.


"ദർശന് എന്നോട് എന്തോ പറയാനുണ്ടല്ലോ, മടിക്കാതെ പറഞ്ഞോളൂ. വാട്ട് ഈസ് ബൊതെറിങ് യു?". 


"പ്ളീസ്......പ്ളീസ് ഹെൽപ് മീ .........നിങ്ങളെങ്കിലും എന്നെയൊന്ന് വിശ്വസിക്കൂ......പ്ളീസ്........ഐ ക്യാണ്ട് ബെയർ  ദിസ് എനിമോർ......." ദയനീയത നിറഞ്ഞ പതിഞ്ഞ ശബ്ദം. ചെറിയ വിറയലും. കണ്ണുകൾക്കപ്പോഴും ഒരു . നിർലക്ഷ്യത.


"തീർച്ചയായും എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. പറയൂ, ദർശനെ അലട്ടുന്നത് എന്തായാലും എന്നോട് തുറന്ന് പറയൂ."


ചൊറിച്ചിൽ നിർത്തി രണ്ട് കൈകളും മണപ്പിക്കുന്നു. മുഖത്ത് അറപ്പ് പ്രതിഫലിക്കുന്നു. പിന്നെയും ചൊറിച്ചിൽ തുടർന്നതല്ലാതെ അവൻ ഒന്നും പറയാൻ ഭാവമില്ലെന്ന് മനസിലായതുകൊണ്ടു ഞാൻ പിന്നെയും ചോദിച്ചു ,  


"ആക്സഡൻറ്റ് നടന്നിട്ട് ഇപ്പോൾ എത്രനാളായി?"


"മൂന്ന് മാസം. രണ്ടാഴ്ച്ച . നാല് ദിവസം................" നിർത്തി കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്കൊന്ന് നോക്കിയിട്ട് തുടർന്നു "...................അഞ്ചു മണിക്കൂർ . പത്തു മിനറ്റ്. 20 സെകൻഡ്."  


തീയതി ശെരിയാണ്. എൻ്റെ മുന്നിലിരിക്കുന്ന മെഡിക്കൽ റകോർഡ്സ് അത് ശെരി വെക്കുന്നു.


"ദർശൻ്റെ  വീട്ടിൽ ആരൊക്കെയുണ്ട് ?" 


"അപ്പച്ചൻ .....അമ്മച്ചി.....അനിയൻ"


"ദർശൻ ആഹാരം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് അമ്മച്ചി പറഞ്ഞല്ലോ.....അതെന്താ അങ്ങനെ?"


അയാൾ കണ്ണടച്ച് ഒരു ദീർഘനിശ്വാസം വിട്ടു. എന്നിട്ട് നിരാശയോടെ തല കുലുക്കി. പ്രതീക്ഷിച്ചത്  പോലെ മറുപടിയൊന്നും വന്നില്ല.


അവനെ സഹായിക്കാൻ ഞാൻ പ്രാപ്തയാണെന്ന് അവന്  ബോധ്യപ്പെട്ടിട്ടുണ്ടാവണം.  നേരത്തെ നടത്തിയ സഹായാഭ്യർത്ഥന അതിൻ്റെ സൂചനയാണ് , അല്ലെങ്കിൽ ആശയറ്റ മനസ്സ് പിടിവള്ളി തേടിയതാകാം. 


അവൻ്റെ  അടഞ്ഞ മനസ്സിലേക്കുള്ള താക്കോൽ...........അവൻ്റെ രൂഢമൂലമായ വ്യാകുലതകളെയും അരക്ഷിതത്വത്തെയും പുറത്തു കൊണ്ടുവരണമെങ്കിൽ  അവന് എൻ്റെ വിശ്വാസ്യത ബോധ്യപ്പെടണം. ഒരു മനോരോഗ വിദഗ്ദ്ധയുടെ മുഖപ്പ് എന്നിൽ അവൻ കാണാൻ പാടില്ല. ഒരു സുഹൃത്തോ അതുമല്ലെങ്കിൽ  കുറഞ്ഞപക്ഷം അവനോട്  അനുതാപമുള്ളയൊരു പരിചിതയോ  ആയി അവൻ എന്നെ കണ്ട് തുടങ്ങുമ്പോൾ അവൻ്റെ  മനസ്സിലെ മതിഭ്രമത്തിൻ്റെ കവാടം എനിക്കായി തുറക്കപ്പെടും.


അതിൻ്റെ ആദ്യം പടി , ഞാൻ  തെറ്റുകൾ പറ്റാവുന്ന ഒരു സാധാരണ സ്ത്രീയാണെന്ന് അവന് തോന്നണം. ഞാൻ മഗ്ഗിൽ നിന്നും കുറച്ചു കോഫി നുകർന്നിട്ട് , തിരിച്ചു വയ്ക്കുമ്പോൾ എൻ്റെ ടോപ്പിലും മേശമേലും സോദ്ദേശ്യമായി തുളുമ്പി.


"ഓ  ...ഐ ആം സോറി.  വൺ മിനിറ്റ് ദർശൻ , പ്ളീസ് എസ്ക്യൂസ് മീ. ഞാൻ ഇപ്പോൾ വരാം."


വാഷ് എരിയയുടെ സൈഡിൽ നിന്നും ഞാൻ അവനെ ശ്രദ്ധിച്ചു. അവൻ മെല്ലെ ടിഷ്യു എടുത്ത്  മേശപ്പുറം തുടച്ചു.  ആദ്യത്തെ കടമ്പ കടന്ന സന്തോഷം ഉള്ളിലൊതുക്കി ഞാൻ തിരിച്ചുവന്നിരുന്നു.


"പറയൂ ദർശൻ. എന്താണ്  ആഹാരം കഴിക്കാൻ കൂട്ടാക്കാത്തത് ?"


"ആരും എന്നെ വിശ്വസിക്കുന്നില്ല ഡോക്ടർ. എൻ്റെ അമ്മച്ചി പോലും......." 


"എന്ത് വിശ്വസിക്കുന്നില്ല?"


അവൻ മുന്നോട്ടാഞ്ഞു സ്വരം താഴ്ത്തി പറഞ്ഞു , "ഡോക്ടർ, ഞാൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. എൻ്റെ മസ്തിഷ്കം പ്രവർത്തനരഹിതമാണ്.  എൻ്റെ ഹൃദയം ദ്രവിച്ചുപോയിരിക്കുന്നു."


"ഐ . സീ".  അസ്തിത്വനിരസനം - ഡിനായൽ  ഓഫ് എക്സിസ്റ്റൻസ്. ശ്രദ്ധയുടെയും  ജിജ്ഞാസയുടെയും പ്രകടനം അവർ പ്രതീക്ഷിക്കും. ഞാൻ രണ്ടുമെടുത്ത് മുഖത്തണിഞ്ഞു.


"മരിച്ചവർ ആഹാരം കഴിക്കുമോ? അവർക്കു വിശപ്പുണ്ടാകുമോ?"


"ഇല്ല."


"പിന്നെ ഞാൻ എന്തിന് കഴിക്കണം? കഴിച്ചിട്ട് കാര്യമില്ല.......ഞാൻ മരിച്ചില്ലേ......" അവൻ്റെ കണ്ണുകൾ എൻ്റെ കണ്ണുകളിൽ എന്തോ തിരഞ്ഞു.


താദാത്മ്യം. സഹാനുഭൂതി. തന്മയീഭാവം. അതാണവർ തിരയുന്നത്. അതവർക്ക് കൊടുത്തേ മതിയാകൂ.


"ശരിയാണ്..............." , ഞാൻ കണ്ണട ഊരി മേശപ്പുറത്തു വെച്ചു. അവനെ ഗൗരവത്തോടുക്കുടി നോക്കി. ഡയറക്റ്റ് ഐ കോൺടാക്ട് , അത് അത്യന്താപേക്ഷികമാണ്.  


തൻ്റെ യുക്തി സമർഥിച്ച  രീതിയിൽ അവൻ മേശപ്പുറത്ത്  മേലെ കൊട്ടി , എന്നിട്ട്  കസേരയിൽ ചാഞ്ഞിരുന്നു , ഒരു വാദം ജയിച്ചവനെ പോലെ.


"വേരി  ഇൻറ്റ്റസ്റ്റിങ്......പക്ഷേ ദർശനിതെങ്ങനെ മനസിലാക്കി?"


"മരിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരം അഴുകില്ലേ?  മാംസം ചീഞ്ഞ ഈ നാറ്റം .............സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ...........അവരോട് എന്നെയൊന്ന് കുഴിച്ചുമൂടാൻ പറയൂ.............ആരും എന്നെ വിശ്വസിക്കുന്നില്ല ..........ആരും...."


ചിലസമയങ്ങളിൽ വാചികമായ പ്രതികരണതേക്കാൾ ജാഗരൂകമായ മൂകതയാവും ഗുണം ചെയുക.


അവൻ തുടർന്നു , "ഞാൻ മരിച്ചിട്ടില്ല പോലും.......ഡോക്ടർക്കറിയില്ലേ .....ഹൃദയവും മസ്തിഷ്കവുമില്ലാതെ ഒരു മനുഷ്യന് എങ്ങനെ ജീവിച്ചിരിക്കാൻ പറ്റും ? വിഡ്ഢികൾ........പ്ളീസ്........എന്നെ കുഴിച്ചിടണം.......കുഴിച്ചു മൂടണം....... അപ്പോൾ അവറാച്ചൻ പറഞ്ഞത് പോലെ എല്ലാം ശരിയാകും."  ചൊറിച്ചിലിൻ്റെ വേഗത കൂടി. 


"ആരാ അവറാച്ചൻ?'


മൗനം. മൗനവും അനുവദനീയമാന്ന് . മൗനത്തിന് പല വ്യാഖ്യാനങ്ങൾ ഉണ്ടാവാം   - ശോകം, ക്ലേശം, രോഷം,ആത്മാവലോകനം. ഇതിൽ ഏതായിരിക്കും അവനിൽ ഇപ്പോൾ......?


"അവിടെ.... സെമറ്റെറിയിൽ .........എന്നോട് വലിയ കാര്യമാ. അവറാച്ചന് മാത്രമല്ല, മേരിചേട്ടത്തിക്കും, പൗലോസച്ചായനും,  എബിനും , എറിനും ഒക്കെ എന്നെ ഇഷ്ട്ടമാ...........എബിനും  എറിനും ഇരട്ടകളാ....."


"അതെയോ? എന്നിട്ട്?" 


"അവർക്ക്  എന്നെ മനസ്സിലാവും  .......അവിടെ ഇരിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം .........ഈ ചീഞ്ഞ ഗന്ധം ഇല്ല ........ എന്നെ അവിടെ അടക്കിയാൽ മതി ....പ്ളീസ്........അവരോടൊന്ന് പറയൂ......" 


"എനിക്ക് മനസ്സിലാവുന്നുണ്ട് നിങ്ങളെ ദർശൻ."  ഞാൻ എന്തോ കാര്യമായി ആലോചിക്കുന്നതുപോലെ താടിക്ക് കൈയും കൊടുത്തിരുന്നു . "പക്ഷേ ഇതൊന്നും പറഞ്ഞാൽ ദർശൻ്റെ വീട്ടുകാർക്ക് മനസ്സിലാവില്ലല്ലോ. വി ഹാവ് ട്ടു പ്ലാൻ ദിസ് പ്രോപ്പർലി. "


"വാട്ട് ക്യാൻ വി ഡു, ഡോക്ടർ ?", അവൻ്റെ കണ്ണുകളിൽ ആകാംഷ.


ഞാനും മുന്നോട്ടാഞ്ഞു ഏതോ ഗൂഢാലോചന നടത്തുന്നത് പോലെ സ്വരം താഴ്ത്തി , "ദർശന്  കുറച്ചു നാൾ ഇവിടെ വന്ന് നിൽക്കാമോ, എൻ്റെ കൂടെ? ദർശനെ ഞാൻ ചികിത്സിക്കുകയാന്നെന്ന് അവർ വെറുതേ വിചാരിച്ചോട്ടെ. അപ്പോൾ നിങ്ങളെ ആരും ശല്യം ചെയ്യില്ല. നമ്മുക്ക് ശവസംസ്ക്കാരം ഇരുചെവിയറിയാതെ പ്ലാൻ ചെയ്യാനും പറ്റും. എന്ത് പറയുന്നു? "


"അതുവരെ ഈ നാറ്റം.........അത് ഞാൻ എങ്ങനെ സഹിക്കും.......?" കൈകൾ മണപ്പിക്കുന്നു. ചൊറിച്ചിൽ തുടരുന്നു.


"ആ കാര്യം ഞാൻ ഏറ്റു. ദർശന് എന്നെ വിശ്വാസമില്ലേ?" 


ചൊറിച്ചിൽ സാവകാശത്തിലായി.


ഞാൻ ബെല്ലടിച്ചു നഴ്സിനെ വരുത്തി , "പുതിയ അഡ്മിഷൻ ആണ് . പുറത്തു നിൽക്കുന്ന ആളെ അകത്തേക്ക് വരാൻ പറയു". 


ഞാൻ അവനെ  നോക്കി കണ്ണിറുക്കി. അവൻ തിരിച്ചും.  തങ്ങൾക്കു മാത്രം അറിയാവുന്ന ഏതോ  ഗർവ്വിതമായ രഹസ്യം കാക്കുന്ന രണ്ട് കൊച്ചു കുട്ടികളേ പോലെ ഞങ്ങൾ പരസ്പരം നോക്കി ഗാഢമായി പുഞ്ചിരിച്ചു.


രോഗനിർണ്ണയകോളത്തിൽ  ഞാൻ എഴുതി : 

കൊറ്റാർഡ്സ്  സിൻഡ്രോമ് [Cotard’s Syndrome] . സ്റ്റേജ് 2 (ബ്ളൂമിംഗ്).

Tuesday, September 13, 2016

Poem : If Only



If only I could take away the grayness

And return the memories instead.


If only I could take away the dread

And return the confidence instead.


If only I could take away the stumble

And return the steadiness instead.


If only I could take away the languor 

And return the vitality instead.


If only I could freeze the wheels.

If only I could pause the advent.



If only .....if only.....

Poem : Loss


What's with this universal randomness?
Why does it target seemingly innocent souls?

Am I an idiot to search for logic within?

I hate this unfair distribution of badness.

But I need to keep my faith intact.
Alas! That's the only survival technique I mastered infact.

കവിത :നിനക്കായി




ഇന്ന് എനിക്കായി ഉദിച്ച സൂര്യനും,
എനിക്കായി വീശിയ കാറ്റും,
എനിക്കായി പെയ്ത മഴയും,
എനിക്കായി വിരിഞ്ഞ പൂവും,  
എനിക്കായി ജ്വലിച്ച ചന്ദ്രനും,
എനിക്കായി മിന്നിയ താരകവും,
നാളെ നിനക്കായി ഞാൻ നേരുന്നു.

കഥ : വിളംബിതമൈത്രി

എൻ്റെ ഒറ്റയാളുടെ നിർബന്ധമായിരുന്നു. ആഗ്രഹിച്ചു നേടിയ മറുനാട്ടിലെ  ജോലിയിൽ കയറിയിട്ട് കുറച്ചല്ലേ ആയുള്ളൂ........എത്രയെന്ന്  വെച്ചാ പാവം ലീവെടുക്കുക? ഇനി തിരികേ പോകുന്നില്ലെന്ന്  പറഞ്ഞുവിതുമ്പിയ അവനോടു  പൊരുതി വാങ്ങിയതാണീ അഡ്മിഷൻ.

"ഇപ്പോൾ എനിക്ക് നല്ല ഭേദമുണ്ട് . ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ. അവിടെയാകുമ്പോൾ  സമയത്തിന് ആഹാരവും മരുന്നും വേണ്ട ശ്രദ്ധയും ഒക്കെയുണ്ടാവും. മക്കളുടെ നല്ല ഭാവിയുടെ ന്യായവാദതിന്നു പിന്നിലൊളിക്കുന്ന  രക്ഷിതാക്കൾ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ മുന്തിയ റസിഡൻഷ്യൽ സ്കൂളുകളിൽ കൊണ്ടാക്കുന്നില്ലേ? അത്രയും വരില്ലല്ലോയിത് ...ഉവ്വോ?"

കണ്ണുകൾ നിറഞ്ഞൊഴുകി തലകുനിച്ചു നിന്ന അവനെ ഞാൻ  ചേർത്തുപിടിച്ചു , "അച്ഛനറിയില്ലേടാ കുട്ടാ നിനക്കെന്നോടുള്ള സ്നേഹം. അത് നീ നിൻ്റെ ജോലി കളഞ്ഞു കാണിക്കേണ്ടെന്ന്  മാത്രം. എനിക്കൊരു സങ്കടവുമില്ല. അച്ഛൻ്റെ കുട്ടി സമാധാനമായിട്ട് പോയിവരു." 

നമ്മളോരോരുത്തരും വിഷമവൃത്തങ്ങളുടെ തമോഭരത്തിൽ നിത്യം തപ്പിത്തടയുന്നവരല്ലേ? ഏറ്റവും പ്രായോഗികമായ പ്രതിവിധി തിരഞ്ഞെടുക്കുമ്പോൾ അത് നമ്മൾക്കും നമ്മുടെ ചുറ്റുമുള്ളവർക്കും പ്രയോജനകരമാകണം. മുന്നോട്ടുള്ള യാത്രയിൽ ബന്ധങ്ങളുടെ സന്ധികളേ തേയ്മാനത്തിൽനിന്നും പരിരക്ഷിക്കാൻ ഇങ്ങനെയുളള ചില തീരുമാനങ്ങൾക്ക് കഴിഞ്ഞേക്കാം.

"വയോദ്ധ"- യുടെ ഗേറ്റ് കടന്നുചെന്നപ്പോൾ ഒരു പുതിയ പ്രയാണത്തിൻ്റെ  ഉണർവും ഉന്മേഷവും കാറ്റായി വന്ന് മെല്ലെ തഴുകിയകന്നു. വിശാലമായ മുന്മുറ്റത്ത് വിവിധയിനം വൃക്ഷസസ്യാദികളുടെ നര്മ്മലാപം നയനമനോഹരമായ കാഴ്ചയായി.  ഗതകാല സുഖസ്മരണകൾ  ഉണർത്തും വിധം മരത്തണലിലും പുൽമെത്തയിലും "യുവജനങ്ങൾ" ഒറ്റക്കും , ഇരട്ടയ്ക്കും , സംഘമായിട്ടുമിരിക്കുന്നു. ചിലർ നടപ്പാതയിലൂടെ ചടുലമായി നടക്കുന്നു. ഒരുകൂട്ടർ ഒരുവശത്ത്  ബാഡ്മിന്റന് കളിക്കുമ്പോൾ വേറൊരുകൂട്ടർ മറുവശത്ത്  യോഗയുടെ  ധ്യാനനിഷ്ഠയിൽ മുഴുകിയിരിക്കുന്നു.  കുടമേന്തിയ  ജലകന്യകയുടെ ചുറ്റും ഇന്ദീവരങ്ങളും അരയന്നപ്പക്ഷികളും. എവിടെയും മൈത്രിയുടെയും സ്വച്ഛതയുടെയും നിര്വൃതി.

ഒന്നുരണ്ടുപേർ കൈവീശി കാണിച്ചു. തിരിച്ചു വീശുമ്പോൾ മനസ്സിൽ നവോദയത്തിൻ്റെ പ്രകാശരശ്മികൾ പുനര്ജ്ജനിക്കുകയായിരുന്നു.

വളരെ ലളിതമായിരുന്നു മുറിയിലെ സജ്ജീകരണങ്ങൾ. രണ്ടറ്റത്തായി ഓരോ സിംഗിൾ ബെഡ്. വലിയ ഒരു ജനാല, നേരെത്തേ കണ്ട ഉദ്യാനത്തിലേക്ക് തുറന്നിരിക്കുന്നു. അതിനോട് ചേർന്നൊരു മേശയും കസേരയും. പിന്നെ  ഒരു ചുവരലമാരയും.

സഹമുറിയന്,  മൂന്ന് മാസക്കാലത്തേക്ക് യു.എസ്സി.ലുള്ള മകൻ്റെ അടുത്തായിരിക്കുമത്രേ . അതുവരെ ഈ പറുദീസയെനിക്ക് മാത്രം സ്വന്തം.

മേശപ്പുറത്തിരുന്ന ലഘുലേഖ വെറുതെ മറിച്ചു നോക്കി - ഇവിടെത്തെ സുഖദസാഹചര്യങ്ങൾ, ഭക്ഷണ സമയങ്ങൾ , ചിട്ടവട്ടങ്ങൾ, യോഗയുടെയും വ്യായാമക്ലാസ്സുകളുടെയും ടൈം ടേബിള്, കൂടെ ഇവിടെത്തെ ഒരു ഭൂപടവും.

പുതിയ ജീവിതത്തിൽ പാലിക്കാൻ പറ്റുന്ന ചിട്ടകളും അനുകരിക്കാൻ പറ്റുന്ന ശീലങ്ങളും മനസ്സിലിട്ടൊന്ന്  കുലുക്കി. നേരെത്തെ അനുഭവപ്പെട്ട ഉന്മേഷം വീണ്ടും സിരകളിൽ കൂടി മിന്നി.

മുകുന്ദൻ്റെ "പ്രവാസം" ലൈബ്രറിയിൽ നിന്നുമെടുത്ത് കായലിനഭിമുഖമായിട്ടുള്ള  ഒരു ബെഞ്ചിൽ സ്ഥാനംപിടിച്ചു. എത്രനേരം കഴിഞ്ഞന്നറിയില്ല , ഒരു പെർഫ്യൂമിൻ്റെ നേർത്ത ഗന്ധം ഒഴുകിയെത്തിയപ്പോൾ തലയുയർത്തി നോക്കി.

ജീൻസും മഞ്ഞ നിറത്തിലുള്ള കോട്ടൺ ടോപ്പും വേഷം. സാൾട്ട് ആൻഡ് പെപ്പർ മുടിചുരുളുകൾ  ദീര്ഘവൃത്താകൃതിയിലുള്ള മുഖത്തിനുചുറ്റും അലസമായി പാറിപറക്കുന്നു. ഇളം ചുവപ്പിൽ നിമഗ്നമായ അധരങ്ങള്. യൗവ്വനത്തിലെ ആകാരവടിവിൻ്റെ ലക്ഷണങ്ങൾ ഒട്ടുമിക്കതും ബാക്കിനിൽകുന്ന മെയ്യഴക്ക്.

"യു ആർ ചെക്കിങ് മി ഔട്ട് !!"

മുഖത്ത്  വിരിഞ്ഞ ജ്യാളിയത മറക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്നു നടിച്ചവർ എൻ്റെ അടുത്തുവന്നിരുന്ന് കൈനീട്ടി.  ഒരിക്കൽ കൂടി ആ പെർഫ്യൂമിന്റെ അല്പഗന്ധം ചുറ്റും പരന്നു. കര്പ്പൂരവള്ളി.

"ഹലോ, ഐ യാം മൃണാളിനി". ആത്മവിശ്വാസമുള്ള സംസാരശൈലി.

"ഞാൻ പ്രഭാകർ".  ദൃഢവും എന്നാൽ സ്നിഗ്ദ്ധവുമായ ഹസ്തദാനം.

"നൈസ് ട്ടു മീറ്റ് യു ,പ്രഭാകർ. പുതിയ അഡ്മിഷനാണല്ലേ? ഞാൻ അപ്പോൾ സീനിയറാണ് - രണ്ട് വർഷം. സൊ, എനിക്ക് റാഗ്ഗിങ് ചെയ്യാൻ അവകാശമുണ്ട് കേട്ടോ."

ചിരിച്ചപ്പോൾ അധരങ്ങളുടെ വശങ്ങളിൽ വിരിഞ്ഞ സ്മിതരേഖകൾ കൗതുകമുണർത്തി.

"സന്തോഷം, മിസ് മൃണാളിനി." , ഞാനും ചിരിയിൽ പങ്കുചേർന്നു.

"കോൾ മി നളിനി പ്ളീസ്. ഹൗ ഡിഡ് യു ലാൻഡ് അപ്പ് ഹിയർ?"

"ഒട്ടും നാടകീയതയില്ല. വിഭാര്യന്......ആരോഗ്യം.......മകൻ്റെ ജോലി. ഇതാണ് ഹിതമെന്ന് തോന്നി......ഇങ്ങു പോന്നു."

"ഐ സീ . മൈയിൻ ഈസ് സിമിലർ. പേരക്കുട്ടികളെ നോക്കി വീട്ടിലിരിക്കാൻ എന്നെ കിട്ടില്ലെന്ന് നയം വ്യക്തമാക്കി. ഐ ആം നോട്ട്  ദേ ഗ്രാൻഡ് മത്തേർലി ടൈപ്പ് യു സീ. പ്രഭാകർ വായിക്കുന്ന കൂട്ടത്തിലാണല്ലേ?"

"വല്ലപ്പോഴും. നല്ല കമ്പനിയില്ലെങ്കിൽ മാത്രം." , ബുക്ക് മടക്കി ഞാൻ ബെഞ്ചിൽ വെച്ചു.

"ഞാനുമതേ. പക്ഷെ കൂടുതലും ഇംഗ്ലീഷ് ഫിക്ഷൻ ആണ് ......അമിതവ് ഘോഷ് , അനിത നായർ, ഖാലിദ് ഹൗസൈനി.  പ്രഭാകർക്കോ?"

"അങ്ങനെയില്ല, സംഗ്രഹം ഇഷ്ടപ്പെട്ടാൽ എടുക്കും. മുകുന്ദൻ്റെ കൃതികളോടൊരു  പ്രത്യേക ഇഷ്ട്ടമുണ്ട്."

"ഒരു കോഫി ആയാലോ?"

"ആവാം."

ഞങ്ങൾ മെല്ലെ പോര്ട്ടിക്കോ ലക്ഷ്യമായി നടന്നു.

അപ്പോൾ അങ്ങകലെ ചക്രവാളത്തിൽ, കായലിൻ്റെ മടിത്തട്ടിലേക്ക് ഊളിയിടാൻ ഒരുങ്ങുകയായിരുന്നു അസ്തമയസൂര്യൻ .........മറ്റൊരു ഉദയത്തിൻ്റെ ദൃഢപ്രതിജ്ഞയുമേകി. 

മൂവന്തിക്ക് ഇത്രയേറേ കുങ്കുമചെമപ്പോ..................?

കഥ : ലാവ


"നിനക്ക് പോകണമെന്നുണ്ടോ നന്ദിനീ? ആളയച്ച സ്ഥിതിക്ക് ഒന്ന് പോകുന്നത് അല്ലേ നല്ലത്? ഇനി അധികനാൾ ഉണ്ടാവില്ലെന്നാ അറിയിനെ. അവനെയും കൂട്ടി പോയിവന്നോളു."

മാഷിനോട് തീരുമാനം പറയാൻ അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. വിവരം അറിഞ്ഞപ്പോഴേ പ്രതീക്ഷിച്ച ചോദ്യം. അന്ന് മുതൽ ഒരായിരം വട്ടം ഞാൻ എന്നോടുതന്നെ ചോദിച്ച ചോദ്യം.

അല്ലെങ്കിലും ഈയിടയായിട്ട്  സമസ്യകളുടെ ഭണ്ഡാരക്കെട്ടുകൾ  അധികനേരം ചുമക്കാൻ മിനക്കെടാറില്ല. മാത്രമല്ല , ഓർമ്മവെച്ച നാൾമുതൽ ശീലിച്ചതുകൊണ്ടാവും അവയ്ക്കൊന്നും ഭാരക്കൂടുത്തലും  അനുഭവപ്പെടാറില്ല.  തോളത്ത് വന്നിരിക്കുന്ന  ഒരു പ്രാണിയേ തട്ടിമാറ്റുന്ന ലാഘവത്തോടു കൂടി അവയൊക്കെ കൈകാര്യം ചെയ്യാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു.

ഞാൻ പിറന്നുവീഴുന്നതിന്ന് മൂന്ന് മാസം മുമ്പ് അമ്മയേ  വീട്ടിൽ തിരിച്ചു കൊണ്ടാക്കിയതാണാ മനുഷ്യൻ. വർഷം ഇരുപത്തിയൊമ്പത്  കഴിഞ്ഞിരിക്കുന്നു. ഞാൻ ജനിച്ചോയെന്നു കൂടി തിരക്കാൻ മറന്നുപോയ ആൾ.

കൈയെത്തി മാമ്പഴം പറിക്കാൻ ഒരച്ഛൻ്റെ ചുമൽ ആഗ്രഹിച്ചിരുന്ന ബാല്യം. ഇനിയൊരിക്കലും അനുഭവിക്കാൻ ഇടവരാത്ത  സൗഭാഗ്യങ്ങളുടെ കൂട്ടത്തിൽ അച്ഛൻ്റെ സ്നേഹം കൂടി ചേർക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ  കൗമാരം. സൗഹൃദങ്ങളുടെ ഉഷ്മളതയിൽ വേദനകൾ താഴിട്ട് പൂട്ടിയ യൗവനം.
 
ഇടക്കുവെച്ചു അമ്മതണൽ നഷ്ട്ടപെട്ടപ്പോഴും പതറിയില്ല. അപ്പോഴേക്കും ഒറ്റ പങ്കായത്തിൽ തുഴയാൻ  മനസ്സിനെ പതം വരുത്തിയിരുന്നു.
പോണം. പോയി കാണണം.

ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത ആ നിസ്സഹായതക്ക് മുന്നിൽ തലയുയർത്തി നിൽക്കണം. അമ്മയൊഴുക്കിയ കണ്ണീർക്കടലിന്റെ ഇരമ്പൽ കേൾപ്പിക്കണം. ഒറ്റക്ക്  പൊരുതി ജയിച്ച യുദ്ധങ്ങളുടെ കണക്കുകൾ പറയണം. നിരഞ്ജൻ്റെ നെഞ്ചിനുള്ളിൽ  എനിക്കായുള്ള അൾത്താര കാട്ടികൊടുക്കണം. കൊടുമുടികൾ കീഴടക്കാൻ ഈ മകൾക്ക്  ഒരച്ഛന്റെ കാലടിപ്പാത വേണ്ടിവന്നില്ലെന്ന്  അഹംഭാവത്തോടെ വിളിച്ചു കൂവണം.

പശ്ചാത്താപത്തിൻ്റെ ചുടുകണ്ണീർ  ആ കണ്ണുകളിൽ നിന്നും വീഴുന്നത്  കണ്ട്  എൻ്റെ  നെഞ്ചകം തണുക്കണം. നഷ്ട്ടബോധത്തിൻ്റെ നിശ്വാസങ്ങൾ കേട്ടനിക്ക് സംതൃപ്തിയടയണം. എന്നെയൊന്നു തൊടാൻപോലും പറ്റാത്ത അശരണതയെ നോക്കിയെനിക്ക് ഊറി ഊറി ചിരിക്കണം.

മനസ്സിനുള്ളിലെ പ്രക്ഷോഭങ്ങൾ അറിഞ്ഞതു കൊണ്ടോ മുഖത്തെ നിശ്ചയദാര്ഢ്യം കണ്ടതു കൊണ്ടോ , യാത്രയിൽ നിരഞ്ജനും  നിശ്ശബ്ദനായിരുന്നു.  അവൻ്റെ തോളത്ത്  തലചായിച്ചിരുന്ന്  ഞാൻ അപ്പോൾ, പറയാൻ പോകുന്ന വാക്യങ്ങൾ മനഃപാഠമാക്കുകയായിരുന്നു.

വളവുതിരിഞ്ഞപ്പോൾ  കണ്ടു , തലയുർത്തി നിൽക്കുന്ന ആ നാലുക്കെട്ട്  - അമ്മയുടെ വാക്കുകളാൽ മനസ്സിൽ വരച്ചിട്ട ചിത്രം.  ഓർമ്മച്ചപ്പിലെ വിവര്ണ്ണമായൊരു  ദൃശ്യം പെട്ടന്ന് സ്പഷ്ട്ടമായത് പോലെ. എൻ്റെ കൊലുസ്സിൻ്റെ കിലുക്കത്തിൽ ചിതറുമായിരുന്ന മുറ്റത്തെ മണൽത്തരികൾ. എൻ്റെ പൊട്ടിച്ചിരികൾ പ്രതിധ്വനിക്കുമായിരുന്ന ഉമ്മറത്തെ  തൂണുകൾ. 

ഉള്ളിൽ എന്തൊയൊന്ന് കൊളുത്തി വലിച്ചു.  ഇതിലൊന്നും മനസ്സുടക്കില്ലെന്നു തീരുമാനിച്ചതല്ലേ? ചോരുന്ന ചായിപ്പും മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചവും പെട്ടന്നോർത്തു. അമ്മയുടെ തേങ്ങലും  മഴയുടെ ചാറ്റലും..........
.........കാതുകൾ പൊത്തി ഉറങ്ങാൻ ശ്രമിച്ച രാത്രികൾ. അപഹരണത്തിൻ്റെ കോപാഗ്നി എന്നിൽ ആളിക്കത്തി.  

അകലം കുറയും തോറും കാലുകൾക്ക്  ഭാരമേറി. ചുവടുകള് ഇടറാതിരിക്കാൻ ഞാൻ അവൻ്റെ കൈയിൽ മുറുക്കെ പിടിച്ചു. 

പടിപ്പുര കടന്നപ്പോഴേ കണ്ടു , ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ചിത. കത്തിത്തീരാൻ മത്സരിക്കുന്ന കനലുകൾ  തീ തുപ്പീ. അവയെ കെടുത്താൻ വീശുന്ന കാറ്റേറ്റ് ഞാൻ വിയർത്തു. ഇനിയും ചാരമാകാത്ത അസ്ഥി കഷണങ്ങൾ  വെയിലേറ്റ് ജ്വലിച്ചു. അകത്തും പുറത്തും അസഹ്യമായ ചൂട്. ഉഷ്ണം സഹിക്കാനാവാതെ ഞാൻ തിരിഞ്ഞോടി.

"നന്ദൂ......................"

നിരഞ്ജന്റെ ശബ്ദം എൻ്റെ കാലുകൾക്ക് ചങ്ങലയിട്ടു. വിഷണ്ണതയാൽ മുട്ടുകൾ മടങ്ങി. മണൽത്തരികൾ എൻ്റെ നെറ്റിയിൽ ഒട്ടിച്ചേർന്നു.

ചില തോൽവികൾ ഇങ്ങനെയും......